UPDATES

ഇന്ത്യ

കൊള്ളരുതായ്മകള്‍ക്ക് വേണ്ടി മാത്രം ഒരു സര്‍ക്കാര്‍ : എ. സമ്പത്ത് എം.പി

‘അനാവശ്യമായി തിരക്കുപിടിച്ചു ഒരു ഓര്‍ഡിനന്‍സ് തയ്യാറാക്കുക, അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായ് സമര്‍പ്പിക്കുക, പിന്നീടത് പിന്‍വലിക്കുക. ഇതെല്ലാം തന്നെ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദ്യത്തെ സംഭവമാണ്. ഇത് വലിയ ആശയക്കുഴപ്പങ്ങള്‍ സമൂഹത്തിലും ഭരണതലത്തിലും സൃഷ്ടിക്കുന്നുണ്ട്. എന്നു മാത്രമല്ല അത്ര ആശാസ്യമല്ലാത്ത കീഴ്വഴക്കമാണ് ഈ സംഭവ വികാസങ്ങള്‍ ഉണ്ടാക്കിവെക്കുന്നത്’. ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടുന്നത് തടയാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്ക്കരണത്തെക്കുറിച്ചും സുപ്രീംകോടതി വിധിയുണ്ടാക്കുന്ന നിയമ പ്രശ്നങ്ങളെക്കുറിച്ചും പാര്‍ലമെന്‍റ് അംഗവും അഭിഭാഷകനുമായ എ സമ്പത്ത് എം പി സംസാരിക്കുന്നു. (തയ്യാറാക്കിയത് സാജു കൊമ്പന്‍) 

 

സുപ്രീംകോടതി വിധിയെ മറികടക്കാനാണ് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെങ്കില്‍ ഈ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പൊതു സമൂഹത്തെയും വിശ്വാസത്തില്‍ എടുത്തിട്ടു വേണമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുമായും ഒരു തുറന്ന ചരച്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല. ഒരു ജനാധിപത്യ പ്രക്രിയയില്‍ ഓരോ രാഷ്ട്രീയപാര്‍ടികള്‍ക്കും വലിയ റോള്‍ ഉണ്ടല്ലോ. എന്തുകൊണ്ടാണ് ഭരിക്കുന്ന മുന്നണി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കാത്തത്. ജനങ്ങളുടെ അഭിപ്രായം പ്രതിഫലിക്കുന്ന ഇടം പാര്‍ലമെന്‍റാണ്. അപ്പോള്‍ പാര്‍ലമെന്റിനെ മുഖവിലയ്ക്കെടുത്ത് കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. പാര്‍ലമെന്റിനെ ബൈപാസ് ചെയ്തിട്ടാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നിരിക്കുന്നത്. എല്ലാം തന്നിഷ്ടമെന്ന രീതിയില്‍ ചെയ്യുകയാണ് ഗവണ്‍മെന്‍റ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് ഉയര്‍ത്തപ്പെടുക. അതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ. അവ ഉള്‍പ്പെടുത്തിക്കൊണ്ടു വേണം ഇത്തരം നടപടികളുമായി മുന്‍പോട്ട് പോകാന്‍.

 

എന്നാല്‍ പാര്‍ലമെന്റില്‍ മാത്രമാണോ ചര്‍ച്ച നടക്കാത്തത്. അവരുടെ സംഘടനയില്‍ത്തന്നെ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ല എന്നല്ലേ രാഹുല്‍ ഗാന്ധിയുടെ പരസ്യമായ വിയോജന പ്രഖ്യാപനങ്ങള്‍ കാണിക്കുന്നത്. അത് രാഷ്ട്രീയ നാടകമാണോ എന്ന തോന്നല്‍ ആളുകളുടെ ഇടയിലുണ്ട്.

 

പല തീരുമാനങ്ങളും ക്യാബിനെറ്റില്‍ തന്നെയുള്ള പല മന്ത്രിമാരും അറിയുന്നുപോലുമില്ല എന്നതാണ് സത്യം. പ്രധാനമന്ത്രി പലപ്പോഴും മറ്റൊരു രാജ്യത്തു പോയിട്ടോ വിമാനത്തില്‍വെച്ചോ അല്ലേ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമായ കാര്യങ്ങളാണോ ഇതൊക്കെ. 

 

എന്തായാലും തിരക്ക്പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ട് വന്നതിന്റെ ലക്ഷ്യം ഈ അടുത്തകാലത്ത് വിധിവന്ന അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കുക എന്നത് തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. കോണ്ഗ്രസ് പ്രവത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും രാജ്യസഭ അംഗവുമാണ് റഷീദ് മസൂദ്. മറ്റൊന്നു ലാലു പ്രസാദ് യാദവാണ്. 

 

ഗവണ്‍മെന്‍റ് ചിന്തിക്കുന്നത് ഇതാണ്. ഞങ്ങള്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ഞങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ലെങ്കില്‍ ഒരു അവിശ്വാസ പ്രമേയം കൊണ്ട് വന്നു താഴെ ഇറക്കിക്കോളൂ, ഈ ഒരു ഏകാധിപത്യ സ്വഭാവത്തിലാണ്  ഗവണ്‍മെന്‍റ് പെരുമാറുന്നത്. തങ്ങള്‍ എടുക്കുന്ന എല്ലാ നിലപാടുകളും ശരിയാണ് എന്നു ധരിച്ചുവശായതിന്‍റെ പരിണത ഫലമാണ് ഇന്നത്തെ പ്രതിസന്ധി. നാര്‍സിസത്തിന്‍റെ പിടിയിലാണ് ഭരിക്കുന്നവര്‍.

 

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരാണ് ഞങ്ങളെപ്പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍. അതിന്‍റെ ഭാഗമായി പാര്‍ലമെന്‍റ് അംഗം മുതല്‍ പഞ്ചായത്ത് മെംബര്‍ വരെ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെടാറുണ്ട്. എന്‍റെ പേരില്‍ തന്നെ ഇപ്പോള്‍ നിലവിലുള്ള ഒരു കേസ് തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്തിന്റെ പേരില്‍ എടുത്തിട്ടുള്ള ഒന്നാണ്. അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഞാന്‍ അയോഗ്യനാക്കപ്പെടില്ലേ. തെറ്റായ കാര്യത്തിന് കേസ് ചാര്‍ജ് ചെയ്ത ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേതൃത്വം കൊടുക്കുന്ന ഒരു ജനപ്രതിനിധിക്കെതിരെ സ്വഭാവികമായും കേസെടുക്കപ്പെടും. അയാള്‍/അവള്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യത വരില്ലേ. രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് ഏറെ ആലോചിക്കേണ്ടതില്ല. കാരണം ജനങ്ങളുടെ കൂടെ നിന്നു സമരങ്ങള്‍ നയിച്ചു വളര്‍ന്ന് വന്ന നേതാവല്ല അദ്ദേഹം.

 

എന്‍റെ അച്ഛന്‍ എന്‍ അനിരുദ്ധന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഒരാളാണ്. പഠിക്കുന്ന കാലത്ത് തന്നെ സമരത്തില്‍ പങ്കെടുത്തത്തിന് സ്കൂളില്‍ നിന്നു പല തവണ പുറത്താക്കപ്പെട്ടിട്ടുണ്ട്. പല സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിലായി 7 വര്‍ഷം തടവില്‍ കഴിഞ്ഞിട്ടുണ്ട്. മിച്ച ഭൂമി സമരമൊക്കെ അതില്‍ ഉള്‍പ്പെടും. അടിയന്തിരാവസ്ഥ കാലത്ത് കരുതല്‍ തടങ്കലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. എ കെ ഗോപാലന്‍, ഇന്ത്യയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നല്ലോ. അദ്ദേഹത്തെ ജയിലില്‍ അടച്ചിട്ടില്ലേ? കൂടുതല്‍ പറയേണ്ട കാര്യമുണ്ടോ. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയല്ലേ ആദ്യമായി നിയമം ലംഘിക്കാന്‍ ആഹ്വാനം ചെയ്തത്. അതിന്‍റെ പേരില്‍ മഹാത്മജി നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടില്ലേ?

 

ബലാല്‍സംഗം, അഴിമതി, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മനുഷ്യക്കടത്ത്, ആയുധകടത്ത്, മയക്കുമരുന്നു കടത്ത്, വര്‍ഗീയ ലഹള, എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ ഭരണത്തിന്‍റെ പടിവാതില്‍ക്കലും ഭരണത്തിനുള്ളില്‍ തന്നെയും ഉണ്ട്. അവരെ രക്ഷിക്കാന്‍ വേണ്ടിയല്ല ഞാനീ വാദങ്ങള്‍ ഉയര്‍ത്തുന്നത്.

 

നമ്മുടെ രാജ്യത്ത് അഴിമതി അതിന്റെ വൈതാളികമായ രൂപം പൂണ്ടുകഴിഞ്ഞിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സ്പെക്ട്രം അഴിമതിയായാലും കല്‍ക്കരി പാടം അഴിമതിയായാലും ആദര്‍ശ് കുംഭകോണമായാലും. ഈ ഗവന്‍മെന്‍റിനെതിരായി നിരവധി അഴിമതി കേസുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ആണല്ലോ. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇവിടെ നടന്ന ശ്രമങ്ങള്‍ നമ്മള്‍ കണ്ടതല്ലേ.

 

 

കേസുകള്‍ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. റഷീദ് മസൂദിന്‍റെ കേസ് തന്നെ നോക്കൂ. 1990-91 കാലയളവില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതി കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ അന്വേഷണ ഏജന്‍സികളെ ഭരിക്കുന്നവരുടെ താത്പര്യത്തിനനുസരിച്ച് ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നു. കോടതി തന്നെ ചോദിച്ചിട്ടുണ്ട്, സി ബി ഐയെ കൂട്ടിലടച്ച തത്തയാക്കുന്നതിനെക്കുറിച്ച്. ഈ കാര്യങ്ങളെല്ലാമായിരിക്കാം പുതിയ സുപ്രീം കോടതി വിധിയെ സ്വാധീനിച്ചത്.

 

ജൂഡിഷ്യറി ഒരിയ്ക്കലും നിയമ നിര്‍മ്മാണ സഭയുടെ അധികാരത്തിലേക്ക് കടന്നുകയറാന്‍ പാടില്ല. തിരിച്ചും സംഭവിക്കരുത്. രാജ്യത്തെ ഏതെങ്കിലും ഒരു കീഴ്കോടതിയില്‍ ശിക്ഷിക്കപ്പെടുന്ന ഒരാള്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോയി തന്റെ നിരപരാധിത്തം തെളിയിക്കാനുള്ള അവസരമുണ്ട്. മേല്‍കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ കീഴ്കോടതിയുടെ ശിക്ഷയുടെ ഭാഗമായുണ്ടായ അയോഗ്യത തെറ്റാണെന്നു വരികയല്ലേ. ഇങ്ങനെ നിരവധിയായ പ്രശ്നങ്ങള്‍ ഇത്തരം ഒരു വിധി പുറപ്പെടുവിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ വേണം നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍. ജസ്റ്റീസ് ഡിലെയ്ഡ് ജസ്റ്റീസ് ഡിനെയ്ഡ് ആണെന്ന് പറയുന്നതുപോലെത്തന്നെയാണ് ജസ്റ്റീസ് ഹറീഡ് ജസ്റ്റീസ് ബറീഡ് ആണ്. നിയമത്തിന്‍റെ സംരക്ഷണം തേടി ഏതറ്റം വരെ പോകാനുള്ള അവകാശം ഭരണഘടന നമുക്ക് തന്നിട്ടുള്ള മൌലികാവകാശമാണ്.

 

കോടതി തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് മാരുതിയിലെ തൊഴിലാളികള്‍ ഇപ്പൊഴും ജയിലില്‍ കിടക്കുന്നത്. 100 ദിവസമായിട്ടും അവര്‍ക്ക് ഇതുവരെ ജാമ്യമോ പരോളോ അനുവദിച്ചിട്ടില്ല. ഒരു ജഡ്ജി ചോദിച്ചതു ഇതുപോലുള്ള സമരങ്ങല്‍ ഉണ്ടായാല്‍ എങ്ങനെ വിദേശ നിക്ഷേപം വരും എന്നാണ്. കോടതിയുടെ ജോലിയല്ല വിദേശ നിക്ഷേപം കൊണ്ടുവരല്‍. അതിനിവിടെ സര്‍ക്കാരുണ്ട്. 

 

കേസുകള്‍ കെട്ടിക്കിടക്കുന്നു. കേസ് നടത്തിപ്പ് അനിശ്ചിതമായി നീണ്ടു പോകുന്നു. സുപ്രീം കോടതി ഇപ്പൊഴും ഡല്‍ഹിയില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അപ്പോള്‍ ജുഡിഷ്യല്‍ പ്രക്രിയ വേഗത്തിലാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ജുഡീഷ്യല്‍ സംവിധാനത്തിന്‍റെ വികേന്ദ്രീകരണം നടക്കണം.

 

അത് പോലെ അനിവാര്യമായി നടക്കേണ്ട ഒന്നാണ് നമ്മുടെ രാജ്യത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചു പരിഷ്ക്കരണം. ഇത് വളരെ നേരത്തെ തന്നെ ഇ എം എസൊക്കെ പറഞ്ഞിട്ടുള്ളതാണ്. ഇവിടെ പലപ്പോഴും 30% വോട്ട് കിട്ടുന്നയാളാണ് വിജയിക്കുന്നത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തോല്‍ക്കപ്പെടുന്നവരുടെ കാഴ്ചപ്പാടുകള്‍ ആര് പ്രതിഫലിപ്പിക്കും. അവര്‍ പലപ്പോഴും ജയിക്കുന്നവരേക്കാള്‍ വോട്ട് നേടുന്നവരാണെന്നോര്‍ക്കണം.

 

ബ്യൂറോക്രാറ്റുകള്‍ നേരിട്ടു രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് ആശാസ്യകരമാണെന്ന് തോന്നുന്നില്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്ന നേതാക്കല്‍ക്ക് മാത്രമേ സ്മൂഹത്തിന്റെ മിടിപ്പ് മനസിലാകുകയുള്ളൂ. ഇന്നെല്ലാം കോര്‍പ്പറേറ്റ് രീതിയിലാണ് നടക്കുന്നത്. കോര്‍പ്പറേറ്റ്വത്ക്കരണം രാഷ്ട്രീയത്തില്‍ വര്‍ധിച്ചിരിക്കുന്നു.  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ട നയങ്ങളും തീരുമാനങ്ങളുമാണ് ഉണ്ടാകുന്നത്. കോര്‍പ്പറേറ്റുകള്‍, ഭരണ നേതൃത്വം, ഉദ്യോഗസ്ഥര്‍ ഒരു ത്രികോണം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പരസ്പര പൂരക ബന്ധം ഇവര്‍ തമ്മിലുണ്ട്. ഇതിനിടയിലെവിടെയോ കോടതിയുമുണ്ട്. ഇതൊരു അവിശുദ്ധ കൂട്ടുകെട്ടാണ്.

 

അമേരിക്കന്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. അവിടെ നടക്കുന്നത് കൊക്കാകോളയും പെപ്സി കോളയും തമ്മിലുള്ള തിരഞ്ഞെടുപ്പാണെന്നാണ്. അതുപോലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗത്തെയും കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള മത്സരമാക്കി മാറ്റാനുള്ള ശ്രമമാണ് കാണുന്നത്. നരേന്ദ്ര മോഡി തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന കോടികള്‍ എവിടെ നിന്നു വരുന്നതാണ്. കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും രേഖാപരമായും അല്ലാതെയും നല്‍കുന്ന കോടികളാണ് അഴിമതിക്ക് കളമൊരുക്കുന്നത്.

 

ഗവണ്‍മെന്‍റിന് മുന്‍പില്‍ ഇനി രണ്ട് കാര്യങ്ങളാണ് ഉള്ളത്. ഒന്നുകില്‍ സുപ്രീം കോടതി വിധി അതുപോലെ തന്നെ നടപ്പിലാക്കുക. അങ്ങനെയാണെങ്കില്‍ ഗവണ്‍മെന്‍റ് ഒന്നും ചെയ്യേണ്ടതായിട്ടില്ല. ഇതില്‍ എന്തെങ്കിലും ഭേദഗതി വേണമെന്നുണ്ടെങ്കില്‍ അതിലൊരു നിയമ നിര്‍മ്മാണ പ്രക്രിയ ആവശ്യമുണ്ട്. വേണമെങ്കില്‍ അടുത്ത ശീതകാല സമ്മേളനത്തില്‍ തന്നെ ഇത്തരമൊരു ചര്‍ച്ച ആരംഭിക്കാം. അല്ലെങ്കില്‍ ഒരു പ്രത്യേക സമ്മേളനം തന്നെ വിളിച്ച് ചേര്‍ക്കാം. രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണം, മണി പവര്‍, മസില്‍ പവര്‍ ഇതെല്ലാം തന്നെ ജനങ്ങളുടെ പ്രശ്നങ്ങളുമായി കൂട്ടിക്കുഴ്യ്ക്കാന്‍ പാടില്ല. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ രാജ്യമായ നമ്മുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് തടസം ഉണ്ടാക്കുകയേയുള്ളൂ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍