UPDATES

ഓഫ് ബീറ്റ്

ആദ്യ മാറ്റം അവനവനില്‍ തന്നെയാകട്ടെ

നമ്മളെപ്പോഴും ചര്‍ച്ച ചെയ്യുന്നത് സാമ്പത്തിക പുരോഗതിയെക്കുറിച്ചാണ്. ഗവണ്‍മെന്റിനെ, കുടുംബത്തെ, വ്യക്തിയെ; എല്ലാം നമ്മള്‍ അളക്കുന്നത് സാമ്പത്തികപുരോഗതിയുടെ ഏറ്റക്കുറച്ചിലിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഭരണകൂടങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിവിളി രാജ്യം സാമ്പത്തിക തിരിച്ചടികള്‍ നേരിടുന്നുവെന്ന ആരോപണം ഉയരുമ്പോഴാണ്. അതില്‍ കാര്യമില്ലെന്നല്ല, കാതലായൊരു പ്രശ്‌നം തന്നെയാണ് സാമ്പത്തിക അസ്ഥിരത. അങ്ങനെയൊരു അവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിക്കുമെന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് സമ്പത്ത് മാത്രമാണോ ഒരു രാജ്യത്തിന്റെ, വ്യക്തിയുടെ പുരോഗമനത്തിനാധാരം എന്നാണ്.
 
നമ്മുടെയെല്ലാം സാംസ്‌കാരിക പുരോഗതി എത്രത്തോളമുണ്ട്? അതിന്റെ തോത് ഉയരുകയാണോ താഴുകയാണോ? നമ്മള്‍ നേരിടുന്ന വലിയൊരു ചോദ്യം തന്നെയാണിത്. 
 
എന്നാല്‍ പലപ്പോഴും ആ ചോദ്യം അവഗണിക്കപ്പെടുന്നു. പട്ടിണി മരണങ്ങളോളം തന്നെ പ്രാധാന്യമുള്ളതല്ലേ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമണങ്ങള്‍, കൊലപാതകങ്ങള്‍, മോഷണം ഒക്കെ?. അധാര്‍മ്മികമായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹം രാജ്യത്തിന് എങ്ങനെ പുരോഗതി കൊണ്ടുവരും? രാഷ്ട്രപരിപാലകര്‍ ഇത്തരം കാര്യങ്ങളില്‍ നിസംഗത പുലര്‍ത്തിയാല്‍ എന്തായിരിക്കും അനന്തരഫലം? നാളെ ഇന്ത്യ വലിയൊരു സാമ്പത്തികശക്തിയായി മാറിയെന്നിരിക്കും. എന്നാല്‍ പുറം ലോകം നമ്മളെ ഭയപ്പാടോടെ കണ്ടാല്‍? നമ്മുടെ അഭിമാനം അവര്‍ ചോദ്യം ചെയ്താല്‍? ബൃഹത്തായൊരു സംസ്‌കരിക പൈതൃകം പേറുന്ന നാട്ടില്‍ അതിക്രൂരമായ ബലാത്സംഗങ്ങളുടെ, മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ, സഹോദരന്‍മാര്‍ തമ്മില്‍ കൊല്ലുന്നതിന്റെ കഥകള്‍ നിറയുമ്പോള്‍ സാമ്പത്തികപുരോഗതി ഒന്നുകൊണ്ടുമാത്രം അതെല്ലാം മൂടിവയ്ക്കാന്‍ കഴിയുമോ?
 
 
അച്ചടക്കമില്ലായ്മ, നിയമലംഘനം, മറ്റുള്ളവരെ കുറ്റം പറയല്‍, മത്സരബുദ്ധി; ഇവയെല്ലാം ഞാനും നിങ്ങളുമുള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ ദിനചര്യകളായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ പലകാരണങ്ങള്‍ നിമിത്തം അസന്തുഷ്ടരാണ്. വിദ്യാസമ്പന്നരും നല്ല ജോലിയുള്ളവരുമായ എത്രയോ ചെറുപ്പക്കാരാണ് ഇന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. അവിടെയൊന്നും സമ്പത്തല്ല പ്രശ്‌നം. സാമൂഹികപ്രശ്‌നങ്ങളാണ് അവരെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അവരില്‍ രാജ്യത്തോടുള്ള, ഭരണകൂടത്തിനോടുള്ള വിദ്വേഷം വളരുന്നതാണ് ഇതിന് കാരണം. പ്രാദേശികയവിഷയങ്ങള്‍, മതപരമായ വിവേചനങ്ങള്‍ ഒക്കെ ഇതിന് കാരണമാകുന്നുണ്ട്. ഭരണകൂടങ്ങള്‍ നിര്‍വചിക്കുന്ന സാമൂഹികവ്യവസ്ഥകളെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അവര്‍ എതിര്‍പ്പുകളുടെ സ്വരമുയര്‍ത്തുന്നു. കൊലയിലൂടെയും കൊള്ളിവയ്പ്പിലൂടെയുമാണ് അവര്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നത്. ഇതില്‍ നിന്ന്‍ അവരെ പിന്തിരിപ്പിക്കണമെങ്കില്‍ ശക്തമായ ഇടപെടല്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ഒരു തീവ്രവാദിയെ കൊന്നതു കൊണ്ടോ ജയിലലടച്ചതു കൊണ്ടോ തീവ്രവാദം ഇല്ലാതാകില്ല. ഒരാള്‍ തീവ്രവാദിയാകുന്നതില്‍ നിന്ന്‍ അയാളെ മോചിപ്പിക്കുകയാണ് വേണ്ടത്. അതിന് അയാളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. അയാളെ നിജസ്ഥിതി പറഞ്ഞ് ബോധ്യപ്പെടുത്തണം. രൂപയുടെ മൂല്യം ഇടിയുമ്പോഴുണ്ടാകുന്ന അതേ ഉത്കണ്ഠ ഒരു പൗരന്‍ രാജ്യത്തിനെതിരായി ചിന്തിക്കുന്നുവെന്ന്‍ അറിയുമ്പോഴും ഇവിടുത്തെ രാഷ്ട്രീയ -സാംസ്‌കാരിക – ബുദ്ധിജീവി നേതൃത്വങ്ങള്‍ക്ക് ഉണ്ടാകണം.
 
എല്ലാ ഉത്തരവാദിത്വങ്ങളും ഭരണകൂടത്തിന് പുറത്ത് കെട്ടിവയ്ക്കാനല്ല എന്റെ ശ്രമം. മാറ്റങ്ങള്‍ ഉണ്ടാകണമെന്ന്‍ ഞാന്‍ പറയുമ്പോള്‍ സ്വാഭാവികമായി എനിക്ക് നേരെ ഉയരുന്നൊരു ചോദ്യമുണ്ട് – നിങ്ങള്‍ എത്രത്തോളം മാറി? ശരിയാണ് ഓരോരുത്തരും സ്വയം മാറി ചിന്തിക്കുമ്പോഴാണ് രാജ്യം ഒന്നടങ്കം മാറി ചിന്തിക്കുന്നത്? എന്റെ കുഴപ്പങ്ങള്‍, തെറ്റുകള്‍ മനസിലാക്കി അവയെല്ലാം പരിഹരിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍, അതുപോലെ ഓരോരുത്തര്‍ക്കും കഴിയുമെങ്കില്‍ എത്ര എളുപ്പത്തില്‍ നമ്മള്‍ സാസ്‌കാരികോന്നമനം നേടും. 
 
ഒരു കഥയുണ്ട് – കൗമാരപ്രായക്കാരനായ ഒരാള്‍ തന്റെ രാജ്യത്തിന്റെ അവസ്ഥയില്‍ ദുഃഖിതനായി തെറ്റായ ക്രമങ്ങളെ ഉച്ചാടനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പത്തുപതിനഞ്ച് വര്‍ഷത്തോളം ശ്രമിച്ചിട്ടും അയാള്‍ക്ക് ഒന്നും ചെയ്യാനായില്ല. അതേ തുടര്‍ന്നു അയാള്‍ തീരുമാനം മാറ്റി. ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒരു രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തനിക്കാവില്ലെങ്കിലും ഒരു സമൂഹത്തില്‍ അതിനായി തനിക്കു കഴിയുമെന്നു വിശ്വസിച്ച് അയാള്‍ പ്രവര്‍ത്തിച്ചു. വീണ്ടും കുറെ വര്‍ഷങ്ങള്‍ പാഴായത് മിച്ചം. എന്നാല്‍ ഒരു മാറ്റത്തിനായി തന്റെ കുടുംബത്തില്‍ തന്നെ ശ്രമിക്കാമെന്നു വിചാരിച്ച അയാള്‍ക്ക് അതിനും കഴിഞ്ഞില്ല. അപ്പോഴേക്കും വാര്‍ദ്ധ്യകത്തില്‍ എത്തിയ അയാള്‍ അവസാനനിലയിലെന്നവണ്ണം ആലോചിച്ചത് തന്നില്‍ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ചായിരുന്നു. അതിനയാള്‍ക്ക് സാധിച്ചു. ആ മാറ്റം അയാളുടെ കുടുംബത്തെ മാറ്റി. അതുവഴി ഒരു സമൂഹം തന്നെ മാറി. ആ മാറ്റം ഉള്‍ക്കൊള്ളാതിരിക്കാന്‍ രാജ്യത്തിനുമായില്ല. എന്നാല്‍ അതെല്ലാം ആസ്വദിക്കാന്‍ ആയുസ് അധികമില്ലാതിരുന്ന ആ വൃദ്ധന്‍ തന്റെ അവസാന നിമിഷങ്ങളില്‍ ആലോചിച്ചത് തനിക്ക് ഈ ചിന്ത ആദ്യമേ തോന്നിയിരുന്നെങ്കിലോ എന്നാണ്. ഇതൊരു സാങ്കല്പ്പിക കഥയാണ്. എന്നാലും അതിലൊരു സാരമുണ്ട്. എല്ലാവരും നന്നായിട്ടു ഞാനും നന്നാകാമെന്ന വിചാരമാണ് നമുക്കെല്ലാവര്‍ക്കും. മറ്റുള്ളവരെ കുറ്റം പറയാന്‍ എത്രസമയം വേണമെങ്കിലും ചെലവഴിക്കുമ്പോള്‍ സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നുണ്ടോ? ക്ഷമയോടെ ക്യൂവില്‍ നില്‍ക്കാന്‍, ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍, കൃത്യമായി ജോലി ചെയ്യാന്‍ – നമ്മളോരോരുത്തരും തയ്യാറായാല്‍!
 
 
സ്വന്തം ലോകത്ത് താമസിക്കാനാണ് ഇന്ന്‍ എല്ലാവര്‍ക്കും താത്പര്യം. അമിതമായ അളവില്‍ സെല്‍ഫിഷ് ആവുകയാണ് നമ്മള്‍. അളവില്ലാത്ത ആഗ്രഹങ്ങളാണ് ഇന്നോരോരുത്തര്‍ക്കും. അത് നേടാനുള്ള പരക്കാംപാച്ചില്‍. എങ്ങനെയും തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വ്യഗ്രതയില്‍ മറ്റൊന്നിനെക്കുറിച്ചും ആരെക്കുറിച്ചും ആവന്‍ ആകുലപ്പെടുന്നില്ല. താന്‍ ആഗ്രഹിച്ചത് നേടാനായില്ലെങ്കിലോ? അതോടെ അവന്റെ ജീവിതം അവസാനിക്കുന്നു. ആഗ്രഹങ്ങള്‍ മനുഷ്യന്റെ സന്തോഷം കുറയ്ക്കുന്നു എന്ന്‍ കേട്ടിട്ടില്ലേ? സ്വാനുഭവങ്ങളിലൂടെ അത് സത്യമാണെന്ന്‍ എല്ലാവര്‍ക്കും അറിയാം.
 
മാതാപിതാക്കളില്‍ നിന്നാണ് മക്കള്‍ നല്ല പാഠങ്ങള്‍ പഠിക്കേണ്ടത്. അതിന് അച്ഛനമ്മമാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിലൂടെ തെറ്റായൊരു തലമുറയെ രാജ്യത്തിന് സംഭാവന ചെയ്യുകയാണവര്‍. അഞ്ചു വയസ്സാകുന്നതിന് മുന്‍പേ ഓരോ കുട്ടിക്കും ഇന്ന്‍ സ്വന്തം മുറിയാണ്. വളരുംതോറും അവന്‍ ആ സാഹചര്യത്തോട് കൂടുതല്‍ വിധേയനാവുകയാണ്. അവന് ഷെയറിംഗ് മെന്റാലിറ്റി നഷ്ടപ്പെടുന്നു. നാളെ ഒരു വിവാഹിതജീവിതത്തിലേക്ക് കടക്കുമ്പോഴും തന്റെ പങ്കാളിക്ക് വേണ്ട രീതിയിലുള്ള സഹകരണം കൊടുക്കാന്‍ അവന് സാധിക്കാതെ വരും. അതിന്റെ അനന്തരഫലമോ?
 
സാമ്പത്തികാടിത്തറ ഒരു വ്യക്തിയെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും പരമപ്രധാനമാണ്. എന്നാല്‍ സമ്പത്ത് മാത്രമല്ല ഏതൊന്നിന്റെയും അടിസ്ഥാനം. വ്യക്തിവളര്‍ച്ചയില്ലാത്ത പൗരന്മാര്‍ നിറഞ്ഞൊരു രാജ്യമല്ല നമുക്ക് വേണ്ടത്. സംസ്‌കാരസമ്പന്നരായ ഒരു തലമുറയാണ് ഈ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തേണ്ടത്. അതിനായാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഒരു മാറ്റം നമുക്ക് ആവശ്യമാണ്. ആ മാറ്റം നമ്മളില്‍ നിന്നു തന്നെ തുടങ്ങാം. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍