UPDATES

വിദേശം

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍ പോസ്റ്റ്
(ലോറി മോണ്ട്ഗോമറി, പോള്‍ കെയ്ന്‍)
 
 
പതിനേഴ് വര്‍ഷത്തിനു ശേഷം വീണ്ടും അമേരിക്കന്‍ സര്‍ക്കാര്‍ പൂട്ടി. പ്രസിഡന്റ് ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മേല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ച പൊളിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടലിന് വഴിയൊരിക്കിയത്.
 
സെപ്റ്റംബര്‍ 29 പാതിരാത്രിയില്‍ വൈറ്റ്ഹൗസ് ബജറ്റ് ഓഫീസ് ഇറക്കിയ മെമ്മോയിലാണ് സര്‍ക്കാര്‍ ഏജന്‍സികളോട് മുറപ്രകാരമുള്ള അടച്ചുപൂട്ടലിന് ഉത്തരവായത്. അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കും സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുമാണ് ഭൂരിപക്ഷം. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഒബാമ കെയര്‍’ ഒരുവര്‍ഷത്തേക്ക് മരവിപ്പിച്ചാല്‍ മാത്രമേ അധികതുക ചെലവാക്കാന്‍ അനുവാദം നല്‍കൂവെന്ന റിപ്പബ്‌ളിക്കന്‍ പിടിവാശിയില്‍ തട്ടിയാണ് ഈ ചരിത്രപരായ പ്രതിസന്ധി ഉടലെടുത്തത്.
 
(ടീം അഴിമുഖം, ഡല്‍ഹിയില്‍ നിന്ന് – അമേരിക്കലിലുണ്ടായിരിക്കുന്ന പ്രതിസന്ധി മൂലം ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യന്‍ ഓഹരികമ്പോളത്തിലും അനിശ്ചിതത്വം ശക്തമാകാന്‍ ഇടയുണ്ട്. പക്ഷെ ഇതിനുമപ്പുറം ഈ പ്രതിസന്ധി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായേക്കാം)
 
എട്ടുലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളരഹിതമായ അവധിയിലേക്ക് പോകേണ്ടിവരുമെന്നാണിതിന് അര്‍ത്ഥം. ദേശീയ പാര്‍ക്കുകള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ കൂടാതെ ഒട്ടുമിക്ക ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടും. ആയിരക്കണക്കിന് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ജയില്‍ ഗാര്‍ഡുകള്‍, അതിര്‍ത്തി സംരക്ഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും. 
 
സജീവമായി സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള അനുമതി അവസാന നിമിഷ തീരുമാനത്തിലൂടെ കോണ്‍ഗ്രസ് പാസാക്കി. അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാര്‍ തന്നെയാണെന്നതിനാല്‍ പ്രതിസന്ധയില്‍ നിന്ന് കരകയറികൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥക്ക് ഷട്ട് ഡൗണ്‍ വന്‍തിരിച്ചടിയാണെന്ന് പ്രസിഡന്റ ഒബാമ അറിയിച്ചു. 
 
ജനങ്ങളുടെ സര്‍ക്കാരിനെ തുടര്‍ന്നും തുറന്നു പ്രവര്‍ത്തിപ്പിക്കുക എന്നത് ഔദാര്യമല്ല. ജോലി ചെയ്യാനുള്ള അവസരം കൊടുക്കുക എന്നത് അമേരിക്കക്കാരോടുള്ള അടിസ്ഥാന ഉത്തരവാദിത്വമാണെന്ന് ഒബാമ തിങ്കളാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
 
ഈ അടച്ചുപൂട്ടലിന്റെ ആയുസ് ഒരാഴ്ചയായിരിക്കുമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ പറഞ്ഞു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഈ മാസം 17ന് ശേഷം ബില്ലുകള്‍ പാസാക്കാന്‍ അമേരിക്കന്‍ ട്രഷറിക്ക് കഴിയില്ല. ട്രഷറിക്ക് പണം കടം വാങ്ങാനുള്ള അനുമതി നല്‍കുന്നത് അമേരിക്കന്‍ കോണ്‍ഗ്രസാണ്. ബില്‍ ക്ളിന്‍റണ്‍ പ്രസിഡന്റായിരിക്കേ 1995 – 96ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇതിന് മുമ്പ് പൂട്ടിയത്. അന്നും ക്ലിന്റന്റെ ബജറ്റ് നിര്‍ദേശങ്ങളുടെ പേരിലായിരുന്നു നടപടി.
 
ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതിക്കെതിരേയുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ മനോഭാവത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായമുണ്ട്. തന്റെ പാര്‍ട്ടി ജനാഭിപ്രായത്തിന് എതിരെയാണ് സഞ്ചരിക്കുന്നതെന്ന് 2008ല്‍ ഒബാമക്കെതിരേ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈ്‌യ്ന്‍ പറഞ്ഞു. ‘ഒബാമ കെയറിന്റെ പൊളിച്ചെഴുത്തിനായി രാജ്യം മുഴുവന്‍ ഞാന്‍ കാമ്പയിന്‍ നടത്തി. എന്നാല്‍ ജനഹിതം ഈ പദ്ധതിക്ക് അനുകൂലമായിരുന്നു. മറിച്ചായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു’- അദ്ദേഹം വ്യക്തമാക്കി. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍