UPDATES

ഇന്ത്യ

സ്വയം വില്‍ക്കുന്നതല്ല മാധ്യമ പ്രവര്‍ത്തനം

തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികരോപണം അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തക കരിയര്‍ അവസാനിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ അദ്ദേഹം തുടങ്ങിവച്ച ഒളികാമറ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ഒരു പുനര്‍വിചിന്തനം ആവശ്യമാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖന (തെഹല്‍ക്ക: ഇന്ത്യന്‍ മാധ്യമ ലോകത്തെ പൊളിച്ചെഴുത്ത് എവിടെയെത്തും?) ത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. ഹരിദ്വാര്‍ അഭേദ ഗംഗാമയ്യാ ആശ്രമത്തിലെ മഹന്തും എഴുത്തുകാരനുമായ സ്വാമി സംവിദാനന്ദ് പ്രതികരിക്കുന്നു. 
 
തെഹല്ക്കയെന്ന മാധ്യമസ്ഥാപനമാണ് സ്ത്രീയുടെ ശരീരം കൊടുത്ത് വാര്‍ത്തയുണ്ടാക്കിയതും അഴിമതിക്കെതിരെ എന്ന പേരില്‍ ഒളിക്യാമറ എന്ന സിദ്ധാന്തത്തിന് ഇന്ത്യയില്‍ ഹരിശ്രീ കുറിച്ചതും. ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട്  വളര്‍ച്ച വേഗത്തിലായിരുന്നു. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനം എന്നത് തെഹല്ക്കയ്ക്ക് മുന്‍പും ശേഷവും എന്ന് രണ്ടാക്കി വായിക്കാം. നേരും നെറിയും തിരിച്ചറിയാന്‍ നെറികേട് കൊണ്ട് നേരിനെ തിരഞ്ഞ ആദ്യ മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഇതിന് ചരിത്ര പ്രസക്തിയുണ്ട്. തെഹല്ക്കയുടെ 1000-ലധികം മണിക്കൂര്‍ നീണ്ട ഷൂട്ടിങ്ങ്. ബംഗാരു ലക്ഷ്മണനെയും മിലിട്ടറി ഓഫീസറന്മാരെയും കുടുക്കാനായി നടത്തിയ, ഇതില്‍ പങ്കുകൊണ്ട ഒരു സുഹൃത്ത് പറഞ്ഞ വാചകം മനസ്സില്‍ മായാതെ ഉണ്ട്. മറ്റൊന്നുമല്ല – കേവലം ഒരു മാസത്തിനുള്ളില്‍ ജോലി നഷ്ടപെട്ട് താടിയും വളര്‍ത്തി ജീവിതത്തില്‍ നിന്നും പറിഞ്ഞു പോയ നിരവധി പട്ടാള ഓഫിസറന്മാരുടെ കഥ. അതിനു മുന്‍പോ ശേഷമോ അങ്ങനെയൊന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കുടുക്കാന്‍ വേണ്ടി നിര്‍ബന്ധിച്ച് നല്കിയ മധുവും മദിരാക്ഷിയും. പട്ടാള വിചാരണയ്ക്ക് ശേഷം അവരെല്ലാം ഒന്നുമല്ലാതൊടുങ്ങി. അവരെ പിന്‍പറ്റി നിന്ന വീട്ടുകാരും ഇരുട്ടിലായി. കാരണം റെക്കോര്‍ഡ് ചെയ്യപ്പെട്ട തെളിവുകള്‍ക്ക് മുന്നില്‍ എല്ലാം അവസാനിച്ചു. ആദ്യമൊക്കെ ഒന്നു പതറിയെങ്കിലും അനിരുദ്ധ് ബഹലും തേജ്പാലും പച്ചപിടിച്ചു വന്നു. എല്ലാത്തിനും മുന്നിട്ടിറങ്ങിയ, ബി ബി സിയുടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരെ പറ്റിയുള്ള ലേഖനത്തില്‍ പേജുകള്‍ നിറയെ വര്‍ണ്ണിക്കപെട്ട മാത്യു സാമുവല്‍ കോടതികളില്‍ നിന്നും കോടതികളിലേക്ക് സഞ്ചരിച്ച് ജോലി ചെയ്യാന്‍ വയ്യാത്തവിധം സ്വയം നഷ്ടപെട്ടിരിക്കുന്നു.
 
ഈ സ്ഥാപനം തുടങ്ങി വെച്ച ഒളിക്യാമറ യുദ്ധമുഖം ഇന്ന് ആര്‍ക്ക് ആരെയും നിശ്ശേഷം ഇല്ലാതാക്കാനുള്ള ഉപകരണമായി മാറിക്കഴിഞ്ഞു. സെന്‍സറിംഗ് എന്നത് ദൃശ്യമാദ്ധ്യമത്തിനില്ലാത്തതിന്റെ ഏറ്റവും വലിയ ശാപം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവരവും ലോകപരിചയവും വരാത്ത കുട്ടി മാധ്യമപട്ടാളത്തെ ക്യാമറയും മൈക്കും നല്കി രാജ്യത്തെ ഞെട്ടിപ്പിക്കാന്‍ വിടുന്ന ഏമാന്മാര്‍ നയിക്കുന്ന വൃത്തികെട്ട മാധ്യമ ധര്‍മ്മം.
 
 
കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാള്‍ക്ക് ലോക പ്രശസ്തിയും പിന്നീട് കുപ്രശസ്തിയും നേടാം എന്ന് ദൃശ്യമാദ്ധ്യമ രംഗത്ത് നിന്ന് തന്നെ ഉദാഹരണങ്ങളുണ്ട്. ഇപ്പോള്‍ വളരെ പ്രശസ്തയായ ഒരു മാധ്യമ പ്രവര്‍ത്തകയെ പ്രശസ്തിയിലേക്ക് നയിച്ചത് കാര്‍ഗില്‍ യുദ്ധമായിരുന്നു. ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മിലിട്ടറി യുദ്ധ രംഗത്തേക്കുള്ള ഒരു സാധാരണ യാത്ര മാത്രം. പക്ഷേ (വ്യാജ) വെടി പൊട്ടുന്ന ഒച്ചകള്‍ക്കിടയില്‍ ഒരു ബാരക്കിനു സമീപത്ത് നാടകീയമായ ഭയത്തോടെ അഭിനയിച്ച കക്ഷി ക്‌ളച്ച് പിടിച്ചു. രംഗത്തിനു സാക്ഷ്യം വഹിച്ച സുഹൃത്താണിക്കഥ പറഞ്ഞത്. എന്തായാലും കാര്‍ഗില്‍ യുദ്ധത്തിലെ വീരന്മാരൊന്നും വീരന്മാരായില്ലെങ്കിലും ധീര പത്രപ്രവര്‍ത്തക ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള താരമാണ്. പിന്നെ രാജ്യത്തെ നടുക്കിയ കോഴക്കേസില്‍ മന്ത്രിയെ നിയമിക്കുന്നതിന് വിടുപണിചെയ്യുന്ന ഫോണ്‍ സംഭാഷണത്തോളമെത്തി ആ വളര്‍ച്ച.
 
 
ഒരു പത്രത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഒരു സ്ത്രീയുടെ മേലുള്ള അവകാശത്തിന് എത്ര മാത്രം അധികാരം ഉണ്ടെന്ന് തരുണിനൊപ്പം ഉണ്ടായിരുന്ന ചിലരിലൊരാള്‍ തുടക്കമിട്ടതിന് സാക്ഷിയാവാനുള്ള ദൗര്‍ഭാഗ്യവും ഉണ്ടായി. തെഹല്ക്ക ശമ്പളം കൊടുക്കാനില്ലാതെ പൂട്ടി നില്‌ക്കെ ഒപ്പമുണ്ടായിരുന്നവര്‍ പലയിടങ്ങളില്‍ ചേക്കേറി. ചിലര്‍ സ്വന്തം സ്ഥാപനം തുടങ്ങാനുള്ള ശ്രമവും ചെയ്തുതുടങ്ങുന്ന കാലത്ത് യാദൃശ്ചികവശാല്‍ അത്തരമൊരു സ്ഥാപനത്തിലേക്ക് ആളെ എടുക്കുന്ന ഇന്റര്‍വ്യൂവില്‍ എത്തിപ്പെടേണ്ടി വന്നു. ഇന്റര്‍വ്യൂവിന്റെ ഭാഗമായ ക്യാമറ ടെസ്റ്റാണ് വേദി. ഇവിടെ ഇരുന്നിട്ട് നമ്മളെന്ത് ചെയ്യാനെന്ന മട്ടില്‍, പോകണോ വേണ്ടയോ എന്ന് തിരിച്ചറിയാതെ മടുത്തിരിക്കുകയായിരുന്നു ഞാന്‍.
 
അപ്പോഴാണ് അവസാരാര്‍ത്ഥിയായ ആ പെണ്‍കുട്ടിയുടെ ഊഴം എത്തിയത്. ആദ്യ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ആ രംഗം എന്നെ വെളിയിലെത്തിച്ചു. പെരുമാറ്റത്തിന്റെയൊ മുന്‍പരിചയത്തിന്റെയോ രീതികൊണ്ടാവണം, തലവന്‍ സംശയങ്ങള്‍ ഒന്നുമില്ലാതെ പെണ്‍കുട്ടിക്ക് നേരെ നടക്കുന്നു. പെണ്‍കുട്ടിയുള്‍പ്പടെ ഞങ്ങള്‍ നാലുപേരുണ്ടവിടെ. പക്ഷെ യാതൊരു ശങ്കകളുമില്ലാതെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ തൊട്ട് രണ്ട് കൈകൊണ്ടും മാറിടം ഉയര്‍ത്തി വെച്ചിട്ട് ‘ക്യാമറയ്ക്ക് മുന്നില്‍ ഇങ്ങനെ നില്ക്കണം, ഇടിഞ്ഞു നില്ക്കരുത്’ എന്നു പറഞ്ഞു. പുതു മാധ്യമരീതി അറിയാത്തതിന്റെ അമ്പരപ്പില്‍ അവിടെ നിന്നും വെളിയില്‍ ചാടുമ്പോള്‍ യാതൊരു അമ്പരപ്പുമില്ലാതെ പെണ്‍കുട്ടിയുടെ മറുപടിയും വന്നെത്തി. ‘സാര്‍ ഇന്നലെ പറഞ്ഞില്ല സ്‌പോര്‍ട്‌സ് ബ്രായിടണം എന്ന്, അടുത്ത ദിവസം മുതല്‍ ആയിക്കോളാം സാര്‍’. അല്പം കഴിവ് കുറവുള്ളര്‍ ഈ രംഗത്ത് പിടിച്ച് നില്ക്കണമെങ്കില്‍ ചെയ്യേണ്ട ‘അഡ്ജസ്റ്റ്മെന്റുകള്‍’ പരസ്യമായ രഹസ്യവുമാണ്.
 
 
ഇതിനൊപ്പം ചേര്‍ത്തു വായിക്കാന്‍ മറ്റൊരു കഥ കൂടിയുണ്ട്. റേവ് പാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുക്കുന്ന കള്ളു കുടിക്കുകയും കഞ്ചാവു പുകയ്ക്കുകയുമൊക്കെ ചെയ്യുന്ന (അത് അവരുടെ സ്വാതന്ത്ര്യം തന്നെ) മോസ്റ്റ് മോഡേണുമായ ഒരു മലയാളി യുവതിയെ ആണു ഒരു പ്രശസ്തനെ ക്യാമറയില്‍ കുടുക്കാന്‍ പറഞ്ഞു വിടാന്‍ തിരഞ്ഞെടുത്തത്. അതെന്തിനാണെന്ന എന്റെ സംശയത്തിനു മറുപടി, ‘അവളാവുമ്പോള്‍ എന്ത് ചെയ്തിട്ടായാലും ടേപ്പും കൊണ്ടേ വരു, അങ്ങനെ ഒരു അഞ്ച് ടേപ്പുകള്‍ മതി നമ്മള്‍ ക്‌ളിക്കാവാന്‍’ എന്നായിരുന്നു. ഈ ക്‌ളിക്കിലാണ് പത്രപ്രവര്‍ത്തനത്തിന്റെ ദിവ്യത്വം അസ്തമിക്കുന്നത്. തരുണ്‍ തേജ്പാല്‍ ഒരു പ്രതീകമാണ്. അനീതിയുടെ ദുര്‍മേദസ് മോന്തുന്ന ഒരു മദ്ധ്യവര്‍ഗ്ഗ പത്രപ്രവര്‍ത്തകന്റെ. നീതിയും നെറിവും അവനൊരു നാടകം മാത്രം. പക്ഷേ ഒരുത്തനു മുന്നിലും തലകുനിക്കാത്ത ചങ്കൂറ്റമുള്ള മാധ്യമ പ്രവര്‍ത്തകരാണ് പത്രപ്രവര്‍ത്തകരില്‍ ഏറിയപങ്കും. അവരുടെ മാനത്തിന്റെ പ്രതീകമാണ് തെഹല്ക്കയില്‍ നിന്നും രാജിവെച്ച പെണ്‍കുട്ടിയും അവളെക്കാത്തിരിക്കുന്ന തീപിടിപ്പിക്കുന്ന വേദനകളുടെ നാളെകളും. പക്ഷേ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ മതി ഒരു പെണ്ണിനുണരാന്‍ – ഈ വാക്കുകള്‍ മതി.
 
“Unlike Mr. Tejpal, I am not a person of immense means. I have been raised singlehandedly by my mother’s single income. My father’s health has been very fragile for many years now.
 

Unlike Mr. Tejpal, who is fighting to protect his wealth, his influence and his privilege, I am fighting to preserve nothing except for my integrity and my right to assert that my body is my own and not the plaything of my employer. By filing my complaint, I have lost not just a job that I loved, but much-needed financial security and the independence of my salary. I have also opened myself to personal and slanderous attack. This will not be an easy battle.”

 

ഈ കുട്ടിയുടെ വാക്കിനുമുന്നില്‍ ഇനി ഈ ഭൂലോക പത്രക്കാരന് കുപ്പായമൂരാം!

 
 
*The views expressed are personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍