UPDATES

ഇന്ത്യ

കാതലില്ലാതാകുന്ന പത്രപ്രവര്‍ത്തനം

തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികരോപണം അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തക കരിയര്‍ അവസാനിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ അദ്ദേഹം തുടങ്ങിവച്ച ഒളികാമറ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ഒരു പുനര്‍വിചിന്തനം ആവശ്യമാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖന (തെഹല്‍ക്ക: ഇന്ത്യന്‍ മാധ്യമ ലോകത്തെ പൊളിച്ചെഴുത്ത് എവിടെയെത്തും?)ത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. ദി പയനീര്‍ ദിനപത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ജെ. ഗോപീകൃഷണന്‍ സംസാരിക്കുന്നു
 
ഒളിക്യാമറ ഉപയോഗിച്ചുള്ള പത്രപ്രവര്‍ത്തനം ശരിയോ തെറ്റോ എന്നതിലുപരി പരിഗണിക്കേണ്ടത് അതുപയോഗിക്കുന്ന ആളിനേയൂം സന്ദര്‍ഭത്തേയുമാണ്. ആയുധം ഉപയോഗിക്കുന്ന ആളിന് നീതിബോധമില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും. വാടക ഗുണ്ടകള്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കൂടി നേടിയാല്‍ എന്തായിരിക്കും ഗതി? 
 
മദോന്‍മത്തരായ പട്ടാളക്കാരെ വശീകരിക്കാന്‍ വേശ്യകളെ ഉപയോഗിച്ച് നടത്തിയ തെഹല്‍ക്കയുടെ ആദ്യത്തെ ഒളിക്യാമറ പ്രയോഗം ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. ബി.ജെ.പി മൂന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണനെ കുടുക്കിയ ഈ അന്വേഷണത്തിന്റെ സൂത്രധാരനായ അനിരുദ്ധ് ബെഹല്‍ പിന്നീട് നടത്തിയ ഒരു ഒളിക്യാമറ പത്രപ്രവര്‍ത്തനം ശ്ലാഘിക്കേണ്ടതു തന്നെയാണ്. എം.പിമാര്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം മേടിക്കുന്ന ദൃശ്യങ്ങള്‍ അങ്ങനെയാണ് പുറത്തു വന്നത്. 
 
വളരെ ശ്രദ്ധിച്ചുപയോഗിക്കേണ്ട ഒന്നാണ് പത്രപ്രവര്‍ത്തന മേഖലയില്‍ ഒളിക്യാമറ പ്രയോഗം. എന്നാല്‍ ഇന്ന് പലരും ചുളുവഴിക്ക് പ്രശസ്തി നേടാനും സെന്‍സേഷണലിസം ഉണ്ടാക്കാനും ഒളിക്യാമറയെ കുട്ടുപിടിക്കുന്ന പ്രവണതയുണ്ട്. കാര്യം നേടിയെടുക്കാന്‍ ഏതു കുടില തന്ത്രവും പ്രയോഗിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക ഒളിക്യാമറ പ്രയോഗങ്ങളും അവസാനം ഇരയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം സമ്പാദിക്കാനുള്ള കുറുക്ക് വഴികളാണെന്നതാണ് നേര്. 
 

 
കാമാര്‍ത്തനായ എന്‍.ഡി തിവാരിയുടെ അടുത്ത് മൂന്നു സ്ത്രീകളെ മാലയില്‍ ഒളിക്യാമറ വച്ച് പറ്റിക്കുന്നത് പത്രപ്രവര്‍ത്തനമല്ല. പുതിയതായി തുടങ്ങിയ ഒരു ചാനല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തിയ ഒരു കുടില തന്ത്രം മാത്രമായേ അതിനെ കാണാന്‍ പറ്റൂ. 
 
ഒളിക്യാമറ പ്രയോഗങ്ങള്‍ ബ്ലാക്ക്‌മെയിലിംഗിന് ഉപയോഗിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ് ഇന്ന് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്ന തരുണ്‍ തേജ്പാലിന്റെ സ്വത്തു വിവരങ്ങള്‍. 2004- 06 കാലത്ത് തെഹല്‍ക്കയുമായി സഹകരിച്ചിരുന്ന ഒരാളെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ അടുത്തറിഞ്ഞിരിക്കുന്ന ഒരാള്‍ കൂടിയാണ് ഞാന്‍. 
 
ഒളിക്യാമറ ഉപയോഗിച്ച് ആളിനെ വിരട്ടുന്ന രീതി ശരിയല്ല. ചില നേരങ്ങളില്‍ സത്യസന്ധമായി മാത്രം പ്രയോഗിക്കാവുന്ന രീതിയാണത്. അതിന്റെ ലക്ഷ്യവും അത്രയും മഹത്തരമായിരിക്കണം. അതുകൊണ്ടു തന്നെ ഇത് ഉപയോഗിക്കുന്നവരുടെ ധാര്‍മികതയെ ആശ്രയിച്ചായിരിക്കും ഇതിന്റെ തെറ്റും ശരിയും. 
 
ധാര്‍മികതയാണ് പത്രപ്രവര്‍ത്തനത്തിന്റെ കാതല്‍. മറ്റുള്ളതെല്ലം പണവും പ്രശസ്തിയും നൈമിഷികമായി നേരിടാനുള്ള കുറുക്കു വഴികള്‍ മാത്രം. അതിനാല്‍ ഇത്തരം വഴികള്‍ തേടുന്നവര്‍ തിരിച്ചടികള്‍ നേരിടാനും തയാറാവണം എന്നാണ് തരൂണ്‍ തേജ്പാല്‍ എന്ന എഡിറ്ററുടെ ജീവിതം ഓര്‍മിപ്പിക്കുന്നത്.
 
 
(സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്നതിലൂടെ ശ്രദ്ധേയനായ മലയാളി പത്രപ്രവര്‍ത്തകന്‍. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം. ദൂരദര്‍ശനില്‍ സ്ട്രിംഗര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എ.സി.വി, ജയ്ഹിന്ദ് ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയില്‍ ദി പയനീര്‍ ദിനപത്രത്തില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്.) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍