UPDATES

ഓഫ് ബീറ്റ്

ഇന്ത്യയില്‍ വൈന്‍ കുടിക്കാത്തവരുടെ ശ്രദ്ധയ്ക്ക്

ഗാര്‍ ആദംസ്
(സ്ളേറ്റ്)

 

ലൂയി വുട്ടോനും ഫെന്‍ടിയും ബുള്‍ഗാരിയുമൊക്കെ സ്വന്തമായുള്ള എല്‍വിഎംഎച്ച് എന്ന ആഡംബര കമ്പനി അടുത്തയിടെ ഒരു മദ്യസല്‍ക്കാരവും ഫാഷന്‍ പ്രദര്‍ശനവും നടത്തി. സ്ഥിരമുള്ള യൂറോപ്യന്‍ അന്തരീക്ഷവും ഷാംപയിനും അല്ലായിരുന്നു ചടങ്ങില്‍. ബോളിവുഡിലെ പ്രധാനികള്‍ എത്തിയത് മുംബൈയിലെ ഒരു ഹോട്ടലില്‍. പാര്‍ട്ടിയില്‍ വിളമ്പിയത് അവരുടെ വൈന്‍ ബ്രാന്ടായ മോയെറ്റ് ആന്‍ഡ്‌ ഷാന്‍ഡന്‍. ഇന്ത്യന്‍ വൈന്‍ മേഖലയിലേയ്ക്കുള്ള അവരുടെ വരവ് ആഘോഷിക്കുകയായിരുന്നു കമ്പനി.

 

ലോകത്തില്‍ ഏറ്റവും കുറച്ച് മാത്രം വൈന്‍ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ. കഴിഞ്ഞ ദശാബ്ദത്തില്‍ വൈന്‍ കമ്പോളം ഒന്നു മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലുള്ള സാമൂഹികചുറ്റുപാടുകള്‍ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരില്‍ മൂന്നിലൊരുഭാഗമേ മദ്യപിക്കാറുള്ളൂ. അതില്‍ തന്നെ കടുപ്പമേറിയ ലോക്കല്‍ ഇന്ത്യന്‍ സ്പിരിറ്റുകള്‍ കുടിക്കുന്നവരാണ് എല്ലാവരും തന്നെ.
 

ഈ പ്രശ്നങ്ങള്‍ എല്ലാമുണ്ടെങ്കിലും നാസിക്കിനടുത്ത് മഹാരാഷ്ട്രയിലുള്ള മലനിരകളില്‍ ഒരു വൈന്‍വിപണി ഒരുങ്ങുന്നുണ്ട്. നൂറ്റാണ്ടുകളായി ഈ മലനിരകളില്‍ പ്രത്യേകതരം കാലാവസ്ഥയാണുള്ളത്. ചൂടുള്ള പകലുകള്‍, തണുത്ത രാത്രികള്‍, കൃത്യമായി പ്രവചിച്ചറിയാന്‍ കഴിയുന്ന മഴകള്‍. മുന്തിരി വളര്‍ത്താന്‍ പറ്റിയ അന്തരീക്ഷം. എന്നാല്‍ ഇന്ത്യ അതിന്റെ മുന്തിരിവളര്‍ത്തല്‍ സാധ്യതകള്‍ കണ്ടെത്തിത്തുടങ്ങിയതേയുള്ളൂ.

 

മുംബൈയിലെ അംബരചുംബികളുടെ നിഴലില്‍ ഒരു ഫാക്റ്ററിയില്‍ നിന്നിറങ്ങിയ ജോലിക്കാര്‍ അടുത്തുള്ള ചെറിയ ബാറില്‍ കയറുന്നു. ഇവിടെ ലോക്കല്‍ വിസ്ക്കിയാണ് രാജാവ്. കരിമ്പ്‌ വാറ്റിയുണ്ടാക്കിയ വാര്‍ണിഷിന്‍റെ മണമുള്ള മദ്യം. ഒരു സ്ടൂളെടുത്ത് ഇരിക്കുന്നതിനുമുന്‍പേ പല്ലില്ലാത്ത ഒരു മനുഷ്യന്‍ എനിക്കായി ഒരു ഗ്ലാസ് നീട്ടി. ഉടന്‍ തന്നെ എനിക്ക് ചുറ്റും പുതിയ ഒന്‍പതു ചങ്ങാതിമാരെത്തി. ഞാന്‍ വൈനിന്‍റെ വിഷയം എടുത്തിട്ടു. അതില്‍ ഒരാള്‍ മാത്രമേ വൈന്‍ കുടിച്ചുനോക്കിയിട്ടുള്ളൂ. “ഭയങ്കര പുളിപ്പാണ്”, അയാള്‍ മുഖം കോട്ടിക്കൊണ്ട് പറഞ്ഞു.

 

ഇന്ത്യയിലെ വൈനിനെപ്പറ്റി ഗൌരവമായി ചിന്തിക്കുന്ന ആരും ആദ്യം എത്തുക സുല വൈന്‍യാര്‍ഡ്‌സിലാണ്. 1993ലാണ് രാജീവ്‌ സമന്ത്‌ എന്ന സ്റ്റാന്‍ഫോര്‍ഡ് വിദ്യാഭ്യാസം നേടിയ സിലിക്കന്‍ വാലി ഡ്രോപ്പ് ഔട്ട്‌ തന്റെ കുടുംബത്തിന്റെ സ്വന്തം എസ്റ്റേറ്റില്‍ തിരിച്ചെത്തിയതും അവിടുത്തെ ലാഭകരമായ മുന്തിരികൃഷി എന്തുകൊണ്ട് വൈന്‍ ഉല്‍പ്പാദനത്തിന് ഉപയോഗിച്ചുകൂടാ എന്ന് ചിന്തിച്ചതും. ആറു വര്‍ഷം കഴിഞ്ഞ് അയാള്‍ ഈ രാജ്യത്ത് ആദ്യമായി സൊവിന്‍ജോന്‍ ബ്ലാങ്ക്, ചേനീന്‍ ബ്ലാങ്ക് എന്നീ മുന്തിരികള്‍ നട്ടുപിടിപ്പിച്ചു. ആയിരം ലിറ്റര്‍ നിര്‍മ്മിച്ച ആദ്യബാച്ചില്‍ നിന്ന് ആറുമില്യന്‍ ലിറ്റര്‍ നിര്‍മ്മിക്കുന്ന നിലയിലേയ്ക്ക് കമ്പനി വളര്‍ന്നിരിക്കുന്നു.
 

35 ഏക്കറുള്ള എസ്റ്റേറ്റിനുള്ളില്‍ രണ്ടു റെസ്റ്റോറന്റ്കളും ഒരു ഔട്ഡോര്‍ ബാറും 32 മുറികളുള്ള ഒരു റിസോര്‍ട്ടും ഉണ്ട്. ഇന്ത്യയില്‍ വൈന്‍ ടൂറിസം തുടങ്ങാനായി സാമന്തിന്‍റെ ശ്രമങ്ങളാണ് ഇതൊക്കെ. എന്നാല്‍ സുലയുടെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ അത്താഴം കഴിക്കാനിരുന്നപ്പോള്‍ രണ്ടു പേര്‍ മെനുവില്‍ അമ്പരന്നുനോക്കിയശേഷം കരിക്കിന്‍വെള്ളം ഓര്‍ഡര്‍ ചെയ്യുന്നത് കണ്ടു. അത് മെനുവില്‍ ഇല്ല എന്ന് വെയിറ്റര്‍ പറഞ്ഞപ്പോള്‍ രണ്ടാളും ഇന്ത്യന്‍ വിസ്ക്കി പകരം പറഞ്ഞു.

 

ഒരു ദശാബ്ദത്തിലേറെയായി സുല നടത്തുന്ന ഒരു വിപണി യുദ്ധമാണിത്. ഇന്ത്യയുടെ മുന്നൂറുമില്യന്‍ വരുന്ന വാര്‍ണിഷ് കുടിയന്മാരെ മികച്ച വൈനിലേയ്ക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് സുല പോലുള്ള വൈനറികളുടെ പ്രതീക്ഷ. എന്നാല്‍ അതൊരു എളുപ്പമുള്ള ജോലിയല്ല. ലോകത്തില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പത്തു വിസ്ക്കികളില്‍ എട്ടും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇതിന്റെ ഭൂരിഭാഗവും വിറ്റഴിയുന്നതും ഇന്ത്യയില്‍ത്തന്നെ.

 

അലോസരമൊന്നും കാണിക്കാതെ വെയിറ്റര്‍ ഓര്‍ഡര്‍ സ്വീകരിച്ചെങ്കിലും അതിനുമുന്‍പ് ഒന്നുകൂടി ചോദിച്ചുനോക്കാന്‍ മറന്നില്ല, “ഈ വിസ്ക്കി കുടിക്കാനാണെങ്കില്‍ എന്തിനാ വൈന്‍ ഷോപ്പില്‍ വന്നത്!” വിദേശത്ത് വൈന്‍ഷോപ്പ് എന്നു കേട്ടാല്‍ വൈന്‍ വിളമ്പുന്ന മനോഹരമായ ഇടങ്ങള്‍ എന്ന് തോന്നുമെങ്കിലും ഇന്ത്യയിലെ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്. വൈന്‍ഷോപ്പുകള്‍ പൊടി പിടിച്ച ഗവന്മേന്റ്റ് കടകളാണ്. അവിടെ എന്തൊക്കെ സ്റോക്ക് ഉണ്ടോ അതൊക്കെയാണ് കിട്ടുക – പലപ്പോഴും വാറ്റിയ കരിമ്പ്‌ കൊണ്ടുണ്ടാക്കിയ എന്തെങ്കിലുമാവും ഇത്.

 

ഇങ്ങനെയുള്ള പ്രതിബന്ധങ്ങളൊക്കെയുണ്ടെങ്കിലും ഇന്ത്യന്‍ വിസ്ക്കികുടിയന്മാരെ വൈന്‍ കുടിയന്മാരാക്കി മാറ്റുന്നത് ഇന്ത്യക്ക് ഏറെ ഗുണകരമായിരിക്കും. കോളനിവല്‍ക്കരണത്തോടെയാണ് ഇന്ത്യയില്‍ കരിമ്പില്‍ നിന്ന് വാറ്റിയെടുക്കുന്ന മദ്യങ്ങള്‍ പ്രചാരത്തിലായത്. ഇതിനായുള്ള വ്യാപകമായ കരിമ്പുല്പ്പാദനം ഇന്ത്യയിലെ ജലസ്രോതസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൃഷിയിടങ്ങളെ മുന്തിരികൃഷി പോഷിപ്പിക്കുമെന്നുമാത്രമല്ല നാസിക്ക് മേഖലയിലുള്ള മുന്തിരിത്തോട്ടങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു വ്യവസായസാധ്യത കൂടിയാണ് തുറന്നുകാണിക്കുന്നത്.

 

ഇന്ത്യക്കാരെ വൈന്‍ കുടിപ്പിക്കാന്‍ വൈനിനെപ്പറ്റിയുള്ള അറിവ് പ്രചരിപ്പിക്കുകയും നല്ല പ്രചാരണം നല്കുകയുമാണ് ചെയ്യേണ്ടത്. പ്രശാന്ത് ഭാലേറാവു എന്ന ഹോസ്പ്പിറ്റാലിറ്റി മാനേജറെ ഞാന്‍ കാണുമ്പോള്‍ അയാള്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതിമാര്‍ക്ക് വൈന്‍ രുചികളിലൂടെ ഒരു ടൂര്‍ നടത്തുകയാണ്. ഗ്ലാസ് എങ്ങനെ പിടിക്കണമെന്നും മറ്റും ക്ഷമയോടെ പഠിപ്പിക്കുകയും “ഏത് വൈറ്റ് വൈനും റെഡ് വൈനും കൂട്ടിക്കലര്‍ത്തിയാല്‍ റോസ് കിട്ടും?” എന്ന തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുമാണ്. എന്നാല്‍ റെഡ് വൈനുകള്‍ സാമ്പിള്‍ നോക്കാന്‍ തുടങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ പതിയെ വൈന്‍ തുപ്പിക്കളയാന്‍ സ്ഥലം നോക്കിത്തുടങ്ങി. “പുളി കൂടുതലാണോ?” ഭാലേറാവു ഭര്‍ത്താവിനോട് ചോദിച്ചു. “ചുമയ്ക്കുള്ള മരുന്ന് പോലെയുണ്ട്”, അയാള്‍ മറുപടി പറഞ്ഞു.

 

ഇന്ത്യയുടെ വൈന്‍ വിപ്ലവത്തിന്റെ മുന്നിരയിലാണ് തങ്ങളെന്ന് സുല ആത്മവിശ്വാസത്തോടെ പറയുന്നുണ്ടെങ്കിലും യോര്‍ക്ക്‌ പോലുള്ള ചെറുകിട വൈനറികള്‍ക്ക് ഇന്ത്യന്‍ രുചിക്കിണങ്ങുന്ന രീതിയില്‍ പുതിയ വൈന്‍കൂട്ട് ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട് – മധുരമുള്ളത്. “ഇന്ത്യയിലെ വൈനിനു രണ്ടു പ്രശ്നങ്ങളാണ് ഉള്ളത്. ആളുകള്‍ക്ക് കുടിച്ച് ഉന്മത്തരാവാനാണ് ഇഷ്ടം. ഒപ്പം ആളുകള്‍ക്ക് മധുരവും വേണം.”, സുലയിലെ മുന്‍ വൈന്‍നിര്‍മ്മാതാവായ വിശാല്‍ മഹാജന്‍ പറയുന്നു.

 

യോര്‍ക്കിന്റെ ആറേക്കര്‍ എസ്റ്റേറ്റിന് എതിര്‍വശത്തുള്ള ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ഞാന്‍ അവരുടെ വൈന്‍ രുചിച്ചുനോക്കി. മധുരം കൂടിയ വൈനില്‍ പേരക്കയുടെയും തേനിന്റെയും സ്വാദ് മുന്നിട്ടുനില്‍ക്കുന്നു. ഒരു ഗ്ലാസ് കൂടി ഒഴിച്ചപ്പോള്‍ ഞാന്‍ മഹാജനോട് ഇന്ത്യക്കാരുടെ അമിതമദ്യപാനത്തെപ്പറ്റി ചോദിച്ചു.
 

“ചില വൈനറികള്‍ ആല്‍ക്കഹോള്‍ ശതമാനം ഇരുപതുവരെയാക്കാന്‍ ആലോചിക്കുന്നെന്നു കേള്‍ക്കുന്നു.” മഹാജന്‍ പറയുന്നു. ഇന്ത്യന്‍ മദ്യവിപണി ആല്‍ക്കഹോള്‍ അംശം കൂടുതലുള്ള പ്രത്യേക എഡിഷന്‍ മദ്യങ്ങള്‍ പുറത്തിറക്കുമ്പോള്‍ വൈന്‍ വ്യവസായത്തിനും അതിനൊപ്പം നീങ്ങാനുള്ള സമ്മര്‍ദ്ദമുണ്ട്. ഞങ്ങള്‍ മുറി വിട്ടുപുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ എന്നെ ഒരു മറാത്തി തമാശ ഇന്റര്‍നെറ്റില്‍ നിന്ന് കാട്ടിത്തന്നു. ഒരുമണിക്കൂര്‍ വൈന്‍ കുടിച്ചാല്‍ നിങ്ങള്‍ക്ക് ഇംഗ്ളീഷില്‍ സംസാരിക്കാനാകും. എന്നാല്‍ ലോക്കല്‍ വിസ്ക്കി കുടിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് ഇത് സാധ്യമാകും എന്നാണ് തമാശ. “യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പാര്‍ട്ടികളില്‍ വിസ്ക്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപക്ഷെ അഞ്ചുശതമാനം ആളുകള്‍ക്കേ വൈനിനെപ്പറ്റി അറിവുണ്ടായിരുന്നുള്ളൂ.”, അയാള്‍ ചിരിച്ചു.

 

അവിടെനിന്നും 20 മൈല്‍ അകലെ വല്ലോനെ വിന്‍യാര്‍ഡ്‌സില്‍ ഞാന്‍ സങ്കേത് ഗവാന്‍ത്, അസ്മിത പോള്‍ എന്നിങ്ങനെ രണ്ടു യുവ വൈന്‍ നിര്‍മ്മാതാക്കളെ കണ്ടു. 2009-ലാണ് അവര്‍ വൈന്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. “ഇന്ത്യയുടെ പ്രീമിയര്‍ ബുതീക് വൈനറിയായി അറിയപ്പെടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.”, പോള്‍ പറയുന്നു. മറ്റുള്ളവരെയപെക്ഷിച്ചു വളരെ കുറച്ചു മാത്രമാണ് അവരുടെ കോണ്‍ട്രാക്റ്റ് കൃഷി. അതുകൊണ്ടുതന്നെ അവര്‍ക്ക് തങ്ങളുടെ മുന്തിരിവിളവിന്മേല്‍ കൂടുതല്‍ ശ്രദ്ധ നല്കാന്‍ കഴിയുന്നുണ്ട്. ചെറിയ തുടക്കമാണെങ്കിലും ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഏതാണ് അവരുടെ വിപണി?

 

“എന്റെ തലമുറ. ഞങ്ങള്‍ക്കിഷ്ടമുള്ളത് ഞങ്ങള്‍ തേടിപ്പിടിക്കാറുണ്ട്.” ഗവാന്‍ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

ഇന്ത്യയുടെ പുത്തന്‍ വൈന്‍ വിപണിയുടെ പ്രതീക്ഷ യുവാക്കളാണ്. എന്നാല്‍ ഫോറിന്‍ പേരുകള്‍ വിപണിയിലെത്തുന്നത് ഇന്ത്യന്‍ വൈന്‍ നിര്‍മ്മാതാക്കളെ വിഷമിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ യുവതയ്ക്ക് ആഡംബര ഉല്‍പ്പന്നങ്ങളില്‍ താല്പ്പര്യമുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത ആഡംബരവസ്തുക്കളില്‍ താല്‍പ്പര്യം കാണുമോ എന്നതാണ് ചോദ്യം.

 

“മോയെറ്റ് ആന്‍ഡ്‌ ഷാന്‍ഡന്‍ കുറച്ചു വൈനറികളെ വിപണിയില്‍നിന്ന് പുറന്തള്ളിയെക്കും. ചിലപ്പോള്‍ ആളുകള്‍ ഇതിലൂടെ ഇന്ത്യയിലെ വൈനുകളെ ശ്രദ്ധിക്കാനും മതി.”, മഹാജന്‍ പറയുന്നു. മോയെറ്റ് ആന്‍ഡ്‌ ഷാന്‍ഡന്‍ കമ്പനിയുടെ വരവ് ലോക്കല്‍ വൈന്‍ വ്യവസായത്തെ ഒന്ന് ചൂടുപിടിപ്പിച്ചിട്ടുണ്ട്. ഒരു വൈനറി അവരുടെ ആദ്യത്തെ ബ്രൂട്ട് വൈന്‍ പുറത്തിറക്കി. സുല അവരുടെ സ്പാര്‍ക്ക്ളിംഗ് വൈന്‍ പുതിയ രുചിയില്‍ വീണ്ടും വിപണിയിലെത്തിച്ചു.

 

എന്നാല്‍ വിപണിയുടെ കാര്യം പ്രവചിക്കാന്‍ പറ്റില്ല. ജൂലൈ 2008ല്‍ ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യന്‍ വൈനിന്റെ വരവിനെപ്പറ്റി തിളങ്ങുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഒരു വര്ഷം കഴിയും മുന്‍പേ സാമ്പത്തികപ്രതിസന്ധി വൈന്‍ വ്യവസായത്തെ തകര്‍ത്തുകളഞ്ഞു.

 

“ഇന്ത്യയില്‍ വൈനുണ്ടാക്കുക ബുദ്ധിമുട്ടാണ്, എന്നാല്‍ ഞങ്ങള്‍ നന്നായി പോകുന്നുവെന്നാണ് കരുതുന്നത്.”, ഗവാന്‍ത് പറയുന്നു.

 

മൂന്നുദിവസം വിന്‍യാര്‍ഡ്‌കള്‍ സന്ദര്‍ശിച്ചശേഷം മഹാജനും ഞാനും ഒരു ചെറിയ ഹോട്ടലില്‍ കയറി. വൈനും ഐസും ഒന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഇന്ത്യന്‍ വിസ്ക്കി കുടിക്കാന്‍ തീരുമാനിച്ചു. ഒന്ന് രണ്ടു ഗ്ലാസില്‍ തന്നെ മഹാജന്‍ വിപണി വിപുലമാക്കുന്നതിനെപ്പറ്റി വാചാലനായി. ഗ്രേപ്സീഡ് ഓയില്‍. ടൂറിസം. ബ്രാണ്ടി. എന്തുതരം ബ്രാണ്ടിയെന്നു ഞാന്‍ സംശയത്തോടെ ചോദിച്ചു.

 

“സംശയമേന്ത്? അത് ഇതിലും ഭേദമായിരിക്കും.” അയാളുടെ മറുപടി വന്നു.

 

[Gaar Adams is a freelance journalist based in the Arabian Peninsula. He covers the Middle East and South Asia on Beacon]

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍