UPDATES

fbbd

ഭ്രമിപ്പിക്കുന്ന പ്രകാശ ഗോപുരങ്ങള്‍

 

ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാസ്ത്ര കഥാകാരനായ റായ് ബ്രാഡ്ബറിയുടെ 'മഞ്ഞുമുഴക്കി' (The Fog Horn) എന്ന ചെറുകഥ ഞാന്‍ വായിച്ചത്. പന്ത്രണ്ടാം ക്ളാസിലെ ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ ഈ കഥ ഉള്‍പ്പെടുത്തിയിരുന്നു. വിദൂരമായൊരു പ്രദേശത്തുള്ള ലൈറ്റ് ഹൌസിന്‍റെയും ആഴങ്ങളില്‍ നിന്നു പൊട്ടിമുളച്ചു വന്നത് പോലൊരു സത്വത്തിന്റെയും കഥകള്‍ പ്രിയപ്പെട്ട ഇംഗ്ളീഷ് അദ്ധ്യാപകന്‍റെ വായനയില്‍ ജീവന്‍വെച്ചു വന്നു. അതില്‍പ്പിന്നെ ലൈറ്റ് ഹൌസ് കാണുമ്പോഴൊക്കെ ഈ കഥയുടെ ഓര്‍മയാണ് ഉള്ളിലേക്ക് വരിക. ഞാന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും അടുത്തുള്ള ലൈറ്റ് ഹൌസ് കോവളത്താണ്. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു പാറമുനമ്പില്‍ ചുവപ്പും വെളുപ്പും ചായമടിച്ച ഒരു ഗോപുരം. പകല്‍നേരം, തലപ്പട്ടകളില്‍ കാറ്റുപിടിച്ച തെങ്ങുകളടക്കം സകലതിനെയും അത് ചെറുതാക്കും. രാത്രിയില്‍, ശക്തിയേറിയ വെളിച്ചത്തിന്‍റെ ദണ്ഡുകളാല്‍ അത് ഉപ്പുകാറ്റിനെ 360 ഡിഗ്രിയില്‍ ചുഴറ്റിക്കീറി ഇരുട്ടിനെ കീഴടക്കും.   

ലൈറ്റ് ഹൌസ് ദിശാസൂചികളാണ്. ഒരു മുന്‍ നാവികന്‍ കൂടിയായിരുന്ന ജോസഫ് കൊണാര്‍ഡ് 'കടലിന്‍റെ കണ്ണാടി'(The Mirror of the Sea)എന്ന ആത്മകഥാംശമുള്ള ഒരു ലേഖന സമാഹാരത്തില്‍ ഇങ്ങനെ പറയുന്നുണ്ട് –

'അസാധാരണവും ദുര്‍ഘടവുമായ പാതകളിലൂടെ കടന്നു പോകുന്ന ഒരു കപ്പലിന്റെ വഴികളില്‍ അവള്‍ ആ ചെറിയോരു ബിന്ദു എല്ലായ്പ്പോഴും ലക്ഷ്യം വച്ചു – അത് ഒരു ചെറുദ്വീപാകാം, ഒരു നീണ്ട തീരത്തെ ഒരൊറ്റ മുനമ്പാകാം, കുത്തനെ ഉയരത്തിലൊരു ലൈറ്റ് ഹൌസ്, അതുമല്ലെങ്കില്‍ വെള്ളത്തിനു മുകളില്‍ ഒഴുകി കിടക്കുന്ന ഉറുമ്പിന്‍കൂട് പോലൊരു കുന്നിന്‍തലപ്പ്’.

'സൂര്യന്‍റെ സുവര്‍ണ ആപ്പിളുകള്‍' (The Golden Apples of the Sun) എന്ന സമാഹാരത്തിലെ ആദ്യ കഥയാണ് 'മഞ്ഞുമുഴക്കി'. ഭാര്യയുമൊത്ത് കാലിഫോര്‍ണിയയിലെ വെനിസ് കടല്‍ത്തീരത്ത് ഒരു രാത്രിയില്‍ നടക്കവേയാണ് റായ് ബ്രാഡ്ബറിക്ക് ഈ ചെറുകഥ എഴുതാന്‍ പ്രചോദനമുണ്ടായത്. ഏറെക്കാലം മുമ്പ് തകര്‍ന്നു പോയ ഒരു കപ്പല്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു. തൂണുകളും, കൈവരികളും, തിരകള്‍ തിന്നു തീര്‍ക്കുന്ന മണലില്‍ പുതഞ്ഞുകിടന്ന തടിയുമെല്ലാം ആ രാത്രിയില്‍ ഒരു ദിനോസറിനെ പോലെയാണ് റായ്ക്ക് തോന്നിയത്. തൊട്ടടുത്ത രാത്രിയില്‍ ഉറക്കത്തിനിടയില്‍ അടുത്തുള്ള സാന്‍റാ മോണിക്കയില്‍ മഞ്ഞുമുഴക്കിയുടെ തുടര്‍ച്ചയായ കാഹളം കേട്ടുണര്‍ന്നതോടെ റായ്ക്ക് അതെഴുതാതെ പറ്റില്ലെന്നായി. ഈ രണ്ട് ആശയങ്ങളും ചേര്‍ത്ത് '20,000 കടലാഴങ്ങളില്‍ നിന്നും ഒരു സത്വം' എന്ന് ആദ്യം പേരിട്ട ഒരു കഥ അദ്ദേഹം എഴുതി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതൊരു ചലച്ചിത്രമായി. ആ കഥയില്‍ വീണുപോയ ചലച്ചിത്രതാരം ജോണ്‍ ഹസ്റ്റന്‍, മോബി ഡിക്കിന്‍റെ(1956) തിരക്കഥയെഴുതാനും ബ്രാഡ്ബറിയോട്  ആവശ്യപ്പെട്ടു.

'മഞ്ഞുമുഴക്കി'യുടെ പിറവിയെക്കുറിച്ച് തന്‍റെ 'മദ്യപിച്ച്, ഒരു സൈക്കിളുമായി' (Drunk, and in Charge of a Bicycle) എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് പിന്നീട് 'എഴുത്തുകലയില്‍ സെന്‍' (Zen in the Art of Writing) എന്ന പുസ്തകത്തിലും അദ്ദേഹം ഉള്‍പ്പെടുത്തി. ഈയിടെയാണ് ഞാനത് വായിച്ചത്. ഒരെഴുത്തുകാരന്‍റെ വളര്‍ച്ചയുടെ, പ്രത്യേകിച്ചും ഒരാളുടെ ആദ്യകാലങ്ങളും അനുഭവങ്ങളുമൊക്കെ എങ്ങനെ അയാളുടെ പില്‍ക്കാല എഴുത്തു ജീവിതത്തില്‍ വളക്കൂറുള്ള മണ്ണാകുന്നു എന്നതിന്‍റെ തീവ്രമായ ചില ഉള്‍ക്കാഴ്ചകള്‍ ഈ പുസ്തകം നല്‍കുന്നുണ്ട്.

 

എഴുതി തുടങ്ങുന്ന ആരും വായിക്കേണ്ട ഒരു പുസ്തകമാണിത്! എഴുത്തിനോടുള്ള ബ്രാഡ്ബറിയുടെ അടങ്ങാത്ത അഭിനിവേശവും സ്നേഹവും, എഴുത്തെങ്ങനെ അദ്ദേഹത്തിന്‍റെ ദിനരാത്രങ്ങളെ പകുത്തെടുക്കുന്നു എന്നും അത് വെളിവാക്കുന്നു.

തന്‍റെ ലേഖനങ്ങളുടെ തലക്കെട്ടുകളില്‍ പോലും അദ്ദേഹത്തിന്റെ ഈ അഭിനിവേശം കാണാം. ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്‍റെ തലക്കെട്ട് 'വേഗത്തില്‍ ഓടൂ, നിശ്ചലമായി നില്‍ക്കൂ, അഥവാ, ഏണിപ്പടികളുടെ മുകളിലുള്ള സംഗതി, അഥവാ, പഴ മനസ്സുകളില്‍നിന്നും പുതിയ പ്രേതങ്ങള്‍ ' (Run Fast, Stand Still, or, The Thing at the Top of the Stairs, or, New Ghosts from Old Minds) എന്നാണ്.

തന്‍റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളിലെ ഓര്‍മകളില്‍നിന്നും രൂപപ്പെടുത്തുയെടുത്ത ചില പേരുകളുടെ ശേഖരത്തെക്കുറിച്ചും ബ്രാഡ്ബറി പറയുന്നു. വളര്‍ന്നുവരുന്ന ഏതെഴുത്തുകാരനും വീണുപോകാവുന്ന അതിപരിചിതത്വത്തിന്റെ ചതിക്കുഴികളെ ഒഴിവാക്കാനും – 'കഴിഞ്ഞുപോയതോ അന്നേവരെ അച്ചടിച്ചുവന്നതോ ആയവയുടെ വേലിക്കെട്ടില്‍ അകപ്പെടുന്ന അവസ്ഥ' – പുതുമയുള്ള ഒരുതരം എഴുത്ത് തുടങ്ങാനും ഇതിനാകുമെന്ന് അദ്ദേഹം ആണയിടുന്നു.

അദ്ദേഹം തുടര്‍ന്നെഴുതുന്നു -'പട്ടിക ഏതാണ്ട് ഇങ്ങനെയാണ്: തടാകം, രാത്രി, പുല്‍ച്ചാടികള്‍, കൊല്ലി, അകത്തളം, നിലവറ…'

പേരുകളുടെ ഈ പട്ടിക പിന്നീട് അദ്ദേഹത്തിന്‍റെ ചെറുകഥകളുടെ തലക്കെട്ടുകളായി മാറുന്നുമുണ്ട്. ജൈവമായ ഓര്‍മകളാലും, അന്നത്തെ എഴുത്തു ലോകത്തിന്‍റെ സാമ്പ്രദായിക രീതികളില്‍നിന്നും സ്വതന്ത്രമാകാന്‍ കഴിഞ്ഞതും വഴി സമ്പന്നമായ ഒരെഴുത്തു ജീവിതമാണ് അവിടെയുണ്ടാകുന്നത്.

ശാന്തവും ഊര്‍ജദായകവുമായ ഒരുതരം ഏകാന്തതകൂടി ലൈറ്റ് ഹൌസുകള്‍ തരുന്നുണ്ട്. നമ്മളറിയുന്ന ഒറ്റപ്പെടല്‍ അല്ല അത്. സമുദ്രത്തിന്‍റെ അപാരവും ഏകാന്തവുമായ ശൂന്യത ഉള്ളില്‍ നിറയ്ക്കുന്ന കരുത്തുണ്ട്. അതില്‍ നിന്നാണ് കടലുകള്‍ താണ്ടാനും വന്‍കരകളെ തേടിപ്പിടിക്കാനും കഴിയുമെന്ന പ്രതീക്ഷ ഉണ്ടാകുന്നത്. അത്തരം ചില തുഴഞ്ഞ് പോകലുകലുകളുടെ ശക്തിസ്രോതസു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ലൈറ്റ് ഹൌസുകള്‍. 

എഴുത്തുകാര്‍ക്ക് ഇതറിയാം. അവര്‍ കുട്ടികളാണ്. ഒരിക്കലും വളരാത്തവര്‍. അസാധ്യതയുടെ പ്രകമ്പനങ്ങള്‍ അവരെ കുലുക്കുന്നില്ല; അതിരുകളില്ലാത്ത, ജിജ്ഞാസാഭരിതമായ മനസ്സാണ് അവരുടേത്. ആ എഴുത്തുകള്‍ ഓരോന്നും ലൈറ്റ് ഹൌസുകളെപ്പോലെയാണ് – നമ്മുടെ ഏകാന്തതകളെ ചെറുക്കുന്ന, തളര്‍ന്ന ലോകത്തിലെ പ്രതീക്ഷയുടേയും കരുത്തിന്‍റെയും പ്രകാശഗോപുരങ്ങള്‍ .

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍