UPDATES

ഇന്ത്യ

തെഹല്‍ക്ക: ഇന്ത്യന്‍ മാധ്യമ ലോകത്തെ പൊളിച്ചെഴുത്ത് എവിടെയെത്തും?

2001 – ഇന്ത്യയെ സംബന്ധിച്ചു നിരവധി കാരണങ്ങളാല്‍ പ്രക്ഷുബ്ധമായ വര്‍ഷമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് ഒരു സുപ്രധാന മാറ്റം അതേ വര്‍ഷം ഉണ്ടായി. ഒളിക്യാമറകളും മറ്റ് റെക്കോര്‍ഡിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന സ്റ്റിംഗ് ഓപറേഷന്‍ ആയിരുന്നു 2001-ല്‍ നാം ആദ്യമായി പരിചയപ്പെട്ട ആ നൂതന മാധ്യമരീതി.

 

2001-ലെ ഹോളിക്ക് തൊട്ട് പിന്നാലെ, ന്യൂഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ തെഹല്‍ക്ക പ്രദര്‍ശിപ്പിച്ച ഏതാനും മണിക്കൂറുകള്‍ നീണ്ട റെക്കോര്‍ഡിംഗുകള്‍ ഇന്ത്യയിലെ പല പ്രമുഖരുടെയും അഴിമതിപുരണ്ട മുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. പ്രതിരോധ മേഖലയിലെ പല അഴിമതിക്കഥകളും അവര്‍ തുറന്നു കാട്ടിയപ്പോള്‍ രാഷ്ട്രീയ-സൈനിക രംഗത്തെ കുറേയേറെ പ്രമുഖര്‍ക്കാണ് തങ്ങളുടെ ഉയര്‍ന്ന പദവികള്‍ നഷ്ടമായത്. ഇതിലൂടെ, ഇന്ത്യയില്‍ പുതിയൊരു മാധ്യമപ്രവര്‍ത്തന പാതയും അവര്‍ തുറന്നിട്ടു.

 

സ്റ്റിംഗ് ഓപ്പറേഷന്റെ വരവോടു കൂടി പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ എന്നു കരുതിയിരുന്ന പലതും പൊളിച്ചെഴുതേണ്ടിയും വന്നു. തന്റെ യഥാര്‍ത്ഥ ജോലിയും ഉദ്ദേശവും വെളിപ്പെടുത്താതെ പത്രപ്രവര്‍ത്തകര്‍ രഹസ്യമായി സംഭാഷണങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍, പലരും പരസ്യമായി പറയരുതാത്ത പലതും തുറന്നുപറയുന്നതു നാം നേരില്‍ കണ്ടു.

 

ഔട് ലുക്ക് മാസികയിലെ തന്റ്റെ സേവനം അവസ്സാനിപ്പിച്ച് തരുണ്‍ തേജ്പാല്‍ സ്ഥാപിച്ച തെഹല്‍ക്കയിലൂടെയാണ് ഒളിക്യാമറകളുടെയും രഹസ്യ റെക്കോര്‍ഡിംഗ് ഉപകരണങ്ങളുടെയും ശക്തി ഈ രാജ്യം ആദ്യമായി മനസ്സിലാക്കിയത്. അത്തരം ഓപ്പറേഷനുകള്‍ നടത്തുന്നതില്‍ അമിതമായ താല്‍പര്യം പ്രകടിപ്പിക്കുന്ന അനിരുദ്ധ ബഹല്‍ ഈ സംരംഭത്തില്‍ തേജ്പാലിനൊപ്പം ചേര്‍ന്നു.

 


അനിരുദ്ധ ബെഹല്‍

 

പ്രതിരോധ കരാറുകള്‍ അനുവദിക്കുന്നതിനായി ബി. ജെ. പി. പ്രസിഡണ്ട് ബംഗാരു ലക്ഷ്മണ്‍, പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിശ്വസ്ത ജയ ജയ്റ്റ്ലി, ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പണമടക്കം പല കൈക്കൂലികളും സ്വീകരിക്കുന്നത് ബഹലും മാത്യു സാമുവലും ചേര്‍ന്നു രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി. ഇവരെക്കൂടാതെയും പല പ്രമുഖരും ഈ ഒളിക്യാമറയ്ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടു.

 

പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന രൂപം തന്നെ തെഹല്‍ക്ക മാറ്റിമറിച്ചു. ഭരണ സംവിധാനത്തിനകത്തു നിന്നുള്ള വിവരങ്ങള്‍ക്കായി സ്വന്തം ഉറവിടങ്ങള്‍ സൃഷ്ടിച്ച് വര്‍ഷങ്ങള്‍ പോക്കേണ്ട കാര്യം ഒരന്വേഷണാത്മക പത്രക്കാരനില്ലെന്നും പകരം, അവ്യക്തമെങ്കില്‍ പോലും ചില ഊഹങ്ങളും ഏതാനും രഹസ്യ സാമഗ്രികളും ഉണ്ടെങ്കില്‍ ഏറ്റവും ചൂടുള്ള വര്‍ത്തമാനം നാല്‍കാമെന്നും വന്നു.

 

ചുരുക്കത്തില്‍, ഇപ്പോള്‍ ഒരു ബലാത്സംഗ  ആരോപണം പേറി നില്‍ക്കുന്ന തരുണ്‍ തേജ്പാലിന്റ്റെതായുള്ള ഏറ്റവും വലിയ ലെഗസി പത്രപ്രവര്‍ത്തനത്തിന്റെ സാമാന്യമായിരുന്ന നിയമങ്ങള്‍ ഉടച്ചു വാര്‍ത്തു എന്നതാണ്.

 

അദ്ദേഹം സൃഷ്ടിച്ചു വളര്‍ത്തിയ ഒളിക്യാമറ പത്രപ്രവര്‍ത്തനം, ആ മേഖലയെ എന്നത്തേക്കുമായി മാറ്റിത്തീര്‍ത്തു. ഒളിക്യാമറ സങ്കേതങ്ങള്‍ സാധാരണമായതോടെ പല സെന്‍സിറ്റീവ് വിവര കേന്ദ്രങ്ങളും തങ്ങളോടു തുറന്നു സംസാരിക്കാതെയായി എന്ന പരാതി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്.

 

ഒളിക്യാമറകളിലല്ല, ആഴമുള്ള ഉറവിടങ്ങളിലും വിശാസത്തിലും അധിഷ്ഠിതമായിരിക്കണം മാധ്യമ പ്രവര്‍ത്തനം എന്നവര്‍ വാദിക്കുന്നു. അഴിമതിയുടെയും സര്‍ക്കാര്‍ തീരുമാനങ്ങളുടെയും സങ്കീര്‍ണതകള്‍ ഒളിക്യാമറകളില്‍ പകര്‍ത്താവുന്നതല്ലെന്നും അവര്‍ പറയുന്നു. പ്രതിഭാശാലിയായ എഴുത്തുകാരനും പ്രകടനതല്‍പ്പരനായ എഡിറ്ററും, ഇപ്പോള്‍ ബലാത്സംഗാരോപിതനും ആയ തേജ്പാല്‍ പിന്നില്‍ ഉപേക്ഷിക്കുന്ന പല രീതികളും പിഴുതെറിയാന്‍ ഇന്ത്യന്‍ ജേര്‍ണലിസത്തിന് ബുദ്ധിമുട്ടായേക്കും.

 

ഒളിക്യാമറ പത്രപ്രവര്‍ത്തനം നിരവധി സുപ്രധാന വാര്‍ത്തകളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും, പിന്നീട് കോബ്ര പോസ്റ്റ് തുടങ്ങിയ ബഹല്‍ ആ രംഗത്തെ ഒന്നാം സ്ഥാനകാരന്‍ തന്നെയാണെങ്കിലും, ഈ രീതിയുടെ പല ദോഷങ്ങളും ഇടയ്ക്കിടെ വെളിയില്‍ വരാറുണ്ട്. അതിലേറ്റവും പ്രധാനം, ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക് മെയില്‍ ചെയ്യുന്നതിനും ഒളിക്യാമറകള്‍ നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ്.

 


മാത്യൂ സാമുവല്‍

 

ഒരിക്കല്‍, ഡെല്‍ഹിയിലെ ഒരു സ്കൂള്‍ അധ്യാപികയെ അങ്ങേയറ്റം പരസ്യമായി അപമാനിക്കാന്‍ ഒളിക്യാമറ ഉപയോഗിച്ചിരുന്നു. ഭാഗ്യവശാല്‍, ആ കുറ്റം ഉടന്‍ തന്നെ തെളിയിക്കപ്പെടുകയും അത് റിപ്പോര്‍ട്ട് ചെയ്തവര്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍, ഈ പ്രവണതയുടെ ഇരകള്‍ നമ്മുടെ രാജ്യത്ത് ഏറെയുണ്ട്. ഇത് മൂലം സംഭവിക്കാവുന്ന അപമാനം ഭയന്ന് ഒരുപാട് പേര്‍ വിവരം പുറത്തു പറയാറുമില്ല. 

 

ലോകത്ത് മറ്റിടങ്ങളിലും ഇത്തരം ജേര്‍ണലിസം പ്രധാന രീതിയായി മാറിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെയും യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെയും ഒളിക്യാമറ ഉപയോഗങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

 

മറ്റ് സ്ഥലങ്ങളില്‍ പരമ്പരാഗത പത്രപ്രവര്‍ത്തനമാര്‍ഗങ്ങള്‍ എല്ലാം പരാജയപ്പെടുമ്പോഴുള്ള അറ്റകൈ എന്ന നിലയിലാണ് ഒളിക്യാമറകള്‍ ഉപയോഗിക്കുന്നത് എങ്കില്‍, ഇവിടത്തെ പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതാണ് ആദ്യ മാര്‍ഗം.

 

തരുണ്‍ തേജ്പാല്‍ ഇന്ത്യന്‍ ജേര്‍ണലിസത്തെ അപകടപ്പെടുത്തിയിട്ടുണ്ടോ? അതോ അദ്ദേഹം നിര്‍മ്മിച്ച പുതിയ നിയമങ്ങള്‍ അതിനെ ശക്തിപ്പെടുത്തുകയാണോ ചെയ്തത്? ഇന്ത്യയിലെ ഏതാനും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരും, തേജ്പാലിന്റെ ചില പ്രധാന സഹായികളും വരും ദിവസങ്ങളില്‍ അഴിമുഖത്തില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍