UPDATES

ഇന്ത്യ

മി. എഡിറ്റര്‍, എന്താണ് നിങ്ങളുടെ പ്രലോഭനപ്പട്ടിക?

ടീം അഴിമുഖം 
 
‘ഈ ലോകത്ത് സെക്‌സ് ഒഴിച്ച് മറ്റെല്ലാം തന്നെ സെക്‌സിനെ കുറിച്ചുള്ളതാണ്. സെക്‌സോ, അധികാരത്തെ സംബന്ധിക്കുന്നതും’. വിക്ടോറിയന്‍ ഇംഗ്ലണ്ടിന്റെ വിഖ്യാത കഥാകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെതാണീ  നിരീക്ഷണം. 
 
സാഹിത്യം സാമൂഹ്യബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നും മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിനു കാലമെത്ര കഴിഞ്ഞാലും മൌലികമായ പരിവര്‍ത്തനം സംഭവിക്കുന്നില്ല എന്നും പറയാറുണ്ട്. അത് കൊണ്ട് തന്നെ ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞ ഈ വാചകത്തെ തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലുമായി ബന്ധപ്പെട്ട സംഭവവുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. 
 
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ ചര്‍ച്ച ചെയ്യപ്പെടാത്ത പല വസ്തുതകളെയും കുറിച്ച്,  ഈ ‘ദൌര്‍ഭാഗ്യ’കരമായ സംഭവം അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. തന്റെ കീഴില്‍ ജോലിനോക്കുന്ന ഒരു യുവതിയോട് തരുണ്‍ തേജ്പാല്‍ തന്റെ ‘തെറ്റിപ്പോയ ധാരണ’യനുസരിച്ചു ചെയ്ത പ്രവൃത്തി, ഈ രാജ്യത്തെ മാധ്യമ സംവിധാനങ്ങളുടെയും ന്യൂസ് റൂമുകളുടെയും അവസ്ഥ പ്രതിഫലിപ്പിക്കുന്നു.
 
തത്വത്തിലെങ്കിലും പത്രപ്രവര്‍ത്തനം വെറുമൊരു ജോലിയല്ല. ചരിത്രത്തിന്റെ ആദ്യ കുറിപ്പുകളാണത്. ചുറ്റുമുള്ളതിനെയെല്ലാം സംശയത്തോടെയും അവിശ്വാസത്തോടെയും ചോദ്യം ചെയ്യുകയും, ശക്തരായവരെ തുറന്നു കാട്ടുകയും രാഷ്ട്രീയക്കാരുടെ തെറ്റായ നീക്കങ്ങളെ വിമര്‍ശിക്കുകയും ചെയ്തുകൊണ്ട് സാമൂഹ്യ മാറ്റങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ച് സമൂഹത്തിന്റ്റെ ശരികള്‍ക്കൊപ്പം നില്ക്കുക എന്നതാണ് ഒരു പത്രപ്രവര്‍ത്തകന്റെ കടമ.
 
എഡിറ്റര്‍ എന്ന സ്ഥാനമാണീ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും തുടക്കവും ഒടുക്കവും എന്ന് പറയാം.  ഒരോ പ്രശ്‌നങ്ങളുടെയും ശരിയും തെറ്റും നിര്‍ണയിക്കേണ്ട, തങ്ങളുടെ മൂല്യങ്ങളും തത്വങ്ങളും കുറഞ്ഞത് താനെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ഓരോ എഡിറ്റര്‍ക്കും ഉണ്ട്. ഇതെല്ലാം തീര്‍ത്തും ആദര്‍ശാത്മക വാദങ്ങളാണെന്നതു ശരി തന്നെ. എന്നാല്‍, പത്രപ്രവര്‍ത്തനം ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന മേഖലയാണെന്നതില്‍ നാം പലപ്പോഴും അഭിമാനം കൊള്ളാറില്ലേ? 
അതുകൊണ്ട് തന്നെ, തെഹല്‍ക്കയുടെ ചീഫ് എഡിറ്ററായ തരുണ്‍ തേജ്പാലിന്റെ പ്രവൃത്തി,
യുക്തിയില്‍ വന്ന വളരെ സാരമായ പിഴവും എഡിറ്റര്‍ എന്ന പദത്തെ അര്‍ത്ഥവത്താക്കുന്ന എല്ലാ ഗുണങ്ങളുടെയും പരസ്യമായ നിരാകരണവും ആയി മാറുന്നു. 
 
 
ഈ കുറിപ്പ് തുടങ്ങിയത് ഒരു സാഹിത്യ പരാമര്‍ശത്തോടെ ആയതിനാല്‍, തേജ്പാല്‍ ചെയ്തതിനെ ഒരു ഗ്രീക്ക് ദുരന്ത സാഹിത്യ പദമായ ‘character flaw’ എന്നതുപയോഗിച്ച് നമുക്ക് വിശേഷിപ്പിക്കാം. എന്നാല്‍, ഒരു എഡിറ്റര്‍ എന്ന നിലയില്‍ ഇത് ഒരു ‘സ്വഭാവ ദൂഷ്യം’ മാത്രമല്ല.
 
അദ്ദേഹം ചെയ്ത കൃത്യം തന്റെ  പ്രസിദ്ധീകരണം പ്രതിനിധീകരിക്കുന്ന എല്ലാത്തിനും എതിരാണ്. ഏതൊരു സ്ഥാപനത്തിലും, പ്രത്യേകിച്ച്‌ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണം എന്ന പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാറിനുമേല്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു പ്രസിദ്ധീകരണത്തില്‍ ന്യായമായും ഉണ്ടായിരിക്കേണ്ട വൈശാഖ മാര്‍ഗരേഖ അനുസരിച്ചുള്ള പരാതി തീര്‍ക്കല്‍ കമ്മിറ്റി തെഹല്‍ക്കയില്‍ ഉണ്ടായിരുന്നില്ല. ധാരാളം സ്ത്രീകള്‍ ജോലി ചെയ്യുന്ന ഒട്ടുമിക്ക പത്ര സ്ഥാപനങ്ങളിലും ഇത്തരം കമ്മിറ്റി ഇല്ല എന്നതാണ് സത്യം.
 
മറ്റുള്ളവരോട് സുവിശേഷം കണക്കെ പറയുന്നതൊക്കെയും തങ്ങള്‍ക്കിടയില്‍ പ്രാവര്‍ത്തികമാക്കാന്‍ മാധ്യമ ഗ്രൂപ്പുകള്‍ തയ്യാറാവണം. ഇംഗ്ലീഷ് ഭാഷ വിദഗ്ധമായി ഉപയോഗിച്ച് തരുണ്‍ ആ യുവതിക്കെഴുതിയ കത്തിന്റെ സ്വരം തീര്‍ത്തും നിര്‍ദയവും (Insensitive) എഴുതിയ രീതി അവഹേളനാപരവുമാണ്. പി.ജി വുഡ് ഹൗസിന്റെ തമാശാ ശൈലികള്‍ തരുണിനു ഇഷ്ടപ്പെട്ടിരിക്കാം. എന്നാല്‍, ലാഘവത്വവും ക്രൂരതയും മുറ്റുന്ന പശ്ചാത്താപ പ്രകടനമായിരുന്നില്ല, മറിച്ച് അനുകമ്പയും പാശ്ചാത്താപവും ആയിരുന്നു ആ സന്ദര്‍ഭത്തില്‍ വേണ്ടിയിരുന്നത്. തന്റെ തെറ്റു പരിഹരിക്കാനായി അവധിയെടുക്കുന്നത്, പ്രായിശ്ചിത്തമോ, എന്തിനു ഒരു ചെറിയ ശിക്ഷ പോലുമാവുന്നില്ല.
 
ഒരു എഡിറ്റര്‍ എന്നത് എപ്പോഴും അധികാരമുള്ള പദവിയാണ്. ഉടമസ്ഥനും എഡിറ്ററും ആയ തരുണാവട്ടെ ഏറെ ശക്തനും. പ്രതിഭാശാലിയും പ്രകടനതല്പ്പരനും പുതുമകള്‍ ഇഷ്ടപ്പെടുന്നയാളുമായ തരുണ്‍ തേജ്പാലിന്റെ വ്യക്തിത്വം, ഒരു പക്ഷെ ചില സ്ത്രീകളെയെന്കിലും ആകര്‍ഷിച്ചിരിക്കാം. എന്നാല്‍ ഒരു എഡിറ്റര്‍, സന്ദര്‍ഭോചിതമായി പെരുമാറാനും ഓരോരുത്തരെയും ഓരോ വ്യക്തികളായി തന്നെ പരിഗണിക്കാനും കഴിവുള്ളയാളാകേണ്ടതുണ്ട്.
 
 
തന്റെ അധികാരത്തിന്റെ ദുരുപയോഗമായിരുന്നു  തരുണിന്റെ പ്രവൃത്തി. പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ മേലാളന്മാരുടെ ദയയിലാണ് ജോലിയെടുക്കുന്നതെന്നത് ഏവരും സമ്മതിക്കുന്ന സംഗതിയാണ്. ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയുടെ ഗുണ നിലവാരമോ, അയാളുടെ കഴിവോ പ്രതിഭയോ ഒന്നും നിശ്ചയിക്കുന്നതിന് വ്യക്തമായ യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. തങ്ങളുടെ ജീവിതോപാധിയായ ഈ ജോലി നിലനിര്‍ത്തേണ്ടത്, അങ്ങനെ ഒരു പത്രപ്രവര്‍ത്തകന്റെ നിരന്തര സമ്മര്‍ദമായി മാറുന്നു. ഇത് ഒരു കാരണവശാലും ഒരു എഡിറ്ററുടെ താല്പര്യങ്ങളുടെ, പ്രത്യേകിച്ചും ലൈംഗികമായവയുടെ  കാറ്റില്‍ ആടിയുലയുന്ന ഒന്നാകാന്‍ പാടില്ല. അത്തരത്തില്‍ തരുണ്‍ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നിയമം അയാളെ തിരുത്തും. അദ്ദേഹത്തെ പോലെയുള്ള ഓരോ മേലധികാരികളെയും ഇതോര്‍മ്മിപ്പിക്കേണ്ടതുണ്ട്. 
 
അധികാരമുള്ളവര്‍, തങ്ങളുടെ അധികാരത്തിന്റെ പ്രതിഫലനങ്ങളില്‍ ഒന്നായി സെക്‌സിനെ കരുതുന്നുണ്ടാവാം. തങ്ങളുടെ അധികാരത്തിന്റെ നൈസര്‍ഗികമായ തുടര്‍ച്ചയായി ഇതിനെയും അവരെണ്ണുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്ടത്തിനു മുന്നില്‍ മറ്റേയാളുടെ (വി)സമ്മതത്തിനു അവര്‍ വില കല്പ്പിക്കുന്നില്ല. ഇതേറെ അപകടകരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരാളിന്റെ നിസ്സഹായത, സമ്മതമായി വായിക്കപ്പെടരുത്.  
 
ഈ കേസിലെ ഇരയായ പെണ്‍കുട്ടി ഇന്ത്യയുടെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ഇടങ്ങളില്‍ നിന്നല്ല വരുന്നത്. നഗരവാസിയായ, ഈ മധ്യവര്‍ഗ യുവതിയുടെ അച്ഛന്‍, തേജ്പാലിനോളം ഇല്ലെങ്കിലും, പല സമ്പന്നരും ശക്തരുമായ പരിചയക്കാര്‍ ഉള്ളയാളാണ്. 
 
രാഷ്ട്രീയക്കാരുടെ താഴ്ന്ന മെറിറ്റിനെക്കുറിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പലപ്പോഴും കളിയാക്കാറണ്ട്. സാമ്പത്തിക വളര്‍ച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടാറുണ്ട്. ഒരു പരിധി വരെ ഈ കണ്ടെത്തലുകള്‍ സത്യവുമാണ്. എന്നാല്‍ മാധ്യമലോകം എങ്ങനെയുള്ളതാണ്?  
 
ഉദാഹരണത്തിന്, രാജ്യത്തെ ഏറ്റവും പഴയ ഇംഗ്ളീഷ് വാര്‍ത്താ ചാനലുകളിലൊന്നിലെ പത്രപ്രവര്‍ത്തകരുടെ ലിസ്‌റെടുക്കുക. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമ്പന്നരുമായ ഏതാനും പേരുടെ മക്കളുടെ ഒത്തുചേരല്‍ ആണെന്ന പ്രതീതിയാണതു നല്കുക. ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ എത്ര ദളിതരും മുസ്ലീങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രം. മൂല്യങ്ങള്‍ തുടങ്ങേണ്ടത് സ്വന്തം ഇടങ്ങളിലാണെന്നത് സൌകര്യപൂര്‍വ്വം മറന്നു കൊണ്ടാണ് മാധ്യമങ്ങള്‍ പലപ്പോഴും നിലപാടുകള്‍ എടുക്കുന്നത്. 
 
ജീവിതം നമുക്ക് രണ്ടാമതും അവസരം തന്നേക്കും എന്നതിന് ഉദാഹരണങ്ങള്‍ ഏറെയാണ്. തരുണിനും അത് ലഭിച്ചേക്കാം; അത് ലഭിക്കേണ്ടതും ആണ്. എഡിറ്റര്‍ എന്ന തരുണ്‍ തേജ്പാലിന്റെ ജീവിതം ഇനി ചരിത്രം മാത്രമായേക്കും. തന്റെ അന്‍പതുകളില്‍ തന്നെ ഏറെ തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കിയ ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീഴ്ച ദാരുണമാണ്. അധികാരമാണ് ഒരാളുടെ സ്വഭാവത്തിന് നല്കാവുന്ന ഏറ്റവും വലിയ പരീക്ഷ. അത്തരമൊരു വെല്ലുവിളിയില്‍ ശക്തനായ ഒരു എഡിറ്ററുടെ പരാജയം, എന്തിനു, ഒരു ചെറിയ വീഴ്ച പോലും, സാമൂഹ്യ വളര്‍ച്ചക്ക് തടസ്സമേ സൃഷ്ടിക്കൂ. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍