UPDATES

കേരളം

കാത്തിരിക്കാന്‍ പിണറായി തയാറാണ്!

പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതോടെ കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ദാ ഇപ്പോ വീഴും ദേ വീണു കഴിഞ്ഞു എന്ന മട്ടിലൊക്കെ പ്രചരണങ്ങള്‍ നാലു പാടും നടക്കുന്നുണ്ട്. ഇടതു മുന്നണി സര്‍ക്കാരുണ്ടാക്കിയാല്‍ എന്തായാലും ഇനി വി. എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കില്ലെന്നും അത്ര ബാലനല്ലാത്ത കൊടിയേരിക്കാവും നറുക്കു വീഴുക എന്നും പറഞ്ഞു കേള്‍ക്കുന്നു. ഇനി അതല്ല സാക്ഷാല്‍ പിണറായിക്കാരന്‍ വിജയന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്നും കണ്ണൂരില്‍ ടി.വി. രാജേഷിനെയോ മറ്റോ രാജി വപ്പിച്ച് മല്‍സരിച്ച് സഭയിലെത്തുമെന്നും സംസാരമുണ്ട്. ഭരണം കിട്ടണമെങ്കില്‍ അപ്പുറത്തു നിന്നു കുറഞ്ഞത് നാലാളെങ്കിലും ഇപ്പുറം എത്തണം. ഇപ്പുറത്തേക്കു ചാടാന്‍ നാലല്ല അതിലും ഇരട്ടിയാളുകള്‍ വേലുപ്പുറത്തിരിപ്പുണ്ട്. ആഞ്ഞൊന്നു കൈയ്യാട്ടി വിളിച്ചാല്‍ തിരഞ്ഞെടുപ്പു ഫലം വന്ന അന്നു രാത്രി തന്നെ ചാടാന്‍ അവര്‍ തയ്യാറുമായിരുന്നു. വേലിപ്പുറത്തിരിക്കുന്നവരെ വേലിക്കകത്തേക്കു വലിച്ചിട്ടാല്‍ വേലിക്കകത്തു അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായേക്കുമോയെന്ന ഭയം ഒന്നുകൊണ്ടു  മാത്രമാണ് ഇക്കാലമത്രയും ഇടതു മുന്നണി മുഖം തിരിച്ചു നിന്നത്. 
               
ഇപ്പോള്‍ അവസ്ഥ മാറി. വി. എസ് ഒരു വഴിക്കായി. ഇനി വേണമെങ്കില്‍ വേലിക്കകത്തേക്കു വലിച്ചിടാം എന്നൊരാലോചന ഇല്ലാതില്ലെന്നും കേള്‍ക്കുന്നു. കമ്മ്യൂണിസ്റ്റു വിരോധം ഉപേക്ഷിച്ച് അദ്ധ്വാന വര്‍ഗ സൈദ്ധാന്തികന്‍ മരങ്ങാട്ടുപളളിക്കാരന്‍ കരിങ്ങോഴക്കല്‍ മാണി മാണിയെന്ന മാണി സാര്‍ പളളിയേയും പട്ടക്കാരെയും കൂട്ടി ഇടതു പാളയത്തില്‍ എത്തുമെന്നും ചിലര്‍ മൈക്കുകെട്ടി രഹസ്യം വിളമ്പുന്നുണ്ട്. അദ്ധ്വാന വര്‍ഗ സിദ്ധാന്തം അദ്ദേഹം കണ്ടുപിടിച്ചതു തന്നെ ഈ കൊമ്പ് ലക്ഷ്യം വച്ചാണെന്നും പറയപ്പെടുന്നു. ഇനിയതല്ല, പെട്ടെന്നൊരുനാള്‍ വിളി തോന്നി ഇടതു മുന്നണി വിട്ട ജോസഫും കൂട്ടരും പ്രണയ ഗാനം പാടി തിരിച്ചു വരുമെന്നുമുണ്ട് സംസാരം. 
 
               
വി. എസ് പാര്‍ട്ടിയില്‍ ഒരു അരുക്കായതോടെ പണ്ടു വി.എസ് മുടക്കിയ സി.പി.എം – ലീഗ് നിക്കാഹ് വീണ്ടും നടത്തിയാലോ എന്ന ആലോചന കുഞ്ഞാലിക്കുട്ടി വഴി പാണക്കാട് എത്തിയിട്ടുണ്ടെന്നും മലബാര്‍ മേഖലകളില്‍ സംസാരമുണ്ട്. പച്ച ചെങ്കൊടി സിന്താബാദ്! സി.പി.എമ്മും ലീഗും ഒന്നിച്ചാല്‍ കേരളം സ്ഥിരമായി ഭരിക്കാമെന്നു വിശ്വസിക്കുന്നവര്‍ ഇന്നും സി.പി.എമ്മിലുളളതിനാല്‍ ഇതും തളളിക്കളയാനാവില്ല. മുന്നണി വിടാനുളള ചര്‍ച്ച ലീഗ് കമ്മറ്റിയില്‍ പോത്തു ബിരിയാണിക്ക് ഒപ്പം വിളമ്പിയെന്ന വാര്‍ത്ത വന്നപ്പോഴേ ആര്യാടന്‍ പറഞ്ഞു, ഇതെത്ര കണ്ടിട്ടുളളതാണെന്ന്. പോകും പോകുമെന്ന് പറയാതെ പോയിക്കൂടേ എന്നാണ് ആര്യാടന്റെ ചോദ്യം. മലബാറില്‍ കോണ്‍ഗ്രസിന് ഗതി പിടിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്ന് അറിയാവുന്ന ഏക നേതാവാണ് ജന്മനാ ലീഗ് വിരോധമുളള ആര്യാടന്‍.
 
കൊളളക്കാരും ക്വാറി ഉടമകളും കൈയ്യേറി കൈയ്യറി നല്ലൊരു പങ്കും നശിപ്പിച്ച പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായി ഗാഡ്ഗില്‍ കൊണ്ടു വന്ന കടലാസ് കെട്ട് തൈരു പരുവത്തിലുളളതായിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ അതില്‍ വെളളം ഒഴിച്ചൊഴിച്ച് നേര്‍പ്പിച്ച് ഒരു മോരും വെളളം പരുവമാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതില്‍ മോരില്ല വെളളം മാത്രമേയുളളു എന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. ശ്രദ്ധിച്ചു നോക്കിയാല്‍ അവിടവിടെ ചില കറിവേപ്പിലകള്‍ പൊങ്ങി കിടക്കുന്നതു കണ്ടാല്‍, അതു വെളളമല്ല മോരാണെന്ന് തിരിച്ചറിയാന്‍ കഴിയും. ഈ മോരുംവെളളത്തിന് എതിരെ രക്തപുഴയൊഴുക്കുമെന്ന് പറഞ്ഞ് സമരം നടത്തുന്ന പളളിക്കും പട്ടക്കാര്‍ക്കും ഒപ്പം ഇപ്പോള്‍ ഇടതു പാര്‍ട്ടികളും കൂടിയിട്ടുണ്ട്. രണ്ടില അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണീ സാഹസമെന്നാണ് പറയപ്പെടുന്നത്. പളളിയും പാര്‍ട്ടിയും ഒന്നാകുന്ന, മാണിയും മാര്‍ക്‌സും ചേരുന്ന, മനോരമയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒന്നിക്കുന്ന സമരമാണ് മലനാട്ടില്‍ നടക്കുന്നത്.
 
 
നമ്മുടെ രാഷ്ട്രീയ നിരീക്ഷണമെന്തെന്നാല്‍…
പക്ഷെ ഈക്കളിയൊന്നും ഒരിടത്തും എത്തില്ലെന്നാണ് നമ്മുടെ ‘വിദഗ്ദ്ധ’മായ രാഷ്ട്രീയ നിരീക്ഷണ ബുദ്ധിയില്‍ തോന്നുന്നത്. ഏതെങ്കിലും സരിതമണിമാരുമൊത്തുളള സിഡിയെങ്ങാനും പുറത്തു വന്നാലല്ലാതെ കുറഞ്ഞത് അടുത്ത ഒരു കൊല്ലത്തേക്കെങ്കിലും ഉമ്മന്‍ ചാണ്ടി തന്നെ മുഖ്യമന്ത്രി കസേരയില്‍ തുടരും. അതു വരെ വി. എസ് തന്നെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തുടരാനാണു സാധ്യത. പിണറായി  ഇനി ഒരു ഊഹക്കളിക്കും തയ്യാറാവില്ലെന്ന് നമ്മള്‍ ഉറപ്പിച്ച് പറയുന്നു. ഒരു തിരഞ്ഞെടുപ്പു നടത്തി അതില്‍ മല്‍സരിച്ച് ജയിച്ചേ പിണറായി മുഖ്യമന്ത്രിയാവൂ. ഇതിനായി നിരത്തുന്ന കാര്യകാരണങ്ങള്‍ ഇവയാണ്. ഇപ്പോള്‍ സര്‍ക്കാരിനെ മറിച്ചിട്ടാല്‍ തനിക്കു മുഖ്യമന്ത്രിയാവാന്‍ പറ്റിയില്ലെങ്കില്‍ വി. എസ് ചിലപ്പോള്‍ കളി മാറ്റി കളിക്കും. ഉപനേതാവ് കോടിയേരിയെ മുഖ്യമന്ത്രിയാക്കാനുള്ള കാര്‍ഡിറക്കും. തൊണ്ണുറു കഴിഞ്ഞെങ്കിലും ഒടുക്കം തുറുപ്പു ഗുലാന്‍ ഇറക്കി വെട്ടാനുളള വൈഭവത്തിന് ഇനിയും വാര്‍ദ്ധക്യമായിട്ടില്ല.
 
അടുത്ത രണ്ടരകൊല്ലം കോടിയേരി ഭരിച്ചാല്‍ പിന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നിലം തൊടില്ലെന്ന് തിരിച്ചറിയാന്‍ പിണറായിയുടെ ആയിരത്തിലൊന്ന് ബുദ്ധിമതി. ഇനി അതല്ല, വി. എസിനെ മാറ്റി കോടിയേരിയെ പ്രതിപക്ഷ നേതാവാക്കിയാലും അപകടമുണ്ട്. സ്വാഭാവികമായും അടുത്ത തവണ ജയിച്ചാല്‍ കോടിയേരിക്ക് ഒരു ക്ളെയിം ഉണ്ടാകും. കഴിഞ്ഞ രണ്ടു തവണ വി.എസ് തന്ന കടുംവെട്ട് പണി മറന്നിട്ടില്ലാത്ത പിണറായി ഇനി ഒരു പരീക്ഷണത്തിനും നില്‍ക്കില്ല. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ പോകും. ആ കടമ്പ കൂടി കടക്കും വരെ ഉമ്മന്‍ചാണ്ടിയെ ഇറക്കാന്‍ പിണറായി സമ്മതിക്കില്ല. അതും കഴിഞ്ഞ് മോരിലെ പുളി പോയാല്‍ പിന്നെ, ഉമ്മന്‍ ചാണ്ടിയെ ഇറക്കാനുളള കളി ശക്തമാക്കും. നേരെ തിരഞ്ഞെടുപ്പിലേക്കു പോകും. ജയിച്ച് മുഖ്യമന്ത്രിയാവും. അല്ലാതെ മാണിയെ കൂട്ടിയൊരു ഭരണത്തിനൊന്നും പിണറായിയെ കിട്ടില്ല. ഇതൊക്കെയാണ് സാക്ഷാല്‍ പിണറായി വിജയന്റെ മനസിലിരുപ്പെന്നാണ് നമ്മുടെ സുചിന്തിതമായ നിരീക്ഷണം. രാഷ്ട്രീയമല്ലേ, അപ്രതീക്ഷിതമായി വല്ലതും സംഭവിച്ചാല്‍ കളിമാറിയേക്കാമെന്ന മുന്‍കൂര്‍ ജാമ്യവും നാം എടുക്കുന്നു! 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍