UPDATES

സിനിമ

മങ്കീ പെന്‍: ഈ ചെരുപ്പ് വീട്ടിലേക്ക് എടുക്കാം

വിവേക് ചന്ദ്രന്‍
 
3-D ചിത്രം കാണാന്‍ കയറുമ്പോള്‍ കണ്ണട തരുന്നത് പോലെ ഈ ചിത്രത്തിന് മുന്‍പ് നമുക്ക് കിട്ടുന്നത് പിഞ്ചു കാലുകള്‍ക്ക് മാത്രം പാകമാകുന്ന ഒരു ജോഡി കുഞ്ഞുചെരുപ്പുകള്‍ ആണ്. ‘Put Your Legs In A Child’s Shoes And Watch This’ എന്ന തലക്കെട്ട് ആദ്യം ഒരു മുന്‍കൂര്‍ ജാമ്യം ആയിട്ടാണ് തോന്നിയത്; പക്ഷെ ഈ കുഞ്ഞു ചെരുപ്പുകളില്‍ കാലുകള്‍ പാകമാക്കി വെച്ച് ഇരിക്കാന്‍ കഴിയുന്നത് ഒരു അവസരമായി തോന്നി തുടങ്ങും മെല്ലെ. അവിടെയാണ് റോജിന്‍ – ഷാനില്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ഫിലിപ്പ്‌സ് & ദി മങ്കീ പെന്‍’ന്റെ വിജയം.
 
മുന്നിര പല്ലുകള്‍ ഇല്ലാത്ത തൊണ്ണും കാണിച്ചു, തറുതല പറഞ്ഞും ഓരോ കുസൃതിയൊപ്പിച്ചും നടക്കുന്ന റ്യാന്‍ ഫിലിപ്പും ജിഗുരുവും അടങ്ങുന്ന വികൃതികൂട്ടം മലയാളത്തില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ഓമനത്തമുള്ള ചിത്രത്തിലേക്ക് ആണ് നമ്മളെ ക്ഷണിക്കുന്നത്, ഒരു തികഞ്ഞ കുടുംബ ചിത്രം. റോയി ഫിലിപ്പ് (ജയസൂര്യ) എന്ന പിതാവിന് സ്വന്തം പുത്രന്റെ് തെന്നി തെറിച്ചു പോകുന്ന പ്രവൃത്തികളെ കുറിച്ചുള്ള ആശങ്കകളും വളരെ സമര്‍ത്ഥമായി ‘മങ്കീ പെന്‍’ എന്ന മിത്ത് ഉപയോഗിച്ച് അതിനെ അയാള്‍ തരണം ചെയ്യുന്ന രീതിയും ആണ് സിനിമയുടെ ഇതിവൃത്തം. 
               
തന്റെ നടപ്പ് പ്രതിസന്ധികളെ കുറിച്ച് റ്യാന്‍ ദൈവവുമായി (ഇന്നസെന്റ് ) നടത്തുന്ന ചര്‍ച്ചകള്‍ രസമുണ്ടെങ്കിലും തന്‍റെ ദര്‍ശനങ്ങളില്‍ വരുന്ന രൂപം ദൈവം ആണെന്നത് റ്യാന്‍റെ മാത്രം ഇന്‍റര്‍പ്രെട്ടേഷന്‍ ആവാനെ തരമുള്ളു, കാരണം അയാള്‍ റ്യാനുമായി സംസാരിക്കുമ്പോള്‍ നിറയുന്നത് അവന്റെ് അപ്പാപ്പനു മാത്രം വിഹരിക്കാവുന്ന ഒരു സ്‌പേസ് ആണ്. റ്യാന്‍ സ്വന്തം അപ്പാപ്പനുമായി (ജോയ് മാത്യു) അടുത്ത് ഇടപഴകി തുടങ്ങുമ്പോള്‍ താനേ അവനില്‍ നിന്നും അത്തരം ദര്‍ശനങ്ങള്‍ മാഞ്ഞു തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.
 
ബാല്യം എന്ന ഓര്‍മകളുടെ അങ്ങേയറ്റം എന്നും കറുപ്പിലും വെളുപ്പിലും ആണ്. ചാര നിറത്തില്‍ ഉള്ളവയെ ഓര്‍മകള്‍ തന്നെ ഒന്നുകില്‍ കടുപ്പം കൂട്ടി കറുപ്പിലേക്കോ അല്ലെങ്കില്‍ മയപ്പെടുത്തി വെളുപ്പിലെക്കോ മാറ്റിയെടുക്കുന്നു. ഇതിനു കാരണം ഉറപ്പില്ലാത്ത ചാര നിറത്തില്‍ ഉള്ള ഓര്‍മകളെ സൂക്ഷിച്ചു വെക്കുന്നതിനെക്കാള്‍ എളുപ്പം അവയെ വ്യക്തതയുള്ള കറുപ്പ്‌ – വെളുപ്പുകളില്‍ സൂക്ഷിക്കുന്നതാണ് എന്നത് കൊണ്ടാവണം. ബാല്യം ആണ് മുഖ്യ പ്രതിപാദ്യം എന്നുള്ളത് കൊണ്ടാവണം ഇങ്ങനെ ഉള്ള ദ്വന്ദങ്ങളിലൂടെ ആണ് ‘മങ്കി പെന്‍’ ഉടനീളം സഞ്ചരിക്കുന്നത് (ദൈവം–വത്തക്ക–സ്വാദ്–മധുരം കൂടുതല്‍, മധുരം നുണ എന്നിങ്ങനെ പോകുന്ന വളരെ ആസ്വാദ്യകരമായ ഒരു ഫിലോസഫിക്കല്‍ തലവും ചിത്രത്തിലെ സംഭാഷണങ്ങളില്‍ അലിയിച്ചു ചേര്‍ത്തിട്ടുണ്ട്). മുസ്ലീം/ക്രിസ്ത്യന്‍, പഠിക്കാത്ത റ്യാന്‍/പഠിക്കുന്ന റ്യാന്‍ , ഭയക്കേണ്ട ഗുരു/ ബഹുമാനിക്കേണ്ട ഗുരു, കുറ്റം/ശിക്ഷ, പരാജയം/വിജയം, നുണ/സത്യം, കയ്പ്/മധുരം ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഇരട്ട ഓപ്ഷനുകളിലൂടെയാണ് ‘മങ്കി പെന്‍’ പുരോഗമിക്കുന്നത്.
 
 
ഇതില്‍ മതചിന്ത ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാ ദ്വന്ദങ്ങളിലെയും അസ്വീകാര്യമായ ഓപ്ഷനുകള്‍ എല്ലാം തന്നെ ഇടവേളയ്ക്കു മുന്പും സ്വീകാര്യമായവ ഇടവേളയ്ക്കു ശേഷവും പ്രത്യക്ഷപ്പെടുന്നത് കാണാം. അങ്ങനെ ഇത് ഒരു ചുവടു മാറ്റത്തിന്റെ്, തിരിച്ചറിവുകളുടെ ചലചിത്രമാകുന്നു. അമിതപഠനഭാരവും സ്‌കൂള്‍ വാനുകളുടെ മരണപാച്ചിലും അടക്കം കുട്ടികള്‍ സാമാന്യമായും അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ‘മങ്കി പെന്‍’ വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും എടുത്തു പറയേണ്ട ഒരു സംഗതി നമ്മുടെ മീശപിരിയന്‍ ചിത്രങ്ങള്‍ കുട്ടികളില്‍ അവശേഷിപ്പിക്കുന്ന വികലമായ ചിന്താരീതികളെ കുറിച്ചുള്ള ഓര്‍മപപ്പെടുത്തലുകള്‍ ആണ്. സഹപാഠിയുടെ ചോര വീഴ്ത്തിയും, മോബൈലിലൂടെ പോലീസിന് ഫാള്‍സ് അലെര്‍ട്ട് കൊടുത്തും, പ്രിന്‍സിപ്പലിന് മുന്നില്‍ സഹപാഠിയെ വ്യാജ ആരോപണങ്ങളില്‍ കുടുക്കിയും റ്യാനും കൂട്ടുകാരും നടത്തുന്ന വികൃതികളില്‍ ഒട്ടും കുട്ടിത്തമില്ലാത്ത ഒരു ക്രിമിനല്‍ വാസന കാണാന്‍ കഴിയും. അതിന്റെ കാരണം രചയിതാക്കള്‍ വ്യക്തമായി തന്നെ റ്യാന്‍ ജോവാനെ പ്രപ്പോസ് ചെയ്യുന്നത്തിനു തൊട്ടു മുമ്പത്തെ രംഗത്തില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. 
 
റ്യാന്റെ ജീവിതം മാറ്റി മറിക്കുന്ന പുനര്‍ചിന്തനങ്ങള്‍ ചിത്രത്തില്‍ രണ്ടിടത്താണ് വരുന്നത്. സ്വന്തം പിതാവിന് മുന്നില്‍ അപമാനിതനായ റോയിയിലും പ്രിന്‍സിപ്പല്‍ എന്ന തന്റെ അഭിനവ പിതാവിന് (മുകേഷ്) മുന്നില്‍ തോല്‍വി ഏറ്റുപറയുന്ന പപ്പന്‍ (വിജയ് ബാബു) എന്ന കണക്കുമാഷിലും. അങ്ങനെ ദൈവത്തിനു മുന്നില്‍ കുമ്പസരിച്ചു പുറത്തിറങ്ങുന്ന പിതാവും ഗുരുവും ഒരു കൊച്ചു പയ്യന്റെന ജീവിതത്തില്‍ വരുത്തുന്ന മാറ്റം ആണ് ‘മങ്കീ പെന്‍’ന്റെ രണ്ടാം പാതി. പക്ഷെ ഇതില്‍ ഒന്നും കക്ഷി ചേരാതെ മാറി നില്‍ക്കുന്ന ഒരു കഥാപാത്രം ഉണ്ട്, മാതാ-പിതാ-ഗുരു-ദൈവം എന്ന നാല്‍വര്‍ കൂട്ടായ്മയിലെ മാതാവ് അഥവാ റ്യാന്റെ ഉമ്മ സമീറ റോയി (രമ്യ). ടീവിയും പാചകവും ടീവിയിലെ പാചകവും ആയി സുഖലോലുപതയുടെ കെട്ടുകാഴ്ച്ചകളില്‍ (ഇറച്ചി പത്തിരിയും ഉസ്താദ് ഹോട്ടലും) ഒതുങ്ങി ഒരു സമാന്തര ലോകത്ത് ജീവിക്കുന്ന സമീര അപ്പനും മകനും ഇടയ്ക്ക് നടക്കുന്ന ഈ ഒളിച്ചു കളിയൊന്നും അറിയുന്നേയില്ല, എന്നല്ല മകനില്‍ അതുണ്ടാക്കുന്ന മാറ്റം പോലും തിരിച്ചറിയാതെ ക്ലോസിംഗ് സീനില്‍ പോലും അവന്‍ ചൊല്ലി പഠിക്കുന്ന ഗുണനപട്ടികയ്ക്ക് മുകളില്‍ ഉച്ചത്തില്‍ ടീവിയിലെ പാചക ക്ലാസുകള്‍ വെച്ച് അതില്‍ മുഴുകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
 
 
ഇസ്ലാം മത വിശ്വാസിയായ ഈ സ്ത്രീ കഥാപാത്രത്തില്‍ ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലായ്മ വിളക്കി ചേര്‍ത്തത് ബോധപൂര്‍വം അല്ലെങ്കില്‍ പോലും നേരത്തെ ‘അവ്വക്കര്‍’ (malayala.am) തന്റെ പല റിവ്യൂകളിലും (സീനിയേഴ്‌സ്, മാണിക്ക്യകല്ല്) നിരീക്ഷിച്ചിട്ടുള്ളത് പോലെ മുസ്ലീം കഥാപാത്രങ്ങളില്‍ ബോധപൂര്‍വം അടിച്ചേല്പ്പിക്കപ്പെടുന്ന വിഡ്ഢിത്തരത്തിന്റെ തുടര്‍ച്ചയായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. റ്യാനോട് അമ്മയോട് പോയി സംസാരിക്കാന്‍ പറയുമ്പോള്‍ റോയി തിരുത്താന്‍ ശ്രമിക്കുന്നത് സമീറയുടെ ഈ ഡിറ്റാച്ച്ട് ആയ സമീപനം കൂടി ആണ്. ഇനി സമീറയുടെ പെരുമാറ്റത്തില്‍ ‘പ്രായമാകുന്നതിനു മുന്‍പേ കല്യാണം കഴിച്ചു പോയതില്‍ ഉള്ള ഒരു മെച്യൂരിറ്റി കുറവ്’ ആണ് കാണിക്കാന്‍ ശ്രമിച്ചതെങ്കില്‍ വിവാഹ പ്രായത്തെ പുനര്‍നിശ്ചയിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ അതിനു പ്രസക്തിയുണ്ട് എന്നും പറഞ്ഞു കൊള്ളട്ടെ.
 
റോയി മകന്റെ് ഗൃഹപാഠം അവന്‍ കാണാതെ ചെയ്തു തീര്‍ത്തിട്ട് കൂലിയായി അവനെ കൊണ്ട് മെല്ലെ ഓരോ ചെറിയ ‘നല്ല’ കാര്യങ്ങള്‍ നടത്തിയെടുക്കുന്നത് കാണാന്‍ രസമുണ്ടെങ്കിലും അവിടെ മുറിഞ്ഞു പോകുന്നത് പിതാവും പുത്രനും തമ്മിലുള്ള തുറന്ന സമീപനം അല്ലേ എന്ന് സംശയം. ചിത്രത്തില്‍ ഉടനീളം റ്യാനുമായി വളരെ തുറന്ന രീതിയില്‍ സംവദിക്കുന്ന റോയിക്ക് അപ്പന്‍ എന്ന നിലയില്‍ തന്നെ നേരിട്ട് ഇടപെട്ടു തിരുത്താവുന്നതല്ലെ ഉള്ളു അവനെ? എന്നും സത്യം പറയണം, അധ്വാനിച്ചു ഭക്ഷിക്കണം എന്നൊക്കെ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മാന്ത്രിക പേനയുടെ ചുരുളഴിച്ചു റോയി നടന്നു പോകുമ്പോള്‍ റ്യാന്‍ വീണ്ടും പഴയ അവസ്ഥയില്‍ തന്നെ അല്ലെ എത്തി നില്കുന്നത് ? അവനെ കൂടെ ഇരുത്തി അവന്റെ പഠന കാര്യങ്ങളില്‍ (അതിനി വൈകല്യങ്ങള്‍ വല്ലതും ആണെങ്കില്‍ അത്) ശ്രദ്ധിക്കുന്നത് വരെ അവന്‍ ഇനിയും പുതിയ മായാജലങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കില്ലേ? എന്നാല്‍ ഓ ഫാബിയും, മൈ ഡിയര്‍ കുട്ടിച്ചാത്തനും, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയും ഒക്കെ പോകുന്നത് പോലെ ഒരു വെള്ളിയാഴ്ച വെറുതെ അങ്ങ് തിരിച്ചു പോവുകയല്ല ‘മങ്കീ പെന്‍’ ചെയ്യുന്നത്, വളരെ യുക്തിഭദ്രമായൊരു വിശദീകരണവും അതില്‍ ഒളിഞ്ഞിരിക്കുന്ന ചില്ലറ സാരോപദേശങ്ങളും ഒക്കെ ആയിട്ടാണ് അവന്‍ കടലിലേക്ക് ഒഴുകി പോകുന്നത്. അത് കൊണ്ട് തന്നെയാവണം റ്യാന്റെ കൈയ്യില്‍ നിന്നും ഒഴുകി പോയ ‘മങ്കീ പെന്‍’ പോലെ എളുപ്പത്തില്‍, നമുക്ക് പടം തുടങ്ങുന്നതിനു മുന്‍പ് കിട്ടിയ കുഞ്ഞിച്ചെരുപ്പുകള്‍ തിരിച്ചൊഴുക്കി കളയാന്‍ കഴിയാത്തതും.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍