UPDATES

ഇന്ത്യ

യഥാര്‍ഥത്തില്‍ ആരാണ് നരേന്ദ്ര മോദി?

ടീം അഴിമുഖം 
 
 
നരേന്ദ്ര മോദിയുടെ ജീവചരിത്രം എഴുതിക്കൊണ്ടിരിക്കുന്ന ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഈയിടെ ഗുജറാത്ത് സന്ദര്‍ശിക്കുകയുണ്ടായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗുജറാത്തില്‍ നിന്നും സജീവമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ആള്‍ കൂടിയായിരുന്നു അദ്ദേഹം. അവിടത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അന്നു മുതലേ അദ്ദേഹത്തിന് പരിചിതരുമായിരുന്നു. 
 
ഒരിക്കല്‍ അദ്ദേഹം തന്റെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇവരില്‍ പലരേയും ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരില്‍ നിന്നും ലഭിച്ച ഉത്തരം ഒന്നു തന്നെ ആയിരുന്നു. ‘നിങ്ങള്‍ എന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ വരൂ. നമുക്ക് നേരില്‍ സംസാരിക്കാം’. തങ്ങള്‍ നിരീക്ഷണത്തിലാണെന്നും തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും നേരില്‍ കണ്ടപ്പോള്‍ അവര്‍ കാരണം വിശദമാക്കി.
 
ബി. ജെ. പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി കഴിഞ്ഞ പത്തു വര്‍ഷത്തെ തന്റെ ഭരണത്തിനിടയില്‍ ഗുജറാത്തില്‍ നടത്തിയത് ഭീകരവാഴ്ച്ചയായിരുന്നു. ജനാധിപത്യത്തെ തകിടം മറിക്കുകയും ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തുകൊണ്ട്‌ നിയമവാഴ്ചയെ പൂര്‍ണമായും അധിക്ഷേപിക്കുന്ന ഭരണമായിരുന്നു ഈ ഭീകരതയുടെ സൃഷ്ടി.
 
ഇതിന്റെ ഫലങ്ങള്‍ വ്യക്തമായി കാണാവുന്നതാണ് – ആറ് ഐ.പി.എസ് ഉദ്യോഗസ്ഥരും 13 പോലീസ് ഉദ്യോഗസ്ഥരും ജയിലിലാണ്. ആഭ്യന്തര മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാറ്റിലും ഉപരി അനവധി കുറ്റകൃത്യങ്ങള്‍ മുഖ്യമന്ത്രിക്കു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നു.
 
ഇതൊക്കെക്കൊണ്ട് തന്നെ, ഒരിക്കല്‍ താനുമായി അടുത്ത ബന്ധം (അല്ലെങ്കില്‍ ‘ഫാന്‍സി റിലേഷന്‍’) പുലര്‍ത്തിയിരുന്ന ഒരു പെണ്‍കുട്ടിയുടെ മേല്‍ അക്രമാസക്തവും നിയമവിരുദ്ധവും അങ്ങേയറ്റം അപമാനകരവും ആയ രീതിയിലുള്ള നിരീക്ഷണം ഏര്‍പ്പെടുത്താന്‍ അമിത് ഷായും സംസ്ഥാന പോലീസുമടങ്ങുന്ന വന്‍ സന്നാഹം മോദി ഉപയോഗിച്ചതില്‍ ഒട്ടും തന്നെ അത്ഭുതമില്ല. 
 
മോദി തനിക്കനുകൂലമായുള്ള ജനവികാരത്തെ വോട്ടുകളാക്കി മാറ്റി അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യ അനുഭവിക്കാന്‍ പോകുന്ന ഭീകരാവസ്ഥ ഈ അനധികൃത നിരീക്ഷണ കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ വെളിവാക്കുന്നുണ്ട്. 
 
 
അനധികൃത നിരീക്ഷണ വിവാദം 
2009-ല്‍ ഈ യുവതിയുടെ മേല്‍ അനധികൃതമായി നിരീക്ഷണം ഏര്‍പ്പെടുത്താന്‍ അമിത് ഷാ ഉത്തരവ് നല്കിയിരുന്നതായി ജി. എല്‍ സിംഘാല്‍ എന്ന ഐ. പി. എസ് ഓഫീസര്‍ സി. ബി. ഐക്ക് സമര്‍പ്പിച്ച ചില രഹസ്യ സംഭാഷണങ്ങളുടെ പകര്‍പ്പുകള്‍ വെളിവാക്കുന്നു. 2004-ലെ ഇഷ്രത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് അടുത്ത കാലം വരെ ജയിലില്‍ ആയിരുന്നു സിംഘാല്‍. ഗുജറാത്ത് പോലീസിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിലെ എസ്. പിയും ഷായുടെ വിശ്വസ്തനും ആയിരുന്നു സിംഘാല്‍ അന്ന്. 
 
യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഷാ നിര്‍ദ്ദേശം നല്കുന്ന ഡസന്‍ കണക്കിന് സംഭാഷണങ്ങള്‍ സിംഘാല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിരീക്ഷണം തീര്‍ത്തും നിയമവിരുദ്ധമായിരുന്നു എന്നും ഇതിനായി ഒരൊറ്റ ഉത്തരവ് പോലും എഴുതി നല്കിയിട്ടില്ലെന്നും സി. ബി. ഐക്ക് ഒപ്പിട്ടു നല്കിയ തന്റെ പ്രസ്താവനയില്‍ ഈ ഐ. പി. എസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
 
ഷോപ്പിംഗ് മാളുകളിലും ഐസ് ക്രീം പാര്‍ലറുകളിലും സിനിമ തിയേറ്ററുകളിലും ജിമ്മിലും എയര്‍ പോര്‍ട്ടിലും വയ്യാത്ത അമ്മയെ കാണാന്‍ പോയ ആശുപത്രിയിലും, എന്തിനേറെ, സ്വന്തം വീട്ടില്‍ വരെ ഈ യുവതിയെ പിന്തുടരാന്‍ നിര്‍ദേശം നല്കിയിരുന്നതിന്റെ തെളിവുകള്‍ ഈ സംഭാഷണങ്ങളിലുണ്ട്. 
 
ഭുജില്‍ നിന്നുള്ള ഈ യുവതിയുടെ കുടുംബത്തിന് – അവരുടെ കമ്പനിക്കുള്ള പല കരാറുകള്‍ അടക്കം – ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും അനേകം സഹായങ്ങള്‍ ലഭിച്ചിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
 
തന്റെ മകളുടെ സുരക്ഷിതത്വത്തില്‍ തനിക്ക് ആശങ്ക ഉണ്ടായിരുന്നതിനാല്‍ ആണ് ഈ നിരീക്ഷണം ഏര്‍പ്പെടുതിയിരുന്നത് എന്ന് യുവതിയുടെ അച്ഛന്‍ പ്രാണ്‍ ലാല്‍ സോണി പറഞ്ഞതായി ഒരു പ്രസ്താവന ബി. ജെ. പി പുറത്തു കൊണ്ട് വന്നിട്ടുണ്ട്. തന്റെ മകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ താന്‍ മോദിയോട് ആവശ്യപ്പെട്ടു എന്ന സോണിയുടെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ഈ അനധികൃത നിരീക്ഷണം നടന്നു എന്നതും അതില്‍  മോദിയ്ക്കുള്ള പങ്കും വ്യക്തമാക്കാനേ ഉപകരിക്കുന്നുള്ളൂ. 
 
റെക്കോര്‍ഡു ചെയ്യപ്പെട്ട സംഭാഷണങ്ങളില്‍ നിന്നും, പ്രദീപ് ശര്‍മ എന്ന ഐ. എ. എസ്  ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയില്‍ നല്കിയ അഫിഡവിറ്റില്‍ നിന്നും ഈ പെണ്‍കുട്ടിയുമായി മോദിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ശര്‍മയെയും അദ്ദേഹത്തിന്റെ ഐ. പി. എസ് കാരനായ സഹോദരനെയും മോദി വേട്ടയാടിയിരുന്നു. അതിനൊടുവിലാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
 
‘നരേന്ദ്ര മോദിയും ഈ സ്ത്രീയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള പല രഹസ്യങ്ങളും’ താന്‍ യാദൃശ്ചികമായി അറിയാന്‍ ഇടയായി എന്നും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
‘തന്നോടു സ്വകാര്യമായി സംസാരിക്കാനായി മോഡി നിശ്ചയിക്കപ്പെട്ട പല മീറ്റിങ്ങുകളും തടസ്സപ്പെടുത്തുകയും ഓഫീസില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്യുമായിരുന്നു’ എന്ന്‍ പെണ്‍കുട്ടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രദീപ് ശര്‍മ വെളിപ്പെടുത്തുന്നു. 
 
 
യഥാര്‍ഥത്തില്‍ ആരാണ് മോഡി?
ഇപ്പോഴത്തെ ഈ അനധികൃത നിരീക്ഷണ സംഭവവും നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിലുപരി ഗുജറാത്തിന്റെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഭയാശങ്കകളും യഥാര്‍ഥ മോദി ആരാണെന്നതിന്റെ തെളിവാണ്. വികസനത്തിന്റെ മിശിഹയായി മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന  വെറി പിടിച്ചച്ച മാധ്യമ പ്രചരണം ഇന്ത്യയിലെ പ്രധാന നഗര കേന്ദ്രങ്ങളിലെങ്കിലും അദ്ദേഹത്തിന് അനുകൂലമായ ഒരു തരംഗം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് ട്രെയിലര്‍ മാത്രമാണ്. യഥാര്‍ഥ സംഭവങ്ങള്‍ സ്‌ക്രീനില്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ. അതാകട്ടെ, ബി.ജെ.പിയുടെ തലവേദന പതി•ടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യും. 
 
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് ബി.ജെ.പി പറയുന്ന പ്രധാന കാരണങ്ങളിലൊന്ന് ഗുജറാത്തില്‍ അദ്ദേഹം നടപ്പാക്കിയ  വികസനന പ്രവര്‍ത്തനങ്ങളാണ്. വ്യവസായവത്ക്കരണവുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ മികച്ചതാണ്. എന്നാല്‍ ജനാധിപത്യത്തെ അളക്കുന്നത് നിക്ഷേപത്തിന്റെ കണക്കു മാത്രം നോക്കിയല്ല. മറിച്ച് സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അടക്കം ഭരണഘടന നല്‍കുന്ന നിരവധി ഉറപ്പുകളും ഒക്കെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് അത് നിര്‍വചിക്കേണ്ടത്. 
 
പൊതുതെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങളേയുള്ളൂ. ഇതിനകം മോദി സൃഷ്ടിച്ചിട്ടുള്ള നിയമവിരുദ്ധതയുടേയും അനധികൃത നിരീക്ഷണങ്ങളുടേയും ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റേയും നിരവധി കാര്യങ്ങള്‍ ചുരുളഴിയാന്‍ പോകുന്നതേയുള്ളൂ. മോദിയെ ഇത്ര വേഗം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ വലിയൊരു മണ്ടത്തരം തന്നെയായിരിക്കാം ബി.ജെ.പി ചെയ്തത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബി.ജെ.പിയുടെ ഏറ്റവും വലിയ ബാധ്യതയായി മോദി മാറിയേക്കാം. ഇത് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹങ്ങള്‍ക്കും താത്കാലികമായി  നിശബ്ദരാക്കപ്പെട്ടട്ട മുതിര്‍ന്ന പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ ഉറക്കെപ്പറയുന്നതിനും വഴിവയ്ക്കും. 
 
മോദിയെ കുറിച്ച് ഇനിയും പല കാര്യങ്ങളും വെളിയില്‍ വന്നേക്കാം. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള ജനാധിപത്യ യോഗ്യതകള്‍ അദ്ദേഹത്തിന് ഇല്ല എന്നത് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു. മോദിയുടെ സ്ഥാനം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 റേസ്‌കോഴ്‌സ് റോഡിലാവില്ല. മറിച്ച് ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടുന്ന ജുഡീഷ്യറിയുടെ വിചാരണ മുറികളിലായിരിക്കും. അധികാരം രുചിച്ചതിനു ശേഷം മോദി മറന്നു പോയ ഒരു സത്യമുണ്ട്. താന്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനേക്കാള്‍ ഒട്ടും മുകളിലല്ല എന്നത്. ഈ സത്യം മോദിയേയും സംഘപരിവാറിനെ ആകെത്തന്നെയും മനസിലാക്കിക്കൊടുക്കുന്നതായിരിക്കാം അടുത്ത പൊതുതെരഞ്ഞെടുപ്പ്.  
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍