UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ചിരിപ്പിച്ച് കൊല്ലരുത്, പ്ലീസ്!

അനഘ സി.ആര്‍
 
ആദ്യം ഞാന്‍ സ്ത്രീവാദിയാകാന്‍ നോക്കി. പച്ച പിടിക്കുന്നില്ലെന്ന് കണ്ടപ്പോ മതേതരവാദത്തിലേക്ക് ചുവടു മാറ്റി. അവടെയും സ്കോപ് ഇല്ലെന്നു മനസ്സിലാക്കിയപ്പോ ആണ് ക്ളച്ച് പിടിക്കാന്‍ പറ്റിയ സംഗതി സദാചാരവാദമാണെന്ന്‍ തിരിച്ചറിഞ്ഞേ. അതിലേക്കു കാലെടുത്തു വക്കാന്‍ തുടങ്ങിയപ്പോഴേക്കും മാറീല്ലേ ട്രെന്‍ഡ്. ഇനിപ്പോ ഞാനായിട്ട് കുറക്കണില്ല. പരിസ്ഥിതിവാദിയായിട്ടു തന്നെ ബാക്കി കാര്യം. ബിഷപ്പും മാര്‍പ്പാപ്പേം ഒന്നും ആയില്ലെങ്കിലും ഒരാഴ്ച്ചത്തേക്ക് സെലിബ്രിറ്റി എങ്കിലും ആകാല്ലോ.
 
ഛെ! ഈ പണ്ടാരം പിടിച്ച പരീക്ഷ നാളെ നാളെ, നീളെ നീളെ എന്നും പറഞ്ഞു നീണ്ടു പോയില്ലാരുന്നേല്‍ ഉണ്ടല്ലോ, ഞാനും കൊടീം പിടിച്ച് ഇറങ്ങിയേനെ. കസ്തൂരി എന്നല്ല ക എന്ന് കേട്ടാത്തന്നെ പൂരപ്പാട്ടും തുടങ്ങിയേനെ. പിന്നെ ഒരു കാര്യം, ഈ കസ്തൂരിരംഗന്റെ ജാതീം ജാതകോന്നും എന്നെ ആരും പഠിപ്പിക്കണ്ട. അങ്ങേരു എത്ര പടം പിടിച്ചിട്ടുണ്ടെന്നും ഏതൊക്കെ പൊട്ടിയെന്നും എനിക്ക് വ്യക്തമായി അറിയാം. പിന്നെ ഈ പടം കണ്ടിട്ടുണ്ടോന്നു ആരും തിരക്കണ്ട. എന്റെ സുഹൃത്തിന്റെ വകയിലെ അമ്മാവന്റെ പെങ്ങളുടെ കെട്ടിയോന്റെ പരിചയത്തിലെ ആരോ ട്രെയിലറിനെക്കുറിച്ചുള്ള ചര്‍ച്ച കേട്ടത്രെ! അപ്പൊ തന്നെ അങ്ങരുടെ പരിസ്ഥിതി വികാരം വ്രണപ്പെട്ടെന്ന്! തള്ളയെ നുള്ളിയാല്‍ പുള്ളക്ക്‌ കൊള്ളില്ലേ? മനസ്സിലായില്ലേ? പ്രകൃതി മാതാവിനെ വേദനിപ്പിച്ചാല്‍ പരിസ്ഥിതി പ്രേമം തലക്ക് പിടിച്ചു നടക്കുന്ന എന്നെപ്പോലുള്ള സന്താനങ്ങള്‍ സഹിക്കില്ലെന്ന്. അതോണ്ട് രംഗന്‍ അല്ല എതു ഡിങ്കന്‍ ആയാലും ശരി, ഈ പടം ഇവിടെ ഓടില്ല, ഓടാന്‍ ഞങ്ങ സമ്മതിക്കില്ല.
 
ശോ! എനിക്കും അല്പം സംഘശക്തി ഉണ്ടായിരുന്നെങ്കില്‍. വല്ല പള്ളിയുടെയോ പാര്‍ട്ടിയുടെയോ ടാഗും കൂടിയുണ്ടെങ്കില്‍ പിന്നെ പറയേം വേണ്ട. ഹായ് ഹായ്… ഞാന്‍ തന്നെ പിന്നെ ഒമ്പതു മണി താരം.
പരീക്ഷ കഴിയുന്നത് വരെ ഓരോന്ന് എഴുതി ആരേം ദ്രോഹിക്കേണ്ടന്നും പറഞ്ഞിരുന്നതാ. എന്നാ ചെയ്യാനാ, ഓരോ ദിവസോം ഹര്‍ത്താല്‍, ബന്ദ്, കുന്ത് എന്നൊക്കെ പറഞ്ഞു ഓരോ പണി കിട്ടണോണ്ട് യൂണിവേഴ്സിറ്റി ഇപ്പൊ എതാണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പോലായിട്ടുണ്ട്. പരീക്ഷ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്. എപ്പോ, എന്ന് എന്നൊന്നും ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. നടന്നാ നടന്നു. അതൊണ്ട് അതും നോക്കിയിരുന്നാല്‍ അപ്പോഴേക്കും ഈ ട്രെന്‍ഡ് മാറി പുതിയ വല്ല വാദവും വന്നാലോ. നുമ്മക്കും ജീവിക്കണ്ടേ?
 
 
എന്നാലും ഞാനോര്‍ക്കുവാരുന്നു. എന്തിനാണോ എന്തോ എനിക്ക് ഈ പേരിട്ടത്. ഈ ലോകത്ത് വേറെത്രയോ നല്ല പേരുകളുണ്ട്. വല്ല ഹരിതാന്നോ ആരണ്യ എന്നോ വിപിന എന്നോ ഒക്കെ ഇട്ടാല് എന്തായിരുന്നു കുഴപ്പം? സാരമില്ല ഇനിയും ടൈം ഉണ്ടല്ലോ. പിന്നെ വേറൊരു കാര്യം നേച്ചര്‍ എന്ന വാക്ക് പേരിന്റെ അറ്റത്തെങ്കിലും വന്നിട്ടുള്ള സകല പേജുകളും ഞാന് ലൈക്കിയിട്ടുണ്ട്. പോരാതെ ഈ കിടപ്പാടം നഷടപ്പെടുന്നവരെയൊക്കെ ബോധാവല്ക്കരിക്കാനായി ഞാനൊരു പേജു തുടങ്ങുന്നുണ്ട്. ഈ മലയോര കര്‍ഷകരൊക്കെ ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഇറങ്ങാത്തോണ്ട് സംഗതി ക്ലിക്ക് ആവോന്നുള്ള കാര്യത്തില് സംശയമില്ല. പിന്നെ ഞാന്‍ പങ്കെടുത്ത പ്രകൃതി സംരക്ഷണ സെമിനാറുകള്‍ക്കാണേല്‍ കയ്യും കണക്കുമില്ല. ഇതിനൊക്കെയുള്ള പ്രേരണ എവിടുന്നു കിട്ടുന്നു എന്ന്‌ ചോദിച്ചാല്‍ ഞാനൊരു കര്‍ഷക കുടുംബത്തിലുള്ളതാണ് എന്നത് തന്നെ. ഞങ്ങടെ ഫാമിലീല് ഏകദേശം എല്ലാര്‍ക്കും രണ്ടേക്കറോളം റബ്ബര്‍ തോട്ടമുണ്ട്. (മലയോരമാണോ കടലോരമാണോ എന്നൊന്നും ചോദിച്ചുകളയല്ല്). ഇതില്‍ കൂടുതല്‍ എന്ത് വേണം ഞാന്‍ ഒരു ‘born enviornmentalist’ ആണെന്ന് തെളിയിക്കാന്‍?
 
ഇനി ഇതു വായിച്ചിട്ട് ഏതെങ്കിലും പരിസ്ഥിതിപ്രേമി അണ്ണന്മാരുടെ ഏതെങ്കിലും വികാരം വ്രണപ്പെട്ടുപോയെങ്കില്‍, സടകുടഞ്ഞെഴുന്നെല്ക്കുന്നതൊക്കെ കൊള്ളാം. ഇതിന്റെ പേരില് നാളെ ഹര്‍ത്താലൊന്നും പ്രഖ്യാപിച്ചേക്കല്ല്. ഓ സോറി ഞാനോര്‍ത്തില്ല, അതൊക്കെ ഔട്ട് ഓഫ് ഫാഷന്‍ അല്ലെ. ജാലിയന്‍ വാലാഭാഗാണെല്ലോ ലേറ്റസ്റ്റ് ഐറ്റം. എന്നാലും ഈ ബഹുമുഖ പ്രതിഭകളെ സമ്മതിച്ചു കൊടുക്കണം കേട്ടോ. കുറച്ചു നാള് മുന്‍പ് ഇവിടുത്തെ ചില സാഹിത്യകാരികളെക്കുറിച്ച്, ഇടങ്ങേര്‍ ഉണ്ടാക്കനായിറക്കുന്ന ആ ലേഖനത്തില്‍ വിലയിരുത്തിയപ്പോഴേ ഇവരുടെയൊക്കെ പാണ്ഡിത്യം മനസ്സിലായതാ. നിരൂപണത്തില്‍ വന്‍ പുലികള്‍ ആയതുകൊണ്ട് സാഹിത്യ വാസന ഉണ്ടാകാതിരിക്കാന്‍ തരമില്ല. അപ്പൊ പിന്നെ ഈ കഴിവുകളൊക്കെ ഉപയോഗിച്ച് അഭയ കേസില്‍ കോട്ടൂരിയതും ഊരാത്തതുമായ പുണ്യാളന്മാരെക്കുറിച്ചു ഒരു വാഴ്ത്പാട്ട് കൂടി എഴുതാരുന്നു. ടാഗോറിന്റെ പിന്ഗാമികളാകാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല, ‘അരാജകത്വം’ ഇല്ലാതെ കലാസൃഷ്ടി നടത്തുന്നതെങ്ങനാന്നു നുമ്മക്കും കൂടോന്നു പഠിക്കാരുന്നു. സാരമില്ലെന്നേ, ഇനിയും അവസരമുണ്ട്. ഈ ലോഹക്കുള്ളിലെ ലോല ഹൃദയം തുറന്നു കാട്ടിക്കൊണ്ടിരിക്കുന്നത് കൊണ്ട് സാഹിത്യത്തിനു കിട്ടിയില്ലെങ്കിലും സമാധാനത്തിനുള്ള നോബേല്‍ ചിലപ്പോ കിട്ടിയേക്കും. എന്നാലും ഇപ്പോഴത്തെ പെര്‍ഫോമന്‍സ് പോര കേട്ടോ. തീരെ പോര. രണ്ടു ദിവസമായി ഹരിതന്മാരെ പിന്നേം സരിത കടത്തി വെട്ടീല്ലേ, റേറ്റിങ്ങില്!
 
 
ഇനി നുമ്മട കാര്യം. അമ്മച്ചിയാണെ നുമ്മ ഈ രണ്ടു പടവും കണ്ടിട്ടില്ല. പിന്നെ ഈ തുള്ളല് തുള്ളണത് എന്തിനാന്നു ചോദിച്ചാല് വേറൊന്നും കൊണ്ടല്ല. രണ്ടു മുദ്രവാക്യോം വിളിച്ച കുറെ വണ്ടീം കത്തിച്ച് നാട്ടാര്‍ക്ക് എന്‌ജോയ്‌മെന്റ്‌റ്‌നുള്ള ഒരു അവസരം കൊടുക്കാനായിട്ട് ഇങ്ങനെ ഇടക്കിടക്ക് ഹര്‍ത്താലുകള്‍ നടത്തുന്നത് വളരെ നല്ലതാന്നു മനസ്സിലാക്കിയതോണ്ടാ. ഏതു ഗാഡ്ഗില്‍, എവിടുത്തെ കസ്തൂരി എന്നൊന്നും പറഞ്ഞു കൊടുത്തില്ലേലും (അല്ല അറിയാമെങ്കില്‍ അല്ലേ പറയാനൊക്കു!) ഹര്‍ത്താല്‍ നടത്തിയാലുടനെ ജനസേവനത്തിനുള്ള വിശിഷ്ട സേവാ മെഡല് തന്നു അടുത്ത തെരഞ്ഞെടുപ്പിന് എന്നെത്തന്നെ ജയിപ്പിക്കും എന്നൊരു വെളിപാടുണ്ടായി. അതോണ്ടാ.
 
ഇനി എത്രേ ആഞ്ഞു പിടിച്ചിട്ടും ഒരു ലോക്കല്‍ ചാനല്‍ പോലും മൈന്‍ഡ് ചെയ്യാത്ത കുഞ്ഞാടുകളോട് ഒരു വാക്ക് ; നിരാശപ്പെടണ്ട ആറന്മുള പടം റിലീസ് ആകാറായിട്ടുണ്ട്. ഇനി ഒട്ടും വൈകിക്കേണ്ട, ഇപ്പൊ തന്നെ പ്രകൃതിയോടുള്ള ഈ ‘ഡീപ് ലബ്ബ് ‘ പ്രകടിപ്പിക്കാന്‍ തേങ്ങല്‍, മോങ്ങല്‍, തെറിവിളി നടിപ്പുകളുമായി ഇറങ്ങിക്കോളിന്‍. ഒരാഴ്ച എങ്കില്‍ ഒരാഴ്ച, നിങ്ങള്‍ തന്നെ സെലിബ്രിറ്റി.
 
അപ്പൊ എല്ലാ പരിസ്ഥിതിവാദി അണ്ണന്‍മാര്‍ക്കും വണക്കം. ആറന്മുള്ള തുടര്‍കലിപ്പുകളുമായി വീണ്ടും സന്ധിക്കാം.
 
 
(തിരുവനന്തപുരം എന്‍. എസ്.എസ് വിമന്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിയാണ് അനഘ സി.ആര്‍)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍