UPDATES

ഇന്‍വെസ്റ്റിഗേഷന്‍

അയാള്‍ അനീഷ് അല്ല, സുരേഷ് കുമാര്‍ – തട്ടിച്ചത് ലക്ഷങ്ങള്‍

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെ കുറിച്ച് ഒരു മാസം മുമ്പ് അഴിമുഖം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ നിരവധി പേരില്‍ നിന്നു ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ അനീഷ് എന്നയാളെ ഇത് വരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശനിയാഴ്ച അനീഷ് വലയിലായി. അയാള്‍ അനീഷ് അല്ല. തിരുവനന്തപുരം പോത്തന്‍കോട് താറാവിള വീട്ടില്‍ സുരേഷ് കുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര് എന്നു അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കുറെ കാലം ഗല്‍ഫില്‍ ഹെയര്‍ ഡ്രസ്സര്‍ ആയി ജോലി ചെയ്തിരുന്ന സുരേഷ് നാട്ടിലെത്തിയ ശേഷമാണ് തട്ടിപ്പ് തുടങ്ങിയത്. പുതിയ ഹെയര്‍ ഡ്രെസിങ് സലൂണ്‍ തുടങ്ങാനുള്ള പണം കണ്ടെത്താന്നായിരുന്നു തട്ടിപ്പ് എന്നും അയാള്‍ പറയുന്നു. സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നു ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചനകള്‍. ഇത്തരത്തിലും തട്ടിപ്പുകള്‍ നടക്കുന്നതായി അഴിമുഖം ആണ് ആദ്യം വാര്‍ത്ത പുറത്തു വിട്ടത്. 

 

 

കഴിഞ്ഞ ഒക്ടോബര്‍ 27നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്

(നാഷണല്‍ ക്രൈം റെകോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരമാണ് കൊച്ചി. കൊച്ചി മാത്രമല്ല കേരളം മുഴുവന്‍ കുറ്റവാളികളുടെ പറുദീസയായി മാറിയിരിക്കുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസുമുതല്‍ ഇന്നലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പില്‍ പിടിക്കപ്പെട്ട കവിത പിള്ള വരെ നീളുന്നു സമീപകാല കേസുകള്‍. ഒരു സുപ്രഭാതത്തില്‍ ഇതുവരെ തങ്ങള്‍ കരമടച്ച സ്ഥലം തങ്ങളുടേതല്ലാതായി മാറുന്നു. ഭരണകൂടവും പോലീസും ഗവണ്‍മെന്‍റ് സംവിധാനങ്ങളും അതിന് ഉപയോഗിക്കപ്പെടുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടക്കുന്നു. അതിന് നേതൃത്വം കൊടുക്കുന്നയാള്‍ രാഷ്ട്രിയക്കാരുമായും സിനിമാക്കാരുമായും ഉറ്റ ബന്ധം സ്ഥാപിക്കുന്നു. വന്‍കിട തട്ടിപ്പുകള്‍ക്കിടയില്‍ സാധാരണക്കാരന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന ചെറിയ സമ്പാദ്യങ്ങള്‍പോലും തട്ടിയെടുക്കപ്പെടുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പൌരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കുന്നുണ്ടോ? ഗള്‍ഫില്‍നിന്ന് ഈയിടെ നാട്ടിലെത്തിയ തലശ്ശേരി സ്വദേശി റഷീദിന്‍റെ അനുഭവം. അഴിമുഖം പ്രതിനിധി സാജു കൊമ്പനോട് പറഞ്ഞത് )

 

സൌദിയില്‍ നിതാഖത്ത് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പാണ് ഞാന്‍ നാട്ടിലെത്തിയത്. നിതാഖത്ത് നടപ്പിലായതോടെ തിരിച്ചു പോവുക അത്ര എളുപ്പമല്ലതായി. നാട്ടില്‍ എന്തെങ്കിലും ജോലി നോക്കണം. അന്വേഷണമായി. പലതും നോക്കി. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു ചങ്ങാതിയുടെ വിളിവന്നത്. സിനിമാ യൂണിറ്റില്‍ പണിയെടുക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചുകൊണ്ടു. എന്തായാലെന്താ. തല്‍ക്കാലം ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റില്ല. സിനിമയായതുകൊണ്ട് കുഴപ്പമില്ലാത്ത വരുമാനം ഉണ്ടാകുമെന്ന് സുഹൃത് പറഞ്ഞു.

എറണാകുളം ബ്രോഡ് വേയില്‍ ഒരു സ്റ്റേഷനറി കടയിലാണ് ചങ്ങാതി ജോലിചെയ്യുന്നത്. അവിടെ സ്ഥിരമായി വരാറുള്ള ഒരു കസ്റ്റമറാണ് ജോലിക്കാര്യം പറഞ്ഞത്. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. ഏറണാകുളത്തേക്ക് തിരിച്ചു. റയില്‍വേ സ്റ്റേഷനില്‍ അയാള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അനീഷെന്നാണ്പരിചയപ്പെടുത്തിയത്. ഒട്ടോയിലാണ് ഹോട്ടെലിലേക്ക് കൊണ്ടുപോയത്. വര്‍ക് ഷോപ്പിലായതുകൊണ്ടാണ് കാര്‍ എടുക്കാത്തതെന്ന് അയാള്‍ പറഞ്ഞു. അയാള്‍ എന്നെ നേരെ കൊണ്ടുപോയത് എം ജി റോഡിലുള്ള സണ്‍ഷൈന്‍ ടൂറിസ്റ്റ് ഹോമിലേക്കാണ്. ഡബിള്‍ റൂം ബുക്ക് ചെയ്തു. റൂം അഡ്വാന്‍സ് 1000 രൂപ കൊടുത്തത് അയാള്‍ തന്നെയാണ്. എന്‍റെ ഐ ഡി പ്രൂഫാണ് ഹോട്ടെലില്‍ കൊടുത്തത്. എന്തിനാണ് ഡബിള്‍ റൂമെന്ന് ചോദിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് ഒരാള്‍കൂടി വരാനുണ്ടെന്ന് പറഞ്ഞു.

റൂമിലെത്തിയപ്പോള്‍ അയാള്‍ ജോലിക്കാര്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഫിലിം യൂണിറ്റില്‍ ജോലി ചെയ്യണമെങ്കില്‍ ആദ്യം മാക്ടയിലോ അമ്മയിലോ മെമ്പര്‍ഷിപ് എടുക്കണം. അതിന് 40000 രൂപയാകും. അത് ആദ്യം തന്നെ അടക്കണം. മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാനായി പാസ്പോര്‍ടിന്‍റെ കോപിയും ഫോടോയും അയാള്‍ വാങ്ങിച്ചു.

മോഹന്‍ലാലഭിനയിക്കുന്ന ഗീതാഞ്ജലിയുടെ സെറ്റിലാണ് ഇപ്പോള്‍ വര്‍ക് ചെയ്യുന്നത്. പാലക്കാട് നിന്ന് നിങ്ങളെ പിക് ചെയ്യാനായിട്ട് വന്നതാണെന്നും അയാള്‍ പറഞ്ഞു.

 


തട്ടിപ്പിനിരയായ ആള്‍ മൊബൈല്‍ കാമറയില്‍ എടുത്ത ചിത്രം

ആദ്യമായി നേരില്‍ കാണുന്നയാള്‍. ഫോണില്‍ സംസാരിച്ച പരിചയം മാത്രമേയുള്ളൂ. മാത്രമല്ല പണം അടയ്ക്കേണ്ട കാര്യം ഇതുവരെ അയാള്‍ പറഞ്ഞിട്ടുമില്ല. എനിക്ക് സംശയം തോന്നി. എന്‍റെ കയ്യില്‍ പണം ഇല്ല എന്ന കാര്യം ഞാന്‍ അയാളോട് പറഞ്ഞു. എന്നാല്‍ ആദ്യം 14,000 രൂപയടച്ചാല്‍ മതി. ബാക്കി അവര്‍ ശമ്പളത്തില്‍ നിന്ന് പിടിച്ചുകൊള്ളും. അതുമില്ലെന്ന് പറഞ്ഞപ്പോഴും ആയാള്‍ക്ക് വഴിയുണ്ടായിരുന്നു. അയാള് പേഴ്സില്‍ നിന്ന് 10,000 രൂപ എടുത്തു കാണിച്ചു. ഒരു 4000 രൂപ തരികയാണെങ്കില്‍ ആദ്യം ഇതങ്ങടക്കാം. ശമ്പളം കിട്ടുമ്പോള്‍ തന്നാല്‍ മതി. എന്‍റെ കയ്യില്‍ ഇത് മാത്രമേയുള്ളൂ എന്നു പറഞ്ഞു 1000 രൂപ ഞാന്‍ കൊടുത്തു. അത് പോകുന്നെങ്കില് പോകട്ടെ. റൂം അഡ്വാന്‍സ് അയാളല്ലെ കൊടുത്തത്. ഭക്ഷണം വാങ്ങിച്ചിട്ട് വരാമെന്ന് പറഞ്ഞു 1000 രൂപയും വാങ്ങി അയാള്‍ പോയി.

അതിനിടയില്‍ കുറച്ചു സിനിമാ ബന്ധമുള്ള മാധ്യമ മേഖലയില്‍ ജോലി നോക്കുന്ന എന്‍റെയൊരു ബന്ധുവിനെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത് മാക്ടയല്ല ഫെഫ്കയാണ് പ്രധാന സംഘടന. മാത്രമല്ല മെമ്പര്‍ഷിപ് ഫീസ് ഇത്രയധികം ഉണ്ടാകാനും സാധ്യതയില്ല.

അപ്പോഴേക്കും കണ്ണൂരില്‍ നിന്ന് രണ്ടാമത്തെയാള്‍ എത്തി. പ്ലസ്ടു കഴിഞ്ഞ് വീട്ടില്‍ പ്രാരാബ്ധവുമായി കഴിയുന്ന ചെറുപ്പക്കാരന്‍. എന്നെപ്പോലെ ഇയാളുടെ വാക്ക് വിശ്വസിച്ച് എത്തിയതാണ്.

രാത്രി പത്തുമണികഴിഞ്ഞിട്ടും ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞു പോയ കക്ഷി തിരിച്ചെത്തിയില്ല. മൊബൈലില്‍ വിളിച്ചപ്പോള്‍ എടുക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ സ്വിച്ചോഫായി.

പിറ്റേന്ന് ഹോട്ടെലുകാരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കാര്‍ക്കും ഇയാളെ പരിചയമില്ലെന്നാണ് പറഞ്ഞത്. അവിടത്തെ സിസിടിവിയില്‍ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ തങ്ങള്‍ സഹായിക്കാമെന്ന് ഹോട്ടെലുകാര്‍ പറഞ്ഞു.

രാവിലെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ഞങ്ങള്‍ എത്തി. ഇതുപോലത്തെ രണ്ട് പരാതി ഇതിന് മുന്പ് കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രേഖകള്‍ പരിശോധിച്ചപ്പോള്‍ അതും സിനിമയില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു പറ്റിച്ചതുതന്നെയാണ്. മാക്ടയിലും അമ്മയിലും മെമ്പര്‍ഷിപ് എടുത്തുകൊടുക്കാമെന്ന് പറഞ്ഞു മൂന്ന്‍ തിരുവനന്തപുരത്ത്കാരെയാണ് അന്ന് കബളിപ്പിച്ചത്. അന്ന് 60,000രൂപയാണ് തട്ടിയെടുത്തത്. മറ്റൊരു പരാതിയില്‍ ക്യാമറ അസിസ്റ്റന്‍റാക്കാമെന്ന് പറഞ്ഞാണ് പറ്റിച്ചിരിക്കുന്നത്.

ഞാന്‍ പോലീസ് തന്ന നമ്പറില്‍ വിളിച്ച് തിരുവനന്തപുരത്തുകാരുമായി സംസാരിച്ചു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവിശ്യപ്പെട്ടിരുന്നു. വാങ്ങിയ പണം തിരിച്ചു കൊടുക്കാമെന്ന് അയാള്‍ സമ്മതിച്ചു. എന്നാല്‍ പറഞ്ഞ തീയ്യതിക്ക് വരികയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്തില്ല. വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ എസ് എം എസ് അയച്ചു നോക്കി. എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന മറുപടിയാണ് വന്നത്. പിന്നീട് പോലീസ് ഈ കേസില്‍ എന്തെങ്കിലും അന്വേഷണം നടത്തിയതായും അറിയില്ല.

ഇതിനിടയില്‍ തിരുവനന്തപുരത്തുകാര്‍ ഹോട്ടെല്‍ മുറിയില്‍ വെച്ച് മൊബൈലില്‍ എടുത്ത അയാളുടെ ഫോടോ പോലീസ് നിര്‍ദ്ദേശിച്ചത് പ്രകാരം എനിക്കയച്ചു തന്നു. എന്നെ പറ്റിച്ച ആള്‍ തന്നെയായിരുന്നു അത്.

എനിക്ക് 1000 രൂപയും യാത്ര ചിലവും മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ഇതു പോലൊരു അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ പരാതി കൊടുത്തത്. പക്ഷേ ഇതിന് മുന്‍പ് തന്നെ പലരെയും പറ്റിച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ എനിക്ക് മനസിലായി. പരാതി കൊടുക്കാത്ത എത്രപേര്‍ ഉണ്ടാകും?

********

ഈ റിപ്പോര്‍ട് തയ്യാറാക്കുന്ന സമയം എറണാകുളത്തുള്ള റഷീദ് തന്‍റെ സുഹൃത്തിനെക്കൊണ്ട് മറ്റൊരു നമ്പറില്‍ അനീഷുമായി ബന്ധപ്പെട്ടു. താങ്കളെ ബന്ധപ്പെട്ടാല്‍ സിനിമയില്‍ ജോലി ശരിയാക്കിത്തരും എന്ന് ഒരു സുഹൃത്ത് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാണാമെന്ന് അയാള്‍ പറഞ്ഞു. അയാള്‍ തട്ടിപ്പ് തുടരുമോ? അതോ പിടിക്കപ്പെടുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍