UPDATES

യാത്ര

യാത്ര ചെയ്യുന്ന മലയാളി

സനത് ബി. ജോണ്‍
 
 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം (ഒന്നാമത്തേത് രാജസ്ഥാന്‍). എന്നാല്‍ കേരളീയരുടെ യാത്രാ സങ്കല്‍പ്പങ്ങള്‍ക്ക് ഈ അടുത്ത കാലത്താണ് ഒരു മാറ്റം ഉണ്ടായത്. 
 
ഒരു പക്ഷെ യാത്ര ചെയ്യാനുള്ള ബാഹ്യകാരണങ്ങളായ അതിശൈത്യം, കഠിന വേനല്‍, ജോലി സമ്മര്‍ദം, വരുമാനം, യാത്രയോടുള്ള കാഴ്ചപ്പാട് എന്നിവയായിരിക്കാം മലയാളിയെ ഒരു സഞ്ചാരി ആക്കാത്തത്. വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മാണം, വാഹനം എന്നിവക്കായി ജീവിത സമ്പാദ്യം മുഴുവന്‍ ഉപയോഗിക്കുന്ന മലയാളി പൊതുബോധം യാത്രയെ ഇപ്പോഴും ആഡംബര സൂചകമായി തന്നെയാണ് കാണുന്നതും. 
 
എന്നാല്‍ പുതുതലമുറ യാത്ര ചെയ്തു തുടങ്ങി. പരസ്യങ്ങളും ടൂര്‍ പാക്കേജ് കമ്പനികളും നാഗരിക ജോലി സമ്മര്‍ദങ്ങളും വിമാനക്കൂലിയുടെ ഇടിവ്, ലഭ്യത എന്നിവ ഒരു പരിധിവരെ മലയാളിയെ സ്വാധീനിച്ചിരുക്കുന്നു. സിനിമകള്‍ക്കാണ് ഇതില്‍ പ്രധാന പങ്ക്. കിലുക്കം തുടങ്ങിയ പ്രിയദര്‍ശന്‍ സിനിമകളുടെ സ്ഥിരം ലൊക്കേഷന്‍ ആയ ഊട്ടി കേരളീയരുടെ ഒരു സ്ഥിരം ഹണിമൂണ്‍ സ്ഥലവും ഹിന്ദി സിനിമകളിലെ കാശ്മീര്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലവും ആയി. യാഷ്‌ ചോപ്രയുടെ സിനിമകള്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ലോകത്തിലെ ഈറ്റവും മനോഹരമായ സ്ഥലം സ്വിറ്റ്‌സര്‍ലാന്റ് ആക്കി മാറ്റി. അതിന്റെ ഭാഗമായി സ്വിസ് ഗവണ്‍മെന്റ്‌റ് അദേഹത്തിന് സ്വന്തമായി ഗസ്റ്റ് ഹൌസ് സമ്മാനിക്കുകയും ചെയ്തു. സ്വിസ് ടൂറിസം ബോര്‍ഡ്‌സ്നെ പിന്തുടര്‍ന്നു പല വിദേശ ടൂറിസം ബോര്‍ഡുകളും ബോളിവുഡ് സിനിമകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങി. Zindagi na Milegi Dobara, 3G,Table No 21 തുടങ്ങിയവ അതില്‍ ചിലതാണ്.
 
 
മലയാളത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ലോകം ചുറ്റിയുള്ള ഒറ്റയാള്‍ സഞ്ചാരം, യാത്ര തുടങ്ങിയ പരിപാടികളും മാത്രഭൂമി യാത്രയുടെ വരവും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. യാത്ര മാസികയില്‍ സെലിബ്രിറ്റി എഴുത്തുകാരും ഒക്കെ വന്നപ്പോള്‍ അവിടെ യാത്രയുടെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് ഉണ്ടായത്. മലയാളത്തില്‍ ‘ഓര്‍ഡിനറി’ക്കുശേഷം ഗവിയിലേക്കുള്ള ഒഴുക്കും അവസാന കണ്ണിയായി നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയും ഇറങ്ങി.
 
ഐ.ടി വിപ്ലവത്തോടുകൂടി ബംഗ്ലൂരിലും മറ്റുമുള്ള യുവാക്കള്‍ വീക്കെന്‍ഡ് യാത്രകള്‍, സാഹസിക യാത്രകള്‍ എല്ലാം പരീക്ഷിച്ചു തുടങ്ങി. വലിയ ലെന്‍സും  DSLR ക്യാമറയും തൂക്കി വരുന്ന ഈ സ്വദേശി സായിപ്പന്‍മാര്‍ മലയോര നാട്ടിന്‍പുറങ്ങളില്‍ ഒരു കൌതുകവും വരുമാന മാര്‍ഗവും ആണ്. പലപ്പോഴും ബ്രാന്‍ഡ്കള്‍ അന്വേഷിച്ചു പോകുന്ന ഇവര്‍ കാട്ടിലെ നീര്‍ച്ചോലകളിലും മിനറല്‍ വാട്ടര്‍ കിട്ടാതെ വിഷമിക്കുകയും, കഫെ കോഫി ഡേ, ഹൈജീനിക്ക് റെസ്റ്റോറന്‍റുകള്‍ അന്വേഷിച്ചു നടക്കുന്നതും കാണാം. ആണ്‍ – പെണ്‍ മിശ്രിത ഗ്രൂപ്പുകള്‍ ആയി വയനാട്ടിലും മറ്റും വരുന്ന ഇവരെ സദാചാര സമ്പന്നരായ മലയാളികള്‍ വ്യഭിചാര ടൂറിസ്റ്റ് കള്‍ ആയി കാണുകയും, എന്നാല്‍ അവരില്‍ നിന്നും വന്‍തുക ഈടാക്കുന്നതും കാണാം. ഓഫീസ് ഗ്രൂപ്‌സ്, പല സംഘടന പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍ ഇങ്ങനെ പല വിഭാഗത്തില്‍ പെട്ടവര്‍ ആണ് വരാറ്. എന്നാല്‍ മൈസൂര്‍, ഗുണ്ടല്‍ പേട്ട, തേനി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ സെക്‌സ് ടൂറിസം ഉപഭോക്താക്കളായ നമ്മുടെ നാടന്‍ സദാചാര ടൂറികളേക്കാളും ഭേദം ആണ് ഇവര്‍ എന്ന് തോന്നുന്നു
 
നമ്മുടെ ഇടയില്‍ മറ്റൊരു വിഭാഗത്തിന് ടൂര്‍ എന്ന് പറഞ്ഞാല്‍ ഗോവയിലോ മറ്റൊപോയി അടിച്ചു പാമ്പായി കിടക്കുന്നതാണ്, പൊട്ടിയ ഫുള്ളിന്റെ എണ്ണമാണ് പലപ്പോഴും യാത്രയുടെ വിജയം. റോക്ക് യുഗത്തിന്റെ ഭാഗമായി കൊച്ചിയിലെയും ചില ഗ്രൂപ്പുകള്‍ ലഹരി ടൂറിസം പരീക്ഷിക്കുന്നു, കൊടൈക്കനാല്‍ മാജിക് മഷ്രൂംസ്, ഗോവന്‍ റേവ് പാര്‍ട്ടികള്‍, പിന്നെ മനാലിയിലെ കസോള്‍, പാര്‍വതിവാലി തുടങ്ങിയ സ്ഥലങ്ങള്‍ (മലനാ ക്രീം) ആണ് ഇക്കുട്ടര്‍ക്ക് പ്രിയം.
 
 
സ്‌കൂള്‍, കോളേജ്, യാത്രകള്‍ സ്ഥിരം ലൊക്കെഷന്‍ ആയ ബംഗ്ലൂര്‍, മൈസൂര്‍ നിന്നും മാറി ഹൈദരാബാദ്, പിന്നെ അവിടുന്നും മാറി ഇപ്പോള്‍ ഡല്‍ഹി വരെ എത്തി നില്‍ക്കുന്നു.
 
കുടുംബയാത്രകളാകട്ടെ ഗുരുവായൂര്‍, മൂകാംബിക, പഴനി, രാമേശ്വരം, വേളാങ്കണ്ണി, മലയാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. മലബാറില്‍ ഗള്‍ഫ് അവധിക്കു വരുന്ന കുടുംബങ്ങള്‍ ഹൌസ് ബോട്ടിലും മറ്റും കറങ്ങുന്നത് കാണാം. LTC യാത്രകള്‍ ഡല്‍ഹിയില്‍ നിന്നും മലേഷ്യ ,സിങ്കപ്പൂര്‍ തുടങ്ങിയവയിലേക്ക് മാറി.
 
ക്രിസ്ത്യന്‍ ഹോളിലാന്‍ഡ് മറ്റൊരു ടൂര്‍ ആണ്. മലേഷ്യന്‍ ഹണിമൂണും പ്രചാരത്തില്‍ വന്നു തുടങ്ങി. ഡല്‍ഹി, താജ്മഹല്‍, കശ്മീര്‍, ഹിമാലയം ഇപ്പോഴും സാധാരണക്കാരുടെ സാധിക്കാവുന്ന സ്വപ്നമായി തന്നെ തുടരുന്നു. IRCTC, റിയ, വിവേകാനന്ദ തുടങ്ങിയ ധാരാളം കമ്പനികള്‍ ബജറ്റ് ഗ്രൂപ്പ് ടൂറുമായി രംഗത്ത് ഉണ്ടുതാനും. ചെറിയ ഒരു വിഭാഗം യൂറോപ്പ്, അമേരിക്കാ, ഓസ്ട്രേലിയ യാത്രകള്‍ പോകുന്നു. ദിനംപ്രതി ഇവരുടെ എണ്ണം കൂടി വരുന്നു. റഷ്യ പാക്കേജുകള്‍, പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്തി ധാരാളം കമ്പനികളും കേരളത്തില്‍ വന്നുകഴിഞ്ഞു. ഇപ്പോഴും കേരള ഭക്ഷണവും ഷോപ്പിങ്ങും യാത്രകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ യാണ്.
 
ഇതൊക്കെയാണ് പൊതുവെയുള്ള കാര്യങ്ങള്‍ എങ്കിലും യാത്രയെ വളരെ സീരിയസ് ആയി കാണുകയും പ്രകൃതി സംരക്ഷണം, സാഹസികം, സമരം തുടങ്ങി യാത്രയുടെ പുതിയ സാധ്യതകള്‍ തേടുന്ന ധാരാളം പേരുമുണ്ട്. സ്‌കൌട്ട്, ഗൈഡ് പ്രസ്ഥാനവും എന്‍.എന്‍.എസ് ക്യാമ്പുകള്‍, പ്രകൃതി പഠന ക്യാമ്പുകള്‍ മുതലായവ ക്യാമ്പസുകളില്‍ സ്വാധീനം ചെലുത്തുന്നു. YHAI തുടങ്ങിയ സംഘടനകള്‍ യുവാക്കളുടെ ഇടയില്‍ ചുരുങ്ങിയ ചിലവില്‍ ഉള്ള യാത്രാ പാക്കേജ്കള്‍ നല്‍കാറുണ്ട്. ഇതോക്കെയാണ് പൊതുവെയുള്ള കാര്യങ്ങള്‍. സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ ഫലമായി സമാന ചിന്താഗതിയുള്ള ധാരാളം പേര്‍ ഒന്നിക്കുകയും മലയാളികളുടെ യാത്രകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
 
 
[കോഴിക്കോട് സ്വദേശിയായ സനത് കഴിഞ്ഞ നാലു വര്‍ഷമായി ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ സൌദി അറേബ്യയിലെ റിയാദില്‍.] 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍