UPDATES

ഇന്ത്യ

ചൌഹാന്‍ വാജ്പേയി ആകുമോ?

ടീം അഴിമുഖം 
 
ഈയിടെ ഉത്തരാഖണ്ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും പല സംസ്ഥാനങ്ങളിലുള്ള തീര്‍ഥാടകര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. പരിക്കേറ്റവരെ പരിപാലിച്ചിരുന്ന ഡെറാഡൂണിലെ ഒരു ആശുപത്രി സന്ദര്‍ശിച്ച മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ തന്റെ സംസ്ഥാനത്തു നിന്നുള്ള ഒരു യുവതിയെ പരിക്കേറ്റ നിലയില്‍ കണ്ടു. മാതാപിതാക്കള്‍ ബദരീനാഥിലെ പേമാരിയില്‍ കൊല്ലപ്പെട്ടു എന്നും തനിക്കാരുമില്ലാതായെന്നും അവര്‍ ചൌഹാനോട് പറഞ്ഞു. 
 
അവര്‍ക്ക് വന്‍തുക നഷ്ട പരിഹാരവും സര്‍ക്കാര്‍ ജോലിയും ചൌഹാന്‍ അവിടെ വച്ച് തന്നെ ഉറപ്പ് നല്‍കി . ഏറെ താമസിയാതെ ആ യുവതിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തങ്ങള്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞ് രംഗത്തെത്തി. യുവതി ഒരു സ്ഥിരം തട്ടിപ്പ്കാരി ആണെന്ന് പിന്നീടുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തി. 
 
ചൗഹാന്റെ പ്രസിദ്ധമായ ദീനാനുകമ്പ ഇത്തരം കുറെ തമാശകള്‍ നിറഞ്ഞതാണ്. എടുത്തു ചാട്ടം എന്ന് വിളിക്കാവുന്ന കുറെ തിരുമാനങ്ങള്‍. മധ്യ പ്രദേശില്‍ പക്ഷെ ബി ജെ പിയെ പിടിച്ചു നിര്‍ത്തുന്നത് ഈ എടുത്തു ചാട്ടക്കാരന്റെ ‘ദീനാനുകമ്പ’ തന്നെയാണ്. എനിക്ക് വോട്ടു തരൂ എന്നാണു ചൌഹാന്‍ പ്രചാരണ സമ്മേളനങ്ങളില്‍ പറയുന്നത്. നിങ്ങള്‍ ബി ജെ പിക്ക് നല്കുന്ന വോട്ടുകള്‍ തനിക്കാണ്, അല്ലാതെ ആ പ്രദേശത്തെ എം എല്‍ എക്കോ നേതാവിനോ അല്ലെന്നു സാരം. ഈ ക്യാമ്പെയിനില്‍ പക്ഷെ ജനം വീഴുന്നുണ്ട് എന്ന് വേണം കരുതാന്‍. 10 വര്‍ഷത്തെ ഭരണവിരുദ്ധവികാരം അതി ജീവിക്കാന്‍ ബി ജെ പിയെ സഹായിക്കുന്നത് ചൗഹാന്റെ ഈ പ്രഭാവം ആണ്. 
 
150 സീറ്റുകള്‍ ആണ് 230 അംഗങ്ങള്‍ ഉള്ള സഭയില്‍ ചൗഹാനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നരേന്ദ്ര സിംഗ് തോമറും സംഘടനാ ചുമതല ഉള്ള  ജനറല്‍ സെക്രടറി അരവിന്ദ് മേനോനും അടങ്ങുന്ന ത്രിമൂര്‍ത്തി സംഘം ലക്ഷ്യം വക്കുന്നത്. പക്ഷെ അത്രക്ക് വേണ്ട എന്നാണു പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗം കരുതുന്നത്. 
 
അനില്‍ ദാവെ, പ്രഭാത് ഝാ എന്നീ തല മുതിര്‍ന്ന നേതാക്കള്‍ ചൗഹാനെതിരെ ഒരു ജിഞ്ചര്‍ ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് സാക്ഷാല്‍ നരേന്ദ്ര മോദിയുടെ പിന്തുണ ഉണ്ടെന്നാണ് പാര്‍ട്ടിക്കകത്തെ സംസാരം. ചൗഹാന്റെ വിജയങ്ങള്‍ അവരുടെ ഉറക്കം കെടുത്തുന്നു എന്ന് വേണം കരുതാന്‍. 
 
സംഘ പരിവാരത്തിന് മോദിയെക്കാള്‍ പ്രിയപ്പെട്ടവനത്രേ ചൌഹാന്‍. 274 എന്ന മുന്നണി സംഖ്യ തികയാതെ വന്നാല്‍ ചൗഹാനെയായിരിക്കും ഒരു പക്ഷെ പരിവാര്‍ ‘മതനിരപേക്ഷ’ പാര്‍ടികള്‍ക്ക് മുന്നില്‍ എത്തിക്കുക. മുസ്ലിം തൊപ്പി ധരിക്കാന്‍ വിമ്മിഷ്ടമില്ലാത്ത ചൌഹാന്‍ ഒരു പക്ഷെ നല്ലൊരു മുന്നണി മാനേജര്‍ ആയാലോ… വാജ്‌പേയിയെ ഒക്കെ പോലെ…! 
 
പക്ഷെ സ്വകാര്യ സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും ചൌഹാന്‍ ആണയിട്ട് പറയുന്നു തനിക്ക് ഡല്‍ഹി താല്‍പ്പര്യങ്ങള്‍ ഇല്ലെന്ന്. പക്ഷെ, സംഘം പറഞ്ഞാല്‍? 
 
 
അദ്വാനി – സുഷമ സ്വരാജ് അച്ചുതണ്ടിനെ പ്രോത്സാഹിപ്പിക്കുന്ന ഒഒരാള്‍ കൂടിയാണ് ചൌഹാന്‍. മോദി ജ്യേഷ്ഠസഹോദരനെ പോലെ ആണെന്നും പറയാറുണ്ട് ചൌഹാന്‍. ആരെയും പിണക്കുന്നില്ലെന്നു ചുരുക്കം. 
 
പക്ഷെ കഴിഞ്ഞ എട്ടു കൊല്ലാതെ ഭരണം അത്ര മികവുറ്റത് എന്നൊന്നും പറയാന്‍ കഴിയാത്തതാണ്. 20 ശതമാനത്തില്‍ അധികം ആദിവാസികള്‍ ഉള്ള സംസ്ഥാനം. കൃഷിക്ക് നല്കിയ ഊന്നലിലും വ്യവസായ സംരഭങ്ങളിലും പക്ഷെ ഈ വിഭാഗത്തിന് വേണ്ട പ്രാധാന്യം നല്കിയില്ല. സംസ്ഥാനമൊട്ടുക്കും കാണാം ഭൂമിക്ക് വേണ്ടിയുള്ള ആദിവാസിയുടെ സമരങ്ങള്‍. പോരാത്തതിന് ഇവര്‍ക്കിടയില്‍ ഹിന്ദുത്വ ശക്തികള്‍ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും.   
 
മോദിയുടെ ഗുജറാത്തുമായുള്ള മത്സരം ചൗഹാന്റെ കാര്‍ഷിക ഫോക്കസിനെ ഇല്ലാതാക്കി. ഇപ്പോള്‍ ശ്രദ്ധ കൃഷിയിലും അല്ല വ്യവസായത്തിലും അല്ലെന്നു ചുരുക്കം. കര്‍ഷക പുത്രന്‍ ആണ് താന്‍ എന്ന് ഇടയ്ക്കിടെ പറയുമ്പോഴും ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെത്തി മധ്യ പ്രദേശില്‍ വ്യവസായത്തിന്റെ പേരില് ഭൂമി വാങ്ങിക്കൂട്ടുന്ന ഒരു പുതിയ വര്‍ഗത്തെ എന്ത് ചെയ്യണം എന്ന് ചൌഹാന്‍ ഇനിയും തിരുമാനിച്ചിട്ടില്ല. 
 
താന്‍ എളിയവനാണെന്നും ദിഗ്വിജയ സിംഗിനെ പോലെയോ ജ്യോതിരാദിത്യ സിന്ധ്യയെ പോലെയോ ഉള്ള രാജാക്കന്മാരെ ഇനി സംസ്ഥാനത്തിന് വേണ്ടെന്നുമുള്ള ചൗഹാന്റെ പ്രചാരണം കാറ്റു പിടിക്കുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പക്ഷെ വലിയൊരു സംസ്ഥാനത്തിന്റെ തലവന് അല്പ്പം കൂടി വ്യക്തത ആവാം. അതിനുള്ള പാഠം കൂടി ചൌഹാന്‍ ഈ തിരഞ്ഞെടുപ്പില്‍ നിന്ന് പഠിക്കുമെന്ന് പ്രതീക്ഷിക്കാം.   
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍