UPDATES

ഇന്ത്യ

റാന്‍ബാക്‌സിയുടെ തട്ടിപ്പ് മരുന്ന് നിങ്ങളും കഴിച്ചിട്ടുണ്ടോ?

 

ടീം അഴിമുഖം

 
 
തിളങ്ങുന്ന ഇന്ത്യയുടെ മുന്നേറ്റത്തില്‍ പങ്കാളിയാകുന്നതിനാണ് അമേരിക്കയില്‍ നിന്ന് ദിനേഷ് ഠാക്കൂറും കുടുംബവും ഹരിയാനയിലെ ഗുഡ്ഗാവില്‍ എത്തുന്നത്. ന്യൂജേഴ്‌സിയിലുള്ള ബ്രിസ്‌തോള്‍-മയേഴ്‌സ് സ്‌ക്യുബ് എന്ന മെഡിക്കല്‍ കമ്പനിയിലെ ജോലി രാജിവച്ചായിരുന്നു ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം. ഇന്ത്യയില്‍, വില കുറഞ്ഞ ജനറിക് മരുന്നുകളുടെ നിര്‍മാണത്തിലും പ്രചരണത്തിലും വിപ്‌ളവകരമായ മാറ്റം സൃഷ്ടിച്ചിരുന്ന റാന്‍ബാക്‌സി തന്നെയായിരുന്നു ഠാക്കൂറിന് ചേരാന്‍ പറ്റിയ സ്ഥലം. 2002-ല്‍ റാന്‍ബാക്‌സിയില്‍ ഡയറക്ടറായി ദിനേഷ് ഠാക്കൂര്‍ ചുമതലയേറ്റു. 
 
ഗുഡ്ഗാവിലെ ആഡംബരം നിറഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ ഒരു ദിവസം അദ്ദേഹത്തിന്റെ മൂന്ന് വയസുകാരനായ മകന് ചെവിവേദന തുടങ്ങി. ശിശുരോഗ വിദഗ്ധനെ കണ്ടപ്പോള്‍ റാന്‍ബാക്‌സിയുടെ ആന്റിബയോട്ടിക് ആയ അമോക്‌സിക്ലാവ് എഴുതി നല്‍കി. സ്വന്തം കമ്പനി ഉത്പന്നമായ ഈ മരുന്ന് അടുത്ത മൂന്ന് ദിവസം നല്‍കിയിട്ടും അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല. മൂന്നാം നാള്‍ ഗ്ലാക്‌സോ സ്മിത് ക്ലൈന്‍ എന്ന കമ്പനിയുടെ വിലകൂടിയ ബ്രാന്‍ഡഡ് ആന്റോബയോട്ടിക് നല്‍കിയപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ചെവിവേദനയും 102 ഡിഗ്രി പനിയും പമ്പ കടന്നു. 
 
തങ്ങള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് ഠാക്കൂറിന് അന്നേ തോന്നിയിരുന്നെങ്കിലും അതു കണ്ടെത്താന്‍ പിന്നെയും രണ്ടു വര്‍ഷം വേണ്ടി വന്നു. 2004 ഓഗസ്റ്റ് 18-ന് രാവിലെ, തന്റെ ബോസും റാന്‍ബാക്‌സിയുടെ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് മേധാവിയുമായ ഡോ. രജീന്ദര്‍ കുമാറിന് ഠാക്കൂറിനോട് പറയാനുണ്ടായിരുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലഭിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വിതരണം ചെയ്യാനായി ലോകാരോഗ്യ സംഘടനയ്ക്ക് റാന്‍ബാക്‌സി നല്‍കിയ മരുന്നുകളുടെ പരീക്ഷണഫലം കെട്ടിച്ചമച്ചതായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ രണ്ടു പേരും ചേര്‍ന്ന് അന്വേഷണം തുടങ്ങി. ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ദക്ഷിണാഫ്രിക്കയിലേക്ക് മാത്രമല്ല മറ്റു പല രാജ്യങ്ങളിലേക്കും അയയ്ക്കുന്ന മരുന്നുകള്‍ വ്യാജമായി ഉണ്ടാക്കിയെടുത്ത ടെസ്റ്റ് റിസല്‍റ്റിന്റെ പുറത്തായിരുന്നുവെന്നും അതുവഴി ഈ മരുന്നുകള്‍ വില്‍ക്കാനുള്ള അംഗീകാരം നേടിയെടുക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു അമേരിക്കന്‍ മാര്‍ക്കറ്റ്. അവിടെ ജെനറിക് ഡ്രഗ് വില്‍ക്കുന്ന കമ്പനികളില്‍ ഏറ്റവും മുന്നില്‍ തന്നെയായിരുന്നു റാന്‍ബാക്സി. 2008-ല്‍ 20-ഓളം മരുന്നുകള്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നതിന് റാന്‍ബാക്സി അപേക്ഷ നല്കിയിരുന്നു. വില്‍ക്കാന്‍ പോകുന്ന തങ്ങളുടെ കമ്പനിയുടെ ഓഹരി മൂല്യം കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു ഇതെന്നാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം റാന്‍ബാക്സിയെ ലോകത്തിലെ ഏറ്റവും വലിയ മരുന്നുത്പാദക കമ്പനികളിലൊന്നായ ജപ്പാന്റെ ദൈച്ചി സന്‍ക്യോക്കു വിറ്റു. നൂറ്റമ്പത് രാജ്യങ്ങളിലെ മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യമുള്ള റാന്‍ബാക്‌സി ഇന്ന് ദൈച്ചിയുടെ നിയന്ത്രണത്തിലാണ്. ഇന്തോ-പാക് വിഭജനകാലത്ത് വെറുംകൈയോടെ ഡല്‍ഹിയിലെത്തിയ ഒരു സിക്ക് കുടുംബം തുടങ്ങിയ കമ്പനി 2008-ല്‍ വില്‍ക്കുമ്പോള്‍ അവരുടെ 34.8 ശതമാനം ഓഹരിക്ക് പതിനായിരം കോടി രൂപയാണ് ലഭിച്ചത്. ഇന്ന് ഫോര്‍ട്ടിസ് ആശുപത്രികളും റെലിഗെയര്‍ ധനകാര്യ സര്‍വീസും അടക്കം പുതിയ ബിസിനസ് സാമ്രാജ്യം വിപുലമാക്കാനുള്ള തിരക്കിലാണ് ഈ സഹോദരന്മാരായ മാല്‍വീന്ദര്‍, ശിവീന്ദര്‍ എന്നീ മുന്‍ റാന്‍ബാക്‌സി ഉടമസ്ഥര്‍.
 
 
 
 
ഡോ.രജീന്ദര്‍ കുമാറും ഠാക്കൂറും തങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ ഫലം റാന്‍ബാക്‌സി മാനേജ്‌മെന്റിന് സമര്‍പ്പിച്ചു. പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയത്തില്‍ നടപടിയെടുക്കുമെന്ന് തോന്നിയില്ല. നിലവാരം കുറഞ്ഞ മരുന്നുകളുടെ പ്രയോജനമില്ലായ്മ തുറന്ന് കാട്ടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച കമ്പനിക്കെതിരേ ഠാക്കൂര്‍ തിരിഞ്ഞു. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനായിരുന്നു ഠാക്കൂറിന്റെ ആശ്രയം. അവിടെ അദ്ദേഹം കമ്പനിയുടെ തട്ടിപ്പിന്റെ തെളിവുകള്‍ നിരത്തി (whistleblower). അമേരിക്കന്‍ ഏജന്‍സികള്‍ നടത്തിയ അഞ്ച് വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ റാന്‍ബാക്‌സിയുടെ തട്ടിപ്പ് മുഴുവന്‍ പൊളിച്ചടുക്കി. പിടിക്കപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ് രക്ഷപെടാനാണ് റാന്‍ബാക്‌സി ശ്രമിച്ചത്. ഇക്കഴിഞ്ഞ മെയ് 13 ന് അഞ്ഞൂറ് മില്യന്‍ ഡോളര്‍ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ) പിഴയായി അടച്ച് ഒടുവില്‍ തലയൂരുകയായിരുന്നു. വിസില്‍ ബ്‌ളോവര്‍ പുരസ്‌ക്കാരമായി ഠാക്കൂറിന് 260 കോടി രൂപ ലഭിച്ചു. ദൈച്ചി ഇപ്പോള്‍ പറയുന്നത് റാന്‍ബാക്സിയുടെ പഴയ ഉടമസ്ഥര്‍ അമേരിക്കയില്‍ നടന്നു കൊണ്ടിരുന്ന അന്വേഷണങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും തങ്ങള്‍ക്ക് തന്നില്ല എന്നാണ്. എന്നാല്‍ ദൈച്ചിയുടെ ആരോപണങ്ങളെ മാള്‍വീന്ദര്‍ നിഷേധിച്ചു. റാന്‍ബാക്സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറം ലോകത്തിന് അറിയാമായിരുന്നുവെന്നും ദൈച്ചി ചോദിച്ച എല്ലാ വിവരങ്ങളും നല്‍കിയിരുന്നുവെന്നും മാള്‍വീന്ദര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. 
 
 
റാന്‍ബാക്‌സി സംഭവം അസ്വസ്ഥ സൃഷ്ടിക്കുന്ന പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ വമ്പന്‍ മരുന്ന് ഉത്പാദക കമ്പനിയായ റാന്‍ബാക്‌സി ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് എത്ര കോടി രൂപാ തട്ടിപ്പിലൂടെ കീശയിലാക്കിയിരിക്കാം. നിലവാരം കുറഞ്ഞ മരുന്നുകള്‍ കഴിച്ചവരില്‍ എന്തൊക്കെ ദോഷം ഉണ്ടാക്കിയിട്ടുണ്ടെന്ന് ആര്‍ക്കും തിട്ടമില്ല. അരേിക്കയില്‍ നടന്ന അന്വേഷണത്തെക്കുറിച്ച് അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടക്കുന്ന വിദ്യയാണ് ഇന്ത്യയുടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ചെയ്യുന്നത്. കൃത്യമായി മരുന്നുകളുടെ നിലവാര പരിശോധന നടത്തി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പകരം മരുന്ന് കമ്പനികളുടെ പിണിയാളുകളായി ഇവര്‍ അധ:പതിച്ചതിച്ചിരിക്കുകയാണ്. ഇത് തന്നെയാണ് മറ്റു വിഭാഗങ്ങളിലേയും നിയന്ത്രണ സംവിധാനങ്ങളുടേയും അവസ്ഥ. 
 
ഇതിനുമപ്പുറം മറ്റൊരു ചോദ്യം കുടിയുണ്ട്. എന്തുകൊണ്ട് ഠാക്കൂര്‍ ഇന്ത്യയിലെ മരുന്ന് പരിശോധനാ വിഭാഗത്തെ സമീപിച്ചില്ല? കാരണം പൊതുജനങ്ങളെ ബാധിക്കുന്ന വിഷയം അധികാരികളെ ബോധ്യപ്പെടുത്തിയാല്‍ കുറ്റകൃത്യം തടയാനോ ആവര്‍ത്തിക്കാതിരിക്കാനോ മാത്രമല്ല വിസില്‍ ബ്‌ളോവറെ സംരക്ഷിക്കാനോ ഉള്ള ശക്തമായ സ്വതന്ത്ര സംവിധാനം ഇന്ത്യയില്‍ ഇല്ല എന്നതാണ് ഇതിന് ഉത്തരം. പുതു തലമുറ മുതലാളിമാരുടെ ലാഭക്കൊതിയിലേക്കുള്ള ചൂണ്ടുപലക മാത്രമല്ല റാന്‍ബാക്‌സി സംഭവം, അതിനുപരിയായി നമ്മുടെ പോരായ്മകളെ വിളിച്ച് പറയുന്ന ധിക്കാരികള്‍ക്ക് വീരപരിവേഷം നല്‍കി ആഘോഷിക്കുന്ന സംസ്‌ക്കാരം ഇല്ലാത്തതിന്റെ ഉദാഹരണം കൂടിയാണിത്.
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍