UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

കറുത്ത മാലാഖമാരുടെ പോസ്റ്റ്മെട്രിക് ജീവിതങ്ങള്‍

പതിനൊന്നു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് കാര്യവട്ടത്ത് യുനിവേഴ്‌സിറ്റിയില്‍ മാധ്യമ പഠനം നടത്തുന്ന കാലത്ത് വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ എനിക്ക് ഒരു അഡ്മിഷന്‍ കിട്ടാന്‍ വലിയ പാട് തന്നെ ആയിരുന്നു. പട്ടികജാതി വകുപ്പിന്റെ നൂലാമാലാകള്‍ ഒക്കെ കഴിഞ്ഞു ഒരു അഡ്മിഷന്‍ കിട്ടുക എന്നത് കാലം കുറെ എടുക്കും എന്ന് മനസ്സിലായി. അങ്ങനെയാണ് എന്റെ കൂടെ തന്നെ പഠിച്ചിരുന്ന അമിയ എന്ന സുഹൃത്തിന്റെ കൂടെ ഒരു ഗസ്റ്റ് ആയി തങ്ങാം എന്ന് വിചാരിച്ചത്. കയ്യില്‍ കാശ് ഒന്നും ഇല്ലാത്തതു കൊണ്ട് വൈകുന്നേരം അമിയ കൊണ്ട് വരുന്ന ഗസ്റ്റ് ഫുഡിനു കാത്തിരിക്കണം വിശപ്പടക്കാന്‍. അതിങ്ങനെ ആണ്. ഹൊസ്റ്റലിലെ മെസ്സ് ടൈം കഴിഞ്ഞാല്‍ ഒരു ചോറ്റു പാത്രത്തില്‍ ഗസ്റ്റുകള്‍ക്കായി  ബാക്കിയുള്ള ആഹാരം ഓരോ റൂമിലുള്ളവരും ക്യു നിന്നും ഇടിച്ചും കൈയ്യൂക്ക് കാണിച്ചും ഒക്കെ വാങ്ങിച്ചെടുക്കും. മിക്കവാറും ചോറും അതിന്റെ മുകളില്‍ ഒഴിച്ച സാമ്പാറും ഒക്കെ ആണ് കിട്ടുക. അത് അമിയ റൂമിലേക്ക് കൊണ്ട് വരുമ്പോള്‍ തന്നെ കൈ കഴുകാന്‍ ബാത്ത് റൂമിലേക്ക് ഓടും. പിന്നെ ഒറ്റയടിക്ക് കഴിച്ചു തീര്‍ക്കും. അത്രക്കുണ്ടാകും വിശപ്പ് . ചില ദിവസങ്ങളില്‍ അമിയ വന്നു കൈ മലര്ത്തും. ‘ഇന്ന് ഒന്നും കിട്ടിയില്ലെട…’ അപ്പൊ പിന്നെ ഒരു ചമ്മിയ ചിരി ചിരിക്കേണ്ടി വരും. പിന്നെ ഒരു കാജ ബീഡി വലിച്ചും വെള്ളം കുടിച്ചും ഒക്കെ  വിശപ്പടക്കും.
 
ചിലപ്പോള്‍ അച്ഛനെക്കുറിച്ച് ഓര്‍ക്കും. അച്ഛന്‍ ഒക്കെ ആറാം ക്ലാസ്സില്‍ തൊട്ടു പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ആയിരുന്നു ജീവിച്ചത്. അന്ന് മുതലൊക്കേ ആയിരുന്നു ശരിക്കും ആഹാരം ഒക്കെ കഴിക്കാന്‍ തുടങ്ങിയത്. പെരിങ്ങീല്‍ എന്ന അച്ഛന്റെ ദേശത്ത് ചിലപ്പോള്‍  നല്ല വെള്ളം കിട്ടാത്തത് കൊണ്ട് ഉപ്പു വെള്ളത്തിലൊക്കെ ചോറ് വെച്ചു കഴിക്കേണ്ടി വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അച്ഛന്‍ ലീവ് കിട്ടുമ്പോ നാട്ടില്‍ പോകും. ഹോസ്റ്റല്‍ വാസം കഴിഞ്ഞു കിട്ടുന്ന തുഛമായ സ്റ്റൈപന്‍റ് വീട്ടില് കൊണ്ട് കൊടുക്കും. പിന്നെ കൈപ്പാട്ടില്‍ പണി എടുത്തു വീട്ടിലേക്കും സമ്പാദിക്കും. അങ്ങനെ പഠിച്ച് ഗവന്മേന്റ്‌റ് ജോലി ഒക്കെ നേടി എടുത്താണ് അഛന്‍  ഞങ്ങളെ പഠിപ്പിച്ചത്. അപ്പൊ ഈ പട്ടിണി ഒന്നും അല്ല എന്ന് വിചാരിച്ച് അങ്ങനെ ചുരുണ്ട് കൂടും. ചിലപ്പോള്‍  ഹോസ്റ്റലില്‍ ആഘോഷങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ ഗസ്ടുകളെയും  ഭക്ഷണത്തിനു വിളിക്കും. അവരുടെ കൂടെ നാണം കെടാതെ ഭക്ഷണം കഴിക്കും. ചിലപ്പോള്‍ മദ്യപാന സദസ്സോക്കെ ഉണ്ടാകും. മാലയിട്ട സ്വാമിമാര്‍ മാല ഊരി വെച്ചു മദ്യവും ബീഫും കഴിച്ചു വീണ്ടും മാല തിരിച്ച്ചിടും.
 
 
പലര്‍ക്കും തല ചായ്ക്കാന്‍ ഒരിടം ആയിരുന്നു ഈ ഹോസ്റ്റല്‍. ഒരിക്കല്‍ കിടക്കാന്‍ ഒരിടം ചോദിച്ച ഒരു സുഹൃത്തിനെ എന്റെ അനിയന്റെ റൂമില്‍ താമസിപ്പിച്ചു. എനിക്ക് ശേഷം അനിയന്‍ ആ ഹോസ്റ്റലില്‍ അന്തേവാസി ആയിരുന്നു. അവന്റെ ഗസ്റ്റും ആയിരുന്നു ഞാന്‍. അന്ന് ആ സുഹൃത്ത് കുറെ ഇടതുപക്ഷ രാഷ്ട്രീയം ഒക്കെ പറഞ്ഞു. അനിയന്‍ വെറുത്തു. കുറെ വര്‍ഷങ്ങള്‍ക്കും ശേഷം അയാളെ പിന്നീട് കൊച്ചിയില്‍ വെച്ച് കണ്ടു. വലിയ സിനിമ നടന്‍ ഒക്കെ ആയി. കുറെ സംസാരിച്ചു. അയാള്‍ വീണ്ടും ഇടതുപക്ഷ രാഷ്ട്രീയം ഒക്കെ പറഞ്ഞു. വീണ്ടും, തന്നെ പാര്‍ടി എം പി സ്ഥാനത്ത് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അനിയന്‍ പണ്ട് വെറുത്തിരുന്നെങ്കില്‍ ഞാന്‍ പതുക്കെ ചിരിച്ചു സ്‌കൂട്ട് ആയി. 
 
ഭക്ഷണ പ്രശ്‌നത്തിലേക്ക് തിരികെ വരാം. അമിയ ‘ഇന്ന്’ ഒന്നും കിട്ടിയില്ലെട എന്നു പറഞ്ഞാല്‍  പിന്നെ ഒരു വെപ്രാളം ആണ്. ഒന്നും കിട്ടിയില്ലെടാ എന്ന് അവന്‍ പറയുന്ന ദിവസം പരവശവും വിശപ്പും കൂടും. പിന്നെ ആകെ ഉള്ള ശരണം പുറത്തെ വെള്ളയമ്പലത്തിലെ  തട്ട് കടയിലെ പൊറോട്ട ആണ്. പൊറോട്ട വാങ്ങിക്കാനുള്ള കാശ് ആരോടെങ്കിലും കടം വാങ്ങിക്കണം. ചിലപ്പോ കിട്ടും, ചിലപ്പോ കിട്ടില്ല. ഒരു ദിവസം അങ്ങനെ ആഹാരം ഇല്ലാത്ത ദിവസം കാശും കിട്ടിയില്ല. റൂമില്‍ ആരടുത്തും പൈസയും ഇല്ല. ഒടുവില്‍ റൂം അരിച്ചു പെറുക്കാന്‍ തീരുമാനിച്ചു. റൂമിലെ വെയിസ്റ്റ് ഇടുന്ന ഒരു  മൂലയില്‍ ഒളിച്ചിരിക്കുന്ന ഒരു രണ്ടു രൂപ നാണയം കണ്ടു. അതും എടുത്തോണ്ട് തട്ട് കടയില്‍ പോയി. പിന്നെ ‘ചേട്ടാ ഒരു പൊറോട്ട’ എന്ന് പറഞ്ഞാല്‍ ആ ‘ഒരു’ എന്ന വാക്കില്‍  അവിടത്തെ ചേട്ടന് മനസ്സിലാകും കയ്യില്‍  കാശ് ഇല്ലാന്ന്. ചേട്ടന്‍ ‘നീ കഴിച്ചോട പുള്ളേ’ എന്ന് പറഞ്ഞു രണ്ടോ മൂന്നോ പൊറോട്ട ഇട്ടു തരും. എന്നിട്ട് ചാറും ഊറ്റി തരും. പിന്നെ കുറെ കാലം കഴിഞ്ഞു ഈയിടെ ഒരു ടി വി പരിപാടിയില്‍ ഒരു നടി ഇങ്ങനെ പറഞ്ഞത് കേട്ട് നിര്‍ത്താതെ ചിരിച്ചത്. അവര്‍ സന്തോഷ് പണ്ഡിറ്റ് എന്ന നടനോട് പറയുകയാണ്. ‘ഒരു മാതിരി തട്ട് കട സംസ്‌കാരം കാണിക്കരുത് എന്ന് ‘. ആ തട്ട് കടയിലെ ചേട്ടനോട് ഇത് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞേനെ. ‘പോട്ടേട പുള്ളേ അവര്‍ക്കൊക്കെ എന്തും പറയാല്ലോ.’
 
പിന്നെ കുറച്ച് കാലം കഴിഞ്ഞു  തിരുവനന്തപുരം ഒക്കെ വിട്ടു മൂന്നോ നാലോ  വര്‍ഷങ്ങള്‍ക്കു ശേഷം തൃശ്ശൂരിലെ ശ്രീകൃഷ്ണ കോളേജില്‍ അദ്ധ്യാപകന്‍ ആയി ജോലി ചെയ്യുമ്പോ 2004-ലോ മറ്റോ ഒരു ആഗസ്റ്റ് പതിനഞ്ചിന്, ഒരു സ്വാതന്ത്ര്യദിന പതിപ്പിലോ വാരാന്ത്യ പതിപ്പിലോ മറ്റോ രാഘവനെ കുറിച്ച് ഒരു ഫുള്‍പേജ് സ്‌റ്റോറി കണ്ടത്. കാസര്‍കോഡ് നിന്ന് വന്ന രാഘവന്‍ എന്ന ആദിവാസി യുവാവ് പൈലറ്റ് പരിശീലനത്തിന് തിരുവനന്തപുരത്ത്. രാഘവന്‍ പൈലറ്റ് ആയാല്‍ ഒരു കൂരക്കു അരികില്‍ നിന്നും രാഘവന്റെ അച്ഛനും അമ്മയും ആകാശത്തേക്ക് മകന്‍ പറപ്പിക്കുന്ന വിമാനം നോക്കും എന്നൊക്കെ എഴുതി പിടിപ്പിച്ച്ചിട്ടുണ്ട്. സ്വാതന്ത്യ ദിനവും സ്വാതന്ത്ര്യവും ഒക്കെ ആയി രാഘവനെ ചേര്‍ത്ത് വെച്ചു മനോരമ എഴുതി. പരിശീലനം കഴിഞ്ഞാല്‍ ഒരു പക്ഷെ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി പൈലറ്റ് ആകും രാഘവന്‍ എന്നൊക്കെ ആണ് വാര്‍ത്ത.
 
 
രാഘവന്‍ ആ വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹൊസ്റ്റ്‌ലില്‍ അന്തേവാസി ആയിരുന്നു. ഞങ്ങളുടെ അതേ കാലഘട്ടത്തില്‍. യുനിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഹോസ്റ്റലിലെ മെസ്സിലേക്കുള്ള സാധനങ്ങളൊക്കെ രാഘവന്‍ ആയിരുന്നു വാങ്ങിക്കുക. എപ്പഴും അവിടത്തെ കാര്യങ്ങള്‍ക്കൊക്കെ വേണ്ടി ഓടി നടക്കും. മിക്കവാറും ചാക്കില്‍ പച്ചക്കറിയും മെസ്സിലേക്കുള്ള വിറകുമൊക്കെ ചുമക്കുന്നതു കാണാം. രാഘവന്‍ ഇങ്ങനെ മെസ്സില്‍ പണി എടുത്തു, ഒന്നും പഠിക്കാതെ അവസാനിക്കും എന്ന് ഞങ്ങളൊക്കെ കരുതി. പന്നീടാണ് തിരുവനന്തപുരത്തെ പൈലറ്റ് അക്കാദമിയില്‍  രാഘവന്‍ ചേര്‍ന്നത്. അവിടത്തെ സ്‌റ്റൈപ്പന്ടിനും മറ്റ് അവകാശങ്ങള്‍ക്കൊക്കെ ആയി രാഘവന്‍ നിരന്തരം സമരം നടത്തുകയും മന്ത്രിമാരെ കണ്ടു നിവേദനം നല്കിയും ചര്‍ച്ചകള്‍ നടത്തിയും ഒക്കെ മുന്നോട്ടു പോയി. അക്കാലഘട്ടങ്ങളില്‍ ആണ് മനോരമയില്‍ രാഘവനെക്കുരിച്ച് വാര്‍ത്ത വന്നത്. കാലം പിന്നെയും കഴിഞ്ഞു. കാസര്‍കോട്ടെ എന്തോ ഒരു ആവശ്യ ത്തിനോ, ഒരു കാര്യം അറിയുന്നതിനോ വേണ്ടി രാഘവന്റെ നമ്പര്‍ തപ്പി വിളിച്ചു. രാഘവന്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി ഇതായിരുന്നു. ‘ഞാന്‍ ഇപ്പൊ റയില്‍വേയില്‍ ജോലി ചെയ്യുന്നു.’
 
പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പഠിക്കുമ്പോള്‍ തന്നെ കലാകൌമുദിയുടെ ആയുരാരോഗ്യം എന്ന ഒരു മാസികയില്‍ സബ് എഡിറ്റര്‍ പോസ്റ്റില്‍ ജോലി കിട്ടിയിരുന്നു. രണ്ടായിരം രൂപ ശമ്പളം. ശമ്പളം കിട്ടിയാല്‍ ഉടനെ സിനിമാക്ക് പോകും. ന്യൂ തീയേറ്റര്‍ മുതല്‍ ശ്രീബാല ടാക്കീസില്‍ വരെ പോകും. ശ്രീബാലയില്‍ മിക്കവാറും ഷക്കീലയുടെ പടങ്ങള്‍ ആയിരുന്നു കളിച്ചത്. പിന്നീട് കുറെ കാലം കഴിഞ്ഞു ശ്രീബാല കെ മേനോന്‍ എന്ന എഴുത്തുകാരി തന്റെ പേരില് ഇങ്ങനെ ഒരു ടാക്കീസ് തിരുവനന്തപുരത്ത് ഉണ്ട് എന്ന് എഴുതിയിരുന്നു. അവര്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ അസോസിയേറ്റ് സംവിധായക ആയിരുന്നു/ ആണ്. എന്തായാലും സന്ത്യന്‍ അന്തിക്കാട് സിനിമയിലെ സ്ത്രീകളെക്കാള്‍ ശക്തിയും നേര്‍മ്മയും പരിശുദ്ധി ഇല്ലായ്മയും സദാചാരജാഡ ഇല്ലായ്മയും ഒക്കെ ശ്രീബാലയിലെ ഷക്കീലക്കും രേഷ്മക്കും ഒക്കെ ഉണ്ടായിരുന്നു.
 
ഒരിക്കല്‍ എന്റെ സുഹൃത്ത് അനുമോദ് റൂമില്‍ വന്നു അന്തം വിട്ടു പറഞ്ഞ കാര്യം വലിയ ഒരു കോമഡി ആയിരുന്നു. ‘എടാ ശ്രീ കുമാര്‍ തിയേറ്ററില്‍ ഒരു ഉഗ്രന്‍ ബാല കളിക്കുന്നു. പേര് ഒന്നാമന്‍ (മോഹന്‍ലാലിന്റെ പടം). നാല് സ്ടണ്ടും നാല് പാട്ടും’. അനുമോദ് ഇന്ന് ഖാദി ബോര്‍ഡിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആണ്.
 
വഴയിലയില്‍ ഉള്ള ജസ്റ്റിന്‍ എന്ന സുഹൃത്ത് ഞങ്ങളെ കാണാന്‍ മിക്കവാറും ഹോസ്റ്റലില്‍ വരും. തിരുവനന്തപുരത്തെ ആവശ്യങ്ങള്‍ക്ക് ഒക്കെ ജസ്റ്റിന്‍ ആണ് ഞങ്ങളെ സഹായിക്കുക. പട്ടിണി കിടക്കുമ്പോള്‍ പോയി കഴിക്കാന്‍ തട്ട് കടക്കാരെ പരിചയപ്പെടുത്തി തന്നതും ജസ്‌റിന്‍ ആയിരുന്നു. വാഴയിലയിലെ ഒരു ‘ദളിത് കോളനി’ യില്‍ ഒരു കൊച്ചു വീട് ആയിരുന്നു അവന്റെത്. അവന്റെ വിദ്യാഭ്യാസവും അവന്റെ ചേച്ചിയുടെ കല്യാണവും ഒക്കെ ആയിരുന്നു അവന്റെ അമ്മയുടെ ആധി. ഒരിക്കല്‍ ഒരു പരീക്ഷയുടെ ഇടയില്‍ ഒരു  ഉത്തരത്തില്‍ അഞ്ചു പോയിന്റ് ഉണ്ടായിരുന്നു. നാല് പോയിന്റ് ജസ്റ്റിനു അറിയാം. അഞ്ചാമത്തെ പോയിന്റ് (ഞാന്‍ ഒരു പഠിപ്പിസ്റ്റ് ആണെന്ന ധാരണയില്‍) ജസ്റ്റിന്‍ എന്നോട് ചോദിച്ചു. ഞാന്‍ അവനോടു തിരിച്ച് പറഞ്ഞു ബാക്കി, നാല് പോയിന്റ് പറ അഞ്ചാമത്തേത് ഞാന്‍ പറയാം. അവന്‍ നാല് പോയിന്റും പറഞ്ഞു. ഞാന്‍ അത് എഴുതി എടുത്തു, തിരിച്ചു നിന്ന് ഇളിച്ചോണ്ട് പറഞ്ഞു, ‘അഞ്ചാമത്തേത് എനിക്കറിയില്ല കെട്ടാ…’ 
 
 
ഒരിക്കല്‍ ഞങ്ങളുടെ ഒരു കൂട്ടുകാരന് ഒരു ആക്‌സിഡന്റ്‌റ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര് കൂട്ടുകാരന്റെ സഹായത്തിനു ആശുപത്രിയില്‍ ചെന്ന് തങ്ങി. നേഴ്‌സുമാര്‍ എന്ന ആകര്‍ഷണം ആയിരുന്നു മനുഷ്യത്വത്തെക്കാള്‍ പ്രധാന ഘടകം. ഏകദേശം ഒരാഴ്ചക്ക് മുകളില്‍  ഞങ്ങള്‍ ആശുപത്രിയില്‍ സഹായം എന്നും പറഞ്ഞു കഴിഞ്ഞു. അവസാനം ആ കൂട്ടുകാരന്റെ അമ്മ പറഞ്ഞു. ‘നിങ്ങള്‍ ദൈവം അയച്ച മാലാഖമാര്‍ ആണ് ‘. അപ്പൊ ജസ്റ്റിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ‘അതെ, കറുത്ത മാലാഖമാര്‍. ജസ്റ്റിന്‍ ഇന്ന് ദുബൈ ഗോള്‍ഡ് എഫ് എം എന്ന റേഡിയോ ചാനലില്‍ പ്രോഡ്യൂസര്‍ ആണ്. അവന്‍ ഒരിക്കല്‍ ഞങ്ങളുടെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു ‘എടേ, ഞാന്‍ ഇപ്പൊ ബാത്ത് ടബ്ബില്‍ ഇരുന്നാ നിന്നെ ഫോണ്‍ ചെയ്യുന്നേ… എന്തരു…?’ കറുത്ത മാലാഖമാര്‍ പറക്കും എന്ന് ജസ്റ്റിന്‍ ഞങ്ങളെ പഠിപ്പിച്ചു തന്നു.
 
എന്റെ ഓര്‍മ്മ ശരി ആണെങ്കില്‍ റൂം നമ്പര്‍ പതിനേഴില്‍ ആണ് ശ്രീനാഥും രഞ്ജിത് തങ്കപ്പനും ഒക്കെ താമസിച്ചത്. രഞ്ജിത് തങ്കപ്പനോടായിരുന്നു അത്യാവശ്യം ആഹാരത്തിനുള്ള പൈസ ഒക്കെ കടം വാങ്ങിയത്. രഞ്ജിത് തങ്കപ്പന്‍ ഇന്ന് ഹൈദരാബാദ് ഇ എഫ് എല്‍യുവിലെ പ്രൊഫസര്‍ ആണ്. ചിലപ്പോഴൊക്കെ ഏഷ്യാനെറ്റിന്റെയും സൂര്യയുടെയും ഒക്കെ വാഹനങ്ങള്‍ വന്നു നിക്കും, ഏതെങ്കിലും പരിപാടികളുടെ ഓഡിയന്‍സ് ആയി പോകാനാണ്. ഭക്ഷണവും നൂറു രൂപയും ആണ്. ഞങ്ങളുടെ ആദ്യത്തെ മാധ്യമ പഠനം അങ്ങനെ ആയിരുന്നു. ശ്രീനാഥ് ആണ് എന്നെ പ്രഭാതഭേരി എന്ന പരിപാടിയിലേക്ക് എത്തിച്ചത്. ഒരു റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുന്ന വാക്മാന്‍ വാങ്ങി ഞങ്ങള്‍ പ്രഭാതഭേരിക്ക് പരിപാടി ചെയ്തു കൊടുത്തു ഇരുനൂറ്റി അമ്പത് രൂപ സ്വന്തമാക്കി.
 
ഒരിക്കല്‍ കലാ കൗമുദിയിലെ ശമ്പളം രണ്ടായിരം രൂപ വാങ്ങിച്ചു ഹോസ്റ്റലിലേക്ക് വരികയായിരുന്നു. ആദ്യം ഗസ്റ്റ് ആയിരുന്ന ഞാന്‍ പിന്നെ ഇന്മേറ്റ് ആയി. പിന്നെ ജോലി കിട്ടിയപ്പോ വീണ്ടും ഗസ്റ്റ് ആയി. അങ്ങനെ ഹോസ്റ്റലില്‍ നിന്നും പുറത്തായി, വീണ്ടും പുറത്ത് നിന്ന് തന്നെ ആഹാരം. അങ്ങനെ ആദ്യത്തെ ശമ്പളം വാങ്ങിച്ചു വരുമ്പോഴാണ് എന്റെ കൂട്ടുകാരാന്‍ രാജേഷ് അവിടെ നിക്കുന്നത് കണ്ടത്. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ‘എനിക്ക് ഒരു ബിരിയാണി തിന്നാന്‍ തോന്നുന്നു, വരുന്നോ?’ അവന്‍ വന്നു. രണ്ടു ബിരിയാണി ഓര്‍ഡര്‍ ചെയ്തു കഴിച്ചു. പിന്നെ കുറച്ചു കാലങ്ങള്‍ക്ക് ശേഷം അവന്‍ ഷൊണൂര്‍ ടെലിവിഷനിലെ എഡിറ്റര്‍ ആയി. അപ്പൊ ഞാന്‍ അവിടെ പോയി അവന്റെ റൂമില്‍ താമസിക്കും. അവന്‍ ആഹാരംവാങ്ങിച്ചു തരും. ചിലപ്പോ വണ്ടിക്കൂലിക്ക് പൈസ തന്നു വിടും. വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ വിളിക്കും. പിന്നീട് പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ആ സഹമുറിയന്‍ ഇന്ത്യവിഷനില്‍ റിപ്പോര്‍ട്ടര്‍ ആയി. പിന്നീട് മാതൃഭൂമി ടെലിവിഷനില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയി. ഇത്തവണ ഡല്‍ഹിയില്‍ പോയപ്പോള്‍ കാണാം എന്ന് പറഞ്ഞെങ്കിലും അവന്റെ തെരക്ക് കാരണം കാണാന്‍ പറ്റിയില്ല. ഇടക്കെപ്പോഴോ അവന്‍ ഇങ്ങനെ പറഞ്ഞു. ‘നിങ്ങള്‍ പണ്ടൊരിക്കല്‍ ഒരു ബിരിയാണി വാങ്ങിച്ചു തന്നില്ലേ? അതിന്റെ രുചി മറക്കില്ല. അന്നത്രക്ക് വിശന്നു നിക്കുകയായിരുന്നു ഞാന്‍’. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍