UPDATES

ഇന്ത്യ

ഐ എന്‍ എസ് വിക്രമാദിത്യ- ഇന്ത്യയുടെ പുതിയ സമുദ്ര രാജാവ്

ടീം അഴിമുഖം
ചിത്രങ്ങള്‍: Gautam Images

പ്രതിരോധമന്ത്രി എ കെ ആന്‍റണി കഴിഞ്ഞ ശനിയാഴ്ച റഷ്യയിലെ സേവേറൊഡ്വിന്‍സ്കിലെ സെവ്മാഷ് ഷിപ് യാര്‍ഡില്‍ വെച്ച് വിമാന വാഹിനി കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യ നാവികസേനയ്ക്ക് കൈമാറി. ഇന്ത്യന്‍ നാവിക സേന ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്യാന്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സമയം എടുത്തു. ഐ എന്‍ എസ് വിക്രമാദിത്യ പൂര്‍ണ്ണമായും പുതിയ തരം കപ്പലും കാഴ്ചയിലും പ്രവര്‍ത്തന ശേഷിയിലും അതിന്‍റെ മുന്‍ അവതാരമായ അഡ്മിറല്‍ ഗോറ്ഷ്കോവില്‍ നിന്നും വ്യത്യസ്തവുമാണ്. അമേരിക്ക, ഫ്രാന്‍സ്, യു കെ, റഷ്യ തുടങ്ങിയ വളരെ കുറച്ചു രാജ്യങ്ങള്‍ക്ക് മാത്രമേ വിമാന വാഹിനി കപ്പല്‍ നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ശേഷി ഉള്ളൂ. എങ്കിലും ലോകത്തെ മറ്റേതുമായി താരതമ്യം ചെയ്യുമ്പോള്‍ വിക്രമാദിത്യ ഏറ്റവും മികച്ചതാണെന്നാണ് നാവിക സേന അവകാശപ്പെടുന്നത്. ഐ‌ എന്‍ എസ് വിരാടിനെ സ്വന്തമാക്കിയതിലൂടെ ഏഷ്യയില്‍ വിമാന വാഹിനി കപ്പല്‍ സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.ലയനിങ്ങിന്‍റെ കമ്മീഷനിങ്ങോടെ ചൈന ഈ രംഗത്തേക്ക് കടന്നു വന്നതേയുള്ളൂ.

44,500 ടണ്‍ ഭാരം കയറ്റാവുന്നതും 30knots വേഗതയില്‍ ചലിക്കാനും കഴിയുന്ന വിമാന വാഹിനി കപ്പലാണ് ഐ എന്‍ എസ് വിക്രമാദിത്യ.2,00,000 കുതിര ശക്തി പവര്‍ ജനറേറ്റ് ചെയ്യാന്‍ ശേഷിയുള്ള 8 സ്റ്റീം ബോയിലറുകളാണ് ഇതിനുള്ളത്.

 

284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരമുള്ള 22 ഡക്കും ഇതിനുണ്ട്. 2500 കംപാര്‍ട്മെന്‍റുകളിലായി 1600-1800 വരെ ജോലിക്കാരെ വഹിക്കാനുള്ള ശേഷിയുള്ള ഒഴുകി നടക്കുന്ന നഗരമാണ് ഈ കപ്പല്‍.

 

 

150 ടണ്‍ ആവശ്യ സാധനങ്ങള്‍ കൊണ്ടു പോകാന്‍ ശേഷിയുള്ള ഈ കപ്പലിന് ഒരു ലക്ഷത്തിലധികം മുട്ടയും 20,000 ലിറ്റര്‍ പാലും 16 ടണ്‍ അരിയും സൂക്ഷിക്കാനുള്ള സംഭരണ ശേഷിയുണ്ട്.

 

സെന്‍സേര്‍സും നിരീക്ഷണ ഉപകരണങ്ങളും കപ്പലിലുണ്ട്.500 കിലോമീറ്റര്‍ ദൂരെയുള്ള ഭീക്ഷണികള്‍ വരെ കണ്ടെത്താന്‍ ശേഷിയുള്ളതാണ് കപ്പലിലെ എയര്‍ റഡാറുകള്‍.

മിഗ്-29K വിമാനങ്ങള്‍ ഉള്‍പ്പെടെ നാവികസേനയുടെ കൈവശമുള്ള എല്ലാ തരം ഹെലികോപ്റ്ററുകളും വഹിക്കാനുമുള്ള കഴിവ് കപ്പലിനുണ്ട്. മിഗ്-29K ഈ വര്‍ഷമാദ്യമാണ് ഗോവയില്‍ വെച്ച് കമ്മീഷന്‍ ചെയ്തത്.

 

കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐ എന്‍ എസ് വിക്രാന്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ പത്ത് വര്‍ഷം കൊണ്ട് രണ്ട് വിമാന വാഹിനി കപ്പല്‍ സ്വന്തമാക്കുകയാണ് നാവികസേനയുടെ ലക്ഷ്യം. വിക്രമാദിത്യ പടിഞ്ഞാറന്‍ സമുദ്രമേഖലയില്‍ വിന്യസിക്കുമ്പോള്‍ വിക്രാന്ത് കിഴക്കന്‍ മേഖലയിലായിരിക്കും വിന്യസിക്കുക.

 

2.33 ബില്ല്യണ്‍ ഡോളറാണ് കപ്പലിന്‍റെ വില. മികച്ച പ്രവര്‍ത്തന ശേഷിയുള്ളതും ആധുനികവുമായ വിമാന വാഹിനി കപ്പല്‍ ശരിയായ വിലയ്ക്ക് തങ്ങള്‍ സ്വന്തമാക്കിയെന്നാണ് നാവിക സേന അവകാശപ്പെടുന്നത്. 2300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിളുകള്‍ അടക്കം കപ്പലിലുപയോഗിച്ചിരിക്കുന്ന 80 ശതമാനം സാധനങ്ങളും പുതിയതാണ്.

ബാരണ്ട്സിലും വൈറ്റ് സീയിലും ഒരുമാസത്തെ ട്രയല്‍ നടത്തി എല്ലാ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു ഉറപ്പുവരുത്തിയതിന് ശേഷമാണ് നാവിക സേന വിക്രമാദിത്യ ഏറ്റുവാങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍