UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ടെണ്ടുല്‍ക്കര്‍: ഒരായുസിലേക്കുള്ള ഓര്‍മപ്പുസ്തകം

മറ്റുള്ള ഇന്ത്യക്കാരെപ്പോലെത്തന്നെ ഞാനും കഷ്ടിച്ച് 9 – 10 വയസ്സാകുമ്പോളേക്കും ക്രിക്കറ്റ് കമ്പക്കാരനായി മാറിയിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1960-കളുടെ പകുതിയില്‍ എന്റെ അച്ഛന്‍ ചോദിച്ച രണ്ടു കുസൃതി ചോദ്യങ്ങളായിരുന്നു എനിക്കു ഈ ഉന്മാദം പിടിപെടാന്‍ കാരണം; “ടെസ്ട് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി പിന്നീടൊരിക്കലും കളിക്കാതിരുന്ന കളിക്കാരന്‍ ആരാണ്, അവസാന ഇന്നിംഗ്സില്‍ 4 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ശരാശരി റണ്‍സ് 100 തികയ്ക്കുമായിരുന്ന കളിക്കാരന്‍ ആരാണ്?”

 

രണ്ടാമത്തെ ചോദ്യം ആദ്യത്തേതിനെ അപേക്ഷിച്ച് ലളിതമായിരുന്നു. എന്റെ തലയണക്കടുത്തുതന്നെ സ്ഥാനം പിടിച്ചിരുന്ന Playfair Cricket Annual-ല്‍ 99.94 എന്ന കിടിലന്‍ ശരാശരിയുമായി സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ ഉത്തരം എളുപ്പമായിരുന്നു.

 

പക്ഷേ ഇന്‍റര്‍നെറ്റിനെക്കുറിച്ചൊന്നും സ്വപ്നം കാണാതിരുന്ന കാലമായിരുന്നതുകൊണ്ട് ആദ്യചോദ്യവുമായി ഞാന്‍ കുറച്ചുദിവസം തലപെരുത്തു നടന്നു; എന്നാലും കണ്ടെത്തി, ആന്‍ഡ്ര്യൂ സാണ്ട്ഹാം (Andrew Sandham).

 

“നിനക്കിതേ ചോദ്യങ്ങള്‍ നിന്റെ പേരക്കുട്ടികളോടും ചോദിക്കാം”, ഉത്തരങ്ങള്‍ കണ്ടെത്തി വിജയഭാവത്തില്‍ ചെന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. “ഈ റെക്കോഡുകളൊന്നും തിരുത്തപ്പെടുമെന്ന് തോന്നുന്നില്ല.” നാല് ദശാബ്ദങ്ങള്‍ക്ക് ശേഷം ഞാന്‍ അച്ചന്റെ ചോദ്യങ്ങള്‍ പേരക്കുട്ടികള്‍ക്കും വായനക്കാരുടെ കുട്ടികള്‍ക്കുമായി ഇട്ടുകൊടുകൊടുക്കുകയാണ് – ഒരു കൂട്ടിച്ചേര്‍ക്കലുണ്ട്: നൂറിലേറെ അന്താരാഷ്ട്ര ശതകങ്ങള്‍ നേടിയ ഒരേയൊരു കളിക്കാരന്റെ പേരുപറയുക.

 

 

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് കളിയിലെ ഒരു കണക്കെടുപ്പല്ല ഇത്. ആ കണക്കുകളുടെ വിചിത്രലോകത്തേക്ക് ഒന്നു നോക്കിയെന്ന് മാത്രം. ഉദാഹരണത്തിന് ഇംഗ്ലണ്ടിന് വേണ്ടി സാണ്ട്ഹാം പിന്നെ ഒരു കളിയും കളിക്കാതിരുന്നത്, ടെസ്ട് മത്സരങ്ങള്‍ വിരളമായിരുന്ന ആ കാലത്ത് (1929-30) 325 റണ്‍സ് നേടുമ്പോള്‍ അയാള്‍ക്ക് 39 വയസ്സും 272 ദിവസവും പ്രായമുണ്ടായിരുന്നതിനാലാകാം.

 

മാത്രമല്ല, കണക്കുകള്‍ ടെണ്ടുല്‍ക്കറുടെ കാര്യത്തില്‍ എല്ലായ്പ്പോളും അത്ര ഉദാരവുമല്ല. ഇതൊരു പുണ്യവാന്‍ ചരിതമല്ലാത്തതുകൊണ്ട് അതും പറയണം. ബ്രാഡ്മാനും, സേവാഗും രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടി; ലാറ ടെസ്റ്റില്‍ 400-ഉം 375-ഉം അടിച്ചെടുത്തു. എന്നാല്‍ ടെണ്ടുല്‍ക്കര്‍ ഇതുവരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടില്ല. രാഹുല്‍ ദ്രാവിഡിനെ പോലെ (മറ്റ് ചിലര്‍ കൂടി) ടെസ്ട് മത്സരം കളിച്ച എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടിയിട്ടില്ല. സിംബ്വാബ്വെക്കെതിരെ ഇനിയൊട്ട് നേടാനും കഴിയില്ല.

 

ഇതിനൊക്കെ പുറമെ ക്യാപ്റ്റനെന്ന നിലയില്‍ ടെണ്ടുല്‍ക്കറുടെ നേട്ടങ്ങള്‍ അത്ര മികച്ചതല്ല. നയിച്ച 25 ടെസ്റ്റില്‍ നാലെണ്ണം മാത്രമാണു ജയിച്ചത്, 12 എണ്ണം തോറ്റു, ബാക്കി സമനിലയും. 73 ഏകദിനങ്ങളില്‍ 23 ജയം, 43 തോല്‍വി, ഒരെണ്ണം സമനിലയും. കാരണങ്ങള്‍ നിരവധി പറയുന്നു – മോശം കൈകാര്യശേഷി മുതല്‍, ഒത്തുകളിയുടെ നിസ്സഹായനായ ഇര എന്നുവരെ – എന്തൊക്കെയായാലും നായകനെന്ന നിലയില്‍ വലിയ മികവൊന്നും തെളിയിച്ചില്ല. ഇനി ഒന്നുകൂടി ഗുണവിചാരം നടത്തിപ്പറഞ്ഞാല്‍ കുറച്ചുവര്‍ഷം മുമ്പുവരെ വിസ്ഡന്റെ തെരഞ്ഞടുപ്പിലെ 100 മികച്ച ടെസ്ട് സെഞ്ച്വറികളില്‍ ടെണ്ടുല്‍ക്കറുടെ ഒരു ശതകം പോലും സ്ഥാനം പിടിച്ചിരുന്നില്ല.

 

എല്ലാ റെക്കോര്‍ഡുകളും ഭേദിക്കാനുള്ളതാണെന്നാണ് കാലങ്ങളായി കേട്ടുപഴകിയ പറച്ചില്‍. ഒരിക്കല്‍ മറ്റൊരു കളിക്കാരന്‍ ബ്രാഡ്മാന്റെ ശരാശരിയെയും, ടെണ്ടുല്‍ക്കറുടെ ശതക നേട്ടത്തെയും മറികടക്കുമായിരിക്കും. ഏതായാലും ബ്രാഡ്മാനെ മറികടക്കാന്‍ സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍ ത്രിമൂര്‍ത്തികളുടെ ശക്തി ആവാഹിച്ച ഒരാള്‍ വേണ്ടിവരും; ടെണ്ടുല്‍ക്കറെ ഭേദിക്കാന്‍ ഒരു കളിക്കാരന്‍ 16 വയസ്സില്‍ കളി തുടങ്ങി, 40 വയസ്സു വരെ അതേ സ്ഥിരതയോടെ കളിക്കണം. നടന്നേയ്ക്കാം, പക്ഷേ എളുപ്പമല്ല.

 

ഒരുവേള ബ്രാഡ്മാനെയും ടെണ്ടുല്‍ക്കറേയും ചേര്‍ത്തുവെക്കാവുന്ന ഏകതലം ഇതായിരിക്കും. അതൊഴിച്ചാല്‍ അവര്‍ തമ്മില്‍ പല ലോകങ്ങളുടെ അകലമുണ്ട്. അല്ലെങ്കില്‍ത്തന്നെ തലമുറകള്‍ക്കപ്പുറമുള്ള കായികതാരങ്ങളെ താരതമ്യം ചെയ്യുന്നതുതന്നെ അര്‍ത്ഥശൂന്യമാണ്. റോഡ് ലിവറേയും, റോജര്‍ ഫെഡററേയും താരതമ്യം ചെയ്യാനാവുമോ? അല്ലെങ്കില്‍ പെലെ, മറഡോണ? മുഹമ്മദ് അലി, ജോ ലൂയിസ്? മൈക്കല്‍ ഷൂമാക്കര്‍, അയര്‍ട്ടന്‍ സെന്ന?

 

ഒരു കളിക്കാരനെ അയാളുടെ കാലത്തെ കളിക്കാരുമായി മാത്രമേ താരതമ്യം ചെയ്യാവൂ എന്നു പറഞ്ഞത് സഞ്ജയ് മഞ്ജരേക്കര്‍ ആണെന്ന് തോന്നുന്നു. ബ്രാഡ്മാനോടടുത്ത ശരാശരികള്‍ ജോര്‍ജ് ഹെഡ്ലി (60.83), ഇംഗ്ലണ്ടിന്റെ ഹെര്‍ബര്‍ട് സട്ക്ലിഫ് (60.73), ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം പോളോക് (60.97) എന്നിവരാണ്. അവര്‍തന്നെ 20 ടെസ്റ്റുകളോളം മാത്രമേ കളിച്ചിട്ടുള്ളൂ, ഒരു താരതമ്യത്തിനു തീരെ പോര.

 

ടെണ്ടുല്‍ക്കര്‍ നില്‍ക്കുന്ന 50-ന്റെ  ശരാശരിയില്‍ നിരവധി പേരുണ്ട്. ഹമ്മോണ്ട്, ഹോബ്സ്, ഹട്ടന്‍, വീകേസ്, വാല്‍കോട്ട്, ബാരിങ്ടണ്‍, സോബേഴ്സ്, കാലിസ്, പോണ്ടിങ്,ഗ്രെഗ് ചാപ്പല്‍, റിച്ചാര്‍ഡ്സ്, ഗവാസ്കര്‍, മിയാന്‍ദാദ്, ദ്രാവിഡ്, ലാറ, സ്റ്റീവ് വോ, സംഗക്കാര, ജയവര്‍ദ്ധന, ഹെയ്ഡന്‍, സേവാഗ് അങ്ങനെ പോകുന്നു പട്ടിക. അപ്പോള്‍ ബ്രാഡ്മാനും ടെണ്ടുല്‍ക്കറിനും ഇടയിലുള്ള അകലം കൂടുതലാണെന്ന് മാത്രമല്ല, അവിടെ തിരക്കും കൂടുതലാണ്.

 

 

പക്ഷേ, ഒരു കളിക്കാരനെ അളക്കുന്നതിനുള്ള ഒരു ബദല്‍ മാര്‍ഗം അയാള്‍ക്കൊപ്പമുള്ള മികച്ച കളിക്കാര്‍ എന്തു പറയുന്നു എന്നുകൂടി നോക്കലാണ്. ലാറ,വോണ്‍, വസീം അക്രം എന്നിവര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ അവര്‍ക്കൊപ്പം കളിച്ച ഏറ്റവും മികച്ച കളിക്കാരനാണ് ടെണ്ടുല്‍ക്കര്‍. അതും പോരെങ്കില്‍ ബ്രാഡ്മാന്‍ പറഞ്ഞത് ടെണ്ടുല്‍ക്കര്‍ തന്നെപ്പോലെ തോന്നിക്കുന്നു എന്നാണ്.

 

വ്യക്തിപരമായി, ഏറെ മാനദണ്ഡങ്ങള്‍ വെച്ച് ഞാന്‍ തയ്യാറാക്കിയ ലോക ടീമില്‍ സ്വാഭാവികമായും കയറുന്ന രണ്ടു കളിക്കാരെ ഉണ്ടായിരുന്നുള്ളൂ: ബ്രാഡ്മാനും, സോബേഴ്സും. ഇന്നിപ്പോള്‍ എനിക്ക് ടെണ്ടുല്‍ക്കറെ ഒഴിവാക്കാനാവില്ല. മാത്രമല്ല ഇപ്പോള്‍ അയാള്‍ക്ക് എതിരാളികളും കുറഞ്ഞിരിക്കുന്നു. ഏകദിനത്തിലാണെങ്കില്‍ എല്ലാ കാലത്തെയും ടീമില്‍ ടെണ്ടുല്‍ക്കറെ ഞാന്‍ ആദ്യം ഉള്‍പ്പെടുത്തും.

 

1987-88-ല്‍ കാംബ്ലിയോടോത്ത് മുംബൈ സ്കൂള്‍ ക്രിക്കറ്റില്‍ 664 റണ്‍സ് അടിച്ചെടുത്തപ്പോളാണ് ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭാസം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. രണ്ടു വര്‍ഷമാകുമ്പോളേക്കും ടെസ്ട് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 16 വയസ്സു തികഞ്ഞിരുന്നില്ല. അപ്പോഴേക്കും, രഞ്ജി, ദുലീപ്, ഇറാനി ട്രോഫികളില്‍ അരങ്ങേറ്റത്തില്‍ ശതകനേട്ടങ്ങള്‍ കൈവരിച്ചിരുന്നു.

 

ആദ്യത്തെ ഇടിക്കും മിന്നലിനും ശേഷം എവിടെയുമെത്താതെ പോകുന്ന പ്രതിഭകള്‍ കായിക ചരിത്രത്തില്‍ ഏറെയുണ്ട്. വളരെക്കുറച്ചു പേരെ തലപ്പത്തെത്തുന്നുള്ളൂ, അവിടെ ഏറെക്കാലം തുടരുന്നവര്‍ വളരെ വിരളവും. കുഞ്ഞായിരിക്കുമ്പോള്‍ തമാശക്ക് ഇടംകൈകൊണ്ടു കൊടുത്ത ഒന്നാന്തരമൊരു ഇടിയില്‍ അമ്മയുടെ പല്ല് തെറിപ്പിച്ച മുഹമ്മദ് അലി സമാനതകളില്ലാത്ത ഒരു സംഭവമാണ്. കൌമാരത്തില്‍ത്തന്നെ മാറ്റ് തെളിയിച്ച മറഡോണയുമുണ്ട്. എന്നാല്‍ മൂന്നാം വയസ്സില്‍ ഒരു ഗോള്‍ഫ് ക്ലബ് കയ്യിലെടുത്തത്തിന് ശേഷം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത ടൈഗര്‍ വുഡ്സുമായാണ് ടെണ്ടുല്‍ക്കര്‍ക്ക് ഏറെ സാമ്യം.

 

സമര്‍പ്പണത്തിന്റെ ചരിത്രമില്ലാത്ത ഒരു പ്രതിഭയുമില്ല. മറ്റ് എല്ലാ അസാമാന്യ പ്രതിഭകളെയും പോലെ ടെണ്ടുല്‍ക്കറുടെ ചെറുപ്പത്തിലും ക്രിക്കറ്റിനോടുള്ള ആസക്തി അയാളുടെ ചെയ്തികളിലും നിറഞ്ഞുനിന്നിരുന്നു. പീറ്റര്‍ റീബോക് തന്റെ ‘It Takes All Sorts’ എന്ന പുസ്തകത്തില്‍ സച്ചിന്റെയും കാംബ്ലിയുടെയും സമകാലികനായിരുന്ന ഡേവിഡ് ഇന്നിസ് പറഞ്ഞതെഴുതിയിട്ടുണ്ട്, “രാവിലെ നേരത്തെ എത്തി പരിശീലകനോടു സംസാരിച്ചിരിക്കുമ്പോള്‍ ഒരു ചുരുളന്‍ മുടിക്കാരന്‍ കുട്ടി വന്നു പരാതി പറയുകയാണ്. പണിക്കാര്‍ 6 മണിയാകാതെ നെറ്റ് കെട്ടില്ല, ഷിവാല്‍കര്‍ സര്‍ ഒന്നവരോടു പറയൂ, അല്ലെങ്കില്‍ എന്നെ അത് കെട്ടാന്‍ സമ്മതിയ്ക്കൂ എന്ന്.”

 

“കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ടെണ്ടുല്‍ക്കര്‍ ടീമിനൊപ്പം യാത്ര ചെയ്തു പുലര്‍ച്ചെ മൂന്നു മണിക്ക് സ്ഥലത്തെത്തി. അവിടെ രാവിലെ വരെ പരിശീലനം നടത്തി, പരിശീലകനെ അഞ്ചരക്ക് വിളിച്ചുണര്‍ത്തി പറഞ്ഞു, മൈതാനത്തേക്ക്  പോകാം, ബാറ്റിംഗില്‍ അത്ര തൃപ്തിപോരെന്ന്. അന്നൊക്കെ എപ്പോളും അഭിപ്രായങ്ങളുമായി വരുന്ന ടെണ്ടുല്‍ക്കറെ ക്യാപ്റ്റനും പരിശീലകനും സൂത്രത്തില്‍ മറ്റുള്ളവരുടെ അടുത്തേക്ക് വിടുമായിരുന്നു.”

 

പ്രായവും പക്വതയും കൂടിയതോടെ ഈ സമര്‍പ്പണത്തിന്റെ രീതികള്‍ കൂടുതല്‍ തെളിഞ്ഞുവന്നു. അത് ആഴത്തിലുള്ള ശ്രദ്ധയുടെയും ഉയര്‍ന്ന ആത്മനിയന്ത്രണത്തിന്‍റേതുമായി. ബാന്ദ്രയിലെ MIG ക്ലബിലും MCA മൈതാനത്തും ടെണ്ടുല്‍ക്കര്‍ ഒറ്റയ്ക്ക് പരിശീലനം തുടര്‍ന്നു.

 

അരങ്ങേറ്റം കുറിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ താന്‍ വെറും പുറമ്മോടിയല്ലെന്നും ഉറച്ച കാതലാണെന്നും ടെണ്ടുല്‍ക്കര്‍ക്ക് ലോകത്തെ ബോധ്യപ്പെടുത്തണമായിരുന്നു. മൂന്ന് സന്ദര്‍ഭങ്ങളിലായാണ് പ്രതിഭയുടെ മിന്നല്‍ സ്ഥിരമാക്കിയ പ്രകടനങ്ങള്‍ പിറന്നത്.

 

ആദ്യത്തേത്, ഏറെ കേട്ട 1989-ലെ ടെണ്ടുല്‍ക്കറുടെ ആദ്യ പരമ്പരയിലെ  വഖാര്‍ യൂനിസുമായുള്ള സിയാല്‍കോട്ടിലെ ആ ചോര പൊടിഞ്ഞ ഏറ്റുമുട്ടല്‍ തന്നെ. യൂനിസിന്‍റെ ഒരു പന്ത് ചീറിപ്പാഞ്ഞു മൂക്കില്‍ തട്ടിപ്പോയപ്പോള്‍ അയാള്‍ മറ്റുള്ളവരുടെ ആശങ്കകളെ സാരമാക്കിയില്ല. കരളുറപ്പോടെ അടുത്ത പന്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചുവിട്ടു.

 

ഒരു 6 മാസത്തിനു ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ കടുത്ത പരീക്ഷണങ്ങളെ മറികടന്നു തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. 18 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെര്‍ത്തില്‍ മറ്റെല്ലാ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും മുടന്തിയപ്പോള്‍ മിന്നുന്ന 114 റണ്‍സുമായാണ് ടെണ്ടുല്‍ക്കര്‍ നിറഞ്ഞത്.

 

ഒരു ചെറുപ്പക്കാരനായ ബാറ്റ്സ്മാന്‍റെ, തന്റെ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ലണ്ടന്‍ ടൈംസിലെ ആദരണീയനായ ക്രിക്കറ്റ് നിരൂപകന്‍ ജോണ്‍ വൂഡ്കോക് എഴുതിയത്. തന്റെ അരങ്ങേറ്റത്തിന് 24 മാസത്തിനുള്ളില്‍ ടെണ്ടുല്‍ക്കര്‍ മൂന്നു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയെന്ന് മാത്രമല്ല ഒരു കായികതാരമെന്ന നിലക്ക് ധൈര്യവും, സാങ്കേതിക ഭദ്രതയും, സ്ഥൈര്യവും, പ്രകടിപ്പിച്ചു. ഒരു അലങ്കാരം വെച്ചു പറഞ്ഞാല്‍ ജൈവ വാസനകളുടെ തിളക്കം പ്രകടിപ്പിച്ച ഒരു ക്രിക്കറ്റ് കളിക്കാരന്‍.

 

തന്റെ രണ്ടു ആരാധനാമൂര്‍ത്തികളെ, ഗവാസ്കറും റിച്ചാര്‍ഡ്സും, ആവാഹിച്ചു തുടങ്ങിയ ടെണ്ടുല്‍ക്കര്‍ എല്ലാം തികഞ്ഞ ബാറ്റ്സ്മാനായി വളര്‍ന്നു; ചുരുങ്ങിയത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമെങ്കിലും. ഏറ്റവും വിശ്വസിക്കാവുന്ന, നീണ്ടുനിന്ന, പരിതസ്ഥിതികളോടിണങ്ങുന്ന കളിക്കാരന്‍. ബാറ്റിംഗ് കഴിവുകളെക്കുറിച്ച് ഞാന്‍ വിസ്തരിക്കുന്നില്ല, പദചലനങ്ങളും,വൈവിധ്യമാര്‍ന്ന ഷോട്ടുകളും, കളിയുടെ സാഹചര്യവും, അതിനനുസരിച്ച് മാറാനുള്ള കഴിവും എല്ലാം അയാളെ തികഞ്ഞ ഒരു കളിക്കാരനായി മാറ്റി എന്നു മാത്രം പറയാം.

 

ഇതുപോലെ കണ്ടില്ലെന്നു നടിക്കാനാകാത്ത നിരവധി വിശേഷങ്ങള്‍ ടെണ്ടുല്‍ക്കറിനുണ്ട്. ആധുനിക ക്രിക്കറ്റിന്റെ ഏറ്റവും നല്ല വില്‍പ്പനക്കാരനാണ് അയാള്‍. കളിക്കുന്നിടത്തെല്ലാം ആളുകള്‍ തള്ളിക്കയറുന്നു; ഏതാണ്ട് ഒറ്റക്കാണ് അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടെലിവിഷന്‍ മൂല്യം ബില്ല്യണ്‍ ഡോളറുകളുടെ തലത്തിലേക്കുയര്‍ത്തിയത്. അതിനിടയില്‍ ടെണ്ടുല്‍ക്കറും കോടികള്‍ സമ്പാദിച്ചു. പക്ഷേ അയാളുടെ കളിയെ ബാധിക്കുന്ന തരത്തില്‍ അതൊട്ടും അശ്ലീലമായി മാറിയില്ല.

 

 

അതിലും പ്രധാനപ്പെട്ട കാര്യം, ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നിലെത്തിക്കാന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനങ്ങളും തോല്‍വി ഇഷ്ടപ്പെടാത്ത ഒരു പുതുതലമുറ ക്രിക്കറ്റ് സമീപനവും സഹായിച്ചു എന്നതാണ്. കുംബ്ലെ, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി തുടങ്ങിയ പ്രതിഭാധനരായ കളിക്കാരുടെ സാന്നിധ്യം ടീമിന് കരുത്തേകി. പിന്നീട് ധോനിക്കൊപ്പം സഹീര്‍ ഖാനും, യുവരാജും, ഹര്‍ഭജന്‍ സിംഗും, വെടിക്കെട്ട് വീരന്‍ വീരു സേവാഗും ചേര്‍ന്ന് അതിനെ പുതിയ ഉയരങ്ങളിലെത്തിച്ചു.

 

ടെണ്ടുല്‍ക്കര്‍ക്ക് ഒരിയ്ക്കലും അരക്ഷിതാവസ്ഥ തോന്നാത്തതിനാല്‍ ഈ കളിക്കാരുടെ ഇടങ്ങള്‍ കയ്യേറേണ്ട കാര്യമുണ്ടായില്ല. അതവരെ വളരാന്‍ ഒരുപാട് സഹായിച്ചു. അയാള്‍ ക്യാപ്റ്റനായിരുന്നില്ല. പക്ഷേ ഇന്ത്യന്‍ ടീമിന്റെ ധാര്‍മിക പ്രചോദനവും, ശക്തി കേന്ദ്രവും,വഴികാട്ടി നക്ഷത്രവും ടെണ്ടുല്‍ക്കറായിരുന്നു. മദര്‍  തെരേസയും സോണിയാ ഗാന്ധിയും ഒന്നിച്ചപ്പോലെ എന്ന്  പറയാം.

 

ഒത്തുകളി വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിവേരിളക്കാഞ്ഞതു ടെണ്ടുല്‍ക്കറില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസവും ഉറപ്പും കൊണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഈ നീണ്ട കളിജീവിതത്തിനിടയില്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്നു എന്നത് നിസ്സാര കാര്യമല്ല. മൈതാനത്തിലും പുറത്തും തികഞ്ഞ മാന്യമായ പെരുമാറ്റം ടെണ്ടുല്‍ക്കര്‍ സൂക്ഷിച്ചു.

 

ഒരുതരത്തില്‍ നോക്കുമ്പോള്‍ മിക്ക ബാറ്റിംഗ് റെക്കോഡുകളും ടെണ്ടുല്‍ക്കര്‍ തകര്‍ക്കണമെന്നത് ദൈവഹിതം പോലെ തോന്നാം. ഇതിലും മെച്ചപ്പെട്ട ഒരു തിരക്കഥ ഉണ്ടോ? പക്ഷേ അതൊന്നും കഴിഞ്ഞ 21 വര്‍ഷം ആവേശത്തോടും, പ്രതിബദ്ധതയോടും, ആസക്തിയോടും, മികവോടും കൂടി കളിച്ചതിനെ മറക്കാന്‍ പോന്നതല്ല.

 

ഇതിനെല്ലാം മുകളില്‍, ജീവിതം മുഴുവന്‍ അനിതരസാധാരണമായ വഴക്കത്തോടെ തനിക്കുമുകളിലുള്ള പ്രതീക്ഷകളുടെ വലിയ ഭാരത്തെ അയാള്‍ കൊണ്ടുനടന്നു. തര്‍ക്കത്തിനിടയില്ലാതെ ബ്രാഡ്മാനുമായി ടെണ്ടുല്‍ക്കറെ താരതമ്യപ്പെടുത്താവുന്നത് ഇവിടെയാണ്. പുതിയ കാലത്തെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മാധ്യമനോട്ടത്തിനിടയില്‍ ഈ സമ്മര്‍ദ്ദം മറ്റെന്തിനെക്കാളും വലുതായിരുന്നു.

 

ബാറ്റുമായി ക്രീസില്‍ നില്‍ക്കുന്ന ടെണ്ടുല്‍ക്കര്‍ക്കൊപ്പം നൂറുകോടി ഇന്ത്യക്കാര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു എന്ന് പറയാം. ഇത്രയും വൈവിധ്യമാര്‍ന്നോരു രാജ്യത്തെ അദ്ദേഹത്തെപ്പോലെ ഒന്നിപ്പിച്ച മറ്റൊരാളില്ല. ഇന്ത്യയുടെ മനസ്സിനുള്ളില്‍ എന്തുകൊണ്ടിങ്ങനെ അദ്ദേഹം ഇടംനേടി എന്നത് ആഴത്തില്‍ പഠിക്കേണ്ട കാര്യമാണ്. ഒരുപക്ഷേ,പലരും പൊതുജീവിതത്തില്‍ വാഗ്ദാനം ചെയ്യുന്നതും എന്നാല്‍ ഒരിക്കലും നടപ്പാക്കാത്തതുമായ നാമെല്ലാം നേടാന്‍ ആഗ്രഹിക്കുന്ന മൂല്യങ്ങളുടെ പ്രതീകമായിമാറാന്‍ ടെണ്ടുല്‍ക്കറിന് കഴിഞ്ഞതുകൊണ്ടാകാം.

 

മണ്ഡല്‍ രാഷ്ട്രീയം ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ  തുറന്നിടലിന് വഴിമാറിക്കൊടുക്കുന്ന കാലത്താണ് ടെണ്ടുല്‍ക്കറും കടന്നുവന്നതെന്ന് ഭാവിയില്‍ ചൂണ്ടിക്കാണിച്ചേക്കാം. വലിയ ബിരുദങ്ങളൊന്നും കൂടാതെ, കയ്യില്‍ ഒരു ബാറ്റ് മാത്രമായി, യഥാര്‍ത്ഥ പ്രതിഭയ്ക്ക് വിജയിക്കാന്‍ സംവരണം വേണ്ടെന്നാണ് അയാള്‍ തെളിയിച്ചത്. ആ പ്രശസ്തിയും പണവും തെളിച്ചുകാട്ടുന്നത്, കഴിവുകളെ അംഗീകരിക്കുന്നതിലേക്ക് ഈ രാജ്യം നടന്നുകയറുന്നത് കൂടിയാണ്.

 

ആ നിലക്ക്, ഈ ഭൂമുഖത്ത് സ്വന്തം സ്ഥാനവും ശക്തിയും അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ ജ്വാലാവാഹകന്‍ കൂടിയാണ് ടെണ്ടുല്‍ക്കര്‍. ഔധത്യമോ, വൃത്തികേടോ കൂടാതെ ആക്ഷേപങ്ങളെ കൂസാതെ അയാള്‍ അത് ചെയ്തു. വിജയത്തിലേക്കുള്ള യാത്രയില്‍ പുതിയ ഇന്ത്യക്ക് പഴയ സാംസ്കാരിക മൂല്യങ്ങളെ കയ്യൊഴിയേണ്ടതില്ല എന്ന് കാണിച്ചുതന്നുകൊണ്ടുതന്നെ.

 

(സച്ചിന്‍ തന്റെ അന്‍പതാം ടെസ്ട് സെഞ്ച്വറി നേടിയപ്പോള്‍ ഔട്ട്ലുക്കിന്റെ സ്പെഷ്യല്‍ എഡീഷന് വേണ്ടി എഴുതിയ ലേഖനം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍