UPDATES

സിനിമ

രാം ലീലയ്ക്ക് പിന്നിലെ മലയാളി ശബ്ദം

 

(ബോളിവുഡ് വിസ്മയചിത്രങ്ങളുടെ മാത്രമല്ല, ശബ്ദാനുഭവങ്ങളുടെയും കൂടിയാണ്. ആ ശബ്ദങ്ങള്‍ സൃഷ്ടിച്ചവരെ തേടിപ്പോകുമ്പോള്‍ മിക്കപ്പോഴും നാം ചെന്നെത്തുക ഒരു മലയാളിയിലാവും. ബോളിവുഡ് സാങ്കേതിക മേഖലകളിലെല്ലാം മലയാളി സാന്നിധ്യങ്ങളുണ്ടെങ്കിലും ശബ്ദമേഖലയില്‍ അത് ഒരല്പം കൂടുതലുണ്ട്. എല്ലാം മികച്ച പ്രതിഭകള്‍. നിറയെ സിനിമാസ്വപ്നങ്ങളുമായി ആദ്യം സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലും പിന്നീട് ബോളിവുഡിലുമെത്തിയ, അങ്ങനെയൊരു മലയാളി പ്രതിഭയാണ് ജയദേവന്‍ ചക്കാടത്ത്. ആ ചലച്ചിത്ര യാത്ര ഇന്ന് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘രാംലീല’യുടെ ശബ്ദലേഖനത്തിലെത്തി നില്ക്കുന്നു.ജയദേവന്റെ സിനിമാജീവിതത്തിലൂടെ. 
തയ്യാറാക്കിയത്-സിറാജ് ഷാ
)

സിറാജ് ഷാ: നാളുകളേറെയായി, രാം ലീലയ്ക്കായി ഇന്‍ഡ്യന്‍ സിനിമ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ബന്‌സാലി ചിത്രം അത്രയേറെ പ്രതീക്ഷകളാണ് സൃഷ്ടിച്ചത്. ഈ സിനിമയിലേക്കെത്തിപ്പെട്ടത് എങ്ങനെയാണ്?

ജയദേവന്‍ ചക്കാടത്ത്: ഈ സിനിമ എന്നെത്തേടി വരികയായിരുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍മാരായ പരീക്ഷിത്തും കുനാലും വഴി. മുന്‍പ് ഞാന്‍ ചെയ്ത ‘ഇന്‍കാര്‍’ കണ്ടിട്ടാണ് അവര്‍ തേടിവന്നത്. റൗഡി റാത്തോഡൊക്കെ ചെയ്ത ശ്രദ്ധേയ സൗണ്ട് ഡിസൈനര്‍മാരാണവര്‍.

സിറാജ്: എന്തൊക്കെയായിരുന്നു ‘രാംലീല’യ്ക്കായുള്ള തയ്യാറെടുപ്പുകള്‍?

ജയദേവന്‍: ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ മെയ് മാസത്തില്‍ തിരക്കഥ വായിച്ചപ്പോഴെ തുടങ്ങി. പടുകൂറ്റന്‍ സെറ്റാണ് ഈ ചിത്രത്തിനായൊരുക്കിയത്. ബോളിവുഡ് ചലച്ചിത്രരംഗത്ത് ശബ്ദമിശ്രണത്തില്‍ ശ്രദ്ധേയനായ മലയാളി സുഹൃത്ത് പ്രമോദ് തോമസിനൊപ്പം പോയി ആദ്യമേ സെറ്റ് പരിശോധിച്ചു. യഥാര്‍ത്ഥ കല്ലും മരവും ടൈലുകളുമൊക്കെത്തെയാണ് സെറ്റ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. അതിലുണ്ടാകുന്ന സ്വാഭാവിക ശബ്ദങ്ങള്‍ ചിത്രത്തിനാവശ്യവുമാണ്. പിന്നിയിട് പ്രതിസന്ധിയുണ്ടാക്കാവു ശബ്ദങ്ങള്‍, ക്യാമറാ ചലനങ്ങളുടേയും ലൈറ്റിന്റേയും ഒപ്പം മറ്റ് ബീപ്പ് ശബ്ദങ്ങളുമാണ്. അത്തരം ലൈറ്റുകളും മറ്റും മാറ്റിച്ചു. അസുഖകരമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ചിലതിനുമേല്‍ ‘സൗണ്ട് പ്രൂഫ്’ വസ്തുക്കള്‍ പിടിപ്പിച്ചു. അങ്ങനെ പോകുന്നു ആദ്യഘട്ട തയ്യാറെടുപ്പുകള്‍.
 

സിറാജ്: രാംലീലയിലെ മറ്റ് സാങ്കേതിക വിദഗ്ധരെക്കുറിച്ച്?

ജയദേവന്‍: മലയാളത്തില്‍ കിളിച്ചുണ്ടന്‍ മാമ്പഴമൊക്കെ ചെയ്ത രവിവര്‍മ്മനാണ് ഛായാഗ്രാഹകന്‍. ബോളിവുഡിലും ശ്രദ്ധേയനായ ദക്ഷിണേന്ത്യക്കാരനാണ് അദ്ദേഹം. മലയാളമൊക്കെ അറിയുന്ന ആളാണ്. അതുകൊണ്ടുത ന്നെ സുഖകരമായ ആശയവിനിമയം സാധ്യമാണ്. സാധാരണ ക്യാമറാ ടീമുമായി മിക്കപ്പോഴും അസുഖകരമായി പെരുമാറേണ്ടിവരും. രവിവര്‍മ്മന്റെ ക്യാമറാ ടീമും ലൈറ്റ് ടീമായി ഒരുവിധ അടിപിടിയും വേണ്ടിവില്ല. പലപ്പോഴും ഷൂട്ട് നിര്‍ത്തിവെച്ച് പോലും ശബ്ദലേഖനത്തിന് അവര്‍ സഹായിച്ചു. ക്യാമറ ട്രാക്കിലൊക്കെ റബ്ബര്‍ ഷീറ്റിട്ട് അവര്‍ അത്തരം ശബ്ദങ്ങളൊക്കെ ഒഴിവാക്കിതന്നു. ശബ്ദത്തിന്റെ സാധ്യതകളൊക്കെ പരീക്ഷിക്കാന്‍ കഴിയുംവിധമുള്ള ലെന്‍സുകളൊക്കെ മാറിമാറി ഉപയോഗിക്കുന്ന ആളാണ് രവിവര്‍മ്മന്‍. സിങ്ക്‌സൗണ്ട് സാങ്കേതികവിദ്യയ്ക്ക് ഏറെ സഹായകമാകുന്ന വിധത്തില്‍ എല്ലാ ഡയലോഗുകളും രവിവര്‍മ്മന്‍ ക്ലോസപ്പ് ഷോട്ടുകളിലും എടുക്കും. ധാരാളം കളര്‍ഫുള്‍ വസ്ത്രങ്ങള്‍ ചിത്രത്തിലുപയോഗിച്ചു. പലതരം ആഭരണങ്ങളും, ശബ്ദത്തെ ബാധിക്കാത്ത കോട്ട വസ്ത്രങ്ങളാണ് കോസ്റ്റ്യൂമര്‍ മാക്‌സിമ ബസു തയ്യാറാക്കിയത്. അസുഖകരമായ ശബ്ദങ്ങളുണ്ടാക്കുന്ന കല്ലുകളും മറ്റും ആഭരണങ്ങളില്‍നിന്നും അവര്‍ നീക്കം ചെയ്തു. ശബ്ദത്തിന് പ്രതിധ്വനി സൃഷ്ടിക്കാത്ത വിധത്തില്‍ റൂമുകള്‍ ആര്‍ട് ടീം സംവിധാനം ചെയ്തു. എല്ലാവരും നായി സഹായിച്ചുവെന്ന്‍ ചുരുക്കം.

സിറാജ്: എല്ലാം നന്നായി ചെയ്യാനാവും വിധം സമയമുണ്ടായിരുന്നുവെന്ന് തോന്നുന്നു.

ജയദേവന്‍: അതെ, ധാരാളം സമയം കിട്ടി. ഏതാണ്ട് 210 ദിവസങ്ങളോളം ചിത്രീകരണം നടന്നു. 2012-ല്‍ തുടങ്ങിയ ഷൂട്ട് 2013 സെപ്തംബര്‍വരെ നീണ്ടു.

സിറാജ്: രാംലീലയുടെ ലൊക്കേഷനുകളെക്കുറിച്ച്?

ജയദേവന്‍: പ്രധാന ഭാഗങ്ങളെല്ലാം മുംബൈയില്‍തന്നെ ചിത്രീകരിച്ചു. മുംബൈയ്ക്ക് പുറത്ത് 25 ദിവസങ്ങള്‍ മാത്രം, അത് ഉദയ്പൂരിലും ജയ്പൂരിനടുത്ത് സാംബാറിലും. മുബൈയിലെ സുനില്‍ മൈതാനത്താണ് മിക്ക രാത്രിദൃശ്യങ്ങളും ഷൂട്ട് ചെയ്തത്. അവിടെ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. കുറച്ച് ദൂരത്ത് വച്ച് തന്നെ റോഡ് ബ്ലോക്ക് ചെയ്യേണ്ടിവന്നു. അവിടെ തത്സമയം ശബ്ദം റെക്കോഡ് ചെയ്യാന്‍ വേറെ മാര്‍ഗമില്ല.

 

 

സിറാജ്: ചിത്രത്തിലെ താരങ്ങളെക്കുറിച്ച്?

ജയദേവന്‍: ടൈറ്റില്‍ കഥാപാത്രങ്ങളായ രാമനെയും ലീലയെയും അവതരിപ്പിച്ചത് രണ്‍വീര്‍ സിംഗും ദീപിക പാദുകോണുമാണ്. രണ്‍വീര്‍ വളരെ ഡെഡിക്കേറ്റഡ് ആയ അഭിനേതാവാണ്. ദീപികയും നന്നായി സഹകരിച്ചു.

സിറാജ്: എങ്ങനെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ല്‍ എത്തിയത്?

ജയദേവന്‍: കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് പഠനകാലത്ത് ഒരുവിധം സിനിമകളെല്ലാം കാണുമായിരുന്നു. ഇടയ്‌ക്കെപ്പോഴോ ഫോട്ടോഗ്രാഫിയില്‍ ഇഷ്ടം തോന്നി. ആ സമയത്ത് തന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മ എനിക്കൊരു പ്രൊഫഷണല്‍ ക്യാമറ സമ്മാനിച്ചു. ആ ക്യാമറയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതുകൊണ്ട് ചുമ്മാ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെടുത്തു. മിക്കതും ശരിയായില്ല. പിന്നെപ്പിന്നെ ഇന്റര്‍നെറ്റും ഫോട്ടോഗ്രാഫി മാഗസിനുകളും റഫര്‍ ചെയ്ത് ഷട്ടര്‍സ്പീഡും എക്‌സ്‌പോഷറും ഒക്കെ മനസ്സിലാക്കി. പിന്നെ അതൊരു അഭിനിവേശമായി മാറി. അങ്ങനെയിയിരിക്കുമ്പോഴാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷിക്കുന്നത്. തിരുവനന്തപുരത്ത് പോയി കുറച്ചുദിവസം താമസിച്ച്, ബ്രിട്ടീഷ് ലൈബ്രറി ഒക്കെ റഫര്‍ ചെയ്ത് എന്‍ട്രന്‍സ് എഴുതി. പൂനെയില്‍നി് ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടി, പക്ഷെ സിനിമറ്റോഗ്രഫിക്ക് അഡ്മിഷന്‍ കിട്ടിയില്ല. അപ്പോഴാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സൗണ്ടിന് സീറ്റൊഴിവ് വന്നിട്ട് വിളിച്ചത്. അവര്‍ക്ക് പറ്റിയ സ്റ്റുഡന്റ്‌സിനെ കിട്ടിയിരുന്നില്ല. അങ്ങനെ അവിടെ പ്രവേശനം കിട്ടി. സിനിമറ്റോഗ്രഫിയോടുള്ള ഇഷ്ടം ഉള്ളതുകൊണ്ട് ആ ഡിപ്പാര്‍ട്‌മെന്റിലെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒഴിവുസമയങ്ങളില്‍ അതിനെക്കുറിച്ചും ഒരു ധാരണയുണ്ടാക്കി.

സിറാജ്: പഠനശേഷം?

ജയദേവന്‍: ഇവിടെ കേരളത്തില്‍ അന്ന് ഒട്ടും സാധ്യതകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് നേരെ മുംബൈയില്‍ പോയി. കുറേനാള്‍ വെറുതേ അലഞ്ഞു. നിരാശയായിരുന്നു ആദ്യകാല ജോലി തേടലിന്റെ ഫലം. ദേശീയ അവാര്‍ഡ് ജേതാവൊക്കെയായ സുഭാഷ് സാഹുവിനെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അങ്ങനെ സാഹുവിനൊപ്പം ഒരു തുടക്കം കിട്ടി. ടെലിവിഷനില്‍ തുടങ്ങിയ ഞാന്‍ സാഹുവിന്റെ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്യാനാരംഭിച്ചു. അന്നാദ്യം ചെയ്ത ചിത്രം ‘മുംബൈ സമ്മര്‍’ ആണ്. മുംബൈ സമ്മറിന്റെ ശബ്ദമിശ്രണം ചെയ്ത പ്രമോദ് തോമസ് പിന്നീട് ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളായി. ലൊക്കേഷന്‍ സൗണ്ട് റെക്കോഡ് ചെയ്ത ആദ്യചിത്രം ‘സറൈസ്’ ആണ്. ഒരു രാത്രി ഒരു കോളേജ് ക്യാംപസില്‍ നടക്കുന്ന സംഭവങ്ങളാണ് ആ ഹൊറര്‍ ചിത്രത്തിന്റെ കഥ. എല്ലാ സീനുകളിലും ഏതെങ്കിലുമൊരു കഥാപാത്രമാണ് ക്യാമറ ഓപ്പറേറ്റ് ചെയ്യുക എന്നൊരു പ്രത്യേകതയും ആ ചിത്രത്തിനുണ്ട്. അങ്ങനെ കഥാപാത്രങ്ങളുടെ കാഴ്ചകളിലൂടെയാണ് കഥ പറയുന്നത്. തുടര്‍ന്ന് ‘ബ്ലാക്ക് ഫോറസ്റ്റ്’ ചെയ്തു.

സിറാജ്: അതിനുംശേഷമാണ് മലയാളത്തിലേക്കെത്തുന്നത് എന്നു തോന്നുന്നു…

ജയദേവന്‍: അതെ, ഡോ. ബിജുവിന്റെ ‘വീട്ടിലേക്കുള്ള വഴി’ യാണ് ആദ്യ മലയാളചിത്രം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ചിത്രം. എന്റെ പക്വമായ ആദ്യചിത്രമെ് എനിക്ക് തോന്നുതും ഈ ചിത്രമാണ്. പല സംസ്ഥാനങ്ങളിലൂടെ, വ്യത്യസ്തമായ ഭൂമിശാസ്ത്രത്തിലൂടെ സഞ്ചരിക്കുന്ന സിനിമയാണത്. ആ ജോഗ്രഫിക്കൊപ്പം ശബ്ദം കൊണ്ടുപോകാനാണ് ആ ചിത്രത്തില്‍ ശ്രമിച്ചത്. ആ ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജുവിനൊപ്പം പിന്നീട് ‘ആകാശത്തിന്റെ നിറം’ ചെയ്തു. ഇപ്പോള്‍ ‘പേരറിയാത്തവര്‍’ എന്ന ചിത്രവും. എല്ലാം നല്ല അനുഭവങ്ങളാണ്.

സിറാജ്: ‘പേരറിയാത്തവര്‍’ കേരളത്തിന്റെ കഴിഞ്ഞ പതിറ്റാണ്ടിലെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം പറയു ഒരു ചിത്രമാണല്ലോ? എങ്ങനെയുണ്ടായിരുന്നു ശബ്ദലേഖന അനുഭവം?

ജയദേവന്‍: സുരാജ് വെഞ്ഞാറമ്മൂടൊക്കെ ശബ്ദത്തെക്കുറിച്ച് നല്ല ധാരണയുള്ള നടനാണ്. സ്റ്റേജ് പരിചയം സഹായിക്കുന്നുണ്ടാവും. മിമിക്രിയുടെ പരിചയസമ്പത്ത് ശബ്ദനിയന്ത്രണത്തിലൊക്കെ ഗുണം ചെയ്യും. പൃഥ്വിരാജും, ഇന്ദ്രജിത്തും, നെടുമുടിവേണുവും, ഇന്ദ്രന്‍സുമെല്ലാം നന്നായി ഡയലോഗ് പെര്‍ഫോം ചെയ്യുവരും കൂടിയാണ്. രണ്‍ബീറിനോടൊക്കെ പലപ്പോഴും പറയേണ്ടിവന്നിട്ടുണ്ട് ‘ഉറക്കെ… കുറച്ചുകൂടി ഉച്ചത്തില്‍…’ എന്നൊക്കെ.

സിറാജ്: യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്ക്കുന്ന ധാരാളം സിനിമകള്‍ മലയാളത്തിലുണ്ടാവുന്നുണ്ട്. പക്ഷെ, അതിനിണങ്ങുന്ന തത്സമയ ശബ്ദലേഖനം മിക്കപ്പോഴും അവര്‍ തെരഞ്ഞെടുക്കുന്നില്ല. എന്താവും കാരണം?

ജയദേവന്‍: ഷെഡ്യൂളാണ് ഒരു പ്രധാന കാരണം. മിക്കതും 30 ദിവസത്തിനുള്ളില്‍ തീര്‍ക്കുന്ന സിനിമകളാണ്. ക്യാമറാ ഫ്രെയിംപോലെ പ്രധാനമാണ് സൗണ്ട് ഫ്രെയിം. അതുണ്ടാക്കാന്‍ സമയം വേണം. ക്ഷമയും വേണം. അരക്കിലോമീറ്ററും ഒരു കിലോമീറ്ററും ദൂരത്തുള്ള സംഭവങ്ങളും കാഴ്ചകളും ക്യാമറാഫ്രെയിമിനെ ബാധിക്കില്ല, ആ ശബ്ദങ്ങള്‍ ശബ്ദലേഖനത്തെ ഗുരുതരമായി ബാധിക്കും. പിന്നെ ബജറ്റ് പ്രശ്‌നമാണ്. സിങ്ക്‌സൗണ്ട് കൂടുതല്‍ ചിലവുള്ള ഒരു സംവിധാനമാണ്.

സിറാജ്: അടുത്ത സിനിമാപദ്ധതികള്‍?

ജയദേവന്‍: നിലവില്‍ ‘പേരറിയാത്തവര്‍’ പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്യുന്നു. ശേഷം മിക്കവാറുമൊരു വന്‍ ബോളിവുഡ് ചിത്രമാവാനാണ് സാധ്യത.
 


 

സിറാജ്: സംവിധാന താല്പര്യങ്ങള്‍ ഇല്ലേ?

ജയദേവന്‍: തീര്‍ച്ചയായും. ഒന്നു രണ്ട് പദ്ധതികള്‍ മനസിലുണ്ട്. സമയം വേണം. ചെയ്യുമ്പോള്‍ അത് മലയാളത്തില്‍ത്തന്നെ ചെയ്യാനാണ് താല്പര്യം.

സിറാജ്: മലയാളസിനിമയില്‍ സജീവമായ സുഹൃത്തുക്കളെക്കുറിച്ച്?

ജയദേവന്‍: മലയാളത്തിലെ ഇപ്പോഴത്തെ ശ്രദ്ധേയനായ ക്യാമറാമാന്‍ ഷെഹനാദ് ജലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയറായിരുന്നു. അടുത്ത സുഹൃത്താണ്. മറ്റൊരു സുഹൃത്തായ ശംഭു പുരുഷോത്തമന്റെ ‘വെടിവഴിപാട്’ റിലീസിനൊരുങ്ങുന്നു. സുഹൃത്തായ ഗോഡ്‌ലിയാണ് അതിന്റെ സൗണ്ട് ചെയ്തിരിക്കുന്നത്. പിന്നെ എഡിറ്റര്‍ മനോജും ക്യാമറാമാന്‍മാരായ പ്രതാപനും സുരേഷുമൊക്കെ സുഹൃത്തുക്കളാണ്. സുരേഷാണിപ്പോള്‍ ‘ക്യാമല്‍ സഫാരി’ ചെയ്തത്.

സിറാജ്: മുംബെയില്‍ ചലച്ചിത്ര ശബ്ദരംഗത്ത് ശ്രദ്ധേയരായ മറ്റ് മലയാളികളെക്കുറിച്ച്?

ജയദേവന്‍: പ്രമോദ് തോമസ്, അനില്‍ രാധാകൃഷ്ണന്‍, ഹരീന്ദ്രന്‍, റസൂല്‍ ഒക്കെ മികച്ച ആളുകളാണ്.

സിറാജ്: റസൂലിനെക്കുറിച്ച്?

ജയദേവന്‍: റസൂല്‍ പൂക്കുട്ടിയുടെ ലൊക്കേഷന്‍ സൗണ്ട് ട്രാക്കുകള്‍ മികച്ച മാതൃകകളാണ്. അങ്ങേയറ്റം ഡെഡിക്കേറ്റഡായ മനുഷ്യനാണ് റസൂല്‍. ‘ശബ്ദത്തിനുവേണ്ടി ഫൈറ്റ്’ ചെയ്യുയാളാണ്.

സിറാജ്: ജയദേവന്റെ കുടുംബം

ജയദേവന്‍: തൃശൂര്‍ എറവ് ആണ് സ്വന്തം നാട്. അച്ഛനും അമ്മയും അവിടെയുണ്ട്. ലൈഫ് പാര്‍ട്‌നര്‍ ഗരിമ മധ്യപ്രദേശിലെ ജാഗ്വാ സ്വദേശിയാണ്. ആര്‍ട്ടിസ്റ്റാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍