UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

അബ്ബയും കാക്കയും ടോട്ടോയും മീമിയും കഴിഞ്ഞുവരുന്ന അമ്മ

സുദീപ് കെ.എസ്.

ഒടുവിൽ അമൻ ‘അമ്മ’ എന്നു പറയാൻ തുടങ്ങി. അമ്മ, ഉമ്മ, മ്മ, മാ, ആയി എന്നിങ്ങനെ ഏതു ഭാഷയിലായാലും അമ്മയെ കുറിക്കുന്ന വാക്കുകളാണ് എല്ലാവരും ആദ്യം പഠിക്കുക എന്നാണു വയ്പ്. എന്നാൽ അബ്ബ, ബ്ബ (എന്നെ വിളിക്കുന്ന വാക്കുകൾ), മ്മ (ഉമ്മവയ്ക്കുന്ന അർത്ഥത്തിൽ), ബ്ബബ്ബ, പപ്പ (‘അബ്ബ’/’ബ്ബ’ യുടെ വകഭേദങ്ങളാണ് ഈ രണ്ടു വാക്കുകളും എന്നുതോന്നുന്നു), കാക്ക, ടോട്ടോ (ഓട്ടോ എന്നതിനും ടോയ്ലറ്റ് എന്നതിനും), അമ്മമ്മ (അടുത്ത വീട്ടിലെ മനുവിന്റെ അമ്മമ്മ), മ്മമ്മ (ബേനയുടെ ഉമ്മ / മനുവിന്റെ അമ്മമ്മ), അമൻ, മീമി (മീൻ) എന്നിങ്ങനെയുള്ള വാക്കുകളൊക്കെ അമൻ അതിനു മുമ്പേ പഠിച്ചു, അപ്പോഴും ബേനയെ വിളിക്കാൻ അവനു വാക്കുണ്ടായിരുന്നില്ല. ഒന്നുകിൽ ചൂണ്ടിക്കാട്ടും, അപൂർവ്വം ചിലപ്പോൾ അബ്ബ എന്ന് ബേനയെയും വിളിക്കും. ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ അമ്മ എന്ന വാക്ക് അവൻ പറയാൻ തുടങ്ങിയിട്ട്. ‘മ്മ’ എന്ന് പറഞ്ഞിരുന്നെങ്കിലും ഉമ്മയെ/അമ്മയെ സൂചിപ്പിക്കാൻ ഒരിക്കലും അവൻ അതുപയോഗിച്ചില്ല. ഇഷ്ടമുള്ള സാധനങ്ങൾക്ക് ഉമ്മ കൊടുക്കാൻ മാത്രമുള്ളതായിരുന്നു അത്.

ഞങ്ങൾ പറഞ്ഞുകൊടുത്തിട്ടല്ല അബ്ബ എന്നും അമ്മ എന്നും അവൻ വിളിക്കാൻ തീരുമാനിച്ചത്. ബേനയെ അമ്മു /ഉമ്മ എന്നും എന്നെ അച്ചു, വാപ്പ, വാപ്പച്ചി എന്നൊക്കെയും ആണ് ഞങ്ങൾ പറഞ്ഞിരുന്നതും പറഞ്ഞുകൊടുത്തതുമായ വാക്കുകൾ. അതൊന്നും അവൻ അത്ര കാര്യമായി എടുത്തില്ല എന്നുതോന്നുന്നു.

മനോരമ പത്രത്തിലെ ‘യുവ’യിൽ കുറച്ചുനാൾ മുമ്പ് കുറെ യുവ എഴുത്തുകാർ  മലയാളത്തിലെ തങ്ങളുടെ ഇഷ്ടവാക്ക് തിരഞ്ഞെടുത്തിരുന്നു. അതിൽ ആദ്യം ചൊല്ലിപ്പഠിച്ച വാക്കായ ‘അമ്മ’ തന്നെയാണ് ഇപ്പോഴും ഏറെയിഷ്ടം എന്ന് വി കെ ആദർശ് എഴുതിയത് വായിച്ചപ്പോഴാണ്‌ പറയാനും മാത്രമുള്ള ഒരു കാര്യമാണല്ലോ അമന്‍റെ വാക്കുകൾ എന്നു തോന്നിയത്. വാക്കുകൾക്കും ഉണ്ടല്ലോ കഥകൾ പറയാൻ. ചിലപ്പോഴൊക്കെ കാര്യങ്ങളും.  
 

 

ഇത് ഫെയ്സ്ബുക്കിൽ പങ്കുവച്ചപ്പോൾ സബ്ന എന്നൊരമ്മ പറഞ്ഞു, അവരുടെ മകൾ യോഷിയുടെയും കാര്യം ഇങ്ങനെത്തന്നെ ആയിരുന്നു എന്ന്. 

ചില അമ്മമാർക്ക് ആദ്യമൊക്കെ കുറച്ചൊരു വിഷമം ആയേക്കാമെങ്കിലും അമ്മമാരുടെ തലയിൽ നിന്ന് ഈ ‘ആദ്യവാക്കിന്റെ’ ഭാരം കുറച്ചെങ്കിലും ഒന്നിറങ്ങിപ്പോവുന്നെങ്കിൽ അത് ഒരു നല്ല കാര്യമായിരിക്കും അല്ലേ? (‘ഏറ്റവും മനോഹരമായ’ വാക്കിന്റെ ഭാരം പിന്നെയും അവിടെ കിടക്കുന്നുണ്ട്, അതത്ര എളുപ്പത്തിലൊന്നും പോവില്ലായിരിക്കും.)

ആദ്യാക്ഷരങ്ങൾ
വിജയദശമി കഴിഞ്ഞിട്ട് അധികം നാളായില്ല. എഴുത്തിനിരുത്ത് ഇപ്പോൾ മിക്കവാറും എല്ലാ ജാതി-മത വിഭാഗങ്ങൾക്കിടയിലും ഒരു ഫാഷനാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ ആണത്രേ ആ എഴുതിപ്പഠിക്കുന്നത്. തുഞ്ചൻ പറമ്പിലും അമ്പലങ്ങളിലും ഒക്കെയുള്ളത്‌ പോരാഞ്ഞ് മനോരമയൊക്കെ നടത്തുന്ന ‘സെക്കുലർ’ ‘വിദ്യാരംഭ’ങ്ങളും ഉണ്ട്. എം ടി വാസുദേവൻ നായരോ സുഗതകുമാരിയോ എം ജി എസ്സോ ‘ആഴ്‌വാഞ്ചേരി തമ്പ്രാക്ക’ളോ പോരെങ്കിൽ ഡോ. ബി ഇക്ബാലോ എം എൻ കാരശ്ശേരിയോ പ്രഫ. എം. തോമസ് മാത്യുവോ ബ്ലെസ്സിയോ ഉണ്ട്  ആദ്യാക്ഷരം എഴുതിത്തരാൻ. 

പറഞ്ഞുവന്നത്, അമന്റെ ആദ്യാക്ഷരങ്ങൾ സീ-എൽ-ഏ-പീ-സ്പെയ്സ്-വൈ-ഓ-യൂ-ആർ-സ്പെയ്സ്-എച്-ഏ-എൻ-ഡീ-എസ് എന്നായിരുന്നു. ഞാനോ ബേനയോ പറയും, അമൻ റ്റൈപ്പ് ചെയ്യും. ഗൂഗിളോ യൂറ്റ്യൂബോ ആണ് അവന്റെ ‘കടലാസ്’ (അതോ ‘അരി’യോ?) എഴുത്തിനിരുത്തൊന്നുമല്ല, യൂറ്റ്യൂബിൽഅവനിഷ്ടമുള്ള പാട്ടു കാണാൻ വേണ്ടിയാണ്. 

അല്ലെങ്കിലും ഇക്കാലത്ത് കമ്പ്യൂട്ടറിലല്ലേ നമ്മുടെയൊക്കെ ഏതാണ്ട് എല്ലാ എഴുത്തും? (‘പേനയും പുസ്തകവും ഉപയോഗിച്ചുള്ള എഴുത്തിന് മാത്രമേ അതിന്റെ പൂര്‍ണത കിട്ടൂ’ എന്നു കരുതുന്ന ‘ഒറിജിനൽ’ എഴുത്തുകാരെ ഈ ‘നമ്മളി’ൽ കൂട്ടിയിട്ടില്ല). അരിയിലും മണലിലും കടലാസിലും ‘ആദ്യാക്ഷരം’ കുറിക്കുന്നതൊക്കെ പഴങ്കഥയാവേണ്ട കാലം കഴിഞ്ഞില്ലേ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍