UPDATES

കേരളം

കേരളവും മാവോയിസ്റ്റുകളും : ആദിവാസികള്‍ക്ക് ആയുധം നല്കുമ്പോള്‍

കേരളം പോലെയുള്ള സംസ്ഥാനത്ത് എന്തിനാണ് മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ചത്തീസ്ഗഡ് മാതൃകയില്‍ ആദിവാസിയെ ആയുധമെടുപ്പിക്കുന്നത്? മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അധ്യാപകന്‍ എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 

മാവോയിസ്റ്റ് ഭീഷണി ഭരണകൂടത്തിന് രാഷ്ട്രീയ പ്രശ്‌നം എന്നതിനേക്കാളുപരിയായി ക്രമസമാധാന പ്രശ്നം മാത്രമാണ്. രാജ്യത്തൊട്ടാകെയുള്ള ഇത്തരം പ്രശ്‌നങ്ങളെ കേവലം ക്രമസമാധാന പ്രശ്‌നമാക്കുന്നതിന് പിന്നില്‍ ശക്തമായ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. ഇതിന്‍റെ വിശദാംശത്തിലേക്ക് ഈ ലേഖനം കടക്കുന്നില്ല. പകരം, ആദിവാസി മേഖലകളെ പോലീസ്‌വല്‍ക്കരിക്കുന്ന കേരള സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഉത്ഭവം വിശകലനം ചെയ്യുകയാണ് ലക്ഷ്യം. കൂടുതല്‍ പ്രകൃതി വിഭവങ്ങളും മികച്ച സാമൂഹിക സുരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഛത്തിസ്ഗഢില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നയമാണ് ഇതിന്റെ മാതൃക.

 

കേരളത്തിലെ ആദിവാസി മേഖലകള്‍ കേരളം നേടി എന്ന് അവകാശപ്പെടുന്ന വികസന മാതൃകകളെ ചോദ്യം ചെയ്യുന്നുണ്ട്. അടുത്തകാലത്ത് നടന്ന ശിശുമരണങ്ങളും പരിഹരിക്കപ്പെടാത്ത ഭൂരാഹിത്യവും ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും അടുത്ത കാലത്ത് കേരളത്തിലെ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നുണ്ട്. ആദിവാസി മേഖലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഉള്ളതിനാല്‍ ആദിവാസി ഹോംഗാര്‍ഡുകളെ നിയമിക്കാനുള്ള തീരുമാനം കേരളത്തില്‍ ഒരു പുതിയ രീതിയാണെങ്കിലും രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ പരീക്ഷിക്കപ്പെട്ടതാണ്. അവിടങ്ങളില്‍ ഭരണകൂടത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതില്‍ അവ വിജയിച്ചിട്ടുമുണ്ട്.

 

 

2005ല്‍ ഛത്തിസ്ഗഢ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ഛത്തിസ്ഗഢ് പ്രത്യേക സുരക്ഷാ ബില്‍ പോലീസ് സേനയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തി. ഛത്തിസ്ഗഢിലെ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം, ആദ്യമായി നിയമവിധേയമല്ലാത്ത പ്രവര്‍ത്തികളും നിശ്ചയിച്ചു. ഉദാഹരണമായി പൊതുസമാധാനം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തിയും ഭരണകൂടസ്ഥാപനങ്ങള്‍ക്കെതിരായ എതിര്‍പ്പും എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ നിയമത്തിന്റെ മുന്‍ഗാമി എന്ന് പറയാവുന്നത് 2001ലെ മധ്യപ്രദേശ് പ്രത്യേക സുരക്ഷാ മേഖലാ ബില്ലാണ്. പിന്നീട് ഛത്തിസ്ഗഢ് സര്‍ക്കാര്‍ 2007 ല്‍ ഛത്തിസ്ഗഢ് പോലീസ് നിയമം നടപ്പിലാക്കിയതോടെയാണ് ക്രമസമാധാന പാലനത്തില്‍ സ്വകാര്യ മേഖലയുടെ പ്രാധാന്യം ഉറപ്പിച്ചത്. പ്രത്യേക പോലീസ് ഓഫീസര്‍ പദവി നല്‍കി 16 വയസുകാരെ വരെ സര്‍ക്കാര്‍ നിയമിച്ചു. അവര്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനാധികാരം നല്‍കി. 2007 മുതല്‍ 2012 വരെ ഇവര്‍ നടത്തിയ കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും കണക്കുകള്‍ അതുവരെയുണ്ടായിരുന്ന കുറ്റകൃത്യങ്ങളുടെ ശരാശരിയേക്കാള്‍ മുകളിലായിരുന്നു. സര്‍ക്കാരിനുവേണ്ടി നടത്തിയ കുറ്റകൃത്യങ്ങള്‍ ആയിരുന്നു ഇതില്‍ കൂടുതലും. എന്നിരുന്നാലും ഇവരില്‍ ആരും തന്നെ വിചാരണ ചെയ്യപ്പെട്ടില്ല. നിരവധി കേസുകള്‍ ഇന്നും കോടതികള്‍ക്ക് മുമ്പാകെയുണ്ട്.

 

പൊതുമുതല്‍ സംരക്ഷിക്കുക, വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുക, രഹസ്യ വിവരങ്ങള്‍ ശേഖരിക്കുക, തുടങ്ങി നിരവധി അധികാരങ്ങള്‍ പുതിയ നിയമം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ആദിവാസി/ഖനന മേഖലകളില്‍ നിയോഗിച്ചിരുന്ന ഇവരുടെ പ്രധാന ജോലി ഖനനം സംരക്ഷിക്കുക, മാവോയിസ്റ്റ് എന്ന് ആരോപിച്ച് എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയായിരുന്നു. 2011ല്‍ ഡല്‍ഹി സര്‍വ്വകലാശാല അധ്യാപികയായിരുന്ന നന്ദിനി സുന്ദര്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി, പ്രത്യേക പോലീസ് ഓഫീസര്‍ നിയമനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഛത്തിസ്ഗഡില്‍ മാത്രം പരിമിതമായതാണ് ഈ നിയമം എന്ന കാരണത്തിന്റെ ബലത്തില്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഇതിനെ മറികടന്നു. ഇപ്പോള്‍ ഇത്തരത്തിലുള്ള എല്ലാ പോലീസുകാരെയും പോലീസ് കോസ്റ്റബിള്‍മാരായി നിയമിക്കാന്‍ പോവുകയാണ്.

 

 

2012ലെ വിധിയില്‍ സുപ്രീം കോടതി സൂചിപ്പിച്ച ഒരു കാര്യം, പൗരന് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാനുളള അവകാശം ജനാധിപത്യത്തിലെ നല്ല ഗുണങ്ങളില്‍ ഒന്നാണെന്നാണ്. ഇത്തരം പ്രതിഷേധങ്ങള്‍ ആണ് ഭരണകൂടത്തെ ജനതാല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഈ വിധി. മാത്രവുമല്ല, കോടതി ചൂണ്ടിക്കാണിച്ച മറ്റൊരുകാര്യം മാവോയിസ്റ്റ് പ്രശ്‌നം എന്നത് കേവലം ക്രമസമാധാനപ്രശ്‌നം അല്ല മറിച്ച്, സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക അരാജകത്വത്തില്‍നിന്നും രൂപം കൊള്ളുന്നതാണ് എന്നാണ്.

 

കേരളം പോലെയുള്ള സംസ്ഥാനത്ത് എന്തിനാണ് ഇത്രയും ശക്തമായ ഒരു സ്വയം പ്രതിരോധം ആദിവാസി മേഖലകളില്‍ വേണ്ടി വരുന്നത്? ഛത്തിസ്ഗഡില്‍, സവര്‍ണ ഫാസിസ്റ്റ് സംഘമായ സാല്‍വാ ജുദും എന്ന സേനയെ പരീക്ഷിച്ച് കഴിഞ്ഞതിനുശേഷമാണ് പ്രത്യേക പോലീസ് ഓഫീസര്‍ എന്ന സംവിധാനത്തിലേക്ക് കടന്നത്. ഹോം ഗാര്‍ഡുമാര്‍ പോലീസുകാരല്ല എന്ന വിശദീകരണം ശരിയാണെങ്കില്‍ ആദിവാസി മേഖകളില്‍ നിയമിക്കപ്പെടുന്നവരുടെ അധികാര പരിധി പുനര്‍നിര്‍ണ്ണയിക്കേണ്ടിവരും. അതായത് ഛത്തിസ്ഗഡിലെ പരീക്ഷണം ആവര്‍ത്തിക്കേണ്ടി വരും. ഇതിനാദ്യം വേണ്ടത് ആദിവാസി മേഖകള്‍ സംഘര്‍ഷമേഖലയായി പ്രഖ്യാപിക്കണം. മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ, കേരളത്തില്‍ വന്‍ തോതില്‍ ഖനന മേഖലകള്‍ ഇല്ലാത്തതു കൊണ്ടുതന്നെ വന്‍കിട കോര്‍പ്പറേറ്റുകളുടെ പിന്തുണയും ഉണ്ടാകാനും സാധ്യതയില്ല. ആദിവാസി മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്‍റെ പ്രധാന ലക്ഷ്യം.

 

 

ഇത്തരം നിയന്ത്രണത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ക്കൊപ്പം മറ്റൊന്നുകൂടി വിശകലനം ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനം നേരത്തെ സൂചിപ്പിച്ച പോലീസ് സംവിധാനങ്ങളുടെ സ്വകാര്യവല്‍ക്കരണമാണ്. പലപ്പോഴും ഭരണകൂടത്തിന്റെ പരിധിക്ക് പുറത്ത് നടക്കുന്ന പ്രശ്‌നങ്ങളെ നേരിടാനാണ് ഇത്തരം സംവിധാനങ്ങളെ ഉപയോഗിക്കാറ്. എന്നാല്‍ കേരളത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അത്തരം സാഹചര്യങ്ങള്‍ രൂപപ്പെട്ടിട്ടില്ല. ആദിവാസി ഭൂമിയുടെ മേലുള്ള നിയന്ത്രണം മുതല്‍ വന്‍കിട പ്ലാന്റേഷന്‍ താല്പര്യങ്ങള്‍ വരെ ഇതില്‍ വരാം. അതോടൊപ്പം തന്നെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി മാവോയിസ്റ്റ് പ്രശ്‌നത്തെ സംബന്ധിച്ച ഭരണകൂട നിലപാടിന്റെ സാധൂകരണം കൂടി ഇതിന്‍റെ പിന്നിലുണ്ട് എന്ന് പറയേണ്ടി വരും. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഒറീസ, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ബംഗാള്‍, ബിഹാര്‍)  ഈ പ്രശ്‌നത്തെ കാണുന്ന രീതിയെ സംബന്ധിച്ച് പഠിക്കാന്‍ കഴിഞ്ഞതില്‍നിന്നും മനസ്സിലാക്കിയ കാര്യം മാവോയിസ്റ്റ് പ്രശ്‌നത്തില്‍ വ്യക്തമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ക്രമസമാധാന പ്രശ്‌നമായി ചുരുക്കുന്നതിലൂടെ മാത്രമേ, ഭരണകൂടത്തിന്റെ സാന്നിദ്ധ്യം ഇത്തരം മേഖലകളില്‍ ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇതൊരു ഭരണകൂട പ്രതിസന്ധി കൂടിയാണ്. ആദിവാസി മേഖലാ വികസനത്തിന് പ്രത്യേക നയപരിപാടികള്‍ ഒന്നും തന്നെ ഇല്ല എതിന്റെ തെളിവാണ് ഇത്തരം പോലീസ്‌വല്‍ക്കരണം എന്നതാണ് യഥാര്‍ഥ്യം.

         

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍