UPDATES

ഇന്ത്യ

ഇവിടെ ഐക്യം പ്രതിമയാകുന്നു

ടീം അഴിമുഖം

മനുഷ്യ ചരിത്രത്തില്‍ പ്രതിമകള്‍ക്ക് എക്കാലവും പ്രധാനപ്പെട്ട സ്ഥാനമുണ്ട്.  കവലകളിലും പ്രധാന സ്ഥലങ്ങളിലുമൊക്കെ ഓരോ ജനതയുടേയും ചരിത്രത്തെയും അതിജീവനത്തെയുമൊക്കെ സൂചിപ്പിക്കുന്ന പ്രതിമകള്‍ ലോകമെമ്പാടും തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ബാക്കിയെന്നോണമുള്ള മൂന്നവസ്ഥകളെ സൂചിപ്പിക്കുന്ന ‘കുതിരപ്പടയാളി പ്രതിമ’ ഇല്ലാത്ത രാജ്യങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ആധുനിക ലോകത്ത് സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയുമൊക്കെ ഈറ്റില്ലമായ ഫ്രാന്‍സില്‍ നിന്ന് അയച്ചു കൊടുത്തതാണ് ന്യൂയോര്‍ക്ക് നഗരത്തിനു മേല്‍ തലയുയര്‍ത്തി നില്‍ക്കുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടി. സ്റ്റാച്യു ഓഫ് യുണിറ്റി എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കൊണ്ട് ഇതിനെ മറികടക്കുമെന്നാണ് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും സംഘപരിവാറുമൊക്കെ അവകാശപ്പെടുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷം വി.പി മേനോനുമൊത്ത് ഇന്ത്യന്‍ യൂണിയനിലേക്ക് വിവിധ നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ചും അല്ലാതെയുമൊക്കെ ലയിപ്പിച്ച പട്ടേലിന്റെ ‘ലെഗസി’ സ്വന്തമാക്കാനുള്ള ബി.ജെ.പി ഉള്‍പ്പെടെയുള്ള വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ ശ്രമം ഏറെ പഴക്കമുള്ളതാണ്. പലവഴി പിരിയാന്‍ നിന്ന നാട്ടുരാജ്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ പട്ടേല്‍ കാണിച്ച  കരുത്ത് ഹിന്ദുത്വ വലതുപക്ഷത്തിന്റെ  മെയില്‍ ഷോവനിസ്റ്റിക് രാഷ്ട്രീയ നേതൃത്വത്തോട് അടുത്തു വരുന്ന കാര്യമാണ്. ‘ലോഹ്പുരുഷ്’ എന്ന വിശേഷണം ചാര്‍ത്തി എല്‍.കെ അദ്വാനിയെ രണ്ടാം പട്ടേല്‍ ആക്കാനുള്ള ശ്രമങ്ങളൊക്കെ ഇതിന്റെ ഭാഗമായിരുന്നു താനും.
 

എന്നാല്‍ പട്ടേലിന്റെ മറ്റൊരു മുഖത്തെ കുറിച്ച് ആര്‍.എസ്.എസ്- ബി.ജെ.പിക്ക് അറിഞ്ഞു കൂടാ എന്നു കരുതേണ്ടതുണ്ട്. വിഭജന സമയത്ത് മുസ്ലീം സമുദായത്തെ സംരക്ഷിക്കാന്‍ പുരാണകിലയിലും നിസാമുദീനിലുമൊക്കെ ദിവസങ്ങളോളം അവിടങ്ങളില്‍ തമ്പടിച്ച് ഹിന്ദുത്വവാദികളെ തടഞ്ഞ ചരിത്രവും പട്ടേലിനുണ്ട്. അത് ഗുജറാത്തിലേതു പോലെ മരിച്ചവരുടെ ശവങ്ങള്‍ക്കു മേല്‍ നടത്തുന്ന രാഷ്ട്രീയ നിയമസാധുതയല്ല. ഇന്ത്യക്ക് വേണ്ടത് അത്തരം പട്ടേലും നെഹ്‌റുവുമൊക്കെയാണ്. അത് മനസിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുമ്പോള്‍ മാത്രമേ ബി.ജെ.പി ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയാകൂ. അല്ലെങ്കില്‍ അത് എല്ലാക്കാലത്തും ഒരു ഹിന്ദു ദേശീയ പാര്‍ട്ടിയായി തന്നെ നിലനില്‍ക്കും.

എടുത്തു പറയത്തക്ക ചരിത്രമോ പ്രത്യയശാസ്ത്ര അടിത്തറയോ ഇന്ത്യയിലെ ഹിന്ദുത്വ വലതുപക്ഷത്തിന് ഇല്ല. മിത്തുകളില്‍ നിന്ന് ചരിത്രത്തെ വേര്‍തിരിച്ചെടുക്കുമ്പോള്‍ ഈ സംഘടനകള്‍ക്ക് അവകാശപ്പെടാന്‍ ഏതാനും ദശകങ്ങളുടെ കണക്കു മാത്രമേ ബാക്കിയുണ്ടാവൂ. അതുകൊണ്ടു തന്നെ പുത്തന്‍ ചരിത്ര നിര്‍മിതിക്കായി സംഘപരിവാര്‍ പുറത്തേക്കു നോക്കുമ്പോള്‍ അതില്‍ ആദ്യം വരിക പട്ടേലാണു താനും. സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിക്കുമ്പോള്‍ സംഘം ലക്ഷ്യമിടുന്നത് ഇതുകൂടിയാണ്.

സംഘപരിവാറിന് ചരിത്രം പുറത്തു നിന്ന് കടം കൊള്ളേണ്ടി വരുന്നത് സ്വന്തം ഭൂതകാലത്തിന്റെ അസ്വീകാര്യത കൊണ്ടു കൂടിയായിരിക്കാം. അല്ലെങ്കില്‍ ഗോള്‍വാള്‍ക്കറിന്റേയോ സര്‍വക്കറിന്റേയോ പ്രതിമയായിരുന്നു അവര്‍ സ്ഥാപിക്കേണ്ടിയിരുന്നത്. കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍  സര്‍വക്കറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിക്കാര്‍ അല്ലാതെ മറ്റാരും അവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്താറില്ല. ഗാന്ധി വധം അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഇതുവരെ സര്‍വക്കറിനെ ഒഴിവാക്കിയിട്ടില്ല എന്നതും മാറ്റി ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കാം. 
 

 

സ്ഥാപിക്കപ്പെടുന്ന പ്രതിമകള്‍ക്ക് മേല്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും പതിവാണ്. ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിക്കുമ്പോള്‍ കൗബോയ് തൊപ്പി വച്ച ഭഗത്‌സിംഗ് വേണോ സിക്ക് വംശജരുടെ ‘പകിടി’ വച്ചതു വേണോ എന്നു തര്‍ക്കമുണ്ടാകുകയും ഒടുവില്‍ പകിടി വച്ചതു തന്നെ സ്ഥാപിക്കുകയും ചെയ്തു. താന്‍ എതീസ്റ്റ് ആണെന്ന് എഴുതിവച്ച ഭഗത്‌സിംഗിനെയാണ് പില്‍ക്കാല ചരിത്രം ഇത്തരത്തില്‍ മാറ്റിയെടുക്കുന്നത്.

എന്തു കൊണ്ടാണ് പട്ടേലിനു മേല്‍ സംഘപരിവാര്‍ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്നത് എന്നതിന്റെ മറ്റൊരു കാരണം കോണ്‍ഗ്രസിന് ഗാന്ധി -നെഹ്‌റു കുടുംബത്തിന് അപ്പുറത്തേക്കുള്ളവരില്‍ ആരിലും മഹത്വം കണ്ടെത്താന്‍ പറ്റുന്നില്ല എന്നതു തന്നെയാണ്. ഇന്ന് പട്ടേലിന് സംഭവിച്ചതായിരിക്കും നാളെ നരസിംഹ റാവുവിന് സംഭവിക്കാന്‍ പോകുന്നത്. ഗാന്ധി -നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരാളുടെ മൂല്യം നിര്‍ണയിക്കുക. ആ പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് അത്തരത്തിലാണ്. സോഷ്യലിസ്റ്റ് ആദര്‍ശങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്തു കടത്തിയ റാവുവിനെ മറന്നു കളയുന്നത് അദ്ദേഹം ചെയ്തത് തെറ്റോ ശരിയോ എന്നു വിലയിരുത്തിയല്ല. മറിച്ച് ചരിത്രപരമായ ഒരു മാറ്റത്തിന് ചുക്കാന്‍ പിടിച്ചയാള്‍ ഗാന്ധി – നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്താണ് എന്നതു മാത്രമാണ് കാര്യം. കോണ്‍ഗ്രസ് അത്തരത്തില്‍ മുന്നോട്ടു പോകുന്നതു കൊണ്ടാണ് അപ്പനേയും അമ്മൂമ്മയേയുമൊക്കെ കൊന്ന കഥകള്‍ മാത്രം പറഞ്ഞ് വോട്ടു തേടേണ്ടി വരുന്നത്.
 

പ്രതിമാ രാഷ്ട്രീയം കേരളത്തിലും എക്കാലത്തും പ്രശ്‌നമായിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകമായി സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും രാഷ്ട്രീയ നേതാക്കളുടേയും പ്രതിമകള്‍ക്കു നേരെ കേരളത്തിലുണ്ടായിട്ടുള്ള അക്രമം ജാത, മത സ്പര്‍ധയുണ്ടാക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ 1996- 2000-ത്തിലെ നായനാര്‍ സര്‍ക്കാറിന്റെ പരാജയത്തിനുള്ള കാരണങ്ങളിലൊന്നാണ്. പ്രതിഷ്ഠയ്ക്കു പകരം കണ്ണാടി സ്ഥാപിക്കുകയും പ്രതിമയ്ക്കു മുന്നില്‍ പാലും പഴവും വയ്ക്കുന്നത് അതിന് തിന്നാന്‍ അല്ലെന്നും അത് വയ്ക്കുന്നവര്‍ക്ക് കഴിക്കാനാണെന്നും പറഞ്ഞ ഗുരുവിന്റെ പ്രതിമകള്‍ നാടൊട്ടുക്ക് നിറഞ്ഞു എന്നത് വിരോധാഭാസം. എക്കാലത്തേയും വലിയ വിഗ്രഹഭഞ്ജകരില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെ പ്രതിമ ഈയിടെ തകര്‍ത്ത സംഭവവും ആലോചിക്കുക. ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കുന്നത് ഇവര്‍ ഉയര്‍ത്തിയ ആദര്‍ശങ്ങളുമായി ബന്ധപ്പെട്ടല്ല, മറിച്ച് രാഷ്ട്രീയ, ജാതീയ കാരണങ്ങളാണ്.

പ്രതിമകള്‍ക്കു മേലുള്ള വികാരവായ്പ് മധ്യകാലഘട്ടത്തിലേതാണ്. അത് ഒരു ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല. ഗുജറാത്തില്‍ ഇപ്പോള്‍ 2000 കോടി രൂപയിലേറെ ചെലവിട്ട് നിര്‍മിക്കുന്ന പട്ടേല്‍ പ്രതിമ പ്രത്യേകിച്ച് ഐക്യമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഏറെ താമസിയാതെ രാജ്യത്ത് ഒരു പ്രമുഖ ടൂറിസം കേന്ദ്രം കൂടി തുറക്കാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. പോഷകാഹാര കുറവും പട്ടിണിയും മൂലം മരിക്കുന്നതിനു മുമ്പ് ഇവിടമൊന്ന് സന്ദര്‍ശിക്കാന്‍ ഓരോ ഇന്ത്യക്കാരനും കഴിയട്ടെ എന്നും ആശംസിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍