UPDATES

കേരളം

തൊഴിലാളികള്‍ ‘ഭാരമാകുന്ന’ കേരളം

കാലഹരണപെട്ട ചില നവലിബറല്‍ കാഴ്ചപാടുകള്‍ക്കാണ്‌ ഇന്ന്‌ കേരളത്തിലെ വികസന നയ രൂപീകരണത്തില്‍ പ്രാമുഖ്യം. അത്തരത്തിലുള്ള കാഴ്ചപ്പാടുകളുള്ളവരാണ്‌ കേരളം തമിഴ്നാടിനെയും ഗുജറാത്തിനെയും പോലെ വികസനം നേടണമെന്നു ശഠിക്കുന്നത്‌. ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ശരിയ്ക്കും മനസ്സില്ലാക്കാത്തവരാണ്‌. ചില വികസന കണക്കുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന്‍റെ വികസനം എത്തരത്തിലായിരിക്കണമെന്നു സാധാരണക്കാര്‍ക്ക് പോലും നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നുള്ളതാണു സത്യം. കേരളത്തിലെ വികസന നയരൂപീകരണത്തിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുവാനാണു ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്‌

മണി രാജേഷ്

കേരളത്തിന്‍റെ ഇന്നത്തെ സര്‍വ്വ സാമ്പത്തിക പ്രതിസന്ധിക്കും, അവികസിതാവസ്ഥയ്ക്കും കാരണം ഇവിടുത്തെ തൊഴിലാളിവര്‍ഗ്ഗമാണെന്നുള്ള ഒരു പ്രചരണം പൊതുസമൂഹത്തില്‍ ശക്തമാകാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. ചെറുതും വലുതുമായ കേരളത്തിലെ എല്ലാ രാഷ്ട്രീയ സംഘടനകളുടെയും അടിസ്ഥാന പിന്‍ബലം അവര്‍ പ്രതിനിധീകരിക്കുന്ന തൊഴിലാളി വര്‍ഗ്ഗമാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഴി കേള്‍ക്കേണ്ടിവരുന്നത്‌ കമ്മ്യൂണിസ്റ്റ്‌-മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാണ്‌. വിവര സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന പുതിയ തലമുറ തൊഴിലാളികളുടെയും മനസ്സില്‍ ഇത്തരത്തിലുളള വ്യാകുലത ശക്തമാണ്‌. അവരുടെ തൊഴില്‍ദാതാക്കളുടെ താല്‍പര്യങ്ങള്‍ക്കെതിരാണ്‌ ഈ പറയുന്ന തൊഴിലാളിവര്‍ഗ്ഗം എന്നാണ്‌ അവരുടെ സങ്കല്‍പം! ഒരു പക്ഷെ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന പുതിയ തലമുറ തൊഴിലാളികള്‍ ‘തൊഴിലാളി’ എന്ന പദത്താല്‍ അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നവരല്ലായിരിക്കാം. കാരണം ഇവരുദ്ദേശിക്കുന്ന വികസന തല്‍പരരല്ലാത്ത ‘തൊഴിലാളികള്‍’ പൊതുമേഖല വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്നവരും, കാര്‍ഷിക-നിര്‍മ്മാണ മേഖലകളില്‍ ജോലിചെയ്യുന്ന ദിവസക്കൂലിക്കാരുമൊക്കെയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ ഗതാഗതവകുപ്പിലേയും, വിദ്യുച്ഛക്തി വകുപ്പിലേയും നഷ്ടകച്ചവട കണക്കുകളെ കുറിച്ചുള്ള ആശങ്കകളുമായി ബന്ധപ്പെട്ട്‌ ദൃശ്യമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകളില്‍ ആസൂത്രണ ബോര്‍ഡ്‌ അംഗവും കേരളത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനുമായ വിജയരാഘവന്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. കേരളത്തിലെ പൊതുമേഖല വ്യാവസായിക മേഖലയുടെ പുനരുദ്ധാരണത്തെ കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും പ്രധാനമായും ഉയര്‍ത്തിക്കൊണ്ടുവരുന്ന സാമുഹിക-സാമ്പത്തിക പ്രശ്നം അതതു മേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ടതാണെന്നും, കേരളത്തിലെ ഗതാഗത വകുപ്പും വിദ്യുച്ഛക്തി വകുപ്പുമെല്ലാം അവിടുത്തെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതല്ല മറിച്ച്‌ പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇത്തരത്തില്‍ തൊഴിലാളികളെ വികസന വിരോധികളായികാണുന്ന നവലിബറല്‍ (സാങ്കേതികമായി പറഞ്ഞാല്‍) വാദഗതികള്‍ ഒറ്റ നോട്ടത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിനുമേല്‍ കലിപൂണ്ടിരിക്കുന്ന പഴയ-പുതിയ തലമുറകള്‍ക്കു ശരിയാണന്നു തോന്നാം.
 

കേരളത്തിലെ അത്യുന്നത വികസന നയരൂപീകരണ ഏജന്‍സിയായ ആസൂത്രണ ബോര്‍ഡിലെ ഒരംഗം ഇത്തരത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍, കേരളത്തിലെ എല്ലാതരത്തിലുമുള്ള തൊഴിലാളിവര്‍ഗ്ഗ സംഘടനകളും മനസിലാക്കേണ്ടത് ഇത്രമാത്രം. തങ്ങളുടെ ആധിപത്യമാണ്‌ കേരളത്തിലെ നീറുന്ന വികസന പ്രശ്നമെന്നും കേരളത്തിന്‍റെ വികസന നയരൂപീകരണത്തില്‍ തൊഴിലാളി ക്ഷേമത്തിനല്ല ഇനിയുള്ള സര്‍ക്കാറുകള്‍ പ്രാധാന്യം നല്‍കുക മറിച്ച്‌ പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും എന്നുമാണ് (കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം പൊതുസമൂഹത്തിന്‍റെ ഭാഗമല്ലെന്നര്‍ത്ഥം!).

ഇത്തരത്തിലുള്ള പൊതു ചിന്താഗതി വസ്തുതകള്‍ക്കു നിരക്കുന്നതാണോയെന്നു പരിശോധിക്കുമ്പോളാണ് ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നത്. കേരളത്തിലെ എല്ലാ വികസന പ്രശ്നങ്ങള്‍ക്കും കാരണം ഇവിടുത്തെ തൊഴിലാളി പ്രശ്നങ്ങളാണോ? അപ്പോള്‍ പിന്നെ നാം ദിവസവും കേള്‍ക്കുന്ന വിവിധ മേഖലകളിലുള്ള, തൊഴിലാളികളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത, അഴിമതികളുടെയും സാമ്പത്തിക കുറ്റങ്ങളുടെയും മൂലകാരണമെന്താണ്‌? ഇവ കേരളത്തിന്‍റെ വികസനത്തെ ബാധിക്കുന്ന ഘടകങ്ങളല്ലേ? അതോ ഇതിനും കാരണം തൊഴിലാളി സംഘടനകളാണോ? തൊഴിലാളി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില സാമ്പത്തിക നഷ്ടങ്ങള്‍ മറ്റു ചില നവലിബറല്‍ നയത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ നിസ്സാരമല്ലേ? കേരളത്തിലെ വികസന നയരൂപീകരണത്തില്‍ തൊഴിലാളികളെ പൂര്‍ണ്ണമായും അവഗണിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടോ? കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക മേഖലകളിലുണ്ടായ പരിണാമഘട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത കൂട്ടായ്മക്കെതിരെ കല്ലെറിയുന്നതിനുമുമ്പു മറ്റുള്ളവരെല്ലാം പാപം ചെയ്യാത്തവരാണോ എന്നു വികസിത കേരളത്തെ സ്വപ്നം കാണുന്ന എല്ലാ വികസനവാദികളും ചിന്തിക്കുന്നത് നന്നായിരിക്കും.

 

അഭിപ്രായ സ്വാതന്ത്യ്രമുള്ള, അവകാശബോധമുള്ള, ചൂഷണം ചെയ്യപ്പെടാത്ത ഒരു തൊഴിലാളി സമൂഹം (ഇതില്‍ വിവര സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന പുതിയ തലമുറ തൊഴിലാളികളും ഉള്‍പ്പെടും) വികസിത സമൂഹത്തിന്‍റെ ലക്ഷണമാണ്‌. മറിച്ചായാല്‍ അത്‌ അവികസിത സമൂഹത്തിന്‍റെയും. നവലിബറല്‍ വികസന വാദികള്‍ക്കു ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നു കരുതുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അവര്‍ കുറച്ചു കൂടി നന്നായി യൂറൊപ്യന്‍, അമേരിക്കന്‍ തൊഴിലാളി സമൂഹത്തെ കുറിച്ചു പഠിക്കുന്നത് നന്നായിരിക്കും. അപ്പോള്‍ നമ്മള്‍ എവിടെ നിന്നും എവിടേയ്ക്കാണു സഞ്ചരിക്കേണ്ടത്‌? വികസിതത്തില്‍ നിന്നു അവികസിതത്തിലേയ്ക്കോ? ഏതൊരു വികസിത സമൂഹത്തിന്‍റെയും ‘വികസന’ത്തിന്‍റെ ആധാരശിലയെന്നു പറയുന്നത്‌ അവിടുത്തെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ സാമൂഹിക ക്ഷേമമാണ്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലാളികള്‍ അതുനേടി കഴിഞ്ഞിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍. ചുരുക്കത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ ഉന്നമനത്തിന്‍റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ വികസിത പ്രദേശമാണ്‌. മറ്റു സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേയ്ക്കുള്ള കുത്തൊഴുക്കുതന്നെ ഇതിനു തെളിവാണ്‌. അങ്ങനെയുള്ള കേരളത്തിന്‍റെ ഈ നേട്ടത്തെ അതിനൂതനമെന്നു അവകാശപ്പെടുന്ന എന്നാല്‍ ഒട്ടും നൂതനമല്ലാത്ത വികസന നയരൂപീകരണത്തിന്‍റെ ഭാഗമായി നശിപ്പിക്കേണ്ടതുണ്ടോ?

സംഘടിതശക്തി അനിയന്ത്രിതമാകുമ്പോഴുണ്ടാകുന്ന ചില പാകപ്പിഴകള്‍ കേരളത്തിലെ തൊഴിലാളി സംഘടനകളിലുമുണ്ടായിട്ടുണ്ടാകാം. അതു ചില ഒറ്റപ്പെട്ട സംഭവങ്ങളും, ശക്തമായ നേതൃത്വത്തിന്‍റെ അഭാവം മൂലവും സംഭവിച്ചിട്ടുള്ളതാണ്‌. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഒരു പുനര്‍ചിന്തനത്തിനു തയ്യാറാവുന്നുണ്ടു എന്നു വേണം കേരളത്തിലെ പുതിയ ഇടതു-വലതു രാഷ്ട്രീയ സമീപനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തെ വികസന വിരോധികളായി ചിത്രീകരിക്കുന്നതിനു പകരം അവര്‍ കാലാകാലങ്ങളിലായി നേടിയെടുത്ത സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക പിന്‍ബലത്തിന്‍റെ ചട്ടകൂട്ടിനകത്തുനിന്നുകൊണ്ടുള്ള വികസന പരിഷ്കാരങ്ങള്‍ക്കാണ്‌ നയരുപീകരണം നടത്തേണ്ടത്‌. പുതിയ തലമുറ വികസന നയരൂപീകരണ വേളയില്‍ കാഴ്ചപ്പാടിലെ വൈകല്യത്തിന്‍റെ ഭാഗമായി നയരൂപീകരണ സംവിധാനങ്ങള്‍ വിസ്മരിക്കുന്ന ചില വികസന തന്ത്രങ്ങള്‍ സൂഷ്മനിരീക്ഷണത്തില്‍ നമ്മള്‍ക്കു കാണാന്‍ കഴിയും. അവയില്‍ ചിലതു ചോദ്യ രൂപേണ ഇവിടെ സൂചിപ്പിക്കാം.
 


 

എന്താണ്‌ കേരളത്തിന്‍റെ പൊതു വികസന നയം? മറ്റേത് പ്രദേശത്തെ പോലെയാണു നമ്മള്‍ കേരളത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്‌? ഈ പ്രദേശങ്ങള്‍ കേരളത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടനയുമായി താരതമ്യം ചെയ്യാന്‍ പറ്റുന്നതാണോ? കേരളത്തിന്‍റെ വികസനത്തിന്‍റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കണം? ഏതെല്ലാം മേഖലകളിലൂടെയാണ്‌ കേരളത്തെ വികസനത്തിലേയ്ക്കു നയിക്കേണ്ടത്‌? അത്തരത്തിലുള്ള മേഖലകള്‍ക്കു കേരളത്തില്‍ സുസ്ഥിര നിലനില്‍പുണ്ടോ? ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്‍റെ പഴയ നേട്ടങ്ങളെ പുര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണോ പുതിയ തലമുറ വികസന നയങ്ങള്‍ക്കു രൂപംകൊടുക്കേണ്ടത്‌? അന്യസംസ്ഥാനങ്ങള്‍ ചിലകാര്യങ്ങളില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അവര്‍ക്കു സംഭവിച്ച സാമൂഹിക-സാമ്പത്തിക നഷ്ടങ്ങളെന്തൊക്കെയാണ്‌? അത്തരത്തിലുള്ള നഷ്ടങ്ങള്‍ക്ക് കേരള സമൂഹത്തില്‍ സാധ്യതയുണ്ടോ? ഇത്തരത്തിലുള്ള പഠനത്തിന്‍റെയും, പൊതുകാഴ്ചപാടിന്‍റെയും പിന്‍ബലമില്ലാതെയാണ്‌ നമ്മുടെ നയരൂപീകരണ വിദഗ്ധര്‍ പലപ്പോഴും പല വികസന പരിപാടികള്‍ക്കും ശുപാര്‍ശ നല്‍കുന്നത്‌. ക്ഷേമരാഷ്ട്രം എന്ന ആശയത്തിലുറച്ച നയരൂപീകരണത്തിനു ദന്തഗോപുരത്തിലിരിക്കുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ക്കോ, അന്ധമായി മൂലധന ശക്തികളെ സ്വന്തം നേട്ടത്തിനായി പുകഴ്ത്തുന്നവര്‍ക്കോ കഴിയണമെന്നില്ല. മറിച്ച്‌ കേരളത്തിന്‍റെ വികസന ചരിത്രത്തെക്കുറിച്ച് ബോധമുള്ള, ലോകത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ അനുദിനം വിശാല മനസ്സോടെ കാണാന്‍ കഴിയുന്ന, ഏതെങ്കിലുമൊരു വികസന ആശയത്തിന്‍റെ അടിസ്ഥാന പാഠപുസ്തകത്തില്‍ നിന്നു മാറി ചിന്തിക്കുന്ന, ഭൂരിപക്ഷത്തിന്‍റെയും ന്യൂനപക്ഷത്തിന്‍റെയും ജീവിത സാഹചര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കുവാന്‍ മനസ്സുള്ള, സഹജീവികളോടു സ്നേഹമുള്ള, ചുരുക്കത്തില്‍ സാധാരണക്കാരെപ്പോലെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക്മാത്രമെ അതിനു കഴിയുകയുള്ളൂവെന്നുവേണം ഇന്നത്തെ സാഹചര്യത്തില്‍ മനസ്സിലാക്കാന്‍.

കാലഹരണപെട്ട ചില നവലിബറല്‍ കാഴ്ചപാടുകള്‍ക്കാണ്‌ ഇന്ന്‌ കേരളത്തിലെ വികസന നയ രൂപീകരണത്തില്‍ പ്രാമുഖ്യം. അത്തരത്തിലുള്ള കാഴ്ചപ്പാടുകളുള്ളവരാണ്‌ കേരളം തമിഴ്നാടിനെയും ഗുജറാത്തിനെയും പോലെ വികസനം നേടണമെന്നു ശഠിക്കുന്നത്‌. ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ശരിയ്ക്കും മനസ്സില്ലാക്കാത്തവരാണ്‌. ചില വികസന കണക്കുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന്‍റെ വികസനം എത്തരത്തിലായിരിക്കണമെന്നു സാധാരണക്കാര്‍ക്ക് പോലും നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നുള്ളതാണു സത്യം. കേരളത്തിലെ വികസന നയരൂപീകരണത്തിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുവാനാണു ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്‌. അതുകൊണ്ടു തന്നെ വിശദമായ കണക്കുകളിലേയ്ക്കു കടക്കുന്നില്ല.

ആഗോള മൂലധന സമ്പദ്‌ വ്യവസ്ഥയില്‍ നവലിബറല്‍ ആശയങ്ങള്‍ക്കു പ്രസക്തിയില്ലെന്നു കരുതുന്ന വ്യക്തിയല്ല ഈ ലേഖകന്‍. എന്നാല്‍ നമ്മുടെ പല നവലിബറല്‍ ബുദ്ധിജീവികളും നവലിബറല്‍ സിദ്ധാന്തത്തിന്‍റെ ശിലായുഗത്തില്‍ ജീവിക്കുന്നവരാണ്‌. അവര്‍ നവലിബറലിസത്തിന്‍റെ അടിസ്ഥാന പാഠങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നവരാണ്‌. നവലിബറല്‍ വികസനതത്വങ്ങളുടെ പരിണാമപ്രക്രിയയുടെ ഭാഗമായി സഞ്ചരിക്കുവാന്‍ തല്‍പര്യമില്ലാത്തവരോ കഴിവില്ലാത്തവരോ ആണ്‌. അതു കൊണ്ടാണു കാലാകാലങ്ങളായി കേരളത്തിന്‍റെ സാമ്പത്തിക വികസനരംഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടു ചവറായി കഴിഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും വീണ്ടും വികസന ഒറ്റമൂലിയയി നയരൂപീകരണത്തില്‍ അവതരിപ്പിക്കപ്പെടുന്നത്‌. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ ഇക്കൂട്ടര്‍ ഉല്‍കണ്ഠപ്പെടുന്നതുപോലെ ആപത്സന്ധിയുണ്ടെങ്കില്‍ അതിനുകാരണം ഇന്നത്തെ വികസന നയരൂപീകരണത്തിലെ ചില തിരിച്ചറിവില്ലായ്മയാണ്‌. കെ.എസ്‌.അര്‍.ടി.സിയും കെ.എസ്‌.ഇ.ബിയും രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ തമിഴ്നാടിലെ പോലെ വിവിധ കമ്പനികളാക്കണമെന്നും, സമ്പദ്‌ വ്യവസ്ഥ രക്ഷപ്പെടണമെങ്കില്‍ കേരളം മുഴുവന്‍ റോഡുകളും ഐ.ടി പാര്‍ക്കുകളും കൊണ്ടു കുത്തി നിറയ്ക്കണമെന്നുമൊക്കെ പറയാന്‍ ലക്ഷങ്ങള്‍ മുടക്കിയ ഗവേഷണ പഠനങ്ങളോ ശാസ്ത്ര-സാമൂഹിക-സാമ്പത്തിക വിദഗ്ദ്ധരോ ഒന്നും ആവശ്യമില്ല. ഇവയൊക്കെ എത്രയോ കാലമായി കേരളത്തിലെ സാമാന്യ ജനങ്ങള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളാണ്‌. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കും കഷ്ടനഷ്ടങ്ങളുണ്ടാക്കാതെ എല്ലാവിഭാഗ ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി എന്തു തരത്തിലുള്ള നയങ്ങള്‍ക്കു രൂപം കൊടുക്കുവാന്‍ സാധിക്കും എന്നാണ്‌ നമ്മുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വിദഗ്ദ്ധര്‍ ചിന്തിക്കേണ്ടത്‌, ശ്രമിക്കേണ്ടത്‌. അവിടെയാണ്‌ നൂതന ആശയങ്ങളുടെ പ്രസക്തിയും.
 

(മുന്‍ പ്ലാനിംഗ് ബോര്‍ഡ് കണ്‍സള്‍ട്ടന്‍റും മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ & പൊളിറ്റിക്സില്‍ ഗവേഷകനുമാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍