UPDATES

വിദേശം

ഫിലിപ്പീന്‍സിലെന്തേ ഇത്രയേറെ ദുരന്തങ്ങള്‍?

ജോഷ്വ കീറ്റിങ് (സ്ലേറ്റ്)

പ്രകൃതി ഫിലിപ്പീന്‍സിനോട് അത്ര കരുണ കാണിച്ചിട്ടില്ല. പ്രതിവര്‍ഷം ഏതാണ്ട് 9 ചുഴലിക്കാറ്റുകള്‍, 900 ഭൂകമ്പങ്ങള്‍, കൂടാതെ സജീവമായ 20-ലേറെ അഗ്നിപര്‍വ്വതങ്ങളും. താങ്ങാവുന്നതിലേറെ പ്രകൃതി ദുരന്തങ്ങള്‍ ഈ രാജ്യത്തിന് കിട്ടിയിട്ടുണ്ട്.

ഫിലിപ്പീന്‍സിലെ പ്രകൃതി ദുരന്തങ്ങള്‍ അതിവിനാശം വിതക്കുന്നവ കൂടിയാണ്. രണ്ടു വര്‍ഷം മുമ്പാണ് ഉഷ്ണവാതന്യൂനമര്‍ദ്ദ മഴ, വാഷി, ആയിരത്തോളം പേരുടെ മരണത്തിനിടയാക്കിയത്. 2012-ല്‍ ലോകത്തേറ്റവും കൂടുതല്‍ ദുരന്ത മരണനിരക്ക് ഫിലിപ്പീന്‍സിലായിരുന്നു; രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ ഇത് 802 പേര്‍ മാത്രമായിരുന്നു. കടുത്ത ദാരിദ്ര്യവും, അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും ഈ ആഴ്ച്ച ഉണ്ടായപോലുള്ള കൊടുംവിനാശത്തിന് ആക്കം കൂട്ടുന്നു.
 

ഈ അടുത്ത വര്‍ഷങ്ങളില്‍ ഫിലിപ്പീന്‍സില്‍ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടായത് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പക്ഷേ ജനസംഖ്യയുടെ 40 ശതമാനവും ദിവസം 2 ഡോളറില്‍ കുറഞ്ഞ വരുമാനംകൊണ്ട് ജീവിക്കുന്നവരാണ്. തൊഴിലില്ലായ്മ നിരക്ക് ഏറെ ഉയരത്തിലാണ്. തൊഴില്‍ മേഖലയുടെ മൂന്നിലൊന്നും കാര്‍ഷികരംഗത്തായതിനാല്‍ കാലാവസ്ഥയുടെ അപ്രവചനീയതകള്‍ രൂക്ഷമായാണ് ബാധിക്കുന്നത്.

ത്വരിതഗതിയിലുള്ള നഗരവത്കരണവും വേണ്ടത്ര താമസ സൌകര്യങ്ങളില്ലാത്തതും ജനങ്ങളെ പ്രകൃതിക്ഷോഭ സാധ്യതകളുള്ള ( അഗ്നിപര്‍വ്വതങ്ങള്‍ക്കടുത്തും മറ്റും) സ്ഥലങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു എന്ന്, ദാരിദ്ര്യം ഫിലിപ്പീന്‍സിലെ പ്രകൃതി ദുരന്തങ്ങളുടെ രൂക്ഷത കൂട്ടുന്നതിനെപ്പറ്റി പുറപ്പെടുവിച്ച 2005-ലെ ഒരു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. പുനരധിവാസ സാധ്യതകളുണ്ടെങ്കിലും തൊഴിലിടത്തിനടുത്ത് താമസിക്കേണ്ടതിനാല്‍ ദുരന്തത്തിനുശേഷം മിക്കവര്‍ക്കും  ഇത്തരം അപായമേഖലകളിലേക്ക് തിരിച്ചുവരികയല്ലാതെ  മറ്റ് മാര്‍ഗങ്ങളില്ല എന്നും റിപ്പോര്‍ടില്‍  ചൂണ്ടിക്കാണിക്കുന്നു.  അടിസ്ഥാനസൌകര്യ അഭാവമാണ് മറ്റൊരു ഗുരുതരമായ പ്രശ്നം. കഴിഞ്ഞ ഭൂകമ്പ സമയത്ത് സംഭവിച്ചപ്പോലെ ഇത്തവണയും തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. രാജ്യത്തുള്ള 20% റോഡുകള്‍ മാത്രമേ നേരായ വിധത്തില്‍ ഗതാഗതയോഗ്യമാക്കിയിട്ടുള്ളൂ.


 

നിലവിലെ പ്രസിഡണ്ട് ബെനിഗ്നോ അക്വീനോ അടിസ്ഥാനസൌകര്യ വികസനം ഒരു പ്രധാന അജണ്ടയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പത്തു മാസങ്ങളില്‍ ഇതിനുള്ള പദ്ധതിവിഹിതത്തില്‍ സര്‍ക്കാര്‍ 47% വര്‍ദ്ധനവ് വരുത്തി. വെള്ളപ്പൊക്കത്തെ ചെറുക്കുന്ന തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്കായി ഫിലിപ്പീന്‍സ് വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍ പ്രകൃതി ദുരന്തങ്ങളും അടിസ്ഥാനസൌകര്യങ്ങളുടെ അഭാവവും വിനാശകരമായ വിധത്തില്‍ കൂടിപ്പിണഞ്ഞുകിടക്കുന്നു. ബോഹൊല്‍ ഭൂകമ്പം വരുത്തിവെച്ച 51 ദശലക്ഷം ഡോളറിന്റെ നാശനഷ്ടത്തില്‍ ഏറെയും തകര്‍ച്ച നേരിട്ടത് റോഡുകള്‍, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍, പാലങ്ങള്‍ എന്നിവക്കായിരുന്നു.

“ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളിലെ വികസനം വൈകിപ്പിക്കുന്നതിനാല്‍ പ്രകൃതി ദുരന്തങ്ങള്‍ പട്ടിണി കൂട്ടുന്നതിനും കാരണമാകും. പാതകളുടെ അവസ്ഥയും, വ്യാപാരകേന്ദ്രങ്ങളില്‍ നിന്നുള്ള അകലവും ദാരിദ്ര്യം കണക്കാക്കുമ്പോള്‍ എത്ര പ്രധാനമാണെന്ന് കാണാം. എന്നിട്ടും ദുരന്തങ്ങളില്‍ തകരുന്ന പാതകള്‍ വര്‍ഷങ്ങള്‍ക്കുശേഷവും പുതുക്കിപ്പണിയുന്നില്ല,” എന്ന് ലോകബാങ്ക് റിപ്പോര്‍ട് പറയുന്നു.

ദാരിദ്ര്യവും വികസനരാഹിത്യവും പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കൂടുതല്‍ രൂക്ഷമാക്കുകയും, ദുരന്തങ്ങള്‍ ദാരിദ്ര്യത്തെയും അവികസിതാവസ്ഥതയെയും തീവ്രമാക്കുകയും ചെയ്യുന്ന ക്രൂരമായ ചാക്രികതയിലൂടെയാണ് ഫിലിപ്പീന്‍സ് കടന്നുപോകുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍