UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ചൈന തന്ന അക്ഷരപ്പണി

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആണ് കര്‍ണ്ണാടകയിലെ ഒരുള്‍പ്രദേശത്ത് നിന്നും സക്കീന എന്ന പെണ്‍കുട്ടി ഞങ്ങളുടെ തറവാട്ടില്‍ ജോലിക്ക് വന്നത്. ഉര്‍ദ്ദുവും കന്നടവും അല്ലാതെ വേറെ ഒരു ഭാഷയും അറിയാത്ത സക്കീന ഒരു ഭാഗത്ത്; നല്ല ഒഴുക്കോടെ കോയിക്കോട് മലയാളവും ഹിന്ദിയിലെ തിരഞ്ഞെടുത്ത അഞ്ചു വാക്കുകള്‍ മേ, തും, ആവോ, ബൈടോ, അച്ചാ എന്നിവ അറിയുന്ന ഉമ്മാമ്മ മറ്റെ ഭാഗത്ത്. ഇവര് തമ്മിലുള്ള ഭാഷാഗുസ്തി തറവാട്ടില്‍ ഏറ്റവും അധികം പ്രേക്ഷകരുള്ള റിയാലിറ്റി ഷോ ആയി മാറി. ഉര്‍ദു നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാമായിരുന്നിട്ടും ഒരു ട്രാന്‍സ്ലേറ്റര്‍ സ്ഥാനം എല്‍ക്കാന്‍ ഉപ്പാപ്പക്ക് സിംബ്ലി താല്പര്യം ഇല്ലായിരുന്നു. ഒരുത്തമ പുരുഷാധിപത്യ ചിന്താഗതിയില്‍ അതിനു സ്ഥാനം പോയിട്ട് ചാന്‍സ് പോലും ഇല്ലായിരുന്നു. പ്രത്യേകിച്ചും അടുക്കളയിലെ മീന്‍ വെട്ടുന്നതും, ചട്ടിപത്തിരിക്ക് മുട്ട കലക്കുന്നതും ഉര്‍ദ്ദുവിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഉപ്പാപ്പ ശക്തമായി വിസമ്മതിച്ചു. ‘പോവ്വാന്‍ നോക്ക് മുണ്ടാണ്ട്! ഉര്‍ദൂലു തേങ്ങ ചെരണ്ടി അങ്ങനിയിപ്പം ഇണ്ടാക്കണ്ട!’ തേങ്ങയും പിടിച്ചു സഹായം അഭ്യര്‍ത്ഥിച്ചു വന്ന ഉമ്മാമ്മ ആ ദേഷ്യം മുഴുവനും സക്കീനയോടു സൌണ്ട് കനപ്പിച്ചു തീര്‍ത്തു. ‘സക്കീനാ!!!! തും തേങ്ങ പൊട്ടിക്ക്, അച്ചാ?’ എന്നിട്ട് നല്ല തടി ഇളക്കി തേങ്ങ ചിരണ്ടുന്ന ആക്ഷന്‍ കാണിച്ചു കൊടുത്തു. അല്ല പിന്നെ!
 
വര്‍ത്തായക്കായും കൊറിച്ചു ഇതൊക്കെ കണ്ടു നിന്ന് ചിരിച്ചു കുന്തം മറിയുന്ന നമ്മളെ നോക്കി ‘നിനക്കും വെരുമെടീ ഇത് പോലൊരു മുസീബത്ത്!’ അപ്പോഴൊക്കെ മോഹന്‍ലാലിനെ പോലെ ഇടത്തോട്ട് തോളും ചെരിച്ച്, വലത്തോട്ട് ചിരിച്ച് ഞാന്‍ പറഞ്ഞു, ‘ മുജെ ഹിന്ദി മാലൂം ഹൈ, മിസിസ് ഖദീജ. ഏക് ദോ തീന്‍ ചാര്‍ പാഞ്ച് ….മേരാ ജൂത്താ ഹേ ജാപ്പാനി… ആന്‍ഡ് ഐ ആള്‍സോ സ്പീക്ക് ഇംഗ്ലീഷ്…’ എന്നിട്ട് തുള്ളി ചാടി ‘ തും തേങ്ങാ ഫോടോ’ എന്ന ഹിന്ദി സെന്റെന്‍സ് ഉമ്മാമക്ക് മന്ത്രിച്ചു കൊടുത്തു ഞാന്‍ സ്‌കൂട്ടായി. 
 
 
 
കാലം കടന്നു പോയി, അല്ല, പൊതുവെ അങ്ങനെയാണല്ലൊ? അന്നത്തെ ആ പ്രാക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തേടി തപ്പി എത്തി. അല്ലെങ്കിലും ഈ പ്രാക്കൊക്കെ പുറമ്പോക്കില്‍ നമ്മള് കളയുന്ന പൂച്ചകളെ പോലെയാ… പോയി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ കാണാം മുറ്റത്ത് നക്കി തുടച്ചു നിക്കുന്നത്! നാട്ടിലൊക്കെ ഏതു പിച്ചക്കാരനും അറിയാവുന്ന താങ്ക്യൂ, ഹലോ, സോപ്പ്, പേസ്റ്റ് വരെ വിലപോവ്വാത്ത ബീജിങ്ങില്‍ ഞാന്‍ നിന്ന് വിയര്‍ത്തു. അഭിനയിച്ചു ഫലിപ്പിക്കാം എന്ന് വച്ചാല്‍ ആംഗ്യ ഭാഷ പോലും വ്യത്യസ്തം. ഞാന്‍ ‘ഉമ്മാമാ ഇന്ത സതി താങ്ക മുടിയാത് തായെ’ എന്നു മനസ്സില്‍ മിനിമം ഒരു ടൂ ഹണ്ട്രട് പ്രാവശ്യം പാടിച്ചു! വന്നിടയ്ക്ക് ഒരു സോപ്പ് വാങ്ങണം എന്ന ആഗ്രഹവുമായി ഒരു കടയില്‍ കേറി… ഒരു കൊച്ചു സിമ്പ്‌ലന്‍ സോപ്പ് മാങ്ങാ സത്തോ തേങ്ങാ പാലോ ആഫ്രിക്കന്‍ കാടുകളില്‍ നിന്നും സുന്ദരികള്‍ പറിച്ച മുരിങ്ങാക്കായ ഇട്ട സോപ്പോ ഒന്നുമല്ല യുവര്‍ ഓണര്‍, ഒരു വളരെ സിമ്പ്‌ലന്‍ കട്ട സോപ്പ്!! എന്നു നമ്മള്‍ മലയാളീസ് പറഞ്ഞിട്ടു കാര്യമുണ്ടൊ? അഞ്ചു പത്തോളം മിനിറ്റ് നിന്ന് ‘സോപ്പ്… സോാാപ്പ്… സോപ്പു..’ എന്നൊക്കെ നീട്ടിയും കുറുക്കിയും ഏന്തിയും വലിഞ്ഞുമൊക്കെ പറഞ്ഞു നോക്കിയിട്ടും പാതിരാക്ക് ഹെഡ് ലൈറ്റ് കണ്ട പൂച്ചനെ പോലെ നോക്കി നില്‍ക്കുകയല്ലാതെ ഒരൊറ്റ ചൈനക്കാരനോ കാരിക്കോ ഒന്നും മനസ്സിലായില്ല. അപ്പോള്‍ പിന്നെ അഭിനയിച്ചു ഫലിപിക്കാം എന്ന് തീരുമാനിച്ചു കൊണ്ട് പഴയ ലൈഫ്‌ബോയ് പരസ്യത്തിലെ ചുള്ളനെ പോലെ ഞാനും മേലാസകലം പതപ്പിച്ചു കാണിച്ചു കഴുത്തിലും മുഖത്തും കാലിലും. ഒരു മിനിട്ടില്‍ അവരുടെ മുഖം ‘ജഗ്മഗ് ഉട്ടാ’!!! എന്തൊക്കെയോ പറഞ്ഞു അകത്തേക്ക് പാഞ്ഞു. രക്ഷപെട്ടു കണ്ഫ്യൂഷസ് മുത്തപ്പാ എന്നും വിചാരിച്ചു, ഒരു അര ഇഞ്ചു വിജയശ്രീലാളിത ചിരി ഫിറ്റ് ചെയ്തു നില്‍ക്കുമ്പോള്‍ ചൈനക്കാരിയും വിജയശ്രീലാളിത ചിരിയുമായി വന്നു ഒരു ഓയില്‍മെന്റ് തന്നു. ഏതോ ചൊറിക്കുള്ള മരുന്നാണെന്ന് തോന്നുന്നു. മേലാസകലം നിന്നു ചൊറിഞ്ഞു കാണിച്ചതല്ലേ? 
 
‘പ്ലെക്കോ’ എന്ന പേരിലുള്ള ഒരു ആപ്പ് ഫോണില്‍ കയറ്റിയതിനു ശേഷമാണ് ചില്ലറ വാക്കുകള്‍ ഒക്കെ ക്ലാസ് തുടങ്ങുന്നതിനു മുമ്പേ കൈകാര്യം ചെയ്തത്. വേണ്ട സാധനങ്ങള്‍ അതില്‍ സെര്‍ച്ച് ചെയ്ത് വായിക്കും അങ്ങനെ സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയവ വാങ്ങാനുള്ള വഴിയായി. ബാക്കിയുള്ള സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി തെണ്ടി തിരിഞ്ഞു നടക്കും. സാധനങ്ങളുടെ കവറിന്റെ മേലെ അറിയാതെ പോലും ഒരു ഇംഗ്ലീഷ് വാക്ക് ഉണ്ടാവില്ല. എണ്ണ എന്നതിന്റെ വാക്കൊക്കെ തപ്പി പിടിച്ച് അവരോടു ചോദിച്ചാല്‍ ഒരു പതിനായിരം തരം എണ്ണകളുടെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്തും. ഇതില്‍ ഏതാണ് മൃഗ കൊഴുപ്പ്, ഇതാണ് സസ്യകൊഴുപ്പ് എന്ന് കണ്ടു പിടിക്കാന്‍ പിന്നെയും നമ്മള് ശശികള്‍ ഉണ്ടല്ലോ? ഓരോ പാക്കറ്റും എടുത്ത് ഞെക്കിയും മണത്തും അതിലെ കുനുകുനൂന്ന് എഴുതിയ ചൈനീസിലേക്ക് സൂക്ഷ്മമായി വെറുതെ നോക്കി നിന്നും ഒരു അശരീരിക്ക് വേണ്ടി ഞാന്‍ കാത്തു നിന്നു… ‘ഭക്തേ, നിന്നില്‍ ഞാന്‍ സന്തുഷ്ടനാണു.. നിന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ളത് സീറോ കൊളെസ്‌റ്റ്രോള്‍ അടങ്ങിയ പാമോയില്‍ ആണു’. എത്ര എളുപ്പമുണ്ട്? അതിനു മൂപ്പര്‍ ആ സര്‍വീസ് നിര്‍ത്തലാക്കിയല്ലൊ? 
 
 
ഞങ്ങള്‍ അറിയാതിരുന്ന മറ്റൊരു കാര്യം ചൈനയില്‍ ഒരു കിലോ അല്ല കണക്ക്, അര കിലോ ആണ്…അതായത് അവര് സാധനം വാങ്ങുന്നത് ‘ഈ ജിന്‍’ എന്ന കണക്കില്‍ ആണ്. ഈ എന്നാല്‍ ‘ഒന്നു/ ഒരു’ ‘ജിന്‍ എന്നാല്‍ ‘അര കിലോ’. ഒരു കിലോ എന്ന കണക്കു അവര്‍ക്ക് ഇല്ല. ഒരു കിലോ വേണമെങ്കില്‍ നമ്മള് രണ്ട് ജിന്‍ എന്നു പറഞ്ഞു വാങ്ങണം…  ആപ്പിളും പഴവും ചൂണ്ടി ‘ഒന്ന്’ എന്ന് ആംഗ്യം കാട്ടിയ ഞങ്ങള്‍ക്ക് സ്പഷ്ടമായും അതില്‍ കുറവ് തരുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു. ഭാഷ അറീല്ലാന്നു വെച്ച് തൂക്കം അറിയാതാകുമോ?! ഞാന്‍ പിന്നെയും പിന്നെയും ഒന്ന് എന്ന് കാണിച്ചു ചൂടായി.. അവരും അവസാനം ചൂടായി ചൈനീസില്‍ ‘ഒന്ന് പോ തള്ളെ മെനെക്കെടുത്താതെ’ എന്ന അതെ ടോണ്‍ വരുന്ന എന്തോ പറഞ്ഞു എന്നെ ഓടിച്ചു.   
 
പിന്നെ പിന്നെ എന്നെ കാണുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ചിരിയും ഓടി ഒളിക്കലും ആയി.
 
അങ്ങനെ രണ്ടാഴ്ച്ചക്ക് ശേഷം ക്ലാസ് തുടങ്ങി. ചൈനീസ് ഫോറിന്‍ അഫയര്‍സ് യൂനിവേര്‍സിറ്റി (CFAU) എന്ന സ്ഥാപനത്തിലാണ് ക്ലാസ്. യൂനിവേര്‍സിറ്റി എന്നൊക്കെ പറയുമെങ്കിലും വളരെ ചെറിയ ഒരു ക്യാമ്പസ്. നാലഞ്ചു ബില്‍ഡിങ്ങില്‍ ഒതുങ്ങിയ ക്ലാസ് മുറികള്‍. വിശാലമായ ഒരു കാന്റീന്‍, ഒരു മുസ്ലിം കാന്റീന്‍, ഒരു കോഫീ ഷോപ്പ്, ഒരു ഫ്രൂട്ട് കട, ഒരു സ്‌റ്റേഷനറി കട, ഒരു മിനി സൂപ്പര്‍മാര്‍കെറ്റ്, ഒരു ഇന്റര്‍നാഷണല്‍ സ്റ്റുഡെന്റ്‌സ് ഹോസ്റ്റല്‍ എന്നിവ. രണ്ടു വര്‍ഷത്തിലായി നാല് സെമെസ്‌റ്റെര്‍ ഉള്ള കോഴ്‌സ് ആണ് ഞങ്ങള്‍ എടുത്തിരിക്കുന്ന ചൈനീസ് ലാംഗ്വേജ് കോഴ്‌സ്. എ ബാന്‍ (ഒന്നാം സെമെസ്‌റ്റെര്‍) മുതല്‍ ഡി ബാന്‍ (നാലാം സെമെസ്‌റ്റെര്‍) വരെയാണ് ഈ കോഴ്‌സുകള്‍. ഞങ്ങളുടെ ക്ലാസില്‍ ഞങ്ങള്‍ 6 ഇന്ത്യക്കാരും, 5 ഫ്രെഞ്ചുകാരും, മൂന്നു അമേരിക്കക്കാരും, ഒരു ജപ്പാന്‍കാരനും ആണ് ഉള്ളത്. മറ്റു ക്ലാസുകളില്‍ ഒരു പാട് ആഫ്രിക്കക്കാരും, മംഗോളിയകാരും, തുര്‍ക്കികളും രണ്ടു പാകിസ്ഥാനികളും, ഒരു ഈജിപ്തുകാരനും ഉണ്ട്. അധിക പേരും അതതു രാജ്യത്തെ ഡിപ്ലോമാറ്റുകള്‍ ആണ്. മറ്റുള്ളവര്‍ ഭാഷ പഠിക്കാനായോ, ബിസിനസ് ആവശ്യത്തിനായോ ഭാഷ പഠിക്കുന്നവര്‍. എക്‌സ്‌ചേഞ്ച് സ്ടുടെന്റ്‌സും ഒരു പാട് പേരുണ്ടായിരുന്നു അവര്‍ ഇതേ യൂനിവെര്‍സിറ്റിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. അവര്‍ക്ക് ചൈനീസ് ക്ലാസുകള്‍ സൗജന്യമാണ്. 
 
മൂന്നു വിഷയങ്ങളായി തരം തിരിച്ചാണ് പഠനം എഴുത്തും വായനയും, കേട്ട് പഠിക്കല്‍, സംസാരഭാഷ. പറയാതെ വയ്യ ഈ ചൈനീസ് ഭാഷ ഒരു കീറാ മുട്ടിയാകുന്നു. ആരും പഠിച്ചു പോകരുത്…ഇനി അഥവാ പഠിക്കാന്‍ ശ്രമിച്ചാല്‍ നന്നായി കഷ്ട്ടപ്പെട്ട് പഠിച്ചാ മതി എന്ന് ആരോ തീരുമാനിച്ച് ഉറപ്പിച്ച പോലെയാണ് സംഗതിയുടെ ഒരു കിടപ്പ്. ഏതു നാണു ആശാനാണ് ‘മൂക്ക് കൊണ്ട് ക്ഷ വരക്കുക’ എന്നത് ബ്രഹ്മാണ്ഡ സംഭവമാണെന്ന് പറഞ്ഞത്? ചൈനീസില്‍ ചുമ്മാ ഒന്ന്, കൈ കൊണ്ട് തന്നെ മാ എന്ന വാക്ക് എഴുതിയാ മതി ക്ഷ ഒക്കെ വെറും പൂവന്‍പഴം! 
 
 
ഒന്നാമതായി ചൈനീസ് ഭാഷക്ക് അക്ഷരമാല ഇല്ല. എനിക്കതൊരു ഞെട്ടല്‍ ആയിരുന്നു. വല്ല അമ്പതോ നൂറോ അക്ഷരങ്ങള്‍ മനപ്പാഠം ആക്കിയാല്‍ അവ അങ്ങോട്ടും ഇങ്ങോട്ടും കറക്കി കുത്തി വാക്കുകള്‍ ആക്കിയാല്‍ എന്ത് സുഖമുണ്ട് പഠിക്കാന്‍? പക്ഷെ അത് ഭയങ്കര എളുപ്പമായി പോകുമല്ലോ? അതോണ്ട് അങ്ങനയിപ്പ വേണ്ട എന്ന് സം ചൈനീസ് വെരി ഓള്‍ഡ് മാന്‍ തീരുമാനിച്ചിരുന്നു. വാക്കുകള്‍ ആണ് ചൈനീസ് ഭാഷയുടെ അടിയാധാരം. ചിത്രഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നത് കാരണം ഇന്നും ചിത്രങ്ങള്‍ ആണ് ഒരു വാക്കിന്റെ അര്‍ത്ഥം തീരുമാനിക്കുന്നത്. ഉദാഹരണത്തിന്  “好” ഹാഒ എന്ന് വായിക്കുന്ന ഈ പദത്തിന്റെ അര്‍ത്ഥം ‘നല്ലത്’ എന്നതാണ്. ഇതില്‍  എന്ന ചിത്രം സ്ത്രീ എന്നതിനെ സൂചിപ്പിക്കുന്നു. സ്ത്രീയുമായി ബന്ധമുള്ള ഏതു വാക്കിനും ഈ ഒരു ചിത്രം കാണാം. ചില ബന്ധങ്ങള്‍ നമുക്ക് മനസ്സിലാകില്ലെങ്കിലും (പോലീസ് (治安) എന്ന വാക്കിലും ഈ സ്ത്രീ ചിഹ്നം കാണാം). ഈ ചിഹ്നം കാലുകള്‍ മടക്കി ഇരിക്കുന്ന ഒരു സ്ത്രീയെയാണു ചിത്രീകരിക്കുന്നത്… മുകളില്‍ കുറുകെ ഉള്ള വര, പണ്ട് കാലത്ത് സ്ത്രീകളെ തളച്ചിടാന്‍ അവരുടെ ചുമലില്‍ ഒരു വടി കെട്ടി പൂട്ടാറുണ്ടായിരുന്നു എന്നും അതല്ല അവരുടെ ചുമലിലെ ഒരു ആഭരണം ആണെന്നും രണ്ട് പക്ഷം ഉണ്ട്.  രണ്ടാമത്തെ ഭാഗം, 子 എന്നതിന്റെ അര്‍ത്ഥം മകന്‍, ആദ്യത്തെ കുട്ടി എന്നിവയാണ്. സ്ത്രീയും ആണ്‍കുഞ്ഞും ആണെങ്കില്‍ ‘നല്ലത്’ എന്നതില്‍ നിന്നും വന്നതാകാം ഹാഒ എന്ന വാക്ക്. എന്നിലെ ഫെമിനിസം കുറച്ചൊന്നു പുകഞ്ഞെങ്കിലും… ആദ്യത്തേത് ആണ്‍കുട്ടി ആണെങ്കിലേ നന്നാവൂ? ഒരോ പുതിയ വാക്ക് പഠിക്കുമ്പൊഴും ചൈനയുടെ ഒരിത്തിരി സംസ്‌കാരവും ചരിത്രവും അതില്‍ ഉള്‍ക്കൊണ്ട് കാണാമായിരുന്നു. എന്തു കൊണ്ട് അങ്ങനെ ഒരു വാക്കുണ്ടായി, എന്തു കൊണ്ട് ഇങ്ങനെ അതിനൊരു ലിപി വന്നു എന്നൊക്കെ. വൈദ്യുതി എന്നതിന്റെ ചിഹ്നം  എന്നതാണു. ഇതു വന്നത് മിന്നല്‍ എന്ന വാക്കിന്റെ ചിഹ്നത്തില്‍ നിന്നുമാണു. മേഘത്തില്‍ നിന്നും വരുന്ന പിണര്‍ ആണു ചിത്രം. 
 
ഇനിയിപ്പോള്‍ വാക്കുകള്‍ പഠിക്കുന്നു എന്ന് വെക്കൂ… അതും ചുമ്മാ ഹാഒ, നീ, ചിന്‍ എന്നൊന്നും പഠിച്ചാലും പോരാ. ഓരോ വാക്കിനും അതിന്റേതായ നാല് വീതം സ്വരഭേദങ്ങള്‍ ഉണ്ട്, ടോണ്‍ എന്ന് വിളിക്കുന്നത്. ഉദാഹരണം: മാ എന്ന വാക്കിനു നാല് തരം നീട്ടലും കുറുക്കലും ഉണ്ട്. അതിന്റെ ഓരോന്നിന്റെയും അര്‍ത്ഥം ‘കുതിര’ ‘ചോദ്യവാക്ക്’ ‘തെറി’ ‘അമ്മ’ എന്നിങ്ങനെ വരും. ഇത് പോലെ ഓരോ വാക്കും അതിന്റെ  ശരിയായ സ്വരഭേദം പ്രയോഗിച്ച് പറഞ്ഞില്ലെങ്കില്‍ ചൈനക്കാരനോ കാരിക്കോ മനസ്സിലാകുക പോലുമില്ല. ആദ്യ ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകുമ്പോള്‍ ഭക്ഷണത്തിനു എരിവു വേണം എന്ന് പറയാന്‍ ‘ലാ’ എന്ന വാക്ക് പഠിച്ചു വച്ചിരുന്നു. ലാ എന്നാല്‍ എരിവുള്ള എന്നര്‍ത്ഥം.. എന്നാല്‍ നമ്മള് എത്ര ലാ ലാ ലാ പറഞ്ഞിട്ടും കാന്റീനിലെ മൂപ്പത്തി തുറിച്ചു നോക്കുന്നു.. പിന്നെ കിളിക്കുന്നു… അവസാനം കിട്ടിയതും വാങ്ങി വന്നിരുന്നു തിന്നു. പ്രശ്‌നം നമ്മുടെ സംഗതി ഒക്കാത്തതായിരുന്നു. ലാ എന്നതിന്റെ ഓരോ ടോണിനും മാലിന്യം, ഒഴിവാക്കുക, മെഴുക്, എരിവു എന്നീ നാല് അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കറിയാം നമ്മള് നിന്ന് മാലിന്യം മാലിന്യം എന്നാണോ വിളിച്ചു പറഞ്ഞത് എന്ന്!  അങ്ങനെ ഓരോ വാക്ക് പഠിക്കുമ്പൊഴും അതിന്റെ 1) അര്‍ത്ഥം 2) സ്വരഭേദം (ടോണ്‍ അഥവാ പിന്‍യിന്‍) 3) അതിന്റെതു മാത്രമായ അക്ഷരചിഹ്നം എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ മനപ്പാഠമാക്കേണ്ടിയിരിക്കുന്നു. ഇതില്‍ ഒന്നു പോലും മറന്നാല്‍ എന്താണു എവിടെയാ പറയുന്നത് എന്നതിനെ കുറിച്ച് ഖുദാ ഗഫാ.
 
 
ചുരുക്കി പറഞ്ഞാല്‍ ചൈനീസ് ഭാഷ അവസാനമില്ലാത്ത ഒരു ഭാഷ ആകുന്നു. ഓരോ പുതിയ കണ്ടുപിടിത്തം നടക്കുമ്പോഴും, പുതിയ വാക്കുകള്‍ സമൂഹത്തിലേക്ക് വരുമ്പോഴും ചൈനയില്‍ അവയ്ക്ക് ചൈനീസ് വാക്കുകള്‍ ഉണ്ടാക്കുന്നു. കമ്പ്യൂട്ടര്‍, ഐഫോണ്‍, മൊബൈല്‍, കാര്‍, ബൈക്ക്…എന്നിവക്കൊക്കെ ചൈനീസ് പദങ്ങള്‍ ഉണ്ട്! ഉണ്ടെന്നല്ല, അതു മാത്രമാണു ഇവിടെ ഉപയോഗിക്കുന്നതും. അതു പോട്ടെ അന്താരാഷ്ട്ര ബ്രാണ്ടുകള് വരെ അവയുടെ ചൈനീസ് പേരുകളിലാണു അറിയപ്പെടുന്നത്. കൊക്കാ കോള അറിയപ്പെടുന്നത് കേ കൗ കേ ലെ എന്നാണു, ഈ വാക്കിനു അര്‍ത്ഥവും ഉണ്ട് കെ കൗ എന്നു പറഞ്ഞാല്‍ സ്വാദിഷ്ടം എന്നും കേ ലെ എന്നത് സന്തോഷം എന്നും അര്‍ത്ഥം വന്നിരിക്കുന്നു. മക്ക്‌ഡോണള്‍ഡ്‌സ് ഇവിടെ അറിയപ്പെടുന്നത് മായ് ഡാങ്ങ് ലാഒ എന്നാണു… മായ് എന്നാല്‍ ഭക്ഷ്യധാന്യം (അരി, ഗോതമ്പ്…) ഡാങ്ങ് എന്നാല്‍ സേവിക്കുക, ഉപയോഗിക്കുക, ലാഒ എന്നാല്‍ ജോലി ചെയ്യുക. ഇങ്ങനെ എല്ലാത്തിനും അതിന്റെതായ വാക്കുകളും അര്‍ത്ഥങ്ങളും ഉണ്ട്. ഇംഗ്ലീഷ് എത്രത്തോളം എന്റെ ഭാഷയെ സ്വാധീനിച്ചിരിക്കുന്നു എന്നു ഇവിടെ വന്നതിനു ശേഷമാണു തിരിച്ചറിയുന്നത് തന്നെ. മൊബൈല്‍ ഫോണ്‍ എന്നതിനുള്ള വാക്ക് ഷൗജി എന്നാണ്, കയ്യിലെ ഉപകരണം എന്ന്‍ അര്‍ത്ഥം. ഈ ക്ളാസ്സ് ഒന്ന് കഴിയട്ടെ, ട്ട, ണ്ണ, മ്മ, ഒക്കെ പഠിച്ചു, ഞാനെന്റെ സ്വന്തം കാറില്‍ ഒരു വരവുണ്ട്!
 
ഇവിടെ വന്നതിനു ശേഷം സംഭവിച്ച എറ്റവും വഷളു സംഭവം പറഞ്ഞു നിര്‍ത്തട്ടെ: പാലു വാങ്ങണം. പാലിനു മാര്‍ക്കെറ്റില്‍ പോയാല്‍ ഒരു അയ്മ്പത് തരം പാലാണു നിരത്തി വെച്ചിരിക്കുന്നത്  സൊയാ പാല്‍, ചോളം പാല്‍, പല രുചികളിലുമുള്ള പാല്‍, സവര്‍ മില്‍ക് എന്നിങ്ങനെ വേണ്ട… യാക്ക് മില്‍ക് പോലും സുലഭം. എനിക്കു വേണ്ടത് നല്ല പസൂമ്പാല്‍! ഓണ്‍ലൈന്‍ ഒക്കെ നോക്കി അതിനുള്ള വാക്ക് കണ്ടുപിടിച്ചു  ‘ന്യൂ നായി’. ജന്മനാ അളവില്‍ കൂടുതല്‍ കൈമുതലായുള്ള അഹങ്കാരവും കൊണ്ട് മാര്‍ക്കറ്റില്‍ കയറി ഉറക്കെ പ്രസ്താവിച്ചു. ‘ന്യൂ നായി’!!! എല്ലാരും ഒന്നു ഞെട്ടി പിന്നെ ചിരിയോടു ചിരി. ഇറച്ചി വെട്ടുന്ന സ്ത്രീ ഇരുന്നു ചിരിക്കുന്നു… കാഷ്യര്‍ ചെക്കന്‍ തിരിഞ്ഞു നിന്നു ചിരിച്ചു പൈപ്പിലെ വെള്ളം വറ്റിക്കുന്നു… ഞാന്‍ ബാക്കി വരുന്ന അഹങ്കാരവും ആത്മാഭിമാനവും ചുരുട്ടി പിടിച്ച് പതുക്കെ വീട്ടിലേക്ക് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു! പിറ്റേന്ന് ടീച്ചറോട് കാര്യം വിവരിച്ചപ്പോള്‍ ആണു അറിയുന്നത് നിയു എന്നാല്‍ പശു… അതു തന്നെ ന്യൂ എന്നായാല്‍ ‘സ്ത്രീ’ എന്നായി അര്‍ത്ഥം. ഞാന്‍ പോയി അലറി വിളിച്ചു പറഞ്ഞത് ‘സ്ത്രീ പാലുണ്ടൊ കുറച്ച് എടുക്കാന്‍’ എന്നായിരുന്നു. ഞാന്‍ ഇപ്പോള്‍ 20 മിനിറ്റ് അപ്പുറമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമാണു സാധനം വാങ്ങാറു! 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍