UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

മലയാളം വിക്കിപീഡിയ ആരുടെ സ്വകാര്യസ്വത്താണ്?

കാല്‍വിന്‍
 
മലയാളം വിക്കിപ്പീഡിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍  ഈയടുത്ത് ഓണ്‍ലൈനില്‍ വീണ്ടും സജീവമായിരിക്കയാണ്. കവി കുഴൂര്‍ വില്‍സന്റെ താള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രസ്തുത വിവാദം  ആദ്യമായി ഉടലെടുത്തത് എങ്കിലും വിക്കിപ്പീഡിയ നേരിടുന്ന കൂടുതല്‍ നയപരമായ പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ച തുടരുകയുണ്ടായി.
 
ശ്രദ്ധേയതാനയവും  വിവാദങ്ങളും 
കഴൂര്‍ വില്‍സന്റെ താള്‍ നീക്കം ചെയ്യപ്പെട്ടതിനെ ചൂണ്ടിക്കാണിച്ച് നടന്ന ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയില്‍ സജീവ വിക്കിപ്പീഡിയപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായ പ്രതികരണം താളിനു ആവശ്യമായ ശ്രദ്ധേയത ഇല്ലെന്നതിനാലാണ് നീക്കം  ചെയ്യപ്പെട്ടത് എന്നാണ്. ഇതു കൂടുതല്‍ വിവാദങ്ങളിലേക്ക് നയിക്കുകയായിരുന്നു. സാഹിത്യകാരന്മാരുടെ താള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളം വിക്കിപ്പീഡിയ പിന്തുടരുന്ന ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ അനാവശ്യമാം വിധം കടുപ്പമാര്‍ന്നതാണ് എന്നതായിരുന്നു വിമര്‍ശനങ്ങളില്‍ പ്രധാനം. ഇതിനോട് സജീവ വിക്കിപ്പീഡിയ പ്രവര്‍ത്തകരില്‍ തന്നെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പില്ല താനും.
 
സാഹിത്യകാര്യന്മാരുടെ ശ്രദ്ധേയതയുമായി ബന്ധപ്പെട്ട് വിക്കിപ്പീഡിയ പിന്തുടരുന്ന നിലവിലെ മാനദണ്ഡം താഴെപ്പറയും  പ്രകാരമാണ്.
 
– സര്‍ക്കാര്‍/അക്കാദമി പുരസ്‌കാരം നേടിയ വ്യക്തി
– ശ്രദ്ധേയമായ പ്രസാധകശാലകള്‍ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം  കുറഞ്ഞത് 10
– പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി
– 50 വര്‍ഷത്തിനു ശേഷവും പുതിയ പ്രതികള്‍ പുറത്തിറങ്ങുന്നു
– കൃതി ചലച്ചിത്രമായി ആവിഷ്‌കരിക്കപ്പെടുക
– പാഠപുസ്തകമായി അംഗീകരിച്ച കൃതി
– രാഷ്ട്രീയ കാരണങ്ങളാല്‍ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
– ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തിയ കൃതി  
 
ഇത് ഇംഗ്ലീഷ് പോലുള്ള മറ്റ് വിക്കിയിടങ്ങള്‍ പിന്തുടരുന്ന നയങ്ങളുമായി താരതമ്യം  ചെയ്താല്‍ അനാവശ്യമാം വിധം  കടുപ്പമാര്‍ന്നതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാന്‍ തരമില്ല. എങ്കിലും വിക്കിപ്പീഡിയാ പ്രവര്‍ത്തകരിലെ ഒരു ന്യൂനപക്ഷത്തിന്റെയെങ്കിലും എതിര്‍പ്പ് ശ്രദ്ധേയതയുമായി ബന്ധപ്പെട്ട മേല്പറഞ്ഞ മാനദണ്ഡങ്ങളെ പുനഃപരിശോധിക്കുന്നതില്‍ നിന്നും അവയെ അവശ്യമായ രീതിയില്‍ ഭേദഗതി ചെയ്യുന്നതില്‍ നിന്നും തടയുന്നതായി അറിയാന്‍ കഴിയുന്നുണ്ട്. 
 
 
മാനദണ്ഡങ്ങളില്‍  മാറ്റം  വരുത്തേണ്ടതെങ്ങനെ?
പരമാവധി ജനാധിപത്യസ്വഭാവം  പുലര്‍ത്തുന്ന നയപരിപാടികളും  ഘടനയുമാണ് എല്ലാ ഭാഷാവിക്കിപ്പീഡിയകളും പിന്തുടരുന്നത്. അല്ലെങ്കില്‍ തത്വത്തില്‍ പിന്തുടരേണ്ടത്. ഏവര്‍ക്കും അറിയാവുന്നത് പോലെ വിക്കിപ്പീഡിയ ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്. ചെലവഴിക്കാന്‍ അല്പം സമയവും  മനസുമുള്ള ആര്‍ക്കും  വിക്കിപ്പീഡിയയില്‍ ഉപയോക്താവായി രജിസ്റ്റര്‍ ചെയ്യുകയും വിവിധ താളുകളില്‍ തിരുത്തല്‍ നടത്തുകയും ആവാം. ആവശ്യമായ അവലംബങ്ങള്‍ നല്കിയിട്ടാവണം തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തേണ്ടത് എന്നേയുള്ളൂ.
 
എന്നാല്‍ പുതിയ താളുകള്‍ സൃഷ്ടിക്കുകയോ നിലവിലുള്ള താളുകളില്‍ പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ അവ നിലനില്ക്കണമെങ്കില്‍ വിക്കിപ്പീഡിയ നിഷ്‌കര്‍ഷിക്കുന്ന ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ട് വേണം താനും. അല്ലെങ്കില്‍ കാലാന്തരത്തില്‍ അവ നീക്കം ചെയ്യപ്പെട്ടേക്കും. ഈ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതും മാറ്റം വരുത്തുന്നതുമെല്ലാം  വിക്കിപ്പീഡിയ പഞ്ചായത്തുകളില്‍   ചര്‍ച്ചകള്‍ക്ക് ശേഷമാണ്. വിവാദമായ ശ്രദ്ധേയതാ നയങ്ങള്‍ തിരുത്തണമെങ്കില്‍ പഞ്ചായത്തില്‍ വച്ച് കാര്യമായ തര്‍ക്കവും ചര്‍ച്ചയും വേണ്ടി വരും. അതിന് അംഗബലവും, നയങ്ങളെക്കുറിച്ചുള്ള ബോധവും, വിക്കിയിലെ മുന്‍ഇടപെടലുകളുമൊക്കെ ഘടകങ്ങളായി വരും.
 
പൊതു ഇടങ്ങളില്‍ ചര്‍ച്ചയാകാമോ?
എന്നാല്‍ വിക്കിപ്പീഡിയയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം വിക്കിപ്പീഡിയ നല്കുന്ന ഇടങ്ങള്‍ക്കുള്ളില്‍ ഒതുങ്ങണമെന്ന് നിലവില്‍ സജീവമായി വിക്കിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഗ്രഹിക്കുന്നതായി കാണാന്‍ കഴിയുന്നുണ്ട്. വിക്കിപ്പീഡിയയുടെ പൊതുവേയുള്ള വളര്‍ച്ചയ്ക്കായി കൂടുതല്‍ പേര്‍ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നതിനും ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ശ്രമിക്കണമെന്നതിനും തര്‍ക്കമില്ല. അതേ സമയം പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒന്നാണ് വിക്കിപ്പീഡിയ എന്ന നിലപാട് ചോദ്യം  ചെയ്യപ്പെടേണ്ടതാണ്. പ്രസ്തുത വിവാദവുമായി ബന്ധപ്പെട്ട് വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്ന മെയില്‍ സംവാദങ്ങളില്‍ ‘ഈ വിവാദത്തെക്കുറിച്ച് ഇനി മാധ്യമങ്ങളില്‍ എഴുതപ്പെടുമോ?’ എന്ന് ഒരു പ്രവര്‍ത്തകന്‍ ആശങ്കപ്പെടുന്നുണ്ട്.
 
ഇത് അപലപനീയമാണ്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഒരു നാട്ടിലെ ഉന്നത അധികാരസ്ഥാപനങ്ങള്‍ വരെ ജനങ്ങള്‍ക്കിടയിലും മാധ്യമങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ചര്‍ച്ചയ്ക്ക് പാത്രമാകാറുണ്ട്. സര്‍ക്കാരോ രാഷ്ട്രീയപ്പാര്‍ട്ടികളോ പട്ടാളമോ സി.ബി.ഐയോ ഇന്റലിജെന്‌സ് ഏജന്‍സികളോ വിദ്യാഭ്യാസസ്ഥാപനങ്ങളോ ഒന്നും  ഇതില്‍ നിന്നും  മുക്തമല്ലെന്നിരിക്കേ വിക്കിപ്പീഡിയ മാത്രം പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുമെന്നോ വിവാദങ്ങളില്‍ നിന്ന് എന്നും മുക്തമായിരിക്കുമെന്നോ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. 
 
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറ്റം കൈവരിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്‍പില്‍ ഉള്ളത്. കമ്പ്യൂട്ടറിലെ മലയാളവുമായി ബന്ധപ്പെട്ട് അതിനാല്‍ തന്നെ വിക്കിപ്പീഡിയയ്ക്ക് നിര്‍വഹിക്കാനുള്ളത് വളരെ വിശാലമായ ധര്‍മ്മമാണ്. വെറുമൊരു വിജ്ഞാനകോശം എന്നതില്‍ ഒതുങ്ങുന്നില്ല വിക്കിപ്പീഡിയ. കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കായി മലയാളത്തെ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ അനായസകരമായി ഉപയോഗിക്കാന്‍ വേണ്ടിയുള്ള വിവിധ സംരഭങ്ങളില്‍ ഒന്നു കൂടിയായി സ്വതന്ത്രവിജ്ഞാനകോശങ്ങള്‍ നിലകൊള്ളേണ്ടതുണ്ട്. അതിനായി വിശാലമായ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്കവിധം നയരൂപീകരണം വിക്കിപ്പീഡിയയ്ക്കത്ത് തന്നെ നടക്കേണ്ടതുണ്ട്.
 
ആരാണ് കവി?
നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏത് ‘ആനയ്ക്ക്’ വേണമെങ്കിലും മലയാളം വിക്കിപ്പീഡിയയില്‍ സ്വന്തമായി ഒരു താളുണ്ടാകാം. എന്നാല്‍ ഒരു എഴുത്തുകാരന്റെ കാര്യം  വരുമ്പോള്‍ കഥ മാറുകയായി. ആനയ്ക്കായി പ്രത്യേക മാനദണ്ഡങ്ങളൊന്നും നിലവിലില്ല എന്നാണ് ഈ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഒരു വിക്കി പ്രവര്‍ത്തകന്‍ ന്യായീകരണമുന്നയിച്ചത്. സിനിമാപ്രവര്‍ത്തകരുടെ താള്‍ സൃഷ്ടിക്കാനും എളുപ്പമുണ്ട്. ഓരോ മേഖലയ്ക്കും പ്രത്യേകമായി മാനദണ്ഡങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് വിക്കിപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. അതില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. എന്നാല്‍ ഏത് ആനയ്ക്കും കയറിപ്പറ്റാം, പക്ഷേ സാഹിത്യകാരന്മാരുടെ കാര്യത്തില്‍ പലരുടെയും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന താളുകള്‍ക്ക് മാത്രമേ നിലനില്പുണ്ടാകൂ എന്ന അവസ്ഥയിലേക്കെത്തുന്ന തരത്തില്‍ മാനദണ്ഡങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത് മാറേണ്ടതുണ്ട്. ഇത് സാഹിത്യകാരന്മാരുടെ കാര്യത്തില്‍ മാത്രമൊതുങ്ങുന്ന പ്രശ്‌നമല്ല താനും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിലവിലെ ശ്രദ്ധേയതാ നയങ്ങള്‍ സമൂഹത്തിലെ ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
 
ചങ്ങമ്പുഴയാണ് മലയാളത്തിലെ അവസാന മഹാകവി എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിനു ആസ്വാദകരുള്ള ഒരു സമൂഹമാണ് നമ്മുടേത്. ചിലര്‍ക്ക് അത് ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെ ആവാം (ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഇപ്പോഴും  ‘യുവകവി’ എന്നേ അഭിസംബോധന ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ക്കിടെ നര്‍മഭാവേന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ ചൂണ്ടിക്കാട്ടുക ഉണ്ടായി). അങ്ങനെയുള്ള ഒരു സാംസ്‌കാരിക ചുറ്റുപാടുകള്‍ക്കുള്ളിലാണ് പല അറിയപ്പെടുന്ന എഴുത്തുകാരുടെയും  താളുകള്‍ നീക്കം  ചെയ്യപ്പെടുന്നതെന്നും അവയെ ന്യായീകരിക്കത്തക്കവിധമുള്ള മാനദണ്ഡങ്ങള്‍ വിക്കിപ്പീഡീയയ്ക്കത്ത് നിലനില്ക്കുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ‘നിങ്ങള്‍ വിക്കിപ്പീഡിയയ്ക്കത്ത് വന്ന് മാറ്റങ്ങള്‍ സൃഷ്ടിക്കു’ എന്ന് നിലവിലെ സജീവവിക്കിപ്പീഡിയാപ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ക്കിടെ നിരന്തരം ആവശ്യപ്പെടുന്നുണ്ട് എങ്കിലും   പ്രശ്‌നങ്ങള്‍ അത്രയും ലളിതമല്ല എന്നതാണ് വാസ്തവം.
 
 
വിക്കിപ്പീഡിയയുടെ വിശാലമായ ആദര്‍ശം തന്നെ പലവിധ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളൂന്നതാണ്. ഏത് തരം അവലംബങ്ങള്‍ ആണ് ആധികാരികം എന്നതാണ് അതിലൊന്ന്. പത്രങ്ങളും അച്ചടിമാസികകളും അവയുടെ വെബ് പോര്‍ട്ടലുകളുമെല്ലാം നിസ്തര്‍ക്കമാം വിധം ആധികാരിക ലിസ്റ്റില്‍ പെടുമെങ്കിലും ഓണ്‍ലൈനില്‍ മാത്രമൊതുങ്ങുന്ന പല പോര്‍ട്ടലുകള്‍ക്കും ദുര്‍വിധിയാണ്. ബ്ലോഗുകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട! ഇതില്‍ തീരെ കാര്യമില്ല എന്നല്ല. ബ്ലോഗ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുടങ്ങാമെന്നത് കൊണ്ടും എന്ത് തരം ഉള്ളടക്കങ്ങള്‍ ആര്‍ക്കും കൊണ്ട് തള്ളാമെന്നത് കൊണ്ടും ബ്ലോഗുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നതില്‍ തര്‍ക്കമില്ല.
 
എന്നാല്‍ കവിതയുടെയും മറ്റും കാര്യമെടുത്താല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളകവിതയില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ക്ക് വഴിവെച്ചത് സൈബര്‍മാദ്ധ്യമങ്ങളാണ്. മൈക്രോബ്ലോഗിങ്ങ് സംവിധാനങ്ങള്‍ ജനകീയമാകുന്നതിനു മുന്‍പേ മലയാളം  ബ്ലോഗുകളില്‍ കവിതയും ഫോടോഗ്രാഫിയുമായിരുന്നു ഏറ്റവും  മുന്നിട്ട് നിന്നിരുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (മൈക്രോബ്ലോഗിങ്ങും സോഷ്യല്‍ നെറ്റവ്ര്‍ക്കും കൂടുതല്‍ ജനകീയമായതോടെ ഫോട്ടോഗ്രാഫിക്ക് ഭാഷയുടെ പരിധിവിട്ട് ആഗോളമായ വിപണി സിദ്ധിക്കുന്നുണ്ട്. എന്നാല്‍ കവിത ഭാഷയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നതിനാല്‍ മലയാളം  സൈബര്‍ മേഖലയില്‍ത്തന്നെ സജീവമായി തുടരുകയാണ്).
 
അച്ചടിമാധ്യമങ്ങള്‍ക്ക് പോലും കൈവരിക്കാന്‍ പറ്റാത്ത അത്രയും ജൈവമായ മാറ്റങ്ങള്‍ക്കാണ് വെബ് മാധ്യമങ്ങളിലൂടെ മലയാള കവിതയ്ക്കുണ്ടായത്. ഒരിക്കലും കാണാതെ പോകാന്‍ പാടില്ലാത്ത ഒരു വസ്തുതയാണ് ഇത്. അതിനാല്‍ത്തന്നെ വ്യവസ്ഥാപിതമായ ഇടങ്ങളിലെ സാന്നിദ്ധ്യങ്ങളില്‍ മാത്രമൊതുങ്ങാന്‍ പാടില്ല കവിതയുമായി ബന്ധപ്പെട്ട ആധികാരികത.
 
ഉള്‍പ്പെടുത്തലിന്റെയും പുറന്തള്ളലിന്റെയും സമൂഹമനനഃശാസ്ത്രം
കുഴൂര്‍ വില്‌സന്റെ താളുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്ന ഇടങ്ങളില്‍ പലരും പങ്കുവെയ്ക്കുന്ന ആശങ്കകളിലൊന്നാണ് ശ്രദ്ധേയതാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ കവിതാ ബ്ലോഗുള്ള ആര്‍ക്കും വിക്കിപ്പീഡിയ പേയ്ജുണ്ടാകുന്ന അവസ്ഥയ്ക്ക് അത് വഴി വെയ്ക്കില്ലേ എന്ന്. ഇത് അസ്ഥാനത്താണ്. നിലവിലെ കവിതാ ഇടങ്ങളില്‍ നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടുന്ന കവികളെ , അവര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായോ പത്തു പുസ്തകങ്ങളില്‍ കൂടുതല്‍ പ്രസിദ്ധീകരിച്ചോ എന്നതിലുപരി , ഉള്‍ക്കൊള്ളിക്കാവുന്ന തരത്തില്‍ ശ്രദ്ധേയതാ മാനദണ്ഡങ്ങളെ പരിഷ്‌കരിക്കാവുന്നതേയുള്ളൂ. അതിലുപരി മാറ്റം വരേണ്ടത് നമ്മുടെ മനോഭാവത്തില്‍ കൂടെയാണ്. വിക്കിപ്പീഡിയയിലെ ശ്രദ്ധേയമാനദണ്ഡങ്ങളെ പരിഷ്‌കരിക്കുന്നതിനെ എതിര്‍ക്കുന്ന പലര്‍ക്കും മറ്റ് അജണ്ടകളാണുള്ളത് എന്ന് കാണേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ മൊത്തമായി നിലനില്‍ക്കുന്ന വര്‍ഗ വര്‍ണ വിവേചനമനോഭാവങ്ങള്‍ അവയുടെ ശബ്ദം  വിക്കിപ്പീഡിയയിലും പ്രതിധ്വനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ‘എന്ത് വന്നാലും ശ്രദ്ധേയതാ മാനദണ്ഡങ്ങളെ പുനഃപരിശോധിക്കാനുള്ള നീക്കങ്ങളെ തടയും’ എന്നെല്ലാം  ചില ഭീഷണികള്‍ വിക്കിപ്പീഡിയയ്ക്കുള്ളില്‍ തന്നെ ചില അനോണി ഐഡികള്‍ ഇതിനോടകം  ഉയര്‍ത്തിയിട്ടുണ്ട്. നീക്കം ചെയ്യപ്പെടാന്‍ സാധ്യതകളുള്ളതോ വിവാദങ്ങളില്‍ പെടാന്‍ സാധ്യതയുള്ളതോ ആയ അനാവശ്യ പേജുകളെ സൃഷ്ടിച്ച് ചര്‍ച്ചയെ ശ്രദ്ധതിരിച്ച് വിടാനുള്ള നീക്കങ്ങളും ഒരു വശത്ത് സംശയാസ്പദമായ ചില ഐഡികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ഓണ്‍ലൈന്‍ പൊതുസമൂഹം  ജാഗ്രത്താവേണ്ടതുണ്ട്.
 
[യഥാര്‍ത്ഥ പേര് ശ്രീഹരി ശ്രീധരന്‍. ഇപ്പോള്‍ ചെന്നൈയില്‍ ഐറ്റി മേഖലയില്‍ ജോലി. കോഴിക്കോട് സ്വദേശി]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍