UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

മംഗള്‍യാന്‍ പട്ടിണി മാറ്റുമോ എന്നു സംശയിക്കുന്നവരോട്

മായ ലീല
 
ഭൂമിയില്‍ നിന്നും ചൊവ്വയിലെക്ക് തങ്ങളുടെ സാന്നിധ്യം എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ, മംഗള്‍യാന്‍ ദൌത്യം വിജയിച്ചാല്‍. അതൊരു വലിയ വിജയമാണ്, മനുഷ്യന്റെ ബുദ്ധിയുടെ, പ്രായോഗികതയുടെ, യുക്തി പ്രാവര്‍ത്തികമാക്കുന്നതിന്റെയൊക്കെ മികവുകള്‍ ചരിത്രം അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മുന്നേറ്റം ആണത്. ഇന്ത്യ എന്ന മൂന്നാം ലോക രാഷ്ട്രം, സിനിമയിലെ മമ്മൂട്ടി പറയുന്ന പോലെ പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ, ആ ഇന്ത്യയുടെ സാങ്കേതികവിദ്യയും മികവും ലോകം അറിയുകയും പ്രശംസിക്കുകയും ചെയ്ത അവസരം.
 
എങ്കിലും ഇന്ത്യ ഇതിനൊക്കെ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്നത്. 
 
ഇന്ത്യയെന്നാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടക്കുന്ന, ശൈശവ വിവാഹം നടക്കുന്ന, സ്ത്രീ ഭ്രൂണങ്ങള്‍ കൊലചെയ്യപ്പെടുന്ന, ഏറ്റവും വലിയ ചേരിപ്രദേശങ്ങള്‍ ഉള്ള, സമൂഹത്തിലെ താഴേതട്ടിലുള്ള പാവങ്ങള്‍ അവകാശങ്ങള്‍ക്കായി ആയുധമെടുത്ത് ഭരണകൂടവുമായി ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാജ്യമായും അറിയപ്പെടുന്നുണ്ട്. അതുകൊണ്ടെന്ത് എന്ന് ചോദിച്ചാല്‍; മംഗള്‍യാന്‍ എന്ന ദൌത്യത്തിന് ചിലവഴിച്ച പണം ധൂര്‍ത്ത് ആണെന്ന് ഒരു വലിയ പക്ഷം ജനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ അറിയപ്പെടുന്നതിനെ പറ്റി, ഇന്ത്യയിലും പുറത്തും വിയോജിപ്പുകള്‍ ഉണ്ടായി. പുറത്തു നിന്നുള്ള എതിര്‍പ്പുകള്‍ സ്വാഭാവികമായും അസൂയയും മത്സരബുദ്ധിയും കൊണ്ടാണെങ്കില്‍ അകത്തു നിന്നുള്ള എതിര്‍പ്പുകള്‍ പട്ടിണിയും ദുരിതങ്ങളും അവഗണിക്കപ്പെടുന്നു എന്ന പേരിലാണ്. ഇന്ത്യയുടെ പൊതുവേ ഉള്ള സ്ഥിതിയില്‍ ദുഖമുള്ളവരാണ് ഈ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നത് എങ്കില്‍ നിങ്ങള്‍ നാളെ മുതല്‍ ആജീവനാന്തം മേല്‍പ്പറഞ്ഞ കുറവുകളുടെ എല്ലാം പേരില്‍ സ്ഥിരമായി സമരങ്ങള്‍ നടത്തണം എന്ന് അപേക്ഷിക്കുന്നു. അവയെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തന്നെയല്ലേ, ഇവയൊക്കെ മംഗള്‍യാന് മുന്നേ ഉള്ളതാണ് താനും.
 
പിന്നെ ഉള്ള പ്രശ്‌നം അതിനു വേണ്ടി ചിലവഴിച്ച തുകയാണ്, ഇങ്ങനെ പൊട്ടിച്ചു കളയാന്‍ ഉള്ള സംഖ്യ എടുത്തു പാവപ്പെട്ടവര്‍ക്ക് കൊടുത്തെങ്കില്‍ ഇന്ത്യയിലെ പട്ടിണി ഇല്ലാതാകും എന്ന് അഭിപ്രായമുള്ളവര്‍. ശരിയാണ്, പട്ടിണിയും ദുരിതങ്ങളും ഇല്ലാതാക്കേണ്ടത് തന്നെ. എന്നാല്‍ നമ്മള്‍ ഈ ദൌത്യം നടത്തിയത് പട്ടിണിപ്പാവങ്ങളുടെ വിഹിതത്തില്‍ കൈയ്യിട്ടു വാരിയാണോ?
 
നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ന്റെ ഈ വര്‍ഷത്തെ ബഡ്ജറ്റ്‌ലെ ചില പ്രമുഖ സംഖ്യകള്‍ എടുത്തു കാണിക്കാം ഇവിടെ, കേന്ദ്ര സര്‍ക്കാറിന്റെ വെബ്‌സൈറ്റ്ല്‍ ഉള്ളതാണ് ഇതൊക്കെ ആര്‍ക്കും പരിശോധിക്കാം. ഇത് ഈ വര്‍ഷത്തെ മാത്രമാണ് എന്നുള്ളപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിലും ഒട്ടും കുറവായിരിക്കുകയില്ല തുകകള്‍ എന്ന് അനുമാനിക്കാം. അതിനുമുന്‍പ് മറ്റൊന്ന് കൂടെ ഓര്‍ത്തു വെയ്‌ക്കേണ്ടതുണ്ട്; ശാസ്ത്ര സാങ്കേതിക വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ ലഭ്യമാക്കിയിരിക്കുനത് കൃഷി സംബന്ധമായ വികസനങ്ങള്‍ക്ക് വേണ്ടിയാണ്. ഇനി കണക്കുകള്‍: 
 
>പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സ്ത്രീകള്‍ക്കായി 97,134 കോടി രൂപയും കുട്ടികള്‍ക്കായി 77,236 കോടി രൂപയും.
>അധികമായി ഒരു 200 കോടി വനിതാ ശിശു ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്
> പ്രതിരോധ വകുപ്പിന് 2,03,672 കോടി
> വിന്‍ഡ് എനര്‍ജി പ്രൊജെക്റ്റ്കള്‍ക്ക് വേണ്ടി 800 കോടി.
>ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍ക്കായുള്ള ബാങ്കും അതിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ക്കുമായി 1,000 കോടി
> റൂറല്‍ ഹൌസിംഗ് ഫണ്ട് 6,000 കോടി.
> ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് വേണ്ടി 37,330 കോടി രൂപ
> പുതിയ നാഷണല്‍ ഹെല്‍ത്ത് മിഷന് 21,239 കോടി രൂപ.
> മെഡിക്കല്‍ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയ്ക്കായി 4,727 കോടി രൂപ.
>150 കോടി വയോധികരുടെ ആരോഗ്യ ക്ഷേമത്തിനായി, ആയുര്‍വേദം ഹോമിയോപ്പതി മുതലായവയ്ക്ക് 1,069 കോടി, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് 5,284 കോടി, ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 13,215 കോടി…
 
അങ്ങനെ ലിസ്റ്റ് നീളുന്നു.
 
മംഗള്‍യാനിന്റെ മൊത്തം ചെലവ് ഒരു അതിശയോക്തി കലര്‍ത്തി പറഞ്ഞാലും 500 കോടി എന്ന് വെയ്ക്കുക. അപ്പോഴും ഇതില്‍ വളരെ വ്യക്തമായി കാണാം സമൂഹത്തിലെ പാര്‍ശ്വവാത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് മംഗള്‍യാനിനു വേണ്ടി ചിലവിട്ടതിലും എത്രയോ മടങ്ങ് ധനമാണ് എന്ന്. അങ്ങനെ എങ്കില്‍ ഈ ദൌത്യത്തിന് ഉപയോഗിച്ച തുക ശരിക്കും പാഴ്ച്ചിലവായോ ധൂര്‍ത്തായോ കണ്ട് റദ്ദ് ചെയ്യേണ്ടതായിരുന്നോ?
 
നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം ഇല്ലാത്തവരും ഉണ്ട്, അതെ സമയം ലോകത്തിലെ ഏറ്റവും ധനികരില്‍ ചിലരും ഉണ്ട്. ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത് സാമ്പത്തിക നയങ്ങളില്‍ ഉണ്ടായിരിക്കുന്ന ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ആണ്. കണക്കുകളിലും പ്രസംഗങ്ങളിലും പേപ്പറിലും ഇത്തരം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ തീരുമാനിക്കുകയും പാസ്സാക്കുകയും ചെയ്തിട്ടും ഇത്രയും കൊല്ലമായി നമ്മുടെ നാട്ടിലെ പട്ടിണി പോലും മാറ്റാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്നതല്ലേ ചോദിക്കേണ്ട ചോദ്യം. അതിനു തന്നെ വീഴ്ച പറ്റിയ സര്‍ക്കാരാണ് ഇപ്പോഴുള്ളത്.
 
ഈ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി അഭിപ്രായപ്പെട്ടത്, ശാസ്ത്രത്തെ കൂടുതല്‍ സാധാരണക്കാരില്‍ എത്തിക്കണം എന്നും മാര്‍ക്കെറ്റില്‍ ഉപയോഗം ഉള്ള കണ്ടുപിടിത്തങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് ലഭിക്കും എന്നാണു. എന്തൊരു അന്യായമാണത്! ഒന്നാമതായി ഏതൊരു പൌരനും ശാസ്ത്ര സാങ്കേതികവിദ്യകളുടെ ഫലങ്ങള്‍ ലഭ്യമാക്കുക എന്നത് ഒരു സ്‌റ്റേറ്റ്ന്റെ കടമയാണ്. അത് അവഗണിക്കുക മാത്രമല്ല ഗവേഷണ കണ്ടുപിടിത്തങ്ങളെ കമ്പോളവത്കരിച്ച് സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്ത രീതിയില്‍ ആക്കണം എന്ന നിലപാടിനെ അല്ലെ സമൂഹം ചോദ്യം ചെയ്യേണ്ടത്?
 
 
 
ഒരു സമൂഹത്തിന്റെ പുരോഗതി ഒരിക്കലും ഒരു ശതമാനം/വിഭാഗം ആളുകളെ മാത്രം കേന്ദ്രീകരിച്ചാകരുത് എന്നത് അവഗണിക്കാന്‍ കഴിയാത്ത ഒരു ഘടകമാണ്. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അത് നിലവിലെ സ്ഥിതി അനുസരിച്ച് ഒരു വിഭാഗം ആളുകളുടെ മാത്രം കാര്യമാണ് എന്നൊരു മിഥ്യാ ധാരണയുണ്ട്. എന്നാല്‍ അത് ശരിയല്ല. നമ്മുടെ ആള്‍ക്കൂട്ടങ്ങള്‍ക്ക് ലക്ഷ്യം തെറ്റുന്നു. ഒരു സമൂഹത്തിനു ശാസ്ത്രസാങ്കേതിക വിദ്യകള്‍ വികസിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍, ഭക്ഷ്യധാന്യ ലഭ്യത കൂട്ടുവാന്‍, പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ദുരിതങ്ങള്‍ കുറയ്ക്കാന്‍, സഞ്ചാര ആശയവിനിമയ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍, രോഗങ്ങള്‍ക്ക് മരുന്നും ശസ്ത്രക്രിയയും ലഭ്യമാക്കാന്‍ പ്രതിരോധ ശേഷി കൂട്ടുവാന്‍, അംഗവൈകല്യങ്ങള്‍ കുറയ്ക്കുവാന്‍ അങ്ങനെ ശാസ്ത്രം കൈ വെയ്ക്കാത്ത ശാസ്ത്രത്തിന്റെ ആവശ്യം ഇല്ലാത്ത ഒരു മേഘലയും ഇല്ല എന്നിരിക്കേ അതിന്റെ പുരോഗതിയെ തടയിടാന്‍ നാം സര്‍ക്കാരിനോട് ആവശ്യപ്പെടാണോ?
 
അഴിമതിയില്‍ മുങ്ങിക്കുളിച്ച, പാവപ്പെട്ടവന്റെ കാശ് കൈയ്യിട്ടു വാരുന്ന ഒരു സര്‍ക്കാരിനോട് എന്തിന്റെ പേരിലാണ് നാം പ്രതിഷേധിക്കേണ്ടത്?? ഇത്രയും കോടി രൂപയുടെ പദ്ധതികള്‍ പ്ലാനില്‍ വെയ്ക്കുകയും സകലതിലും അഴിമതി നടത്തി ഒരു ഉപകാരവും സമൂഹത്തിന് ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍ എന്താവണം നമ്മുടെ പ്രതിഷേധ ഗതിയും ലക്ഷ്യവും?
 
കാര്യക്ഷമമായ രീതിയില്‍ ധാന്യ വിളകളും മറ്റ് ഭക്ഷണവും ഉത്പാദിപ്പിക്കാന്‍ ഉന്നത ഗവേഷണങ്ങള്‍ ആവശ്യമാണ്, ഒരു ഘട്ടത്തില്‍ കൃത്രിമമായി ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുക വരെ ചെയ്യുന്നുണ്ട്. പാരിസ്ഥിതികമായ ദോഷവശങ്ങള്‍ ഉണ്ടാക്കാതെ, ക്ലീന്‍ എനെര്‍ജി പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും ഇപ്പോള്‍ ശാസ്ത്ര മേഘലകളില്‍ ഗവേഷണങ്ങള്‍ ഏറ്റവും ഊര്‍ജ്ജിതമായി നടക്കേണ്ടതും നടത്തിക്കേണ്ടതും ആണ്. സര്‍വ്വോപരി ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുക ശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ മാത്രമാണ്. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ശാസ്ത്രത്തിന് വേണ്ടി നീക്കി വെച്ചിരിക്കുന്ന തുക മിലിട്ടറി/ഡിഫെന്‍സ് ആവശ്യങ്ങളിലും വളരെ താഴെയാണ് എന്നതാണ് നാം എതിര്‍ക്കേണ്ട വിഷയം. നമ്മുക്ക് വേണ്ടത് യുദ്ധങ്ങള്‍ ചെയ്തു ജീവിതങ്ങള്‍ നശിപ്പിച്ചു രാജ്യത്തിന്റെ സമ്പത്ത് നശിപ്പിക്കുകയോ അതോ ഉള്ളവ ഉപയോഗിച്ച് പൌരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയോ?
ചൊവ്വയിലേക്ക് നടത്തിയ ദൌത്യത്തില്‍ പ്രത്യക്ഷമായി ഇന്ത്യയുടെ പട്ടിണിയിലോ കിടപ്പാടം ഇല്ലാത്തവരുടെ അവസ്ഥയിലോ മാറ്റം വരുത്താന്‍ കഴിയില്ല, ആഭ്യന്തര യുദ്ധങ്ങള്‍ വികസനത്തിന്റെ പേരിലെ അക്രമങ്ങള്‍ ഇതൊന്നും നിലയ്ക്കുകയില്ല. പഠനങ്ങളുടെ ശൃംഖലയില്‍ കാലാവസ്ഥാവ്യതിയാനങ്ങളും ആ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടായിരുന്നു എങ്കില്‍ അതെങ്ങനെ നശിച്ചു എന്നതുമൊക്കെ പഠന വിഷയം ആകുമെന്നത് നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഉപകരിക്കുന്ന വിവരങ്ങള്‍ ആണ്. അതൊക്കെ ശേഖരിക്കാനും അതിലേക്ക് ഒരു മുതല്‍ക്കൂട്ടാവാനും കഴിയുന്നതിനെ എതിര്‍ക്കുന്നത് യുക്തിയാണോ? പകരം പട്ടിണി മാറ്റാന്‍ അനുവദിച്ച തുകയിലെ ഒരു ശതമാനം എങ്കിലും കാര്യക്ഷമമായി നടക്കുന്നുവോ എന്ന് അന്വേഷിക്കാന്‍ ഉള്ള ചാതുര്യമല്ലേ നാം കാണിക്കേണ്ടത്. എണ്ണിയാല്‍ തീരാത്ത അത്ര അക്കങ്ങള്‍ ഉള്ള തുകയുടെ അഴിമതികള്‍ നടത്തുന്ന ഒരു സര്‍ക്കാരിനെ നേരിട്ട് വെല്ലുവിളിച്ച് പ്രതിഷേധിക്കുകയല്ലേ വേണ്ടത്?
 
ഇത്തരത്തിലെ സംരഭങ്ങള്‍ ഇനിയും പ്രോത്സാഹിപ്പിക്കപ്പെടണം, അതിനു വേണ്ടി കൂടുതലും ധനം നീക്കി വെയ്ക്കണം. സാധാരണക്കാരനും പ്രാപ്യമായ വികസനം ആവണം പുരോഗമിക്കുന്ന ഒരു സമൂഹത്തിന്റെ മുഖമുദ്ര. പാര്‍പ്പിടങ്ങള്‍ കുടിയൊഴിപ്പിച്ച് ഒരു ശതമാനം മുതലാളിമാരുടെ നേട്ടത്തിന്, കുറച്ചു മാത്രം മധ്യവര്‍ഗ്ഗത്തിന്റെ ധൂര്‍ത്തിനായി പണിപ്പെടുന്നതാവരുത് ശാസ്ത്രവും വികസനവും മറ്റും. മുതലാളിത്തത്തിന്റെ മൂലധന സമ്പാദനത്തിനു ശാസ്ത്രത്തെ, മനുഷ്യന്റെ ബുദ്ധിയെ, അധ്വാനത്തെ ഉപയോഗിക്കുന്നതാണ് എതിര്‍ക്കേണ്ടത്, ശക്തമായി എതിര്‍ക്കേണ്ടത്. മറിച്ച് ഇത്തരം പുരോഗമനാത്മകമായ സംരംഭങ്ങളെ എതിര്‍ക്കുന്നത് സമൂഹത്തിന് ഒരു ഗുണവും ചെയ്യുകയില്ല. മംഗല്‍യാനും പട്ടിണിയും ഒരുപോലെ നേരിടാനും കൈകാര്യം ചെയ്യാനും പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിനു വേണ്ടിയാണ് യഥാര്‍ത്ഥ പ്രതിഷേധങ്ങള്‍ ഉയരേണ്ടത്. പട്ടിണിപ്പാവങ്ങളുടെ വിഹിതത്തില്‍ കൈയ്യിട്ടു വാരുന്നതും അവരെ പാവങ്ങളാക്കി നിലനിര്‍ത്തുന്നതും ശാസ്ത്രജ്ഞരല്ല തന്നെ!
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍