UPDATES

ഇന്ത്യ

മുസ്ലീമിനെ പടിക്കു പുറത്തു നിര്‍ത്തുമ്പോള്‍

‘Excellent brand new 2BHK fully furnished flat with cross ventilation, natural light. Cosmopolitan society, no Muslims, with car parking on immediate sale, fifth floor interested please call.’
 
കഴിഞ്ഞ ഒക്ടോബര്‍ 27-ന് ഒരു പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റില്‍ വന്ന പരസ്യമാണിത്. ഇതുണ്ടാക്കിയ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യം നല്‍കിയ വിശാല്‍ ഡിസൂസ എന്ന ബ്രോക്കര്‍ക്ക് എതിരെ നടപടി വന്നേക്കാം. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ആയ 99acres.com പരസ്യം പിന്‍വലിക്കുകയും ഇനിമുതല്‍ തങ്ങള്‍ തങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ സൂക്ഷമ പരിശോധന നടത്തി ആര്‍ക്കെതിരെയും വിവേചനം ഇല്ലെന്നു ഉറപ്പാക്കുകയും ചെയ്യുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ എത്രത്തോളം മാറും? ഇന്ത്യന്‍ മുഖ്യധാര സമൂഹത്തില്‍ നിന്നു മുസ്ലീമിനെ മാറ്റി നിര്‍ത്തുന്ന പ്രവണതയുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണു മുകളില്‍ കാണിച്ച പരസ്യം. എന്നാല്‍ ഇന്ത്യന്‍ ജീവിതത്തിന്റെ ഓരോ കോശങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട് മുസ്ലീം സമുദായത്തിന് നേര്‍ക്കുള്ള അസഹിഷ്ണുതയും വിവേചനവും. അത് വീടിന്റെ കാര്യത്തില്‍ മാത്രമല്ല, ജോലിയിലും വിദ്യാഭ്യാസത്തിലും ജീവിത സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലുമൊക്കെ പകല്‍ പോലെ വ്യക്തമാണ്. അതിനൊപ്പമാണ് ഭീകരവാദത്തിന്റെ ടാഗ് ഒരു സമുദായത്തിന് മേല്‍ വച്ചകെട്ടുന്ന പ്രവണതയും. കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്, അതിന്റെ ലക്ഷണമാണ് ഇത്തരമൊരു പരസ്യം നല്‍കാനുള്ള ധൈര്യവും. 
 
ടീം അഴിമുഖം
 
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു പ്രമുഖ ഇന്ത്യന്‍ മാധ്യമ സ്ഥാപനത്തിലേക്ക് ഒരപേക്ഷ. അപേക്ഷകന്‍ കാശ്മീരില്‍ നിന്നുള്ള യുവ പത്രപ്രവര്‍ത്തകനാണ്. തുടര്‍ന്ന് അവിടെ ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നു. ഡല്‍ഹിയില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കവര്‍ ചെയ്യാന്‍ ഒരു കാശ്മീരി മുസ്ലീമിനെ നിയമിക്കുന്നതിലെ ‘അപകട’മായിരുന്നു പ്രശ്‌നം. ഒടുവില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ആ യുവാവിനെ നിയമിക്കുന്നതില്‍ പത്രത്തിന്റെ എഡിറ്റര്‍ സധൈര്യം ഉറച്ചു നിന്നു. ഇന്ന് ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തന രംഗത്തെ ഉദിച്ചുയരുന്ന പത്രപ്രവര്‍ത്തകരിലൊരാളാണ് ആ യുവാവ്. 
 
എന്നാല്‍ എല്ലാ രംഗത്തും അതാണോ സ്ഥിതി? നല്ലൊരു വിഭാഗം ആളുകള്‍ക്കും മുസ്ലീം എന്നാല്‍  അപകടടമാണ് എന്നൊരു സ്ഥിതി ഇന്ത്യന്‍ സാഹചര്യത്തിലുണ്ട്. മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കൊക്കെ സാധാരണമെന്നു തോന്നുന്ന ജോലികളില്‍ നിന്നു വരെ അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് ഇന്നു സാധാരണമാണ്. പ്രധാനമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ കുടുംബങ്ങള്‍ ഇവരുടെയൊക്കെ സുരക്ഷ ഒരുക്കുന്ന എസ്.പി.ജി നോക്കുക. അതിന്റെ തലപ്പത്തെങ്ങും ഒറ്റ മുസ്ലീം ഇല്ല. ഇന്ത്യയുടെ വിദേശകാര്യ ഇന്ററലീജന്‍സ് ഏജന്‍സിയായ R&AW നോക്കുക. അവിടെയുമില്ല മുസ്ലീങ്ങള്‍. ഇന്റലീജന്‍സ് ബ്യൂറോ തലവന്‍ മുസ്ലീമാണെങ്കിലും മറ്റു പദവികളില്‍ മുസ്ലീങ്ങളുടെ എണ്ണം വിരലില്‍ എണ്ണാവുന്നവ മാത്രം. 
 
 
രാജ്യത്തെ മറ്റ് സുരക്ഷാ ഏജന്‍സികളുടേും ബ്യൂറോക്രസിയുടേയുമെല്ലാം കഥ വ്യത്യസ്തമല്ല. സ്വകാര്യ കമ്പനികളില്‍ നിന്നുവരെ മുസ്ലീം സമുദായക്കാര്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്നത് വസ്തുതയാണ്. മുസ്ലീം സമുദായക്കാര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടതാണെന്ന ധാരണ ഇന്ത്യന്‍ സാധാരണ ജീവിതത്തില്‍ അപകടരമാം വിധം പടരുന്നുമുണ്ട്. അത് നഗരങ്ങളില്‍ അപാര്‍ട്ട്‌മെന്റുകള്‍ മേടിക്കുന്ന കാര്യത്തിലായാലും നല്ല ജോലി, ബാങ്ക് വായ്പ അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏതു കാര്യത്തിലായാലും ഇതാണ് അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങളൊക്കെ പുറത്തു വരുന്നുണ്ടെങ്കിലും ഇതിന്റെ രൂക്ഷമായ വശങ്ങള്‍ പലപ്പോഴും പൊതു സമൂഹം അറിയുന്നില്ല. 
 
സാമൂഹിക, സാംസ്‌കാരിക ജീവിതത്തില്‍ ഏറെ ഉന്നതിയിലെത്തിയെന്ന് അഭിമാനിക്കുകയും മതേതര സംസ്ഥാനമെന്ന് മുട്ടിനു മുട്ടിന് പറയുകയും ചെയ്യുന്ന കേരളത്തിലും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. ഒരു പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിന്റെ തിരുവനന്തപുരം ശാഖയിലേക്ക് സ്ഥലം മാറിവന്ന പ്രമുഖ ഉദ്യോഗസ്ഥന് വീടു കിട്ടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. മുസ്ലീം ആണ് എന്ന ഒറ്റക്കാരണത്താല്‍. വീടിന്റെ പരസ്യം കണ്ട് ഉടമയെ വിളിച്ചു സംസാരിച്ചെങ്കിലും മുസ്ലീം ആണെന്നറിഞ്ഞതോടെ, വീടു കൊടുത്തു പോയല്ലോ എന്നായിരുന്നു മറുപടി.  തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഒരു ഹിന്ദു പേരില്‍ ബന്ധപ്പെട്ടപ്പോള്‍ എപ്പോള്‍ വേണമെങ്കിലും വന്നു നോക്കിക്കോളൂ എന്നായിരുന്നു ഉടമയുടെ മറുപടി. 
 
ഇത്തരം കഥകള്‍ അരങ്ങേറാത്ത ഇന്ത്യന്‍ നഗരങ്ങള്‍ ഉണ്ടാകില്ല. മുംബൈ ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ ‘പേരുദോഷം’ കേള്‍പ്പിച്ചിട്ടുണ്ട് എന്നു മാത്രം. ഗുജറാത്തി ഹിന്ദുക്കള്‍ കൂടുതലായി പാര്‍ക്കുന്ന നോര്‍ത്ത് മുംബൈയിലെ ബാന്ദ്രയിലെ ചില മേഖലകള്‍, മലാഡ്, ഗോരേഗാവ് പ്രദേശങ്ങളിലൊന്നും മുസ്ലീങ്ങള്‍ക്ക് വീടു കൊടുക്കില്ല എന്നത് ഏറെക്കാലമായുള്ളതാണ്. പ്രമുഖ ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാന്‍, ഇമ്രാന്‍ ഹാഷ്മി, ജാവേദ് അക്തര്‍ – ശബാന ആസ്മി ദമ്പതികള്‍ എന്നിവര്‍ക്ക് മുസ്ലീം എന്ന കാരണത്താല്‍ വീട് നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. 
 
ഡല്‍ഹിയിലും പ്രധാന മേഖലകളിലെങ്ങും മുസ്ലീമിന് വീടു കിട്ടുക എളുപ്പമല്ല. അത് ഏത് പദവിയിലുള്ള ആളായാലും. താരതമ്യേനെ മധ്യവര്‍ഗക്കാര്‍ താമസിക്കുന്ന കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പോലുള്ള സ്ഥലങ്ങളില്‍ പോലും അതാണ് അവസ്ഥ. രാജേന്ദ്ര നഗര്‍, കരോള്‍ ബാഗ് തുടങ്ങിയ മേഖലകളും മുസ്ലീങ്ങള്‍ക്ക് നിഷിദ്ധം. നിങ്ങള്‍ക്ക് ജാമിയ (കിഴക്കന്‍ ഡല്‍ഹിയിലെ പ്രമുഖ മുസ്ലീം ഭൂരിപക്ഷ പ്രദേശം) യില്‍ പോയി താമസിച്ചു കൂടേ എന്ന് മുഖത്തു നോക്കി ചോദിക്കുന്ന വീട്ടുടമകള്‍ വരെയുണ്ട്. 
 
രാജ്യത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക് അടുത്ത കാലം വരെയും മുസ്ലീം സമുദായക്കാരെ തങ്ങളുടെ സ്ഥിരം ജോലിക്കാരായി എടുക്കില്ലായിരുന്നു. ഇത് എല്ലാവര്‍ക്കും അറിയാമെങ്കിലും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഈ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല.
 
ചില പ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കാര്‍ഡുകള്‍ നല്‍കരുത് എന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുള്ള ചില ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുണ്ട്. ഇതിലെ ഭൂരിഭാഗവും മുസ്ലീം സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളാണ് എന്നത് ഒരു രഹസ്യമല്ല. ഡല്‍ഹിയില്‍ ജാട്ട്, ഗുജ്ജാര്‍ സമുദായക്കാര്‍ താമസിക്കുന്ന ചില പ്രദേശങ്ങളും ഈ പട്ടികയില്‍ വന്നിട്ടുണ്ട് എന്നു മാത്രം. 
 
ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് മുസ്ലീങ്ങള്‍ വന്‍തോതില്‍ ഒഴിവാക്കപ്പെടുന്നു എന്നു തന്നെയാണ് പുറത്തു വന്നിട്ടുള്ള പല കണക്കുകളും സൂചിപ്പിക്കുന്നത്. അതായത്, നഗര മേഖലകളില്‍ ജീവിക്കുന്ന മുസ്ലീങ്ങളില്‍ 46 ശതമാനവും സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. അത്തരത്തിലുള്ള തൊഴിലുകള്‍ അവര്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നുഎന്നതു കൊണ്ടല്ല, മറിച്ച് അര്‍ഹമായ പല സ്ഥലങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു എന്നതു കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. 
 
ഇന്ത്യന്‍ മുസ്ലീമിന്റെ അവസ്ഥ അത്യന്തം ശോചനീയമാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസം, ജോലി, ആരോഗ്യ പരിപാലനം, അടിസ്ഥാന വികസന മേഖല എന്നിവയിലുള്ള കുറവ്, ധനകാര്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവയൊക്കെ മറ്റേതൊരു സമുദായക്കാരേക്കാളും മുസ്ലീം സമുദായത്തില്‍  കൂടുതലാണ്. 
 
ഇപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി ഗുരുതരമായിരിക്കുന്നു. ഭീകരവാദം എന്നാല്‍ മുസ്ലീം സ്വത്വവുമായി ചേര്‍ത്തു വയ്ക്കപ്പെടുന്ന പ്രവണത വ്യാപകമാകുന്നതോടെ പൊതുധാരയില്‍ നാം കാണുന്നതിലുമധികം പ്രശ്‌നങ്ങള്‍ ഈ സമുദായം നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇത്ര കാലവും മറകള്‍ക്ക് പിന്നില്‍ ചെയ്തിരുന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കാന്‍ ആ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റിന് ധൈര്യം നല്‍കിയത്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍