UPDATES

വിദേശം

രാജ്യസ്നേഹികളേ, പ്രസവിക്കൂ, സമ്മാനം നേടൂ!

 

ജൊനാഥന്‍ വി. ലാസ്റ്റ്

 

രാജ്യസ്നേഹിയാണെങ്കില്‍ ഒന്നു പെറ്റ് കാണിക്ക് എന്നാണ് റഷ്യയില്‍ സര്‍ക്കാര്‍ സ്ത്രീകളോട് പറയുന്നത്. സ്വാഭാവികമായും ആണുങ്ങള്‍ക്കും അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാം. ജനനനിരക്ക് ആശങ്കാജനകമാംവിധം കുറഞ്ഞതോടെ പേറ്റുനോവിന്റെ ആ സുന്ദരഗീതങ്ങള്‍ക്കായി എന്തുനല്‍കാനും റഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.

 

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ഈ പ്രസവ പ്രോത്സാഹനം 2008-ലേ തുടങ്ങി. ആ വര്‍ഷം സര്‍ക്കാര്‍ ‘കുടുംബ വര്‍ഷമായി’ കൊണ്ടാടി. കൂടുതല്‍ കുട്ടികള്‍ക്കായി ആഹ്വാനം ചെയ്യുന്ന പരസ്യങ്ങളായിരുന്നു എങ്ങും. മോസ്കോയിലെ ഒരു ഉദ്യാനത്തില്‍ പ്രണയകേളികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍വരെ ഒരുക്കി. കുടുംബങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ജൂലായ് 8 ഒരു പുതിയ അവധിദിനമാക്കി പ്രഖ്യാപിച്ചു. ഇതേ ലക്ഷ്യംവെച്ചു നല്‍കുന്ന മൂന്നാമത്തെ ദേശീയ അവധിയാണ് ഇതെന്നോര്‍ക്കണം. 2007 സെപ്റ്റംബര്‍  12 ‘കുടുംബബന്ധ ദിനം’ആയിട്ടായിരുന്നു പ്രഖ്യാപിച്ചത്. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അന്നേദിവസം അവധി. എന്തുചെയ്താലും വേണ്ടില്ല, 9 മാസം കഴിഞ്ഞാല്‍ പ്രസവമുറികള്‍ നിറയണം. അന്നേക്ക് 9 മാസം കഴിഞ്ഞു പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ‘റഷ്യന്‍ ദിനത്തില്‍ ഒരു ദേശാഭിമാനിക്ക് ജന്മം നല്കിയതിന്’ ടെലിവിഷന്‍ മുതല്‍ കിടിലന്‍ കാറുകള്‍ വരെ സമ്മാനം ലഭിക്കും. തീര്‍ന്നില്ല, രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ അമ്മക്ക് 10,000 ഡോളര്‍ കിട്ടും. റഷ്യയില്‍ എല്ലാ വീട്ടിലും ചുരുങ്ങിയത് 3 കുട്ടികള്‍ എന്നാണ്  പുടിന്റെ സ്വപ്നം.

 

പ്രസവനയത്തിന്റെ കാര്യത്തില്‍ പഴയ കെ ജി ബി ക്കാരനായ പുടിന്‍ സോവിയറ്റ് പാരമ്പര്യം പിന്തുടരുക മാത്രമാണു ചെയ്യുന്നത്. 1944-ല്‍ ജര്‍മ്മനിയുമായി യുദ്ധംചെയ്തു ദശാലക്ഷക്കണക്കിനാളുകള്‍ മരിച്ച സോവിയറ്റ്റഷ്യയില്‍ 6 കുട്ടികളെ പ്രസവിച്ച അമ്മമാരെ പ്രത്യേക ബഹുമതി നല്‍കിയാണ് ആദരിച്ചിരുന്നത്. കഷ്ടകാലത്തിന് 5 പ്രസവത്തില്‍ നിര്‍ത്തേണ്ടി വന്നാലും ചെറിയൊരു പുരസ്കാരം ഉണ്ടായിരുന്നു. ജനസംഖ്യാപെരുപ്പമെന്നത് ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ വിധ്വംസക ആശയമാണെന്നുവരെ പറഞ്ഞിട്ടുണ്ട് 1954-ല്‍ അന്നത്തെ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ്.


                                                                photo: fusion-of-horizons

ജനനനിരക്ക് കൂട്ടാന്‍ സോവിയറ്റ് യൂണിയനില്‍ നിരവധി ആനുകൂല്യങ്ങളാണ് നല്കിയിരുന്നത്. പ്രസവം കഴിഞ്ഞാല്‍ മൊത്തമായി ഒരു തുക കിട്ടും. പിന്നെ കുട്ടികള്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേറെ. 1981-ല്‍ പ്രസവാവധി പാതി ശമ്പളത്തോടെ ഒരു കൊല്ലമാക്കി, 86-ല്‍ ഒന്നരയാക്കി കൂട്ടി. ഇതൊക്കെയായിട്ടും സോവിയറ്റ് സഖാക്കളും സഖിമാരും പ്രത്യുത്പാദന കര്‍മ്മത്തില്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായില്ല. സോവിയറ്റ് യൂണിയനിലെ ജനനനിരക്ക് 1950-കല്‍ മുതലിങ്ങോട്ട് ക്രമമായി കുറഞ്ഞുകൊണ്ടിരുന്നു. 1980-കളുടെ അവസാനം മാത്രമായിരുന്നു ഇതിനൊരപവാദം (പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും റഷ്യക്കാരെ ഒരിത്തിരിക്കാലത്തേക്ക് ഉന്‍മത്തരാക്കിയിരിക്കണം). സോവിയറ്റ് യൂണിയന്‍ ഭൂപടത്തില്‍നിന്നും മാഞ്ഞുപോയി. പക്ഷേ, കുഞ്ഞുകുട്ടിപരാധീനതകളോടുള്ള ആദിവിമുഖത റഷ്യക്കാര്‍ കയ്യൊഴിഞ്ഞില്ല. റഷ്യ വീണ്ടും പഴയപടിയായി, ഗര്‍ഭഗൃഹങ്ങള്‍ കാലി.

 

പുടിന്റെ ശ്രമങ്ങളും വിജയം കണ്ടില്ല. എന്നാല്‍ ജനനസംഖ്യ കൂടിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പക്ഷേ അതത്ര ശരിയല്ല. 1980-കളിലെ നേരിയ ജനനനിരക്കുവര്‍ധനമൂലം  അന്ന്  ജനിച്ച പെണ്‍കുഞ്ഞുങ്ങള്‍ ഇന്ന്  പ്രസവ പ്രായത്തിലുള്ള സ്ത്രീകളാണ്. അതുകൊണ്ടാണ് ജനനങ്ങളുടെ എണ്ണം കൂടിയത് എന്ന് ജനസംഖ്യാ നിരീക്ഷകര്‍ പറയുന്നു. തന്മൂലം, ജനനങ്ങളുടെ എണ്ണം കൂടിയാലും ജനനനിരക്ക് താഴോട്ടാണ്. സി.ഐ.എയുടെ കണക്കനുസരിച്ച്  റഷ്യയിലെ ജനനനിരക്ക് 1.61-ആണ്. ജനസംഖ്യാനിരക്ക് നിലനിര്‍ത്താന്‍ ഒരു സ്ത്രീയുടെ പ്രസവനിരക്ക് (പുന:സ്ഥാപന നിരക്ക്) 2.1 ആകണം. ഇതുവരെയുള്ള കണക്കുവെച്ചാണെങ്കില്‍ റഷ്യയില്‍ ഇത് ഇനിയും കുറയാനാണ് സാധ്യത.

 

ഇതിപ്പോള്‍ റഷ്യ മാത്രം നേരിടുന്ന പ്രശ്നമല്ല. പടിഞ്ഞാറന്‍,വ്യാവസായിക രാജ്യങ്ങളില്‍ ഈ പ്രതിഭാസം 1968 മുതല്‍ക്കുണ്ട്. 1975 മുതല്‍ എല്ലാ പടിഞ്ഞാറന്‍ രാജ്യങ്ങളും ഈ പുന:സ്ഥാപന നിരക്കിന് താഴെയാണ്. രണ്ടു ദശാബ്ദത്തിനുള്ളില്‍ ഇത് ലോകവ്യാപകമായി. 1979-ല്‍ 6.0 ആയിരുന്ന ഇത് ഇന്നിപ്പോള്‍ 2.52-ആണ്. ഇനിയും താഴുകയുമാണ്. ജനസംഖ്യാപെരുപ്പത്തിന്റെ മാള്‍തൂഷ്യന്‍ ഭീതികളിലായിരുന്നു ലോകമെങ്കിലും വിദഗ്ധര്‍ നേരെ തിരിച്ചാണ് ചിന്തിക്കുന്നത്. കാരണം നിരക്കുകളുടെ ഗതിവിഗതികള്‍ വെറും എണ്ണക്കണക്കിനെ വെച്ചുള്ള വിശകലനത്തെ മാറ്റിനിര്‍ത്തും. ലോകത്ത്  ഇന്നാകെ 2 ബില്ല്യണ്‍ കുട്ടികളെ ഉള്ളൂ.  അതിനിയും കുറഞ്ഞുകൊണ്ടിരിക്കും. ആയുര്‍ദൈര്‍ഘ്യമായിരിക്കും ഇനി ജനസംഖ്യയെ നിലനിര്‍ത്തുന്നത്. ലോകജനസംഖ്യ കുറയാന്‍ പോവുകയാണ് എന്നാണ് എന്റെ നിഗമനം. ഇത് ഞാന്‍ “What to Expect When No One’s Expecting.”എന്ന എന്റെ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

 

ജനനനിരക്ക് കൂട്ടുന്നത് പെട്ടന്നു തോന്നുംപോലെ അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫ്രാന്‍സും, സ്വീഡനും, കാനഡയും, സിംഗപ്പൂരും ഒക്കെ  അടങ്ങുന്ന രാജ്യങ്ങള്‍ ഈ ശ്രമത്തില്‍ വിജയിച്ചിട്ടില്ല. സീസര്‍ അഗസ്റ്റസിന്റെ കാലം മുതല്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നു. റോമന്‍ സാമ്രാജ്യത്തിലെ ജനനനിരക്കിലെ കുറവ് പരിഹരിക്കാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക്  കരമേര്‍പ്പെടുത്തിയിരുന്നു. ജനനനിരക്ക് കൂട്ടാനുള്ള ശ്രമങ്ങളെ മൂന്നു ഗണങ്ങളില്‍ പെടുത്താം. ഒന്ന്, മാതൃത്വം ഒരു ആനന്ദകരമായ അനുഭവമാക്കുന്ന ഉദാര സമീപനം. രണ്ട്,സാമ്പത്തിക, സാമൂഹ്യ സഹായങ്ങളുടെ യാഥാസ്ഥിതിക സമീപനം. ഒടുവിലായി, ചില കിറുക്കുനിറഞ്ഞ ഉന്‍മാദങ്ങളുടെ പ്രലോഭനങ്ങളും.

 

റഷ്യയിലെ  ഉദ്യാനങ്ങളില്‍ അല്പം ചൂടുപിടിച്ച സ്നേഹപ്രകടനങ്ങള്‍ക്കായി  പുടിന്‍ ഇട്ടുകൊടുത്ത ആ ബഞ്ചുകള്‍ മാത്രമല്ല മറ്റുപല പ്രലോഭനങ്ങളും ലോകത്തിന്റെ പലഭാഗത്തും നല്കുന്നുണ്ട്. തെക്കന്‍ കൊറിയയില്‍ (ജനനനിരക്ക് 1.24) എപ്പോളും ജോലിചെയ്തു സമയം കളയാതെ കുറെനേരം വീട്ടില്‍പോയി കുടുംബമുണ്ടാക്കി സന്തോഷിക്ക് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബുധനാഴ്ച ‘കുടുംബ ദിവസമാണ്. ഓഫീസുകളിലെ വെളിച്ചമൊക്കെ കെടുത്തും.‘ഒന്നു വീട്ടില്‍പോടോ’എന്നാണ് സൂചന. രാത്രി 7.30 ആയാലും ഓഫീസില്‍ വെളിച്ചം കെടുത്താത്ത കൊറിയക്കാരാണ് ഈ കളിയൊക്കെ കളിക്കുന്നത് എന്നോര്‍ക്കണം. ജപ്പാന്‍കാര്‍ പിന്നെ (ജനനനിരക്ക് 0.79)അവര്‍ക്ക് പരിചയമുള്ള റോബോട്ട് വഴിക്കാണ് ശ്രമം. ‘യോതാരോ’എന്നുപേരുള്ള ഒരു പഞ്ചാരകുഞ്ചു റോബോട്ട്. അവനെ കണ്ടു കണ്ട് കുഞ്ഞുങ്ങളുണ്ടാകാതെ വിവാഹിതര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതാകും എന്നാണ് സര്‍ക്കാരിന്റെ തോന്നല്‍. കുട്ടിയെ ഉണ്ടാക്കാനും റോബോട്ട് മതിയെന്ന്  ജപ്പാന്‍കാര്‍ തീരുമാനിക്കതിരുന്നാല്‍ സര്‍ക്കാര്‍ ശ്രമം വിജയിക്കും.

സിംഗപ്പൂരില്‍ (ജനനനിരക്ക് 0.79)സര്‍ക്കാര്‍ ഒരു ‘ദേശീയ രാത്രിവിരുന്ന്’ഒരുക്കി. യുവദമ്പതികളോട് ‘രാജ്യസ്നേഹം കുത്തിയൊഴുകട്ടെ’എന്നാണ് ആഹ്വാനം. ഇത്തരം അടിച്ചുപൊളി പ്രോത്സാഹനമല്ലാത്ത, ഉദാര പ്രോത്സാഹനങ്ങള്‍ കുറേക്കൂടെ യുക്തിസഹമാണ്. ഫ്രാന്‍സും, സ്കാണ്ടിനേവിയന്‍ രാജ്യങ്ങളുമൊക്കെ ഇത്തരം പരിപാടികള്‍ 1930-കളിലേ തുടങ്ങി. ആദ്യം ഓരോ കുഞ്ഞിനും വേണ്ടി ധനസഹായമായിരുന്നു എങ്കില്‍ പിന്നീട് 1978- ആയപ്പോഴേക്കും സര്‍ക്കാര്‍ നടത്തുന്ന, കുഞ്ഞുങ്ങള്‍ക്കുള്ള പകല്‍നോട്ട കേന്ദ്രങ്ങളായി മാറി. ഇത് ഏറെ അനുകരിക്കപ്പെട്ട മാതൃകയാണ്. എന്നാല്‍ ഇതും ജനനനിരക്ക് കൂട്ടുന്നതില്‍ വേണ്ടത്ര വിജയിച്ചു എന്ന് പറയാനാവില്ല. മികച്ച പകല്‍നോട്ടകേന്ദ്രങ്ങളുള്ള സ്വീഡനില്‍ ജനനനിരക്ക് 1.67-ആണ്. നോര്‍വ്വേയില്‍ 1.77-ഉം യൂറോപ്പിലെ ഉയര്‍ന്ന ജനനനിരക്കുള്ള ഫ്രാന്‍സില്‍ 2.08-ഉം ആണ്. ഫ്രാന്‍സിന്റെ കാര്യത്തില്‍ നാട്ടുകാരായ ഫ്രഞ്ചുകാരുടെ ജനനനിരക്ക്  1.7 ആണ്. കുടിയേറ്റക്കാരുടെ ജനനിരക്ക് 2.8നും 5.0നും ഇടക്കാണ്. അതായത് അതിര്‍ത്തി അടച്ചിട്ടാല്‍ ഫ്രാന്‍സും പിറകില്‍ത്തന്നെ.

 

സാമ്പ്രദായിക പ്രോത്സാഹനപരിപാടികളും ലക്ഷ്യം കണ്ടില്ല. രണ്ടാമത്തെ കുഞ്ഞിനു 9,000 ഡോളറും മൂന്നാമത്തെ കുഞ്ഞിനു 18,000 ഡോളരുമാണ് സിഗപ്പൂര്‍ സര്‍ക്കാര്‍ നല്‍കുന്നത്. പ്രസവാവധിയും, മാറ്റാനുകൂല്യങ്ങളും വേറെയും. പേരക്കുട്ടികളുടെ അടുത്ത് മുത്തച്ഛനും മുത്തശ്ശിക്കും താമസിക്കാന്‍വരെ സര്‍ക്കാര്‍ സൌകര്യം നല്കി. ഫലം അത്ര പോര. ജനനനിരക്കില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തരം നയങ്ങള്‍ അത്രയൊന്നും സഹായിക്കില്ലെന്നാണ്  കണക്കുകള്‍ തെളിയിക്കുന്നത്. ജനനനിരക്ക് കൂട്ടുന്നതിന് അധികമായി ചെലവഴിക്കുന്ന ഓരോ 25 ശതമാനം തുകയ്ക്കും ഹ്രസ്വകാലത്തേക്ക് 0.6 ശതമാനവും ദീര്‍ഘകാലത്തേക്ക് 4 ശതമാനവുമാണ് വര്‍ദ്ധന സൃഷ്ടിക്കാനാവുന്നത്. ജനനനിരക്ക് “സാമ്പത്തിക സഹായങ്ങളുടെ പെരുപ്പത്തേക്കാള്‍ ഒരു സമൂഹത്തിന്റെ കുടുംബ സൌഹാര്‍ദ അന്തരീക്ഷം പോലുള്ള വിശാല ഘടകങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്” എന്നാണ് പ്രമുഖ ജനസംഖ്യാ ഗവേഷകനായ ജാന്‍ ഹോം നിരീക്ഷിക്കുന്നത്.

 

അമേരിക്ക, ഇപ്പോള്‍ റഷ്യയുടെയും സിംഗപ്പൂരിന്റെയും പോലെയുള്ള പ്രതിസന്ധിയിലല്ലെങ്കിലും അധികം വൈകാതെ അവരും ഇത്തരം വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടികള്‍ വേണ്ടെന്നുവെക്കുന്നവരെ അതിനായി പ്രലോഭിപ്പിക്കുന്നതില്‍ വലിയ നേട്ടമൊന്നുമില്ലെന്ന് ഇപ്പോള്‍ നമുക്കറിയാം. ഇന്നത്തെക്കാലത്ത് ഒരുപാടാളുകള്‍ ആ തീരുമാനമെടുക്കുന്നുണ്ട്. പക്ഷേ അതൊരു പൊതുസ്വഭാവം ആയിമാറിയിട്ടില്ല. ഒരു മൂന്നു തലമുറ മുമ്പുവരെ തങ്ങള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ കുട്ടികളായിരുന്നു മിക്ക ദമ്പതികള്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ തിരിച്ചാണ് അവസ്ഥ. ഉദാഹരണത്തിന് അമേരിക്കയില്‍ ആളുകള്‍ കരുതുന്നത് കണക്കാക്കിയാല്‍ ജനനിരക്ക് ശരാശരി 2.5 ആകണം. കഴിഞ്ഞ 40 വര്‍ഷമായി ജനങ്ങള്‍ ഇങ്ങനെതന്നെയാണ് പറയുന്നത്. പക്ഷേ, യഥാര്‍ത്ഥ നിരക്ക് 1.9 ആണെന്ന് മാത്രം. ചുരുങ്ങിയത് ഈ ആഗ്രഹപൂര്‍ത്തീകരണത്തിനെങ്കിലും അമേരിക്കയിലും ഉദ്യാനങ്ങളിലെ പ്രണയകേളീമൂലകളും, പഞ്ചാരകുഞ്ചു റോബോട്ടുമാരുമൊക്കെ അവതരിച്ചേക്കും.

 

(സ്ളേറ്റ് മാഗസിന്‍)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍