UPDATES

വിദേശം

ചൈനയുടെ കളിഭ്രാന്ത്

ഐസക്ക് സ്റ്റോണ്‍

തായ്വാനീസ് ദ്വീപുകളായ മാറ്റ്‌സു ലോകത്തിലെ ഏറ്റവും വലിയ കാസിനോകള്‍ക്ക് പറ്റിയ സ്ഥലമാണെന്ന് തോന്നുകയേയില്ല. തായ്വാനില്‍ നിന്ന് 126 മൈല്‍ ദൂരം മാത്രമുള്ള ഈ ദ്വീപില്‍ നിറയെ പാറക്കെട്ടുകള്‍, തെളിഞ്ഞ വെള്ളം, ആകെ പതിനായിരത്തോളം പേര്‍ താമസം. ഇവിടം സന്ദര്‍ശിച്ച ഒരു പത്രപ്രവര്‍ത്തകന്‍ മാറ്റ്‌സുവിലെ കടകളെ വിശേഷിപ്പിച്ചത് “പൊളിഞ്ഞുവീഴാറായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ വോള്‍ട്ടേജില്ലാത്ത അഭംഗിയാണ്” എന്നാണ്. ഒരു ചെറിയ ടൂറിസം വ്യവസായമുള്ളതൊഴിച്ചാല്‍ ആകെയുള്ളത് ലോക്കല്‍ മദ്യനിര്‍മ്മാണമാണ്. അതാവട്ടെ പരിചയമില്ലാത്തവര്‍ക്ക് രാസവസ്തു പോലെ രുചിക്കുകയും ചെയ്യും.

അമേരിക്കക്ക് മാറ്റ്‌സു ശീത യുദ്ധ ചരിത്രത്തിലെ ഒരു അടിക്കുറിപ്പാണ്. 1958ല്‍ ചൈനയും തായ്വാനും ഇവിടെ ഒരു യുദ്ധം നടത്തിയിരുന്നു. ചിയാംഗ് കൈ ഷെക്കിന്റെ പട ഈ ദ്വീപ്‌ നിലനിര്‍ത്താന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു. മാറ്റ്‌സു കമ്മ്യൂണിസ്റ്റ്‌കാരില്‍ നിന്ന് സംരക്ഷിക്കാനായി അന്നത്തെ യു എസ് സെക്രട്ടറി ജോണ് ഫോസ്റ്റര്‍ ഡാലസ് പീപ്പിള്‍സ് റിപ്പബ്ലിക്കിനുനേരെ അണുബോംബ് പ്രയോഗിക്കാന്‍ പോലും ആലോചിച്ചിരുന്നു. ഈയടുത്ത് 1999ല്‍ വരെ ഒരു ആക്രമണം ഭയന്ന് മാറ്റ്‌സുവിലുള്ള പട്ടാളത്തോട് അവധിക്കാലമുപേക്ഷിച്ച് തങ്ങളുടെ പട്ടാളകേന്ദ്രങ്ങളില്‍ തന്നെ തുടരാന്‍ തായ്വാന്‍ ആവശ്യപ്പെട്ടിരുന്നു.

അതിനുശേഷം ചൈനയും തായ്വാനും തമ്മിലുള്ള ബന്ധത്തിന് കാര്യമായ പുരോഗമനമുണ്ട്. ജൂണില്‍ മാറ്റ്‌സുവിലെ താമസക്കാര്‍ അവിടെയുണ്ടായിരുന്ന അവസാനത്തെ ലാന്‍ഡ്മൈനും നീക്കം ചെയ്തു. ദ്വീപില്‍ അവധിക്കാലആഘോഷപരിപാടികള്‍ ഒരുക്കുകയും ചെയ്തു. 2009ല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും സാമ്പത്തികവളര്‍ച്ചയെ സഹായിക്കാനുമായി തായ്വാന്‍ ചൂതാട്ടം നിയമപരമാക്കി. ചരിത്രപരമായിത്തന്നെ മാറ്റ്സുവിന്റെ ഏറ്റവും വലിയ വീഴ്ചയായിരുന്നു ചൈനയുമായുള്ള സാമീപ്യം. അതിനെത്തന്നെ ഒരു ശക്തിയാക്കി മാറ്റാനാണ് മാറ്റ്സുവിന്റെ പദ്ധതി. ചൈനയും ചൈനീസ് ചൂതാട്ടപ്രേമികളുമാണ് മാറ്റ്സുവിന്റെ ലക്‌ഷ്യം.

ചൈനയില്‍ ചൂതാട്ടം നിയമവിരുദ്ധമാണ്. എന്നാല്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ചൂതാട്ടക്കാരാണ് ചൈനാക്കാര്‍. ലോകത്താകമാനമുള്ള കാസിനോ നടത്തിപ്പുകളില്‍ സമ്പന്നരായ ചൈനാക്കാര്‍ ഒരു പ്രധാനഘടകമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖചൂതാട്ടകേന്ദ്രമായ മകാവുവിന്റെ വിജയത്തെത്തുടര്‍ന്ന് സിംഗപ്പൂരിലും ഫിലിപ്പൈന്സിലും ഓസ്‌ട്രേലിയയിലും കാസിനോകള്‍ കൂണുപോലെ മുളച്ചുകഴിഞ്ഞു. ഏഷ്യ-പസഫിക്കിലെ ചൂതുകളി 2015ഓടെ ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗെയ്മിംഗ് കമ്പനികളും മുതല്‍മുടക്കുന്നവരും ചൈനയുടെ അടുത്ത ചൂതാട്ടകേന്ദ്രം പിടിച്ചടക്കാന്‍ നോക്കിയിരിക്കുകയുമാണ്‌.

മാറ്റ്‌സുവിന്റെ ചൂതാട്ട കഥ ഇങ്ങനെയാണ്. റിസോര്‍ട്ട് വികസനകമ്പനിയുടമയും ലാസ് വെഗാസ് സാന്റ്സ് എന്ന ചൂതാട്ടകമ്പനിയുടെ മുന്‍ സീ ഈ ഓയുമായ വില്യം വീഡ്നര്‍ മാറ്റ്‌സുവിനെ ഒരു ചൈനീസ് ചൂതാട്ടകേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിക്കുന്നു. ദ്വീപിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മാറ്റ്‌സു ഒരു ലോകോത്തരവിനോദസഞ്ചാരകേന്രമാക്കി മാറ്റുന്നതിനുമായി പ്രൊജക്റ്റിനാവശ്യമായ എട്ടുബില്യണില്‍ രണ്ടര ബില്യന്‍ താന്‍ മുതല്‍മുടക്കുമെന്ന് വീഡ്നര്‍ പ്രഖ്യാപിചച്ചു. കാസിനോ കൂടാതെ മാറ്റ്സുവിലെ രണ്ടുപ്രധാനദ്വീപുകള്‍ കൂട്ടിയോജിപ്പിക്കുന്ന പാത, ഒരു സര്‍വകലാശാല, ഒരു ഗോള്‍ഫ് കോഴ്സ്, ഒരു ആഡംബരഫെറി ടെര്‍മിനല്‍, ഒരു വിമാനത്താവളം, ബോട്ടിക്ക് ഹോട്ടലുകള്‍, മെഡിറ്ററേനിയന്‍ ശൈലിയിലുള്ള വില്ലകള്‍ തുടങ്ങിയവയൊക്കെയാണ് പദ്ധതിയിലുണ്ടായിരുന്നത്. മുതല്‍മുടക്കുന്നവരില്‍ ഭൂരിപക്ഷവും ചൈനീസ് ആയിരിക്കുമെന്ന് പ്രതീക്ഷയും ഉണ്ടായിരുന്നു.

2012 ഏപ്രിലില്‍ വീഡ്നര്‍ റിസോര്‍ട്ട്സ് അതിന്റെ യൂട്യൂബ് ചാനലില്‍ ചൈനീസ് ഭാഷയില്‍ ഒരു പബ്ലിക് റിലേഷന്‍സ് വീഡിയോ ഇട്ടു. മാറ്റ്‌സുവിന്റെ താമസക്കാരെ അവര്‍ തുടങ്ങാന്‍ പോകുന്ന പദ്ധതിയുടെ ലോകോത്തരസ്വഭാവം വിശദീകരിക്കുകയായിരുന്നു ലക്‌ഷ്യം. ചിത്രത്തില്‍ വീഡ്നര്‍ ജോര്‍ജ് ഡബ്ലിയു ബുഷിന്റെയും സില്‍വസ്റ്റര്‍ സ്റ്റാലൊനിന്റെയും ഒക്കെ കൂടെ നില്‍ക്കുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒപ്പം ചിത്രം ഉറപ്പുനല്‍കുന്നത് മാറ്റ്സു ചരിത്രം സൃഷ്ടിക്കുമെന്നും ഭാവിതലമുറകള്‍ പണം കൊയ്യുമെന്നുമൊക്കെയാണ്. കാസിനോ തുടങ്ങി ലാഭമായിത്തുടങ്ങിയാല്‍ ഓരോ മാറ്റ്‌സു താമസക്കാര്‍ക്കും 609 ഡോളര്‍ വീതം താന്‍ പ്രതിമാസം നല്‍കുമെന്നും രണ്ടുവര്ഷത്തിനുശേഷം ഇത് 2670 ഡോളര്‍ ആയി ഉയര്‍ത്തുമെന്നും വീഡ്നര്‍ പറയുന്നു. മാറ്റ്സു നിവാസികള്‍ ഇത് അംഗീകരിക്കുകയും ഒരു മാസം കൊണ്ടുതന്നെ ആദ്യമായി തായ്വാന്‍ അംഗീകരിച്ച ചൂതാട്ടകേന്ദ്രമായി മാറ്റ്സു മാറുകയും ചെയ്തു.

യാംഗ് സുയി ഷെന്‍ഗ് എന്ന മാറ്റ്‌സു മജിസ്ട്രെറ്റ് കാസിനോ നിര്‍മ്മാണത്തില്‍ സന്തുഷ്ടനാണ്. എന്നാല്‍ വീഡ്നര്‍ എന്തിനാണ് മാറ്റ്‌സു തന്നെ തെരഞ്ഞെടുത്തത്‌ എന്ന് അദ്ദേഹത്തിന് അറിയില്ല. “ചൈന കാസിനോകള്‍ നിയമവിധേയമാക്കിയാല്‍ മുതല്‍മുടക്കുന്നവര്‍ ഇവിടെ വരാന്‍ യാതൊരു സാധ്യതയുമില്ല.”അദ്ദേഹം പറയുന്നു. അതൊരു രസകരമായ ചോദ്യമാണ്. ഇത്രത്തോളം സമ്പത്തും ഉപഭോക്താക്കളുമുള്ള ചൈന എന്തുകൊണ്ടാണ് സ്വന്തം ചൂതുകളി വിപണിയെ ഉപയോഗപ്പെടുത്താത്തത്?

ചൈനയില്‍ ഒരു ദുശീലവും നിയമവിധേയമല്ല, എന്നാല്‍ എല്ലാ ദുശീലങ്ങളും അവര്‍ സഹിക്കാറുണ്ട്. ചൈനയുടെ ചൂതാട്ടചരിത്രം തന്നെ വല്ലാതെ കുഴഞ്ഞുമറിഞ്ഞതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കറുപ്പ് ഉപയോഗം പോലെ തന്നെ ചൂതാട്ടവും ചൈനീസ് ജനതയെ കീഴ്പ്പെടുത്തിയിരുന്നു. 1930കളിലും 1940കളിലും ചൈനീസ് നേതാവായിരുന്ന ജനറല്‍ ചിയാംഗ് കൈ-ഷേക്ക്‌ ചൂതാട്ടത്തെ തന്റെ സേനയുടെ സദാചാരം തകര്‍ക്കുന്ന ഒരു വിപത്തായാണ് കണ്ടത്. അദ്ദേഹം അത് തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നാലെ വന്ന മാവോ സെദുംഗ് മറ്റുപല ദുശീലങ്ങള്‍ക്കുമൊപ്പം ചൂതുകളിക്കും അവസാനമിട്ടു. എന്നാല്‍ മാവോയുടെ മരണശേഷം 1976ല്‍ മയക്കുമരുന്നുപയോഗവും വ്യഭിചാരവും തിരിച്ചുവന്നു. 80കളും കടന്ന് 90കളെത്തിയപ്പോള്‍ ചൈനക്കാര്‍ കുതിരയോട്ടം മുതല്‍ ക്രിക്കറ്റും ഫുട്ബോളും വരെ എന്തിലും വാതുവയ്ക്കാന്‍ തുടങ്ങി.

ഇന്ന് ചൂതാട്ടചിഹ്നങ്ങള്‍ ചൈനയില്‍ സര്‍വവ്യാപിയായി കാണാം. എല്ലാ തെരുവോരത്തും റമ്മി പോലുള്ള ഒരു കളിക്കായി മേശയോരുക്കിവെച്ചിരിക്കുന്നതുകാണാം. കൂടുതല്‍ ഗൌരവത്തിലുള്ള ചൂത് ചൈനീസ് വേശ്യാലയങ്ങളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലും ബാര്‍ബര്‍ഷോപ്പുകളിലും ഒളിവില്‍ നടക്കാറുണ്ട്. “ലാഭത്തിനുവേണ്ടിയല്ലെങ്കില്‍ കളിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ കളിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് നിയമവിരുദ്ധമാണ്.”, ബീജിംഗ് സര്‍വകലാശാലയിലെ ലോട്ടറി റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ ചെന്‍ ഹൈപിംഗ് പറയുന്നു. എന്നാല്‍ ഇതിലും വലിയ കളികളും നടക്കാറുണ്ട്: കഴിഞ്ഞ ജൂണിലാണ് വാതുവെച്ച് പതിമൂന്നു ബില്യന്‍ ഡോളര്‍ നേടിയ പതിനേഴുപേര്‍ കുറ്റാരോപിതരായത്.

ചൂതുകളി പോലെയുള്ള സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ ചില ചൈനീസ് സമ്പ്രദായങ്ങളുണ്ട്- അതിനെ മറ്റെന്തെങ്കിലും പേരിട്ട് വിളിക്കുക. ബി സി ആറാം നൂറ്റാണ്ടില്‍ കണ്ഫ്യൂഷസ് പറഞ്ഞ ഒരു സംഗതിയുണ്ട്- “പേരുകളുടെ ശുദ്ധീകരണം”. ഒരു യാഥാര്‍ഥ്യത്തെ കൃത്യമായി വിവരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സമൂഹത്തില്‍ അലോസരങ്ങളുണ്ടാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുള്ള പരിഹാരമാവട്ടെ കാര്യങ്ങള്‍ എങ്ങനെയാണോ അവയെ അങ്ങനെ തന്നെ കൃത്യമായി വിവരിക്കുക എന്നതു തന്നെ. ചൈനക്കാര്‍ ഈ കണ്ഫ്യൂഷസ് സിദ്ധാന്തത്തിനെ നേരെ തിരിച്ചിട്ടിരിക്കുകയാണ്: ചൈനീസ് ഫുട്ട് ബൈന്‍ഡിംഗ് വഴി വളരെ വേദനാപൂര്‍വ്വം ചെറിയതാക്കിമാറ്റിയ കാല്‍പ്പാദങ്ങളെ അവര്‍ വിളിച്ചിരുന്നത്‌ സ്വര്‍ണ്ണത്താമര എന്നാണ്. മാവോയുടെ കീഴിലുള്ള കമ്യൂണിസ്റ്റ്കാര്‍ ഇത്തരം പര്യായോക്തികള്‍ മേനഞ്ഞെടുക്കുന്നതില്‍ സമര്‍ഥരായിരുന്നു. കലക്ടീവ് ഗവണ്‍മെന്‍റ് പ്രോഗ്രാം മൂലമുണ്ടായ ക്ഷാമത്തെയും അതിലൂടെ മരിച്ച പത്തുമില്യന്‍ മനുഷ്യരെയും പറ്റി പറയുന്നത് “പ്രകൃതിക്ഷോഭങ്ങളുടെ മൂന്നുവര്‍ഷങ്ങള്‍” എന്നാണ്. സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിയെ ചൂതുകളിയായല്ല, ഒരു സാമൂഹികവികസന പദ്ധതിയായാണ്‌ കരുതപ്പെടുന്നത്.  അതുകൊണ്ട് തന്നെ അത് നിയമവിരുദ്ധവുമല്ല.

ചൈനീസ് വിപണിയില്‍ ഇറങ്ങാന്‍ വിദേശചൂതുകളിസംഘങ്ങള്‍ ഇതേ മാര്‍ഗം ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1993ല്‍ ഒരു മലേഷ്യന്‍ കമ്പനി പണത്തിനുപകരം മറ്റുസമ്മാനങ്ങള്‍ നല്‍കുന്ന ഒരു ചൂതുകളി കേന്ദ്രം തുടങ്ങിയിരുന്നു. കുറച്ചുനാള്‍ ഇത് തുടര്‍ന്നുവെങ്കിലും 1996ല്‍ അവ നിരോധിക്കപ്പെട്ടു. ബെറ്റിംഗ് മെഷീനുകള്‍ ഉള്ള ക്ലബ്ബുകള്‍ എല്ലാം തന്നെ വലിയ തിരിച്ചടികള്‍ നേരിട്ടു.

എന്നാല്‍ ഇതിനര്‍ത്ഥം ചൈനക്കാര്‍ ചൂതുകളി നിറുത്തിയെന്നല്ല. അവര്‍ക്ക് അതിനു മറ്റുവഴികളുണ്ട്. ചൈനയുടെ സമ്പദ് വ്യവസ്ഥ വളര്‍ന്നതോടെ ചൂതുകളിയും വളര്‍ന്നു. ചൈനക്കാര്‍ക്ക് ചൂതുകളിക്കാന്‍ മാത്രമായി വിദേശത്തുപോകാം എന്ന നിലയായി. കഴിഞ്ഞ വര്‍ഷം ചൈനക്കാര്‍ 83 മില്യണ്‍ വിദേശയാത്രകളാണ് നടത്തിയത്, ചെലവാക്കിയതാവട്ടെ 100 ബില്യന്‍ ഡോളറും. “എല്ലാവരും ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന അതിഥികള്‍ ഇപ്പോള്‍ ചൈനക്കാരാണ്‌.”, മക്കാവുവിലെ ചൂതുകളി കമ്പനിയുടമ ബെന്‍ ലീ പറയുന്നു.

മകാവു ചൈനക്കാര്‍ക്കായി ചുവപ്പുപരവതാനിവിരിച്ച് കാത്തുനില്‍ക്കുകയാണ്. അവരുടെ തൊണ്ണൂറുശതമാനം സന്ദര്‍ശകരും ചൈനക്കാരാണ്‌. വെറും ഒരു ദശാബ്ദം കൊണ്ടാണ് പഴയൊരു ഉറക്കംതൂങ്ങി പട്ടണം ലോകത്തിന്റെ ചൂതുകളി ആസ്ഥാനമായി മാറിയത്. ലാസ് വെഗാസിനെക്കാള്‍ ആറിരട്ടിയാണ് മക്കാവുവിലെ വരവ്.

മ്യാന്മാര്‍, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളും ചൈനീസ് അതിര്‍ത്തിയില്‍ ചൂതുകളികേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത് ചൈനക്കാരായ കളിക്കാരെ മാത്രം ലക്ഷ്യമിട്ടാണ്. 2010ല്‍ മാത്രം കാസിനോകള്‍ തുറന്ന സിംഗപൂരും ഇപ്പോള്‍ തന്നെ ലോകത്തിലെ ഏറ്റവും ലാഭകരമായ ചൂതുകളികേന്ദ്രങ്ങളില്‍ രണ്ടെണ്ണം സ്വന്തമാക്കിക്കഴിഞ്ഞു. കാസാക്കിസ്ഥാന്‍ പോലും ചൂതുകളി ബിസിനസില്‍ ഇറങ്ങിക്കഴിഞ്ഞു. അവിടെയുള്ള കാസിനോകളില്‍ ചൈനീസ് കളിക്കാര്‍ക്ക്‌ വലിയ സ്വീകരണമാണ്. അവരുടെ നിയമാവലികളിലും മറ്റും ചൈനീസ് ഭാഷ കാണാം.ചൈനയില്‍ ഒരു കാസിനോ അങ്ങുനിര്‍മ്മിച്ചാല്‍ പോരെ എന്ന് തോന്നാം. എന്നാല്‍ ഇതത്ര എളുപ്പമല്ല.

2005ലാണ് അമേരിക്കന്‍ ചൂതുകളികമ്പനിയായ ഷെല്‍ഡന്‍ അഡെല്‍സന്‍ മക്കാവുവിനടുത്ത് ചൈനയുടെ ഭാഗമായ ഒരു ദ്വീപില്‍ റിസോര്‍ട്ട് തുടങ്ങാന്‍ പദ്ധതിയിട്ടു. മക്കാവുവില്‍ പോകുന്നത് പോലെ ഇവിടെയെത്താന്‍ ചൈനക്കാര്‍ക്ക് വിസയെപ്പറ്റിയൊന്നും വിഷമിക്കേണ്ട, പറന്നോ ഡ്രൈവ് ചെയ്തോ എത്താം എന്നതായിരുന്നു കമ്പനിയുടെ കണക്കുകൂട്ടല്‍.

നിയമങ്ങള്‍ മാറിവന്നാല്‍ റിസോര്‍ട്ട് പതിയെ ഒരു മുഴുവന്‍സമയ കാസിനോയാക്കി മാറ്റാം എന്നായിരുന്നു ഉദ്ദേശം. എന്നാല്‍ 2008ആയപ്പോള്‍ സാമ്പത്തികനില മാറുകയും നിയമങ്ങള്‍ പഴയപടി തുടരുകയും ചെയ്തു. പതിയെ കമ്പനി റിസോര്‍ട്ട് പദ്ധതിയും ഉപേക്ഷിച്ചു. ഇതിനിടെ കൈക്കൂലിക്കേസുകളിലും കമ്പനി കുടുങ്ങി. ഇപ്പൊള്‍ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിരീക്ഷണത്തിലാണ് ലാസ് വെഗാസ് സാന്‍ട്സ് എന്ന ഈ കമ്പനി.

ചൈനയിലെ ഒരു ചെറുപ്രവിശ്യയായ ഹൈനാനാണ് ചൂതുകളികേന്ദ്രമായി ഇനി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരിടം.ഹൈനാനില്‍ വലിയ റിസോര്‍ട്ടുകളും കടല്‍ത്തീരങ്ങളും ഉള്‍പ്പെടെ ഒരു വലിയ ചൂതുകളികേന്ദ്രമായി ഉയരാന്‍ സാധ്യതയുള്ള എല്ലാമുണ്ട്. ചൈനീസ് ഗവണ്മെന്റിനു ഹൈനാന്റെ ഉയര്‍ച്ചയില്‍ താല്‍പ്പര്യവുമുണ്ട്. 2005മുതല്‍ ചൂതുകളി നിയമവിധേയമാക്കാന്‍ ഹൈനാന്‍ ശ്രമിക്കുന്നുണ്ട്. ഹൈനാനിലെ ചില പ്രതിനിധികള്‍ ചൂതുകളിയിലെ ജോലിസാധ്യതയെപ്പറ്റിയൊക്കെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍ 2009ല്‍ ഏതാണ്ട് അറുപതോളം ഹൈനാന്‍ ഗവന്മേന്റ്റ് ഉദ്യോഗസ്ഥര്‍ ചൂതുകളിയുടെ മേലുള്ള നിയന്ത്രണം ഭാഗികമായി നീക്കംചെയ്യാന്‍ നടത്തിയ ശ്രമം വിജയിച്ചു. ഒളിഞ്ഞും തെളിഞ്ഞും ചില ചൂതുകളിശ്രമങ്ങള്‍ ഹൈനാനില്‍ നടന്നു. ഇതില്‍ അമേരിക്കന്‍ കമ്പനിയായ എം ജി എം ഇന്റര്‍നാഷണലും ഉള്‍പ്പെടും.

ഹൈനാനില്‍ തന്‍റെ റിസോര്‍ട്ടില്‍ വിലയേറിയ ആഭരണങ്ങള്‍ക്കും കലാവസ്തുക്കള്‍ക്കും താമസസൌകര്യങ്ങള്‍ക്കും ഒക്കെ വേണ്ടി ചൂതുകളി നടക്കുന്നുണ്ട് എന്ന് ഒരു ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ പറഞ്ഞതു വലിയ പത്രവാര്‍ത്തയായി . പണത്തിനുവേണ്ടിയുള്ള വാതുവയ്പ്പില്ല എന്നേയുള്ളൂ. എന്നാല്‍ റോയിറ്റേര്‍സില്‍ ഈ വാര്‍ത്ത‍വന്നതിനുശേഷം ചൈനീസ് അധികൃതര്‍ ഈ സ്ഥലം അടച്ചുപൂട്ടി. മകാവുവിന്റെ വിജയം കൊതിപ്പിക്കുന്നതാവുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

പ്രവിശ്യകള്‍ തങ്ങളുടെ വഴിക്ക് പോകുമെന്നും അധികാരം കേന്ദ്രത്തില്‍ നിന്ന് വഴുതിപ്പോകുമെന്നും ചൈനീസ് ചരിത്രത്തില്‍ എക്കാലവുമുള്ള ഒരു ഭയമാണ്. കാസിനോകള്‍ നിയമവിധേയമാക്കിയാല്‍ പ്രവിശ്യകളിലെ നികുതിവരവ് വര്‍ധിക്കുമെന്നുമാത്രമല്ല, അവര്‍ക്ക് അധികാരം കൂടുതല്‍ ലഭിക്കുകയും ചെയ്യും. ഇത് ബീജിങ്ങിനു ഇഷ്ടമായേക്കില്ല.

എന്തിനധികം, ഉയര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ എന്നും തങ്ങളുടെ തന്നെ ചരിത്രത്തിന്റെ വിദ്യാര്‍ഥികളാണ്. 19ഉം 20ഉം നൂറ്റാണ്ടുകളില്‍ ചൂതുകളി വലിയ ഒരു സാമൂഹ്യവിപത്തായിരുന്നു- ആളുകള്‍ നിര്‍ധനരാവുകയും കുടുംബങ്ങള്‍ തകരുകയും കറുപ്പുപയോഗം പോലുള്ള മറ്റുദുശീലങ്ങള്‍ ഏറുകയും ചെയ്തിരുന്നു- ചൂതുകളി നിയമവിധേയമാക്കിയാല്‍ ഇതേചരിത്രം ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. സാമൂഹികസ്ഥിരതയെ ഇത് അലട്ടും എന്നതാണ് ഗവണ്മെന്റിന്റെ പ്രശ്നം. കാസിനോകള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കും എന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു അറിവുള്ളതാണ്. മാകാവുവും ലാസ് വേഗാസും ഉദാഹരണങ്ങള്‍.

മാറ്റ്സു അടുത്ത ചൂതുകളികേന്ദ്രമായി ഉയരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലും വീട്നര്‍ റിസോര്‍ട്ട്സ് മാറ്റ്സുവാണ് തങ്ങളുടെ ഭാവി എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

Fish is an associate editor at Foreign Policy. Helen Gao contributed reporting from Beijing.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍