UPDATES

വിദേശം

അറാഫത്തിനെ കൊന്നതാര്?

ടീം അഴിമുഖം
 
പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അറാഫത്തിന്റെ മരണകാരണം പരിശോധിച്ച സ്വിസ് ഫോറന്‍സിക് അധികൃതരെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ വിധവ സുഹയാണ് ഇക്കാര്യം പുറത്തു വിട്ടത്. മാരക വിഷമായ പൊളോണിയം അകത്തു ചെന്നാണ് അറാഫത്ത് കൊല്ലപ്പെട്ടത്. പലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വെളിപ്പെടുത്തല്‍ കൂടിയാണ് ഇത്. 
 
“ഞങ്ങള്‍ ഒരു യഥാര്‍ഥ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവിടുകയാണ്; ഒരു രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച്”- വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പാരീസില്‍ വച്ച് സുഹ വെളിപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ വെസ്റ്റ് ബാങ്കിലെ അറാഫത്തിന്റെ കുഴിമാടത്തില്‍ നിന്ന് ശേഖരിച്ച അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ പരിശോധിച്ച Lausanne University Hospital’s Institute of Radiation Physics ആണ് അറാഫത്തിന് വിഷബാധയേറ്റ വിവരം കണ്ടെത്തിയത്. 
 
കഴിഞ്ഞ ചൊവ്വാഴ്ച ജനീവയില്‍ വച്ച് സ്വിസ് ഫോറന്‍സിക് ടീമുമായി കൂടിക്കാഴ്ച നടത്തിയ സുഹ പറഞ്ഞത് “ഇത് ഞങ്ങളുടെ സംശയത്തെ സ്ഥിതീകരിച്ചിരിക്കുന്നു’ എന്നാണ്. അതായത് അറാഫത്തിന്റേത് ഒരു സ്വാഭാവിക മരണമല്ല, മറിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ഞങ്ങളുടെ വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു – സുഹ വ്യക്തമാക്കി.
 
അറാഫത്തിന്റെ കൊലപാതകത്തിന് അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ നേതാവിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് അവരുടെ വാദം. 
 
അറാഫത്തിന് ആരാണ് വിഷം നല്‍കിയതെന്നതിനെ കുറിച്ച് ആരോപണങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അറാഫത്തിന് സ്വന്തം ജനങ്ങളില്‍ നിന്നു തന്നെ ഭീഷണികള്‍ ഉണ്ടായിരുന്നെങ്കിലും ഇസ്രായേലിനു നേര്‍ക്കാണ് ഭൂരിഭാഗം പാലസ്തീന്‍കാരും വിരല്‍ ചൂണ്ടുന്നത്. അറാഫത്തിന്റെ അവസാന കാലത്തെ രണ്ടര വര്‍ഷങ്ങള്‍ ഇസ്രായേല്‍ റാമല്ലയിലെ ആസ്ഥാനത്ത് അദ്ദേഹത്തെ തടവിലാക്കിയിരുന്നു. 
 
എന്നാല്‍ അറാഫത്തിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. അദ്ദേഹത്തിന് 75 വയസായതും ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിത ശൈലിയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രായേലിന്റെ വാദം. 
 
അറാഫത്തിന്റെ മരണത്തിനു ശേഷം ഫ്രഞ്ച് സൈനിക ആശുപത്രി സുഹയ്ക്ക് നല്‍കിയ അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളില്‍ പൊളോണിയം – 210ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി കഴിഞ്ഞ വര്‍ഷം തന്നെ അല്‍ – ജസീറ ചാനലിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സുഹയുടെ അപേക്ഷ പ്രകാരം ഫ്രഞ്ച് അന്വേഷക സംഘം അറാഫത്തിന്റേത് കൊലപാതകമായിരുന്നോ എന്ന് കഴിഞ്ഞ വര്‍ഷം അന്വേഷണം തുടങ്ങി. അറാഫത്തിന്റെ ശവകുടീരം തുറന്ന് അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ പാലസ്തീന്‍ അതോറിറ്റി അനുമതി നല്‍കിയതോടെ സ്വിറ്റ്‌സര്‍ലാന്‍ഡ്, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. 
 
പൊളോണിയത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് റഷ്യന്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റിയൂട്ട് തലവന്‍ വ്‌ളാഡിമിര്‍ ഉയിബയെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞ വര്‍ഷം വാര്‍ത്ത പുറത്തു വിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ Federal Medico-Biological Agency ഇക്കാര്യം നിഷേധിച്ചു. വ്‌ളാഡിമിര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെന്നായിരുന്നു ഏജന്‍സി വ്യക്തമാക്കിയത്. 
 

സുഹയും അറാഫത്തും
 
ഫ്രഞ്ച് സംഘമാകട്ടെ, തങ്ങളുടെ കണ്ടെത്തലുകള്‍ പൊതു സമൂഹത്തിനു മുമ്പാകെ വെളിപ്പെടുത്തുകയോ സുഹാ അറാഫത്തുമായി വിവരങ്ങള്‍ പങ്കു വയ്ക്കുകയോ ചെയ്തില്ല. അന്വേഷക സംഘത്തിന് ഇതുവരെ അന്തിമ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസ് വ്യക്തമാക്കുകയുണ്ടായി. 
 
എന്നാല്‍ തനിക്ക് ലഭിച്ചിട്ടുള്ള സ്വിസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ നിന്ന് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത് ഫ്രഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഹയുടെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. 
 
സ്വിസ് സംഘത്തിന്റെ റിപ്പോര്‍ട്ട് അല്‍ ജസീറയ്ക്കു വേണ്ടി പരിശോധിച്ച ബ്രിട്ടീഷ് ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പ്രഫസര്‍ ഡേവിഡ് ബാര്‍ക്ലേയും കണ്ടെത്തല്‍ ശരിവച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള പരിശോധനാഫലവും നേരത്തെ അറാഫത്തിന്റെ അടിവസ്ത്രം, ടൂത്ത് ബ്രഷ്, വസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്നു ശേഖരിച്ച ശരീരദ്രവങ്ങളും ഒത്തു പോകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 
 
അറാഫത്തിന്റെ മരണത്തിന് കാരണം പൊളോണിയം അകത്തു ചെന്നതാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. അദ്ദേഹത്തിന്റെ മരണത്തിന് കാരണമാകാവുന്ന തോതില്‍ വിഷം അകത്തു ചെന്നിരുന്നുു – പ്രൊഫസര്‍ ബാര്‍ക്ലേ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. 
 
വിമത റഷ്യന്‍ ചാരനായിരുന്ന Alexander Litvinenko യുടെ മരണത്തിന് കാരണമായതും ഇതേ പൊളോണിയം തന്നെയായിരുന്നു. 2006-ല്‍ ഒരു ലണ്ടന്‍ ഹോട്ടലില്‍ വച്ച് അദ്ദേഹത്തിന് നല്‍കിയ ചായയിലാണ് ഇത് ചേര്‍ത്തത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനാണ് തന്നെ വധിക്കാന്‍ ഉത്തരവ് നല്‍കിയതെന്ന് മരണക്കിടയില്‍ വച്ച് Litvinenko ആരോപിച്ചിരുന്നു. അദ്ദേഹത്തന്റെ മരണത്തിന് പിന്നില്‍ റഷ്യന്‍ കൈയുണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറായില്ല. 
 
ഒരു ആണവ റിയാക്ടറില്‍ ഉത്പാദിപ്പിച്ച പൊളോണിയമാണ് അറാഫത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് പ്രഫസര്‍ ബാര്‍ക്ലേ ഉറപ്പിച്ചു പറയുന്നു. നിരവധി രാജ്യങ്ങള്‍ക്ക് ഇതിനു ശേഷിയുണ്ടെങ്കിലും അറാഫത്തുമായി അടുത്തു പരിചയിച്ചിരുന്ന ആരോ ആണ് ചെറിയ അളവില്‍ അദ്ദേഹത്തിന്റെ ഡ്രിങ്ക്, ഭക്ഷണം, ഐ ഡ്രോപ്‌സ്, ടൂത്ത് പേസ്റ്റ് എന്നിവയില്‍ എവിടെയെങ്കിലും പൊളോണിയം ചേര്‍ത്തതെന്നും അദ്ദേഹം പറയുന്നു. 
 
2004-ലാണ് ഛര്‍ദ്ദിയും അതിസാരവും കടുത്ത ആമാശയവീക്കവും അറാഫത്തിനെ ബാധിക്കുന്നത്. അദ്ദേഹത്തിന് ജലദോഷമാണെന്നായിരുന്നു പാലസ്തീന്‍ അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചതോടെ അദ്ദേഹത്തെ ഫ്രഞ്ച് സര്‍ക്കാരിന്റെ വിമാനത്തില്‍ പാരീസിലെ പേഴ്‌സി മിലിട്ടറി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും അവിടെയെത്തുമ്പോഴേക്കും അദ്ദേഹം അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു. തുടര്‍ന്ന് നവംബര്‍ 11-ന് അന്തരിക്കുകയും ചെയ്തു. 
 
കടുത്ത ഹൃദയാഘാതമാണ് മരണകാരണമായി ഔദ്യോഗികമായി പറഞ്ഞിരുന്നതെങ്കിലും അദ്ദേഹത്തിന്റെ അസുഖ കാരണം കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍ അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു. Autopsy നടത്തുകയും ചെയ്തില്ല. 
 
അറാഫത്തിന്റെ മരണത്തിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് Litvinenko കൊല്ലപ്പെടുന്നത്. അതുവരെ പൊളോണിയം ആയിരിക്കാം അറാഫത്തിനേയും കൊലപ്പെടുത്തിയതന്നെ് ആരും സംശയിച്ചിരുന്നില്ലെന്ന് പ്രഫ. ബാര്‍ക്ലേ പറഞ്ഞു. 
 
എന്നാല്‍ പൊളോണിയം ഉള്ളില്‍ ചെന്നാണ് അദ്ദേഹം മരിച്ചതെന്ന വാദത്തെ ചിലരെങ്കിലും എതിര്‍ക്കുന്നുണ്ട്. അറാഫത്തിന്റെ അസുഖം ഇടയ്ക്ക് ഭേദമായതും അദ്ദേഹത്തിന്റെ മുടി നഷ്ടപ്പെടാതിരുന്നതും അവര്‍ ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒരു കണ്ടെത്തലും പൂര്‍ണമായി ശരിയല്ലെന്നാണ് പ്രഫ. ബാര്‍ക്ലേ പറയുന്നത്. പൊളോണിയത്തിന്റെ റേഡിയോ ആക്ടിവിറ്റി ഓരോ നാലു മാസം കഴിയുമ്പോഴും 50 ശതമാനം വീതം കുറയും. അതിനാല്‍ അറാഫത്തിന്റെ മരണത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശരീരം പരിശോധിക്കുമ്പോള്‍ പൊളോണിയത്തിന്റെ തെളിവ് കണ്ടെത്തുക എളുപ്പമായേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
വെള്ളത്തിലോ മറ്റോ ലയിപ്പിക്കുന്ന ഒരു താര (Dandruff) ന്റെ അത്ര വലിപ്പത്തിലുള്ള പൊളോണിയം മതി 50 പേരെ കൊലപ്പെടുത്താന്‍ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
മുന്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് ബോഡിഗാര്‍ഡായ അല്‍ – ജസീറയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് Clayton Swisher ആണ് അറാഫത്തിന്റെ മരണകാരണം പുറത്തു കൊണ്ടുവന്നത്. അറാഫത്തുമായി അടുപ്പത്തിലായിരുന്ന Swisher അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം തോന്നി അന്വേഷണം ആരംഭിക്കുകയായിരുന്നു. 
 
അറാഫത്തിനെ കൊലപ്പെടുത്താനുള്ള 13 ശ്രമങ്ങള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഹാനില്‍ അല്‍ ഹസന്‍ 2003-ല്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ 40 തവണ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ടെന്നാണ് അറാഫത്ത് തന്നെ പറഞ്ഞിട്ടുള്ളത്. 1985-ല്‍ ടുണീഷ്യയിലെ തന്റെ ആസ്ഥാനത്തിനു നേര്‍ക്കുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അറാഫത്ത് കഷ്ടിച്ചാണ് രക്ഷപെട്ടത്. 73 പേര്‍ അന്നത്തെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീടും ഇസ്രായേലിന്റെ നിരവധി ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചിരുന്നു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍