UPDATES

ഇന്ത്യ

പ്രധാനമന്ത്രിക്ക് സ്വകാര്യ ബാങ്കുകളെ വിശ്വാസമില്ലേ?

 

ടീം അഴിമുഖം 
 
 
പുത്തന്‍ ബാങ്കിംഗ് രീതികള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വഹിച്ച പങ്ക് ചില്ലറയല്ല. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യമന്ത്രി എന്നീ പദവികളിലിരുന്ന അദ്ദേഹം, 1960-കള്‍ മുതല്‍ തുടങ്ങിയ ബാങ്കിംഗ് ദേശസാത്കരണ പ്രക്രിയയയെ ഘട്ടം ഘട്ടമായി ചോദ്യം ചെയ്തു. ഫലമോ? സ്വകാര്യ പങ്കാളിത്തമുള്ള വന്‍ ബാങ്കുകള്‍ ഇന്ന് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ സജീവ സാന്നിധ്യമാണ്. 
 
പക്ഷേ മന്‍മോഹന്‍ സിംഗിന് ഏതൊക്കെ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. അസമില്‍ നിന്നും അഞ്ചാം തവണയും രാജ്യസഭയിലേക്കെത്തുകയാണ് നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് തന്റെ നിക്ഷേപങ്ങളെ കുറിച്ച് പറയുന്നത്. സമ്പാദ്യമാണ് മാനദണ്ഡമെങ്കില്‍ പല രാഷ്ട്രീയക്കാരുടേയും വാലില്‍ കെട്ടാന്‍ പോലുമില്ല പ്രധാനമന്ത്രിയുടെ സ്വത്തുക്കള്‍. 
 
രാജ്യത്തെ ഉന്നത പദവികള്‍ വഹിച്ച ഈ 80-കാരന്റെ സമ്പാദ്യം വെറും നാലു കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ അതിശയം അതല്ല. തന്റെ സമ്പാദ്യത്തിലെ ഒരു രൂപ പോലും അദ്ദേഹം പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല എന്നതാണ് രസകരം. 12 സ്ഥിര നിക്ഷേപങ്ങളാണ് മന്‍മോഹന്‍ സിംഗിനുള്ളത്. അതില്‍ 11-ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ശാഖയിലാണ്. ഒരെണ്ണം അതേ ബാങ്കിന്റെ തന്നെ ഗുവാഹത്തിയിലെ ദിസ്പൂര്‍ ശാഖയില്‍. ഡല്‍ഹിയിലെ ജനറല്‍ പോസ്റ്റ് ഓഫീസില്‍ 8,26,922 രൂപയുടെ നാഷണല്‍ സേവിംഗ്‌സ് സ്‌കീം നിക്ഷേപമാണ് ഇതിനു പുറമെ അദ്ദേഹത്തിനുള്ളത്. മൊത്തം സമ്പാദ്യം 3,87,63,188 രൂപ. 
 
 
പുത്തന്‍ ബാങ്കുകളുടേയും ഓഹരി വിപണികളുടേയും പ്രചാരകരില്‍ തലതൊട്ടപ്പനായ പ്രധാനമന്ത്രി തന്റെ സ്വന്തം സമ്പാദ്യം പക്ഷേ, തുലച്ചു കളയാന്‍ ആഗ്രഹിച്ചു കാണില്ല. പെന്‍ഷന്‍ അടക്കമുള്ള തന്റെ വരുമാനം സ്‌റ്റേറ്റ് ബാങ്കിലും പോസ്റ്റ് ഓഫീസിലും സുരക്ഷിതമാണെന്ന് മറ്റാരേക്കാള്‍ നന്നായറിയാവുന്നത് മന്‍മോഹന്‍ സിംഗിനു തന്നെയാണ്. മന്‍മോഹന്‍ സിംഗിനു മാത്രമല്ല, ഒരു പക്ഷേ അദ്ദേഹത്തിന്റെ തലമുറയിലെ പലര്‍ക്കും പുതുതലമുറ ബാങ്കുകളെ അത്ര വിശ്വാസം പോര. ഈ അവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കോബ്രാ പോസ്റ്റ് ഈയിടെ നടത്തിയ വെളിപ്പെടുത്തലുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം പുതുതലമുറ ബാങ്കുള്‍ എങ്ങനെ കുട പിടിക്കുന്നു എന്ന് കോബ്രാ പോസ്റ്റ് പുറത്തു കൊണ്ടുവന്നു. 
 
ഈ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് ഒരു സമഗ്ര അന്വേഷണം നടത്തി. അതിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പുതുതലമുറ ബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലേക്കാണ് റിസര്‍വ് ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്ന്. അഴിമുഖത്തിന്റെ പക്കലുള്ള ഈ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.
 
1. പത്തു ലക്ഷത്തിലധികമുള്ള നിക്ഷേപങ്ങള്‍ പലതും ഈ ബാങ്കുകള്‍ രണ്ടോ അതിലധികമോ നിക്ഷേപങ്ങളാക്കി. റിസര്‍വ് ബാങ്കിലേക്കയക്കേണ്ട ക്യാഷ് ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ട് ഒഴിവാക്കാനായിരുന്നു ഇത്. 
 
2. 50,000-ത്തിനു മുകളിലുള്ള എല്ലാ വിനിമയങ്ങള്‍ക്കും ആദായ നികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) വേണമെന്ന നിബന്ധന കൃത്യമായി പാലിച്ചില്ല. പല ഡെപ്പോസിറ്റുകളും 49,999 രുപയുടെ വിവിധ നിക്ഷേപങ്ങളായിരുന്നു. 
 
വന്‍കിട സഹകരണ ബാങ്കുകള്‍ ഇത്തരം പുത്തന്‍ ബാങ്കുകളുമായി നടത്തിയ പങ്കുകച്ചവടങ്ങളും റിസര്‍വ് ബാങ്ക് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പുത്തന്‍ ബാങ്കുകളില്‍ കറന്റ് ഡപ്പോസിറ്റ് തുടങ്ങി, തങ്ങളുടെ കസ്റ്റമേഴ്‌സിന് ഈ ബാങ്കുകളിലേയ്ക്ക് വന്‍ തുകയുടെ ഓപ്പണ്‍ ചെക്കുകള്‍ ചില സഹകരണ ബാങ്കുകള്‍ നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് അന്വേഷണത്തില്‍ കണ്ടെത്തി. മ്യൂച്ചല്‍ ഫണ്ടുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പത്തു ലക്ഷം രൂപയിലധികം വരുന്ന നിരവധി നിക്ഷേപങ്ങളാണ് ഇത്തരം ബാങ്കുകളില്‍ നിന്നും എച്ച്.ഡി.എഫ്.സി. സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
 
കെ.വൈ.സി നിബന്ധനകള്‍ പാലിക്കാതെയായിരുന്നു സഹകരണ ബാങ്കുകളുടേയും പുത്തന്‍ ബാങ്കുകളുടേയും ഇത്തരം ഇടപാടുകള്‍. ആക്‌സിസ് ബാങ്കാകട്ടെ 5000-ത്തോളം കറന്റ് അക്കൗണ്ടുകളാണ് ഓഹരി വിപണിക്കാര്‍ക്കു വേണ്ടി ആവശ്യമായ രേഖകളില്ലാതെ തുറന്നു കൊടുത്തത്. 
 
 
മറ്റൊന്ന് ഇത്തരം ബാങ്കുകളുടെ ഇന്‍ഷ്വറന്‍സ് സംരംഭങ്ങളാണ്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് എന്നീ ബാങ്കുകള്‍ അവരുടെ ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കാറുണ്ടോ? അതിനു പിന്നിലെ വലിയ രഹസ്യം ഇതാ…
 
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ക്യാഷ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഇന്‍ഷ്വറന്‍സ് നല്‍കിയിരുന്നു ഐ.സി.ഐ.സി.ഐ ബാങ്ക്. എച്ച്.ഡി.എഫ്.സിയുടെ ഇന്‍ഷ്വറന്‍സ് ശാഖയായ എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് ഇന്‍ഷ്വറന്‍സിലും ക്യാഷ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. ആക്‌സിസ് ആകട്ടെ സഹകരണ ബാങ്കുകള്‍ നല്‍കിയ ചെക്കുകളിലൂടെ ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ നല്‍കി. എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് ഇന്‍ഷ്വറന്‍സ് തങ്ങളുടെ ബാങ്കിന്റെ 2164 ജീവനക്കാര്‍ക്ക് വിദേശ യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്തിയിരുന്നില്ല. ഐ.ആര്‍.ഡി.എ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന കമ്മീഷന്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഇത്തരം  സൗജന്യങ്ങളും സമ്മാനങ്ങളുംം പാടില്ലാത്തതാണ്. എന്നാല്‍ കമ്മീഷന്‍ വ്യവസ്ഥകളെയെല്ലാം ലംഘിച്ചു കൊണ്ടുള്ളതായിരുന്നു ബാങ്കിന്റെ ഈ ഇടപാട്. 
 
 
ഇത്തരം സംവിധാനങ്ങള്‍ ബാങ്ക് ജീവനക്കാരും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മില്‍ പാലിക്കേണ്ട കൈയകലത്തിന് ഒരുപാട് അപ്പുറത്താണ്. ഇത് നിരവധി സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുു. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
 
റിപ്പോര്‍ട്ട് ഒരു നിര്‍ദേശം കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സ് പോളിസികള്‍ വാങ്ങാന്‍ നല്‍കുന്ന ലിക്വിഡ് ക്യാഷിന് ഐ.ആര്‍.ഡി.എ പരിധി നിശ്ചയിക്കണം. കോടികളുടെ ഇടപാടുകളാണ് ക്യാഷ് വഴി ഇത്തരം പുത്തന്‍ തലമുറ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നടക്കുന്നതെന്ന് ആര്‍.ബി.ഐ മനസിലാക്കി. നമ്മളെ കൊണ്ട് പോളിസി എടുപ്പിക്കാനുള്ള ബാങ്ക് ജീവനക്കാരുടെ അത്യുത്സാഹം എന്തുകൊണ്ടാണെന്ന് ഇതില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളൂ.
 
ഇത്തരം ബാങ്കുകളില്‍ ഒരു സ്വതന്ത്ര ഓഡിറ്റിംഗ് കൂടി ആവശ്യമാണെന്നാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ട് പറയുന്നത്. ഫോറന്‍സിക് ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ എങ്ങനെ കാണുന്നുവെന്ന് ഇതുവരെ അറിവായിട്ടില്ല. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ ധനമന്ത്രി പി. ചിദംബരവും എന്തായാലും മൗനം തുടരുകയാണ്. 
 
തന്റെ നിക്ഷേപം ഈ പുത്തന്‍ തലമുറ ബാങ്കുകള്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു സാധാരണ നിക്ഷേപകന് അറിയാന്‍ യാതൊരു വഴിയും കാണില്ല. വന്‍ തുകയ്‌ക്കെടുത്ത, ഓഹരിയുമായി ബന്ധപ്പെട്ട, ഒരു ഇന്‍ഷ്വറന്‍സോ, ഒരു മ്യൂച്ചല്‍ ഫണ്ടോ വിചാരിച്ച ലാഭം തരാതിരിക്കുമ്പോഴായിരിക്കും ആ നിക്ഷേപകന്റെ കണ്ണു തുറക്കുക. പുത്തന്‍ തലമുറ ബാങ്കുകള്‍ പുത്തന്‍ പണക്കാരുടെ  ‘ബ്ളാക്ക് മണി’ വെളുപ്പിക്കാനുള്ള ഒരു മാധ്യമം മാത്രമാണോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട്. എന്തായാലും ഒരു സാധാരണ നിക്ഷേപകന് കൂടുതല്‍ അഭികാമ്യം മന്‍മോഹന്‍ സിംഗിന്റെ വ്യക്തിപരമായ ബാങ്കിംഗ് രീതികളാണ്. കഷ്ടപ്പെട്ടു സമ്പാദിച്ച പണം നഷ്ടപ്പെടുത്താന്‍ വയ്യാത്തതിനാല്‍ അദ്ദേഹമത് സ്‌റ്റേറ്റ് ബാങ്കിലും പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കുന്നു എന്നത് സാധാരണക്കാര്‍ക്കും ഒരു പാഠമാണ്. 
 
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍