UPDATES

കേരളം

ലാവ്ലിന്‍: കളി മാറുന്നു, ക്യാപ്റ്റനും

കെ.ജെ ജേക്കബ്
 
 
ലാവ്ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജിയുടെ വിധി നിശ്ചയിച്ചത് അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയമല്ല, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയാണ്.
 
സി പി എമ്മിന്റെ അകത്തളങ്ങളില്‍ ഈ വിധി പിണറായിയുടെ തിളക്കം കൂട്ടുന്നില്ല, രാഷ്ട്രീയത്തിന് മാറ്റമുണ്ടാവേണ്ടതില്ല, കാരണം പാര്‍ട്ടി ഈ വിഷയം പഠിക്കുകയും പിണറായി കുറ്റക്കാരനല്ലെന്ന് തീരുമാനിക്കുകയും ചെയ്തതാണ്. ഒരു ദുസ്വപ്നമവസാനിച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിക്കുക തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലേയ്ക്ക് ഇനി പിണറായി നടന്നുപോകും. അതില്‍ പുതുതായൊന്നുമില്ല തന്നെ.   
 
എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തോളമായി വി എസ് എടുത്തണിഞ്ഞുകൊണ്ടിരിക്കുന്ന, അദ്ദേഹത്തെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വ്യത്യസ്തനാക്കി അടയാളപ്പെടുത്തിയ, റോള്‍ ഇന്ന് കൊണ്ട് അഴിച്ചുവയ്ക്കേണ്ടി വരും. അഴിമതിവിരുദ്ധ രാഷ്ട്രീയക്കാരന്റെ റോള്‍ ആണത്.  
 
വിപ്ലവ പാര്‍ട്ടി എന്ന് സ്വയം പറയുകയും, അതിന്റെ പുരാതനസംജ്ഞകള്‍കൊണ്ടു പൊതുജനത്തോട് സംവദിക്കാന്‍  ശ്രമിക്കുകയും ചെയ്യുന്ന സിപി എമ്മിനു പക്ഷെ പ്രായോഗിക രാഷ്ട്രീയത്തില്‍ മറ്റേതൊരു രാഷ്ട്രീയപാര്‍ട്ടിയെയും പോലെ പെരുമാറേണ്ടതുണ്ട്. ജനകീയ ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും വലതു വ്യതിയാനവും മനസ്സിലാകാത്ത ജനങ്ങള്‍ വോട്ടു ചെയ്താലേ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പറ്റൂ എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന പാര്‍ട്ടിയ്ക്ക് പാര്‍ട്ടി വോട്ടുകളോടൊപ്പം പുറത്തുനിന്നും വോട്ടുകള്‍ കിട്ടിയേ മതിയാവൂ. പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു നേതാവിനെ അതിനായി പാര്‍ട്ടിയ്ക്കാവശ്യമുണ്ട്. 1998-ല്‍ ഇ എം എസ് വിടവാങ്ങിയതിനുശേഷം ഒഴിഞ്ഞു കിടന്ന ആ റോളിലെയ്ക്ക് വി എസ് പതുക്കെ സ്വയം പ്രതിഷ്ഠിക്കുന്നത് അഴിമതിയ്‌ക്കെതിരെ പോരാടുന്ന നേതാവിന്റെ റോളിലാണ്.    
 
ചടയന്‍ ഗോവിന്ദനു ശേഷം പാര്‍ട്ടി സെക്രട്ടറി ആയ പിണറായി സംഘാടകന്‍, ഭരണാധികാരി എന്ന നിലകളില്‍ അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ്. ത്യാഗനിര്‍ഭരമായ ഒരു ഭൂതകാലം ഒരധിക യോഗ്യതയും. പാര്‍ട്ടിയ്ക്കുള്ളിലെ ബലാബലങ്ങളില്‍ പലപ്പോഴും വി എസ്സിനൊപ്പം നിന്ന പിണറായി ഒരു ഘട്ടത്തില്‍ വി എസ്സിന്റെ നിലപാടുകളോട് വിടപറഞ്ഞു. പാര്‍ട്ടിയെയും ഒപ്പം കൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതിലാണ് അദ്ദേഹം വി എസിനെതിരെ സ്‌കോര്‍ ചെയ്തത്.  
 
നേരിട്ടുള്ള യുദ്ധത്തില്‍ പിണറായിയെ തകര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലായ വി എസ്സിന് കിട്ടിയ വരമായിരുന്നു ‘അഴിമതിക്കേസിലെ പ്രതി’ എന്ന പിണറായിയുടെ മേല്‍ കുത്തപ്പെട്ട ചാപ്പ.  
 
പാര്‍ട്ടിയ്ക്ക് വിധേയരായ നേതാക്കളെ മാത്രം കണ്ടു പരിചയിച്ച കേരളത്തിലെ ജനങ്ങളുടെ മുന്‍പില്‍ പുതിയൊരു ഇമേജ് സൃഷ്ടിക്കാന്‍ വി എസിനെ സഹായിച്ചത് പിണറായിയുടെ മേല്‍ പതിഞ്ഞ ലാവ്ലിന്‍ നിഴലാണ്. സെക്രട്ടറി അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്നത് കേരളത്തിലെ പാര്‍ട്ടിക്കാര്‍ക്കും വോട്ടര്‍മാര്‍ക്കും അത്ര പരിചയമുള്ള കാര്യമല്ല. ഇവിടെയ്ക്ക് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തിളക്കവുമായി വന്ന വി എസ് അദ്ദേഹത്തിന്റെ തന്നെ അജണ്ട സൃഷ്ടിച്ചു. വോട്ടു വേണ്ടിയിരുന്ന പാര്‍ട്ടിയ്ക്ക് അദ്ദേഹത്തെ തള്ളിപ്പറയല്‍ അസാധ്യമായി.
 
വിപ്ലവ പാര്‍ട്ടിയുടെ ഘടനയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളെല്ലാം വി എസ് അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗിച്ചുകൊണ്ടിരുന്നു. അധികാരമോഹം ആവേശിച്ച് 1991-ല്‍  ഒരാവശ്യവുമില്ലാതെ കേരളത്തിലെ ജനങ്ങളുടെമേല്‍ ഒരു തെരഞ്ഞെടുപ്പും ഇടതു ജനാധിപത്യ മുന്നണിയ്ക്ക് ഒരു തെരഞ്ഞെടുപ്പു പരാജയവും അടിച്ചേല്‍പ്പിക്കാന്‍ അച്യുതാനന്ദന്‍ ഉപയോഗിച്ചത് ജനാധിപത്യ കേന്ദ്രീകരണമെന്ന വാള്‍ ആയിരുന്നു. അത് തന്നെ ഉപയോഗിച്ചു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതൃനിരയുടെ സ്വഭാവം തന്നെ മാറ്റിയ വി എസ് പക്ഷെ പിന്നീടിങ്ങോട്ട് അതെ തത്വത്തെ പാര്‍ട്ടിയുടെ ദൌര്‍ബല്യങ്ങള്‍ മുതലെടുത്ത് പ്രതിരോധിച്ചു. തെരഞ്ഞെടുപ്പുകളെ നേരിടേണ്ട പാര്‍ട്ടിയ്ക്ക് വേറെ നിവൃത്തിയില്ലാതായി. 
 
വിപ്ലവ ഭരണകൂടത്തിന്റെ കളങ്ങളില്‍ പാര്‍ട്ടിക്കാര്‍ മാത്രമാണ് കളിക്കാര്‍. പാര്‍ലമെന്ററി വ്യവസ്ഥയിലാവട്ടെ എല്ലാവരും കളിക്കാരാണ്. അവരെ ഉപയോഗിച്ചു കളി ജയിക്കുന്നവരാണ് കേമന്മാര്‍. കളിയിലെ കേമനായ പിണറായി ലാവ്ലിന്‍ കൊളുത്തില്‍ കുരുങ്ങിക്കിടക്കുന്നിടത്തോളം വി എസ് തന്നെ കളി നിയമങ്ങള്‍ നിര്‍മിച്ചു, ഗോള്‍ പോസ്റ്റുകള്‍ ഇഷ്ടമുള്ളിടത്ത് സ്ഥാപിച്ചു, കളിച്ചു.
 
ആ കളി തീര്‍ന്നു. കൊളുത്തില്‍ നിന്നു വിടുതല്‍ നേടിയ പിണറായിക്ക് ഇനി കളത്തിലിറങ്ങാം, കളി ജയിപ്പിക്കാം. ജനക്കൂട്ടത്തെക്കൊണ്ട് കളിപ്പിക്കാന്‍ ഇനി പാര്‍ട്ടിയ്ക്ക് വി എസ് തന്നെ വേണമെന്നില്ല. പലരും വിചാരിക്കുന്നതുപോലെ സി പി എമ്മിന്റെ കേന്ദ്ര നേതൃത്വം വി എസ്സിനെതിരെ നടപടി എടുക്കാതിരുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പാരമ്പര്യമോ പോരാട്ടങ്ങളുടെ ചരിത്രത്തിന്റെയോ പേരിലോ, അദ്ദേഹമുന്നയിച്ച വാദങ്ങളുടെ മെറിറ്റുകൊണ്ടോ, സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസക്കുറവോ കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലെ സംസ്ഥാനത്തുനിന്നുള്ള അംഗങ്ങളുടെ എണ്ണത്തിലും വലിയ മുന്‍തൂക്കമുണ്ടായിട്ടും വി.എസ്സിനെതിരെ കേന്ദ്രത്തില്‍ കാര്യമായ വിജയം നേടാന്‍ കഴിയാതിരുന്നത് പൊതുജനങ്ങളുടെ മുന്‍പാകെ ആത്മവിശ്വാസത്തോടെ  നിര്‍ത്താന്‍ പറ്റിയ ഒരു വലിയ നേതാവിന്റെ അഭാവമുണ്ട് എന്ന കേന്ദ്ര നേത്രുത്വത്തിന്റെ തിരിച്ചറിവായിരുന്നു.   
 
ഇനി അതില്ല.
 
തന്റെ മുന്‍നിലപാടുകള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്നു വി എസ് ഉറക്കെത്തന്നെ പറഞ്ഞത് വെറുതെയല്ല. കളി നിയമങ്ങളും, ഒരു വേള ക്യാപ്റ്റനും, മാറിയതറിഞ്ഞിരിക്കും!
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍