UPDATES

കേരളം

കേരളാ കോണ്‍ഗ്രസ് മേജര്‍ സെറ്റ് കഥകളി :മാണി സാര്‍ വക!

അഡ്വ. കോണ്‍സ്റ്റന്റൈന്‍ യോഹന്നാന്‍
 
അന്ന് ഒരു അവധി ദിവസം ആയിരുന്നു. അതുകൊണ്ട് കട്ടന്‍ കാപ്പിയും മനോരമയും ആയി കുറച്ചു നേരം കൂടി ഇരിക്കാം എന്നാണു കരുതിയത്. അപ്പോഴാണ് ഗേറ്റിനു വെളിയില്‍ ഒരു കാര്‍ ഇരച്ചു കൊണ്ട് നിര്‍ത്തിയതും ഗേറ്റ് ആരോ ചവിട്ടി തുറന്നതും. ഡാ വക്കീലെ… എന്ന വിളി കേട്ടപ്പഴേ ഞാന്‍ അപകടം മണത്തു. ഇന്നത്തെ ദിവസം പോയി കിട്ടി. ‘മാത്യു പുന്നൂസ് ചാമക്കാല’. അവന്‍ മാത്രമേ ഇങ്ങനെ ഈ വെളുപ്പാന്‍ കാലത്ത് ഒച്ചയിട്ടും കൊണ്ട് ധൈര്യത്തില്‍ കയറി വരൂ.
 
ഇവനെ ഞങ്ങള്‍ മത്തായി എന്ന് വിളിക്കും, അവന്റെ അപ്പന്റെ പേര് ആയ പുന്നൂസ് എന്നും വിളിക്കും. ചാമക്കാലന്‍ എന്നും വിളിക്കും. ഇനി അഥവാ ഒന്നും വിളിച്ചില്ലാ എങ്കില്‍ കൂടിയും മത്തായി ‘എന്നാടാ കൂവേ” എന്ന് വിളി കേള്‍ക്കും. മത്തായി പത്തനംതിട്ട സ്വദേശിയാണ്. കൃത്യമായി പറഞ്ഞാല്‍ റാന്നി. ഇവന്‍ പ്ലാന്ററാണ്. അപ്പനപ്പൂപ്പന്മാര്‍ ആയി ഉണ്ടാക്കി കൊടുത്ത കോടിക്കണക്കിനു സ്വത്തും പ്ലാന്റെഷന്‍ ബിസിനസ്സും കേരളാ കോണ്‍ഗ്രസ്സും ഇപ്പോള്‍ നോക്കി നടത്തുന്നത് മത്തായിയാണ്. മത്തായിക്ക് പേരിന്റെ കൂട്ടത്തില്‍ ഒരു അഡ്വ .ഉണ്ടെങ്കിലും മത്തായിക്ക് ഈ ലോകത്ത് അറിയാന്‍ പാടില്ലാത്ത ഒറ്റ കാര്യമേ ഉള്ളൂ. ‘നിയമം’.
 
ഇങ്ങനെയെല്ലാമുള്ള മത്തായി ആണ് ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ഒച്ചയിട്ട് വന്നു കേറിയിരിക്കുന്നത്. തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും സ്വര്‍ണ മാലയും ബ്രെയ്സ്ലട്ടും ഒക്കെ അണിഞ്ഞു മത്തായി തനി അച്ചായന്‍ പരുവത്തില്‍ ആണ് നില്പ്.
 
മത്തായി വന്നാല്‍, മത്തായിക്ക് നമ്മള്‍ ഒരു ദിവസം എഴുതി കൊടുക്കണം. അല്ലെങ്കില്‍ മത്തായി അത് എഴുതി എടുക്കും. ഇന്ന് മത്തായിക്ക് ഇവിടെ മാണി സാര്‍ പങ്കെടുക്കുന്ന ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കണം. അത് പറയാന്‍ വിട്ടു പോയി മത്തായി ഇപ്പോള്‍ മാണി സാറിന്റെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്.
 
അതു കഴിഞ്ഞു മിനിസ്റ്ററെ കാണണം. വിശ്വാസികള്‍ മക്കയില്‍ പോയി ചെകുത്താന്‍ കല്ല് എറിയുന്നത് പോലെ ഉള്ള ചടങ്ങ് ആണ്, തിരുവനന്തപുരത്ത് വന്നാല്‍ പത്തനംതിട്ടക്കാര്‍ മിനിസ്ടരെ കാണുന്നത്. മിനിസ്റ്ററെ കണ്ടു കഴിഞ്ഞാല്‍ കോവളത്ത് പോയി കടലില്‍ കുളിക്കണം. അശോകയില്‍ റൂഫ് ഗാര്‍ഡനില്‍ ഇരുന്നു രണ്ടു സ്മാള്‍ അടിക്കണം. മടങ്ങി പോണം. ഇതിനൊക്കെ ഈ ഞാന്‍ അകമ്പടി പോണം. തിരുവനന്തപുരത്ത് ജനിച്ചു പോയാല്‍ ഉള്ള ഓരോ പുകിലേ!
 
കൂടുതല്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാനോ എന്തെങ്കിലും ഒഴിവു കഴിവ് പറയാനോ സമ്മതിക്കാതെ മത്തായി എന്നെ ബാത്രൂമില്‍ തള്ളി കേറ്റി.
 
 
കക്കൂസില്‍ ഇരുന്നു ഞാന്‍ ചിന്തിച്ചത് മത്തായിയെ കുറിച്ച് അല്ല. മത്തായീടെ നേതാവ് മാണി സാറിനെ കുറിച്ച് ആണ്. വാണം വിട്ട പോലെ അല്ലെ മാണി സാറിന്റെ വളര്‍ച്ച. വളര്‍ന്നും പിളര്‍ന്നും മാണി സാര്‍ കുത്തനെ വളര്‍ന്നു. ആദ്യം അത് ദില്ലി വരെ ചെന്നു. ഇന്ത്യാക്കാരുടെ ഭാഗ്യത്തിന് മാണി സാര്‍ അന്ന് കേന്ദ്ര മന്ത്രി ആയില്ല.
 
പാലായും തിരുവനന്തപുരവും മടുത്തപ്പോള്‍ വിശ്വമാനവികതയോളം വളരണം എന്ന് മാണി സാറിനു ഒരു പൂതി. അതിനു പറ്റിയ സ്ഥലം ഇംഗ്ലണ്ട് ആണ്. നേരെ അവിടെയ്ക്ക് ടിക്കറ്റ് എടുത്തു. അവിടെയുള്ള പാലാക്കാരെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി. എവിടെ വച്ച് കാണും എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മാണി സാറിന്റെ അയല്‍വാസി തരകന്‍ പറഞ്ഞത്, ബ്രിട്ടീഷു പാര്‍ലമെന്റു കെട്ടിടത്തിനോട് ചേര്‍ന്ന് ഒരു ഹാള്‍ ഉണ്ട്. അമ്പത് പൌണ്ട് കൊടുത്താല്‍ ഒരു മണിക്കൂര്‍ വാടകയ്ക്ക് കിട്ടും. മൈക്ക് സെറ്റും ഫ്രീ ആണ്. അങ്ങനെ അമ്പത് പൌണ്ട് കൊടുത്തു അത് സബൂറാക്കി. 
 
മാണി സാര്‍ ലണ്ടനില്‍ ഉള്ള പാലാക്കാരെ മുഴുവന്‍ അവിടെ വിളിച്ചു കൂട്ടി. ‘കൊശീച്ചായോ എന്നാ ഉണ്ട് വിശേഷം’, വര്‍ക്കിച്ചായോ ത്രേസ്സിയാമ്മ ചേട്ടത്തിക്ക് സുഖം തന്നെ അല്ലിയോ’ ഇങ്ങനെ കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല. സെക്യൂരിറ്റി വന്നു ഒടുക്കം ഇറക്കി വിടുകയായിരുന്നു. ഈ വിവരം ഒക്കെ അറിഞ്ഞ മനോരമ അടുത്ത ദിവസം എഴുതി. ‘മാണി സാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചു’.
 
ഇങ്ങനെയെല്ലാമുള്ള മാണി സാര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ആണ് ഞാന്‍ ഇന്ന് മത്തായീടെ കൂടെ പങ്കെടുക്കുന്നത്. എന്റെ ചങ്കു പിടഞ്ഞു.
 
ബാത്രൂമിലെ കലാ പരിപാടികള്‍ വേഗം തീര്‍ത്തു ഞാന്‍ ഇറങ്ങി. ഭാര്യ ഉണ്ടാക്കിയ പുട്ടും ചെറു പയറു തോരനും പപ്പടവും കഴിച്ചു ഞാനും മത്തായിയും ആ ദിവസത്തിന് തുടക്കം കുറിച്ചു. മത്തായീടെ അഭ്യര്‍ഥന മാനിച്ചു വല്ലപ്പോഴും പാര്‍ട്ടി മീറ്റിങ്ങിനു ഇടാറുള്ള ഖദറും വലിച്ചു ചുറ്റി ഞാന്‍ ഇറങ്ങി.
 
മത്തായി വക ഷെവര്‍ലെ കാറിന്റെ മുന്‍സീറ്റില്‍ എല്ലാം തികഞ്ഞ ഒരു കേരളാ കോണ്‍ഗ്രസുകാരനെ പോലെ ഞാന്‍ ഞെളിഞ്ഞിരുന്നു. കാറ് വൈ.എം.സി.എയുടെ മുന്നില് ചെന്ന് നിന്നു.ഇവിടെയാണ് ഇന്ന് പാര്‍ട്ടി സമ്മേളനം. സമ്മേളന നഗരി നിറയെ ഒരേ തരം കേരളാ കോണ്‍ഗ്രസുകാര് ഒരു പുല്ലിനും മിച്ചമില്ലാതെ ചുറ്റി തിരിയുന്നു. ഞാനും മത്തായിയും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു. 
 
അന്ന് ഞാന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി. ഓരോ കേരളാ കോണ്‍ഗ്രസുകാരനും ഓരോ രണ്ടു മിനിട്ടിനു ഇടയ്ക്കും മാണി സാര്‍, എന്നും അച്ചായോ എന്നും പറയും. ഞാന്‍ എന്റെ അടുത്ത് കണ്ട ഒരു മുതുക്കന്‍ അച്ചായനോട് ചുമ്മാ തട്ടി വിട്ടു.
 
‘മാണി സാര്‍ ഉടന്‍ വരും. അച്ചായന് സന്തോഷം ആയി. അച്ചായന്‍ പറഞ്ഞു. ‘അതെ മാണി സാര്‍ വരും’.ഭൂമി മലയാളം മുഴുക്കെയും അതിന്റെ മുഖ്യമന്ത്രിയെ വരെയും ഭരിക്കുന്ന മാണി സാര്‍ ഉണ്ടോ ഈ തുക്കടാ മീറ്റിങ്ങിനു സമയത്തിന് വരുന്നു. മാണി സാര്‍ ഇപ്പ വരും എന്നും പറഞ്ഞു അച്ചായന്മാര്‍ അങ്ങനെ കാത്തിരിക്കുകയാണ്. \
 
എനിക്ക് ആണെങ്കില്‍ ഇത് കഴിഞ്ഞു വേണം മത്തായിയെയും കൊണ്ട് കടക്കാന്‍. എന്റെ കുരു പൊട്ടി. ഞാന്‍ ആത്മഗതം എന്ന പോലെ പറഞ്ഞു. മാണി സാര്‍ ഇനിയും വരാന്‍ വൈകിയാല്‍ ഞാന്‍ പാര്‍ട്ടി വിടും. എന്റെ അടുത്ത് ഇരുന്ന ഒരു കുടവയറന്‍ അത് കേട്ടു. അദ്ദേഹം നീട്ടി ചോദിച്ചു. ‘അച്ചായോ പാര്‍ട്ടി വിടും എന്നത് കൊണ്ട് ഒരു പിളര്‍പ്പാണോ ഉദ്ദേശിക്കുന്നത്. ഞാന്‍ തട്ടി വിട്ടു. ‘അതെ’, കുടവയറന്‍കേറി സീരിയസ് ആയി. ‘കടുത്തുരുത്തി സീറ്റ് തരുകയാണെങ്കില്‍ ഞാനും കൂടെ വരാം’. ഞാന്‍ കയ്യോടെ കടുത്തുരുത്തി സീറ്റ് അയാള്‍ക്ക് കൊടുത്തു.
 
സമ്മേളന നഗരി മുഴുവന്‍ കാട്ടുതീ പോലെ ഞാന്‍ പാര്‍ട്ടി പിളര്‍ത്തുന്ന കാര്യം പരന്നു. ഞാന്‍ അവിടെ ചുമ്മാ ഇരുന്നപ്പം, കൊല്ലം, വയനാട്, കാസര്‍കോട് ജില്ലകളിലെ നേതാക്കന്മാര്‍ എന്നെ വന്നു കണ്ടു പിന്തുണ അറിയിച്ചു. അതോടെ ഞാനും സീരിയസ് ആയി!
 
ഞാന്‍ ചില ക്യാന്‍വാസിങ്ങ് ഒക്കെ തുടങ്ങി. ഒന്ന് രണ്ടു പേര്‍ക്ക് ഞാന്‍ നിയമസഭാ സീറ്റ് കൊടുത്തു. ഒരു തെണ്ടിക്ക് റബ്ബര്‍ ബോര്‍ഡ് കൊടുത്തു. വേറെ ഒരുത്തനെ രാജ്യസഭയില്‍ അയച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാണി സാറിന്റെ പാര്‍ട്ടിയുടെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും എന്നെ പിന്തുണച്ചു. ചിലര് എന്നെ ചെയര്‍മാന്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. ചിലര് ലീഡര്‍ എന്നും വിളിച്ചു. ആര്‍ക്കും എന്റെ പേര് മാത്രം അറിയില്ല. പക്ഷെ എന്റെ കൂടെ വരാന്‍ എല്ലാരും തയാര്‍.
 
ഞാന്‍ നോക്കുമ്പം ഒരു ഇരുപത്തി അഞ്ചു വയസ്സ് മതിക്കുന്ന ചെറുപ്പക്കാരന്‍ ഒഴിഞ്ഞു മാറി ഒന്നിലും താല്പര്യം ഇല്ലാതെ നില്ക്കുന്നു. ഞാന്‍ അവനെ അടുത്ത് വിളിച്ചു. ‘പേര് എന്താ’, അവന്‍ പറഞ്ഞു. ‘ബിലീഷ് ‘, ഞാന്‍ തട്ടി വിട്ടു. യൂത്ത് ഫ്രണ്ട് ബിലീഷിനെ ആണ് ഞാന്‍ എല്പ്പിക്കാന്‍ പോണത്. മൂവാറ്റുപുഴ സീറ്റും ബിലീഷിനു തരും. എന്റെ കൂടെ വരുന്നോ? ആ ചെറുക്കന്‍ പറഞ്ഞു. ഞാന്‍, കോട്ടയത്ത് നിന്നു ഇവര്‍ വന്ന വണ്ടീടെ ഡ്രൈവര്‍ ആണ്. എന്നാലും വരാം.  
                                                              
ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പിളര്‍ന്ന് എന്റെ കൂടെ വരാന്‍ തയാറായെങ്കിലും മാണി സാറിന്റെ സ്വന്തം തട്ടകം ആയ കോട്ടയവും ചുറ്റും ഉള്ള ജില്ലകളും ആദ്യം ഒന്ന് അറച്ചു നിന്നു.
 
കോട്ടയത്തിന്റെ നേതാവ് അബ്രഹാം പൗലോസ് എന്ന അച്ചായന്‍ ആണ്. അച്ചായന്‍ വന്നു എന്നോട് ചോദിച്ചു. ‘റബ്ബര്‍ ബോര്‍ഡ് എനിക്ക് തരാമോ. എങ്കില്‍ ഞാനും വരാം. എന്റെ ചങ്ക് ഒന്ന് പിടഞ്ഞു. അര മണിക്കൂര്‍ കൊണ്ട് എന്നെ ഞാന്‍ ആക്കിയ മാണി സാറിനെ സ്വന്തം തട്ടകം ചതിക്കുകയാണ്. അവസാന കാലത്ത് കെ.എം മാണി സിന്ദാബാദ് എന്ന വിളി കേള്‍ക്കാന്‍ എന്റെ മാണി സാറിനു കഴിയില്ലേ.
 
എനിക്കാണെങ്കില്‍ വീട് ആയി, കാര്‍ ആയി. അത്യാവശ്യം ബാങ്ക് ബാലന്‍സും ഉണ്ട്. സ്വന്തം വക്കീല്‍ ആപ്പീസും നാലഞ്ചു ജൂനിയര്‍മാരും അത്യാവശ്യം കേസും ഉണ്ട്. ഇവിടെ നിന്നു പിളര്‍ന്നു ചെന്ന് ഏതെങ്കിലും മുന്നണിയില്‍ കേറിയാല്‍ കുറച്ചു നിയമസഭാ സീറ്റും പാര്‍ലമന്റ് സീറ്റും കിട്ടും. ബോര്‍ഡുകളും കോര്‍പ്പറേഷനുകളും വേറെ. മുന്നണിക്ക് ഭരണം കിട്ടിയാല്‍ ഞാന്‍ മന്ത്രിയും ആകും. പാവം മാണി സാറിനു ഇനി എന്തുണ്ട്. എന്റെ പിഞ്ചു ഹൃദയം തേങ്ങി.
                                                           
മാണി സാറിനെ ഇനി എന്ത് ചെയ്യും. ഒരു കാര്യം ചെയ്യാം. മാണി സാറിനെ, ചാവടി മുക്കിലെ ഷാജീടെ വര്‍ക്ക്ഷോപ്പില്‍ കൊണ്ട് ചെന്ന് നിര്‍ത്താം. അവന്‍ ദിവസം പത്തു നൂറു രൂപാ കൊടുക്കേം ചെയ്യും. മാണി സാറിനു ഒരു കൈത്തൊഴില്‍ പഠിക്കുകയും ചെയ്യാം. അതുമല്ലാ എങ്കില്‍ ലെവി മേശിരീടെ കൂടെ പെയിന്റിങ്ങിന് വിടാം. അതാകുമ്പം ഹെല്‍പര്‍ ആയി നിന്നാലും നാനൂറു രൂപാ കിട്ടും. മാണി സാറിനു വേറെ ദു:ശീലം ഒന്നും ഇല്ലാത്തത് കൊണ്ട് വല്ലതും മിച്ചവും പിടിക്കാം. ഇങ്ങനെ പോയി എന്റെ ചിന്തകള്.
 
അപ്പുറത്ത് എവിടെയോ ചുറ്റി തിരിഞ്ഞു നിന്ന മത്തായി പാര്‍ട്ടി പിളരുന്ന വിവരം അറിഞ്ഞു ഓടികിതച്ചു വന്നു. അപ്പോള്‍ ഉണ്ട് പാര്‍ട്ടിയില്‍ ഇല്ലാത്ത ഞാന്‍ ആണ് പാര്‍ട്ടി പിളര്‍ത്തുന്നത്. മത്തായി എന്നെ വലിച്ചു പുറത്തു കൊണ്ട് വന്നു. ‘ഒരു നിമിഷം പോലും നീ ഇവിടെ നില്ക്കരുത്’, മത്തായി ഗര്‍ജ്ജിച്ചു.
 
എന്റെ രാഷ്ട്രീയ സ്വപ്നങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു. എന്റെ പിഞ്ചു ഹൃദയം വീണ്ടും തേങ്ങി. ഞാന്‍ വേദനയോടെ പടിയിറങ്ങി.
 
ഇന്നും മാണി സാറിന് അറിയില്ല. എന്റെ ഔദാര്യത്തില്‍ ആണ് അദ്ദേഹം പല പദവികളും വഹിക്കുന്നതെന്ന്‍!                    
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍