UPDATES

സയന്‍സ്/ടെക്നോളജി

ഹരിതോര്‍ജ്ജത്തിന് ഇനിയും വില കുറയണം

ബ്യോണ്‍ ലോംബോര്‍ഗ്
(സ്ലേറ്റ്)

1971-ല്‍ ലോകത്തെ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ 13.2 % പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോസ്തസ്സുകളില്‍ നിന്നായിരുന്നു. എന്നാല്‍ 2011-ലെത്തിയപ്പോളേക്കും അത് 12.99 ശതമാനമായി കുറയുകയാണുണ്ടായത്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി പുറത്തുവിട്ട കണക്കാണിത്. എന്നിട്ടും അമേരിക്കക്കാര്‍ വിശ്വസിക്കുന്നത് 2035-ല്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ പങ്ക് 30.2% ആയിരിക്കുമെന്നാണ്; അത് വെറും 14.5 % മാത്രമാകാനാണ് സാധ്യതയെന്നാണ് വസ്തുതയെങ്കിലും.

നിലവില്‍പുനരുപയോഗിക്കാവുന്നഊര്‍ജത്തിന്റെ 1 ശതമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണു സൌരോര്‍ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജവും നല്‍കുന്നത്. ബാക്കിയെല്ലാം ജൈവ ഇന്ധനങ്ങളും അല്ലെങ്കില്‍ വിറകോ സസ്യഭാഗങ്ങളോ ആണ്. എന്നാല്‍ ഇതൊരു സുസ്ഥിര ഊര്‍ജ സ്രോതസല്ല.

ഇന്നിപ്പോള്‍ വികസ്വര രാജ്യങ്ങളില്‍ സംഭവിക്കുന്നതുപോലെ വിറകു കത്തിക്കുന്നത് വ്യാവസായിക വിപ്ലവത്തിന് മുമ്പ് പടിഞ്ഞാറന്‍ യൂറോപ്പില്‍ വന്‍തോതില്‍ വനനശീകരണത്തിന് ഇടയാക്കിയിരുന്നു. ജൈവ ഇന്ധനങ്ങളുണ്ടാക്കുന്ന അകമലിനീകരണം വര്‍ഷം തോറും ഏതാണ്ട് 3 ദശലക്ഷം ആളുകളെ കൊല്ലുന്നുണ്ട്. അതുപോലെ, പുത്തന്‍ ഊര്‍ജവിളകള്‍ വനനശീകരണത്തിനും, കാര്‍ഷിക  നാശത്തിനും ഇടവരുത്തുകയും, ഭക്ഷ്യവില കൂട്ടുകയും ചെയ്യുന്നു.
 

പുനരുപയോഗ ഊര്‍ജ ഉപഭോഗം കൂടുതലുള്ള രാജ്യങ്ങള്‍ ഏറ്റവും ദരിദ്ര രാജ്യങ്ങള്‍ കൂടിയാണ്. ആഫ്രിക്കയില്‍ ഇത് 50% ആണെങ്കില്‍ OECD രാജ്യങ്ങളില്‍ വെറും 8% മാത്രമാണ്.  OECDയിലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഇത് 11.8% ആണ്;ആഗോള ശരാശരിയെക്കാള്‍ വളരെ താഴെ.

കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൊണ്ട് മനുഷ്യരാശി പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നും അകലുകയായിരുന്നു എന്നു കാണാം. 1800-ല്‍ ലോകത്തെ ഊര്‍ജലഭ്യതയുടെ 94% ഇത്തരത്തിലായിരുന്നു. പിന്നീടിങ്ങോട്ട് അത് താഴേക്കുപോന്നു.

ഫോസില്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റം ഗുണപരമായ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 250 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയെ അപേക്ഷിച്ച് ബ്രിട്ടനില്‍ ഒരാള്‍ക്ക് 50 ഇരട്ടി കൂടുതല്‍ വൈദ്യുതി ലഭിക്കുന്നുണ്ട്, 250 മടങ്ങ് കൂടുതല്‍ യാത്ര ചെയ്യുന്നുണ്ട്, 37,500 മടങ്ങ് കൂടുതല്‍ പ്രകാശമുണ്ട്. വരുമാനം 20 മടങ്ങാണ് ഉയര്‍ന്നത്.

ഫോസില്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റം പാരിസ്ഥിതികമായും നേട്ടമുണ്ടാക്കി. മണ്ണെണ്ണയുടെ ഉപയോഗം തിമിംഗല എണ്ണയ്ക്ക് വേണ്ടിയുള്ള വേട്ടയാടലിനാല്‍ വംശനാശത്തിന്റെ വക്കോളമെത്തിയ തിമിംഗലങ്ങളെ രക്ഷിച്ചു. കല്‍ക്കരി യൂറോപ്പിലെ കാടുകളേയും. വൈദ്യുതീകരണത്തോടെ പുറംവായുമലിനീകരണത്തെക്കാള്‍ എത്രയോ അപകടകാരിയായ അകമലിനീകരണം വികസിത ലോകത്തുനിന്നും ഏതാണ്ട് ഇല്ലാതാക്കാനായി.

ഇതുകൊണ്ടുണ്ടായ മറ്റൊരു പാരിസ്ഥിതിക നേട്ടംകൂടി പലപ്പോളും വിസ്മരിക്കാറുണ്ട്. 1910-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഏതാണ്ട് 30% കൃഷിഭൂമിയും കുതിരകള്‍ക്കും കഴുതകള്‍ക്കുമുള്ള തീറ്റ ഉണ്ടാക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. ട്രാക്ടറുകളും കാറുകളും വന്നതോടെ കൃഷിഭൂമികള്‍ ഈ ഭാരത്തില്‍ന്നിന്നും വിമുക്തമായി.

തീര്‍ച്ചയായും ഫോസില്‍ ഇന്ധനങ്ങള്‍ അവയുടേതായ ഒരുപാട് പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. സാങ്കേതിക മുന്നേറ്റങ്ങള്‍ അന്തരീക്ഷ മലിനീകരണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും,CO2 ബഹിര്‍ഗമനം വലിയ പ്രശ്നമായി തുടരുകയാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്ക് തിരിച്ചുപോകണമെന്ന ആഗോള മുറവിളിയുടെ കാരണവും ഇതാണ്.

കാറ്റ്,സൌര ഊര്‍ജ ഉപയോഗം വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. 1990-നു ശേഷം കാറ്റില്‍ നിന്നുള്ള ഊര്‍ജോത്പാദനം 26 %-വും സൌരോര്‍ജം 48%-വും കണ്ടാണ് ഉയര്‍ന്നത്. പക്ഷേ ശൂന്യതയില്‍നിന്നുള്ള ഈ വളര്‍ച്ച വലിയ ചലനമുണ്ടാക്കാന്‍ പോന്നവയല്ല. 1990-ല്‍ ആഗോള ഊര്‍ജോത്പാദനത്തിന്റെ 0.0038 ശതമാനമാണ് കാറ്റില്‍ നിന്നുള്ള ഊര്‍ജമെങ്കില്‍ ഇന്നത് 0.29 ശതമാനത്തിലെ എത്തിയിട്ടുള്ളൂ. സൌരോര്‍ജമാകട്ടെ ഏതാണ്ട് പൂജ്യത്തില്‍ നിന്നും 0.04 ശതമാനത്തിലേക്കും.

ഡന്‍മാര്‍ക്കിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 34 ശതമാനവും കാറ്റില്‍ നിന്നുമാണ്. പക്ഷേ അവരുടെ മൊത്തം ഊര്‍ജോപഭോഗത്തിന്റെ  18% മാത്രമാണു വൈദ്യുതി ഉപഭോഗം.യൂറോപ്പില്‍ ഇപ്പോള്‍ മൊത്തം ഊര്‍ജത്തിന്റെ 1 ശതമാനം കാറ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. എന്നാലിത് വ്യാവസായിക വിപ്ലവ കാലത്തിനു മുമ്പത്തേക്കാള്‍ കുറവാണെന്നത് വേറെ കാര്യം. അന്ന് ഇതിന്റെ അളവ് 2 ശതമാനമായിരുന്നു. ബ്രിട്ടനില്‍ 1805-ല്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജോത്പാദനം 2.5 ശതമാനത്തിലെത്തി. ഇന്നുള്ളതിന്റെ ഏതാണ്ട് മൂന്നു മടങ്ങ് കൂടുതല്‍.

വരുംകാലങ്ങളിലും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ലോകത്തെ സര്‍ക്കാരുകളെല്ലാം തങ്ങളുടെ ഹരിത വാഗ്ദാനങ്ങളെല്ലാം പാലിച്ചാല്‍ 2035-ഓടെ ആഗോള ഊര്‍ജോത്പാദനത്തിന്റെ 1.34% കാറ്റില്‍ നിന്നും, 0.42% സൌരോര്‍ജവുമായിരിക്കും എന്നാണ് IES-യുടെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ റിപ്പോര്‍ട് പോലും പറയുന്നത്. മൊത്തത്തില്‍ പുനരുപയോഗ ഊര്‍ജം  ഏതാണ്ട് 1.5% ഉയര്‍ന്ന് 2035-ഓടെ 17.5% വളര്‍ച്ച നേടിയേക്കാം. അസംഭവ്യമെങ്കിലും അമിതപ്രതീക്ഷക്കാര്‍ക്കിത്  17.9% വരെ കണക്കാക്കാം.
 

അപ്പോള്‍ അടുത്തൊന്നും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗത്തിലേക്ക് നമ്മളെത്തില്ലെന്ന് ചുരുക്കം. അമേരിക്കന്‍ ഐക്യനാടുകളില്‍ 1949-ല്‍ പുനരുപയോഗ ഊര്‍ജത്തിന്റെ പങ്ക് 9.4% ആയിരുന്നു. എന്നാല്‍ 2040 ആകുമ്പോള്‍ ഇത് നിസ്സാരതോതില്‍ വര്‍ധിച്ചു 10.8% മാത്രമാകും എന്നാണ് കണക്കാക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ഇതിന്റെ പങ്ക് 1971-ല്‍ 40 ശതമാനമായിരുന്നതില്‍ നിന്നും 11 ശതമാനത്തിലേക്കെത്തി; 2035-ല്‍ ഇത് വെറും 9% ആയിരിയ്ക്കും.

ശുദ്ധമായ ഊര്‍ജത്തിനായി വലിയ തോതിലാണ് പണമൊഴുകുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഈ രംഗത്ത് നിക്ഷേപിച്ചത്1.6 ട്രില്ല്യന്‍ ഡോളറാണ്. 2020-ഓടെ പുനരുപയോഗ ഊര്‍ജത്തെ കൂടുതലാശ്രയിക്കാനുള്ള നടപടികളോടെ ഈ മേഖലയിലെ യൂറോപ്യന്‍ യൂണിയന്റെ ചെലവ് പ്രതിവര്‍ഷം 250 ബില്ല്യണ്‍ ഡോളറാകും.

സ്പെയിന്‍ അതിന്റെ ജി ഡി പി-യുടെ ഏതാണ്ട് 1% ഇതിനായാണ് ഉപയോഗിക്കുന്നത്;അതായത് ഉന്നത വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിനെക്കാള്‍ കൂടുതല്‍. ഈ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആഗോള താപനം 62 മണിക്കൂര്‍ നേരത്തേക്ക് നീട്ടിവെക്കാനാണ് സ്പെയിനിന്റെ ഈ വന്‍ നിക്ഷേപം സഹായിക്കുക.

ലളിതമായ ഒരൊറ്റ കാരണംകൊണ്ടാണ് ഹരിതോര്‍ജ പദ്ധതികള്‍ പൊളിയുന്നത്; താങ്ങാനാവാത്ത ചെലവ്. ചെലവ് കുറവാണെന്ന് അവകാശപ്പെടുമെങ്കിലും വസ്തുത നേരെ തിരിച്ചാണ്. അല്ലെങ്കില്‍ ഈ കാലാവസ്ഥ പ്രശ്നം തന്നെ നേരിടേണ്ടി വരില്ലായിരുന്നു.

പുനരുപയോഗ ഊര്‍ജത്തിന്റെ വില താഴോട്ട് കൊണ്ടുവരിക എന്നതുതന്നെയാണ് പരിഹാരം. ഇതിന് ഗവേഷണ, വികസന പ്രവര്‍ത്തങ്ങള്‍ക്കായി നല്ലൊരു തുക ചെലവാക്കേണ്ടി വരും. ഹരിതോര്‍ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ ലാഭകരമാകുന്നതോടെ ലോകം ഇതിനെ ഏറ്റെടുക്കും. വെറുതെ സ്വപ്നം കണ്ട് സമയം കളയുന്ന നേരം ഹരിതോര്‍ജ ഗവേഷണ,വികസന പ്രവര്‍ത്തനങ്ങള്‍ക്കായി  പണം നല്‍കുകയാണ് വേണ്ടതെന്ന് മാത്രം.

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍