UPDATES

നാണമില്ലാത്ത മലയാളിയെ കുറുപ്പ് പഠിപ്പിക്കുന്ന പാഠങ്ങള്‍

ടീം അഴിമുഖം
 
ശ്വേതാ മേനോന്‍ ഒരു ശരാശരി മലയാളിയല്ല, അതിനൊപ്പം ഒട്ടും യാഥാസ്ഥിതികയുമല്ല. സുന്ദരിയാണ്, കേരള സമൂഹത്തിലെ ശരാശരി സ്ത്രീകളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ 'ബോള്‍ഡു'മാണ്. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാം. കേരളത്തിനു പുറത്താണ് ശ്വേത വളര്‍ന്നതും തന്റെ കരിയര്‍ കരുപ്പിടിപ്പിച്ചതും. കാമസുത്ര പരസ്യത്തില്‍ അഭിനയിച്ച ശ്വേതയെ ഒരു ശരാശരി മലയാളി മാതാപിതാക്കള്‍ക്ക് നെറ്റി ചുളിക്കാതെ കാണാനുമാകില്ല. ഇവരില്‍ തന്നെ ആണുങ്ങളെങ്കിലും ഈ പരസ്യത്തേയും ശ്വേത തന്റെ സിനിമകളില്‍ അവതരിപ്പിച്ച മറ്റനേകം കഥാപാത്രങ്ങളേയും കുറ്റപ്പെടുത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. എന്നാല്‍ ഭുരിപക്ഷം പേരും ശ്വേത അവതരിപ്പിച്ച കഥാപാത്രങ്ങളെ മനസില്‍ സൂക്ഷിക്കുന്നുണ്ടാകണം, തങ്ങളുടെ രഹസ്യ ആഗ്രഹങ്ങളില്‍ ശ്വേതാ മേനോന്‍ ഉണ്ടെന്ന് പറയാന്‍ മലയാളിയുടെ ഇരട്ടത്താപ്പ് സമ്മതിക്കുന്നില്ലെങ്കില്‍ കൂടിയും. 
 
ശ്വേതയ്ക്ക് 39 വയസായി (ചലച്ചിത്ര താരങ്ങള്‍ സാധാരണ പ്രായം വെളിപ്പെടുത്താന്‍ മടിക്കുമ്പോള്‍ അക്കാര്യം രഹസ്യമാക്കാന്‍ കൂട്ടാക്കാത്ത സ്ത്രീയാണ് ശ്വേത). അതു പോലെ തന്നെ അവര്‍ പ്രശസ്തയുമാണ്. പേരിനു വേണ്ടി ഒരു അപവാദം ഉണ്ടാക്കാനോ അത് പ്രചരിപ്പിക്കാനോ ശ്വേതയെ പോലൊരാള്‍ക്ക് ആവശ്യമുണ്ടെന്ന് സാമാന്യബുദ്ധിയുള്ള ഒരാളും പറയുകയുമില്ല. കൊല്ലം എം.പി പീതാംബര കുറുപ്പിനെതിരെ ശ്വേത ഉയര്‍ത്തിയ പരാതിയും അതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും ചില കാര്യങ്ങള്‍ കേരളത്തില്‍ ഒരിക്കലും മാറില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്. അതു പോലെ തന്നെ കാലത്തിനൊപ്പം മാറേണ്ട പല കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ടെന്നുള്ള ഒരു തിരിച്ചറിവും ഈ സംഭവം വെളിവാക്കുന്നു.  
 
മൈക്ക് കിട്ടിയാല്‍ മണിക്കൂറുകളോളം മാര്‍ക്‌സിസ്റ്റുകാര്‍ക്കെതിരെ പ്രസംഗിക്കുക എന്ന ജീവിത ലക്ഷ്യമാണ് കുറുപ്പിന്റേത്. കുറുപ്പ് ഒരു നല്ല പ്രാസംഗികനുമാണ്. സി.പി.എമ്മിനെതിരെയും, ചിലപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ പോലും മുനവെച്ചും വിഷം വച്ചും ഒക്കെ വാതോരാതെ സംസാരിക്കാനുമറിയാം. പ്രായം 70 കഴിഞ്ഞു. വര്‍ഷങ്ങളായി ലളിത ജീവിതം നയിക്കുന്ന ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഐ ഗ്രൂപ്പില്‍ കെ. കരുണാകരനോട്, ഒരു പക്ഷേ ഏറ്റവും വിധേയത്വം പുലര്‍ത്തിയിരുന്ന നേതാവ്. ഇതൊക്കെയാണെങ്കിലും സി.പി.എം കുറുപ്പിനെ അത്ര കാര്യമാക്കാറില്ല. കൈയടി കിട്ടുമെങ്കിലും ജനം കുറുപ്പിന്റെ വാക്കു കേട്ട് വോട്ടു ചെയ്യില്ലെന്ന് സി.പി.എമ്മിന് നന്നായറിയുകയും ചെയ്യാം. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒരിക്കലും കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിട്ടുമില്ല. ഇതെല്ലാം ശ്വേതാ മേനാന്‍ കുറുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനു മുമ്പുള്ള കാര്യങ്ങള്‍. ഇപ്പോള്‍ കുറുപ്പ് 'അതി പ്രശസ്ത'നാണ്. 
 
കുറിപ്പിനെ അറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന ഒരു കാര്യമുണ്ട്. തന്റെ ലാളിത്യം കൊണ്ട് കാണുന്നവരെയെല്ലാം കീഴടക്കാനുള്ള ഒരു ശ്രമം കുറുപ്പിനുണ്ട്. കുറുപ്പ് അങ്ങനെയാണ്. ഒരാളോട് അദ്ദേഹം സ്‌നേഹം കാണിക്കുന്നത് കൈപിടിച്ചു സംസാരിച്ചും തോളില്‍ തട്ടിയുമൊക്കെയാണ്. ഇതിലൊന്നും തെറ്റു പറയാനില്ല. എന്നാല്‍ കുറുപ്പിന്റെ 'സ്‌നേഹസ്പര്‍ശം' എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് കരുതരുത്. 
 
ശ്വേതാ മേനോനോട് പിതൃതുല്യമായ വാത്സല്യമാണ് താന്‍ കാണിച്ചതെന്ന കുറുപ്പിന്റെ ന്യായീകരണത്തെ മുഖവിലയ്‌ക്കെടുക്കാനാകില്ല. കാരണം ശ്വേതാ മേനോന്‍ കുറുപ്പുമായി ദീര്‍ഘപരിചയമുള്ള ഒരാളാകാന്‍ വഴിയില്ല. ഈയൊരറ്റ കാരണത്താല്‍ തന്നെ കുറുപ്പിന്റെ  അടുപ്പ പ്രകടനംം നിയന്ത്രിക്കേണ്ടതായിരുന്നു. കുറുപ്പ് ഒരു പൊതു പ്രവര്‍ത്തകനാണ്. അങ്ങനെയുള്ള ഒരാള്‍ മറ്റൊരാളുടെ വ്യക്തിത്വത്തെ പൊതുവേദിയിലും അല്ലാതെയും മാനിക്കാന്‍ മറ്റാരേക്കാള്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ കുടിയാണ്. കാരണം, ഈ സംഭവം കഴിഞ്ഞതിനു ശേഷം മലയാളത്തിലെ ചില വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ചില ഡയലോഗുകളുണ്ട്. അതിന് പ്രതാപവര്‍മ തമ്പാനെ പോലുള്ളവരുടെ സാക്ഷ്യപ്പെടുത്താലും. കാമസുത്ര പരസ്യത്തില്‍ അഭിനയിക്കുകയും സ്വന്തം പ്രസവം ചിത്രീകരിക്കുക എന്ന 'മഹത്തായ പാപം' ചെയ്യുകയും ചെയ്ത ഒരു സിനിമാ നടി പൊതുസ്വത്താണ് എന്ന മലയാളി മനോഭാവം. 
 
100 ശതമാനം സാക്ഷരതയുണ്ടെന്നും പുരോഗമന ചിന്തയുടെ ഈറ്റില്ലമെന്നുമൊക്കെ മേനി നടിക്കുന്ന മലയാളിക്ക് എന്തുകൊണ്ടാണ് ഒരു സ്ത്രീക്ക് അവരുടേതായ വ്യക്തിത്വവും അന്തസും ഉണ്ടെന്ന മിനിമം സാമാന്യബുദ്ധിയെങ്കിലും ഉണ്ടാകാതെ പോകുന്നത്? കാരണം ശ്വേതയല്ല, ഏതു സ്ത്രീയാണെങ്കിലും തങ്ങളോട് മോശമായി പെരുമാറുന്നത് സഹിച്ചു നില്‍ക്കണം എന്നു പറയുന്നത് ഉളുപ്പില്ലാത്ത ആണ്‍കോയ്മാ ബോധം മാത്രമാണ്. അതിനു കൊടി പിടിച്ചു കൊടുക്കുന്ന മഹിളാ പ്രസ്ഥാനങ്ങളാകട്ടെ സ്വന്തം കുഴി തോണ്ടുകയുമാണ്. 
 
കുറുപ്പ് പിതൃവാത്‌സല്യം കാണിക്കേണ്ടിയിരുന്നത് ഒരു സ്ത്രീയെ ഉരസിയോ അവര്‍ക് അസ്വസ്ഥതയുണ്ടാക്കും വിധം പെരുമാറിയോ ആയിരുന്നില്ല. ശ്വേതയ്ക്ക് ആ വാത്സല്യത്തിന്റെ ആവശ്യവുണ്ടാകാന്‍ വഴിയില്ല. അപ്പോള്‍ അടിസ്ഥാന പ്രശ്‌നം നമ്മുടെ ആ മാറ്റമില്ലാത്ത ചില കാര്യങ്ങളാണ്. മറ്റുള്ളവരെ സ്പര്‍ശിച്ചു മാത്രം മുന്നോട്ടു പോകുന്നതാണ് നമ്മുടെ ജീവിതം. അത് ട്രാഫിക് ബ്ലോക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തിലാണെങ്കിലും ഒരു ക്യൂവില്‍ നില്‍ക്കുന്ന കാര്യത്തിലാണെങ്കിലും. അന്യന്റെ ശരീരത്തില്‍ തൊടുന്നതിനു മുമ്പ് 'സോറി', 'എക്‌സ്യൂസ്മീ' എന്നീ വാക്കുകള്‍ ഒക്കെ പറയുക എന്നത് മലയാളിയുടെ അന്തസിന് ചേര്‍ന്നതുമല്ലല്ലോ. എന്നാല്‍ കുറുപ്പ് സംഭവത്തോടെയെങ്കിലും ഓര്‍ക്കുക. അത്തരം മര്യാദകള്‍ ലോകത്തുണ്ട്. അത് ഓരോ ജീവിയുടേയും സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണെന്നും. 
 
ശ്വേത ഒരു അഭിനേതാവായിരിക്കാം, അല്ലായിരിക്കാം. അത് അവരുടെ ജോലിയാണ്. എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് മാത്രമാണു താനും. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ ധരിക്കട്ടെ. എന്നാല്‍ അതൊന്നും പൊതുലോകത്തിന് അവരെ തൊട്ടുരുമ്മാനോ  മോശം സ്ത്രീീയെന്ന് വിളിക്കാനോ ആര്‍ക്കും നല്‍കുന്ന ലൈസന്‍സല്ല. മലയാളി സമൂഹത്തിന്റെ ഇത്തരം ലൈംഗിക frustration- ന് ശ്വേതാ മേനോന്‍ അല്ല ഉത്തരവാദി. കൗമാരകാലം മുതല്‍ക്കെ തന്നെ ഇത്തരം കാര്യങ്ങള്‍ക്കു മേല്‍ മതവും സമൂഹവും നടത്തുന്ന അടിച്ചമര്‍ത്തലും അതുണ്ടാക്കുന്ന യാഥാസ്തിതിക മൂല്യബോധവുമാണ് മലയാളിയുടെ ദിവാസ്വപ്നങ്ങളും ഫാന്റസിയുമായി മാറുന്നത്. അത് പിന്നീട് ഒരു സ്ത്രീക്കും പുരുഷനും പാര്‍ക്കില്‍ പോയിട്ട് പൊതുസ്ഥലത്തു പോലും ഒരുമിച്ച് ഇരിക്കാനോ തുറിച്ചു നോട്ടങ്ങളില്ലാതെ കഴിയാനോ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. ശ്വേതയല്ല ഇതിനൊന്നും ഉത്തരവാദി. കുറുപ്പും അദ്ദേഹം ഉള്‍പ്പെടുന്ന രാഷ്ട്രീയ സമൂഹവും അതിനൊപ്പം, തീര്‍ച്ചയായും അഴിമുഖം ഉള്‍പ്പെടുന്ന മാധ്യമ സമൂഹവും പഴകിപ്പൊളിഞ്ഞ സദാചാരവാദം മുറുകെ പിടിക്കുന്ന പൊതുസമൂഹവും ഒക്കെ കൂടിയാണ്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍