UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

മാതൃത്വം – ചില സീരിയല്‍ കീഴ്വഴക്കങ്ങള്‍

കഴിഞ്ഞ വേനലവധിക്കാലത്ത്  എല്ലാ കാര്യങ്ങളും മാറ്റിവച്ച് കുറച്ച് ദിവസം പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം കേരളത്തില്‍ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. ബാംഗ്‌ളൂരില്‍ നിന്ന് ഒരു പാസഞ്ചര്‍ ട്രെയിനില്‍ കേരളത്തിലേക്ക്. നാടോടിക്കഥകളിലെ ക്ഷേത്രങ്ങള്‍ ഒക്കെയുള്ള വഴികളിലൂടെ എന്റെ ട്രെയിന്‍ കുതിച്ചു. എനിക്കൊപ്പം ഒരു കുടുംബമായി യാത്ര ചെയ്തിരുന്ന ഒരുപ്പറ്റം ആളുകളാണുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ അവരിലെ ഒരു സ്ത്രീ എന്നോട് കൂട്ടുകൂടാന്‍ ശ്രമിച്ചു. ഒരു യാത്രയില്‍ ഉന്നയിക്കാവുന്ന പതിവ് ചോദ്യങ്ങളാണ് അവര്‍ ആദ്യം എയ്തുവിട്ടത്. എങ്ങോട്ട് പോകുന്നു? എന്ന് തിരിച്ചു വരും? തുടങ്ങിയവയായിരുന്നു ബന്ധം ആദ്യ ചോദ്യങ്ങള്‍. അതിനൊക്കെ വ്യക്തമായ ഉത്തരങ്ങളും ഞാന്‍ നല്‍കി. കൂടുതല്‍ ചോദ്യങ്ങള്‍ പിന്നാലേ എത്തി. വിവാഹം? എത്ര കുട്ടികള്‍? അവര്‍ എന്ത് ചെയ്യുന്നു. എന്താണ് ഇപ്പോഴത്തെ യാത്രയ്ക്ക് പിന്നിലുള്ള കാരണം തുടങ്ങി നിരവധി ചോദ്യങ്ങള്‍. കുട്ടികളെ പോലും വീട്ടില്‍ വിട്ടിട്ട് നാട്ടിലേക്ക് പോകുന്നതിന് പിന്നില്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം കാണുമായിരിക്കും അല്ലേ എന്ന ചോദ്യത്തില്‍ അവര്‍ ഒന്നു നിര്‍ത്തി. അല്ല. അങ്ങനെ ഗൗരവപരമായി ഒന്നുമില്ലെന്നും വെറുതേ അങ്ങ് പോകുന്നുവെന്ന് കൂടി ഞാന്‍ പറഞ്ഞു. എന്നാല്‍ അതിനോട് അവരുടെ മറുപടി പെട്ടെന്നായിരുന്നു. തന്റെ കുട്ടികള്‍ താന്‍ അടുത്ത് ഇല്ലാതെ എവിടെയും നില്‍ക്കില്ലെന്നായിരുന്നു അവരുടെ മറപടി. അത് പറയുന്‌പോള്‍ അവരുടെ മുഖത്ത് അഭിമാനം നിഴലിച്ചുനിന്നു. കുട്ടികളെ അവരുടെ സംരക്ഷണ വലയത്തില്‍ നിന്ന് വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ അമ്മ പറഞ്ഞുവച്ചു. എന്തോ അത് കേട്ടപ്പോള്‍ ചില സംശയങ്ങള്‍ എന്റെ മനസിലൂടെ കടന്നുപോയി. എനിക്ക് വേണ്ടി മാത്രമായി കുറച്ച് സമയം മാറ്റിവയ്ക്കുന്നതും എടുക്കുന്നതും എന്നിലെ അമ്മയെ കുറച്ചുകാണിക്കുന്നതിന് തുല്യമാണോ? ഞാന്‍ ഉത്തരവാദിത്വമില്ലായ്മയാണോ കാണിക്കുന്നത്?
 
ഈ സംസാരം എനിക്ക് പരിചയമുള്ള ചില സ്ത്രീകള്‍ തിരഞ്ഞെടുത്ത മാര്‍ഗങ്ങളിലേക്കാണ് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 
 
ആദ്യമായി അമ്മയായി പിന്നീട്, മൂന്ന് മാസം മാത്രമുള്ള കുഞ്ഞിനെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന ആയയുടെ പക്കല്‍ ഏല്‍പ്പിച്ച് ജോലിക്ക് മടങ്ങേണ്ടിവന്ന കഥ. ഇവിടെ കുറഞ്ഞുവരുന്ന മാതൃത്വത്തെപ്പറ്റിയാണ് എല്ലാവരും വാചാലരായത്. അമ്മയാകാനും അത് വഴി മാതൃത്വം പുലര്‍ത്താനും മാത്രമുള്ള ഒരു വസ്തുവായിട്ടാണ് പലരും സ്ത്രീയെ കാണുന്നത്. ഉദ്യോഗപരമായ കാര്യങ്ങളിലേക്ക് അവര്‍ നീങ്ങിയാല്‍ മാതൃത്വത്തെ വലിച്ചെറിഞ്ഞവളാണെന്നും ഉത്തരവാദിത്വമില്ലാത്തവളാണെന്നും ചിത്രീകരിക്കപ്പെടുന്നു. അവളുടെ വ്യക്തിത്വത്തെ പോലും കണക്കിലെടുക്കാറില്ല. ഇത് സ്ത്രീക്ക് മാത്രം അനുഭവിക്കേണ്ടിവരുന്ന, അല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ഇവിടെ പുരുഷന്റെ റോളിനെക്കുറിച്ച് ആരും ചോദ്യം ചെയ്യാറില്ല. സ്ത്രീ മാതൃത്വത്തിലേക്ക് വരുന്നതുപോലെ പുരുഷനും പിതൃത്വത്തിലേക്ക് വരുന്നുണ്ട്. എന്നാല്‍ ഗര്‍ഭം ധരിച്ച് അമ്മയായ ശേഷം അവരുടെ ഉദ്യോഗമേഖലയിലേക്കും സ്വന്തം ഇഷ്ടങ്ങളിലേക്കും വഴിതിരിയുന്‌പോള്‍ സ്ത്രീ അവളുടെ ഉത്തരവാദിത്വങ്ങള്‍ മറക്കുന്നു എന്നു പഴി വരുന്നു. പുരുഷനോ, അത്തരം ചോദ്യങ്ങള്‍ ഉദിക്കുന്നു പോലുമില്ലല്ലോ! 
 
ഇനി മറ്റൊരു അമ്മയെ കുറിച്ച് പറയാം. അമ്മയായി നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ജോലിയിലേക്ക് മടങ്ങേണ്ടിവന്ന ഒരു അമ്മയുടെ കഥ. അവള്‍ക്ക് നേരിടേണ്ടിവന്നത് വ്യത്യസ്തമായ ചില ചോദ്യങ്ങളാണ്. ചോദ്യങ്ങളേക്കാള്‍ താരതമ്യങ്ങളായിരുന്നു ഏറെയും എന്നു പറയുന്നതാകും കൂടുതല്‍ ശരി. ജോലിയിലേക്ക് മടങ്ങും മുന്‍പ് അവള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ശ്രദ്ധ ഇപ്പോള്‍ നല്‍കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. എന്തുകൊണ്ടാണ് സ്ത്രീകളെ ഇങ്ങനെ അവലോകനം ചെയ്യാന്‍ സമൂഹം ഇറങ്ങിപ്പുറപ്പെടുന്നത്. ഗാര്‍ഹികമായിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ സ്ത്രീയുടെ ഉത്തരാദിത്വമായിട്ടാണ് സമൂഹം കണക്കാക്കിയിട്ടുള്ളത്. അതിന് ഏറ്റവും മുന്‍ഗണന നല്കുകയും വേണം. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍, ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേ മറ്റൊരു ഉത്തരവാദിത്വം മാത്രമാണ് പ്രൊഫഷണല്‍ ജീവിതം. ഇത് രണ്ടിനെയും ഒത്തൊരുമിച്ച് പ്രശ്‌നമില്ലാതെ കൊണ്ടുപോകുന്‌പോള്‍ നല്ല അമ്മ എന്ന പേര് കിട്ടുന്നു. എന്റെ ചേച്ചിയുടെ രണ്ടു സുഹൃത്തുക്കള്‍ മാനസിക പിരിമുറുക്കം ചൂണ്ടിക്കാട്ടി പ്രോമോഷന്‍ പോലും വേണ്ടെന്നുവച്ചു. കുട്ടികളെ നോക്കാനും ജോലിയും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതാണ് അവര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നം. പലപ്പോഴും സ്ത്രീകള്‍ക്ക് കുറ്റബോധം തോന്നാറുണ്ട്. ഈ അവസരത്തില്‍ മറ്റൊരു കാര്യം ഓര്‍മ്മവരുന്നു. ഇവിടെ പക്ഷേ ഭാര്യ ടൗണിലേക്ക് ജോലിക്ക് പോകേണ്ടിവരികയും ഭര്‍ത്താവ് ജോലിക്കൊപ്പം കുട്ടികളെ നോക്കേണ്ടിവരികയും ചെയ്തുവെന്നതാണ് ശ്രദ്ധേയം. ഇതു കണ്ട പല സുഹൃത്തുകളും അവളുടെ ഭര്‍ത്താവിനോട് ആദരവ് തോന്നുകയും ചിലര്‍ അദ്ദേഹത്തിനെ മഹത്വവത്കരിക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും ഒരു അവസരത്തില്‍ ചെയ്തത് തെറ്റാണോയെന്ന് സ്വയം കുറ്റബോധം തോന്നുകയും ചെയ്തിട്ടുണ്ടെന്ന് അവള്‍ തുറന്നു സമ്മതിച്ചു. ആ സംശയം അവളില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
 
ഈ ആകാക്ഷയ്ക്കും നിരാശയ്ക്കും മാതൃത്വത്തിന്റെ ‘റൊമാന്റ്റിക്ക്’ പതിപ്പുമായി ബന്ധമുണ്ട്. സ്‌നേഹത്തിന്റെ കടലായൊക്കെ സിനിമകളിലും സീരിയലുകളിലുമൊക്കെ ചിത്രീകരിക്കപ്പെടുന്ന ‘നല്ല’ അമ്മമാരെ കുറിച്ച് ഓര്‍ക്കുക. എപ്പോഴും നന്മയുടെയും ശാന്തതയുടെയുമൊക്കെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്ന സ്ത്രീ ചിത്രം. ഇത്തരം സ്വഭാവങ്ങളെ പകര്‍ത്തപ്പെടുന്നത് തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ ഭാഗമായിട്ടാണ്. സ്ത്രീകള്‍ അവരെ സ്വയം അളക്കുന്നത് ഇതേ മഹത്വവത്കരിത നിര്‍വചനത്തിലൂടെയാണെന്നതാണ് മറ്റൊരു കാര്യം. മാതൃത്വത്തിന് ലഭിക്കുന്ന ഈ കൃതൃമമായ ബഹുമാനം ഒരിക്കലും നല്ലതിനല്ല. ഇതുകൊണ്ടൊക്കെ തന്നെ പലപ്പോഴും സ്ത്രീകള്‍ അവരുടെ തെരഞ്ഞെടുക്കലുകളില്‍ സ്വയം പ്രതിരോധത്തിലാവുകയാണ്. ആ കുറ്റബോധമെന്താണെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുമില്ല. സ്ത്രീകള്‍ അവരോട് തന്നെ പരുഷമായി പെറുമാറുന്ന സ്വഭാവം ഒഴിവാക്കേണ്ടിയിരിക്കുന്നു. തികഞ്ഞ അമ്മയെന്ന കാപട്യം നിറഞ്ഞ ഐതീഹത്തിന്റെ മറനീക്കി പുരുഷാധിപത്യ സമൂഹത്തിന്റെ നിര്‍വചനങ്ങളെ തള്ളിക്കളഞ്ഞ് പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
മാതൃത്വത്തെ ചൊല്ലിയുള്ള ഇത്തരം കീഴ്വഴക്കങ്ങള്‍ ഒരു ഉട്ടോപിയന്‍ ആശയം മാത്രമായിട്ടാണ് കാണാന്‍ കഴിയുക. കൂടാതെ കുടുംബത്തെ കുറിച്ചും അതിലെ ഉത്തരവാദിത്തങ്ങളെ കുറിച്ചും കുടുംബത്തില്‍ നിന്നു തന്നെ ചര്‍ച്ച തുടങ്ങേണ്ടിയിരിക്കുന്നു. ചില കുഴപ്പങ്ങളുണ്ടായാലും ജീവിതത്തില്‍ നേടാന്‍ വേണ്ടി ആഗ്രഹിച്ച കാര്യങ്ങള്‍ നേടുന്നതിനും വ്യക്തിത്വം വികസിപ്പിക്കുന്നതിനും സ്ത്രീക്കു കഴിയേണ്ടതാണ്. അതിനു മാതൃത്വം എന്ന ഓമനപ്പേരിട്ട് മഹത്വവത്കരിച്ച് സമയം കളയുകയല്ല വേണ്ടത്. അമ്മ സീരിയല്‍ അല്ല ജീവിതം.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍