UPDATES

സിനിമ

സിനിമ എന്നെ എല്ലാം പഠിപ്പിച്ചു- രവീന്ദ്രന്‍

(“സിനിമ കണ്ടുപിടിച്ചത് ലൂമിയര്‍ സഹോദരന്മാരൊന്നുമല്ല. മനുഷ്യന്‍ സ്വപ്നം കാണാന്‍ തുടങ്ങിയത് മുതല്‍ അവന്‍റെയുള്ളില്‍ സിനിമയുണ്ട്”. ഇടുക്കി ഗോള്‍ഡിലൂടെ വീണ്ടും നടനെന്ന നിലയില്‍ ശ്രദ്ധാ കേന്ദ്രമായി മാറിയ രവീന്ദ്രന്‍ തന്‍റെ സിനിമ സങ്കല്‍പങ്ങളെക്കുറിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു.)

സാജു കൊമ്പന്‍: താങ്കള്‍ നടനായിട്ടാണ് സിനിമയിലേക്ക് കടന്നുവന്നത്. പക്ഷെ ഒരു ഫിലിം അക്കാഡമിഷ്യനായി അറിയപ്പെടാനാണ് ആഗ്രഹം എന്നാണ് താങ്കള്‍ പറയുന്നതു. അതിനു കാരണമെന്താണ്?

രവീന്ദ്രന്‍: ഈ നൂറ്റാണ്ടിന്‍റെ ഭാഷ വിഷ്വലാണ്. ദൃശ്യം ആര് എന്തിന് എങ്ങനെ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ അര്‍ഥവും പ്രത്യയശാസ്ത്രവും. ഈ ഡിജിറ്റല്‍ യുഗത്തില്‍ ആര്‍ക്ക് എപ്പോള്‍ എങ്ങനെ വേണമെങ്കിലും ദൃശ്യത്തെ മാനിപുലേറ്റ് ചെയ്യാം. ഇറാഖ് യുദ്ധം അല്‍ജസീറ കാണിച്ചതു പോലെ ആയിരിക്കില്ല സി എന്‍ എന്‍ കാണിക്കുന്നത്. ഒരു ദൃശ്യത്തില്‍ അടങ്ങിയിരിക്കുന്ന ഇത്തരം എലിമെന്‍റുകള്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന ദൃശ്യ സാക്ഷരതയുടെ ഭാഗമാണ്.  വിഷ്വല്‍ ലിറ്ററസി ഫോര്‍ ഓള്‍. എന്‍റെ ലക്ഷ്യമിതാണ്. എല്ലാ പ്രായത്തില്‍പ്പെട്ടവരും എന്‍റെ പദ്ധതിയുടെ ടാര്‍ജറ്റ് ഗ്രൂപ്പാണ്.

എന്‍റെ ജീവിതത്തെ ഞാന്‍ രണ്ടായിട്ടാണ് ഭാഗിക്കുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്‍പുള്ള ഞാന്‍. ഇന്‍സ്റ്റിറ്റ്യൂറ്റിന് ശേഷമുള്ള ഞാന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂറ്റിലെ പഠനത്തിന് ശേഷമാണ് ഞാന്‍ സിനിമയെ ഗൌരവമായി കാണാന്‍ തുടങ്ങിയത്. അഭിനയിക്കുമ്പോളും ഡാന്‍സ് ചെയ്യുമ്പോഴും എനിക്ക് സന്തോഷം കിട്ടുന്നുണ്ട്. പക്ഷേ എന്‍റെ ആഗ്രഹം നല്ലൊരു ഫിലിം അക്കാഡമിഷ്യനായി മാറുക എന്നുള്ളതാണ്. നമ്മളീ ലോകത്ത് നിന്നും ഒന്നും കൊണ്ടുപോകുന്നില്ല. ഞാന്‍ പഠിച്ച കാര്യങ്ങള്‍, മനസിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുന്നതാണ് അക്കാദമിക് പ്രവര്‍ത്തനം എന്നതുകൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നത്.

സാജു കൊമ്പന്‍: ഇതിന് വേണ്ടിയാണോ അഭിനയത്തില്‍ കത്തി നിന്ന കാലത്ത് സിനിമയില്‍ നിന്നും ബ്രേക് എടുത്തത്?

രവീന്ദ്രന്‍: പൂര്‍ണ്ണമായും അങ്ങനെ പറയാന്‍ പറ്റില്ല. പക്ഷെ അഭിനയത്തില്‍ നിന്നു ബ്രേക് എടുത്തതുകൊണ്ടാണ് എനിക്കിതൊക്കെ ചെയ്യാന്‍ പറ്റിയത്. അ കാലത്താണ് ഞാന്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് തിരിഞ്ഞത്. 53 ഗ്രേഡ് സിമന്‍റ് കേരളത്തിന്‍റെ നിര്‍മ്മാണ മേഖലയിലേക്ക് ലോഞ്ച് ചെയ്തത് ഞാനാണ്. അതുപോലെ തന്നെ ഹൈ ഗ്രേഡ് സ്റ്റീല്‍ ലോഞ്ച് ചെയ്തു. കൂടാതെ കണ്‍സ്ട്രക്ഷന്‍ മേഖലയെ കുറിച്ചു പഠിക്കാന്‍ ഞാന്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പോയിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള പെട്രോള്‍ ബങ്ക് ഡിസൈന്‍ ചെയ്തത് ഞാനാണ്. തിരൂര്‍ തുഞ്ചന്‍ പറമ്പിലെ കൂത്തമ്പലം ഡിസൈന്‍ ചെയ്യാന്‍ സാധിച്ചു. ഞാന്‍ ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂടിന്റെ സംസ്ഥാന കണ്‍വീനറായിരുന്നു. അതിലൂടെ എല്ലാ എഞ്ചിനീയേര്‍സുമായും കോട്രാക്റ്റേര്‍സുമായും എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. പിന്നീട് ഞാന്‍ ഇന്റീരിയര്‍ ഡിസൈനിലേക്ക് കടന്നു.

സാജു കൊമ്പന്‍: താങ്കള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണോ?

രവീന്ദ്രന്‍: അല്ല. ഞാന്‍ എല്ലാം പഠിച്ചത് സിനിമയില്‍ നിന്നാണ്. സിനിമ എല്ലാം പഠിപ്പിക്കും. എല്ലാം ഒന്നുതന്നെയാണ്. പത്ര പ്രവര്‍ത്തനത്തില്‍ പഠിപ്പിക്കുന്ന ഫൈവ് 5W & 1H തന്നെയാണ് സിനിമയുടെയും അടിസ്ഥാനം. മാനേജ്മെന്റില്‍ പഠിപ്പിക്കുന്നതും ഇത് തന്നെയാണ്. ഇത് മനസിലാക്കിയാല്‍ ആര്‍ക്കും സിനിമയെടുക്കാം. വലിയ സംഭവമൊന്നുമല്ല സിനിമയെടുക്കുന്നത്. വിഷ്വല്‍ ലിറ്ററസിയിലൂടെ ഞാന്‍ ചെയ്യുന്നത് ഇതാണ്. ഫിലിം മേക്കിങ്ങിനെ ഡീമിസ്റ്റിഫൈ ചെയ്യുക.

സാജു കൊമ്പന്‍: ഇടുക്കി ഗോള്‍ഡ് അനുഭവം?

രവീന്ദ്രന്‍: എന്‍റെ മാനറിസങ്ങള്‍ക്കനുസരിച്ചുള്ള കഥാപാത്രമാണ് ഇടുക്കി ഗോള്‍ഡിലെ മ്ളേച്ഛന്‍ രവി. അതുകൊണ്ട് തന്നെ വളരെ നന്നായി എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത് അതാണ്. 

സാജു കൊമ്പന്‍: ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമ എന്ന വിമര്‍ശനം ഉണ്ടല്ലോ?

രവീന്ദ്രന്‍: ആ വിമര്‍ശനം പൂര്‍ണ്ണമായും തെറ്റാണ്. മറ്റുള്ളവര്‍ക്ക് പഴയ പള്ളിക്കൂടവും ചങ്ങാതിമാരുമായുള്ള ഒത്തുകൂടലുമാണ് പ്രധാനമെങ്കില്‍ ഞാനവതരിപ്പിച്ച മ്ളേച്ഛന്‍ രവിയാണ് ഇടുക്കി ഗോള്‍ഡ് എന്നറിയപ്പെടുന്ന കഞ്ചാവ് വലിക്കാന്‍ ആഗ്രഹിച്ച് എത്തുന്നത്. എന്നാല്‍ ഒടുവില്‍ എല്ലാറ്റിലും മീതെ സൌഹൃദമാണ് വലുതെന്ന തിരിച്ചറിവിലാണ് അയാള്‍ വന്നു നില്‍ക്കുന്നത്. സൌഹൃദമാണ് ഇടുക്കി ഗോള്‍ഡിന്റെ കേന്ദ്ര പ്രമേയം. കഥയിലേതുപോലെ പൂര്‍ണ്ണമായ സൌഹൃദ അന്തരീക്ഷമായിരുന്നു സെറ്റിലും. പ്രതാപ് പോത്തന്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂറ്റില്‍ എന്‍റെ സഹപാഠിയാണ്. മണിയന്‍ പിള്ള രാജു എന്‍റെ സീനിയറും. ബാബു ആന്‍റണിയും വിജയ രാഘവനുമായി എനിക്ക് നേരത്തെ സൌഹൃദമുണ്ട്.

സാജു കൊമ്പന്‍: 80 കളിലെ താങ്കളുടെ ഡിസ്കോ ഡാന്‍സറുടെ ചുവടുകളാണ് കേരളത്തിലെ യുവാക്കളെ ഹരം പിടിപ്പിച്ചത്. അതിനെക്കുറിച്ച്?

രവീന്ദ്രന്‍: ഞാന്‍ നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. തൃപ്പൂണിതുറയിലാണ് എന്‍റെ വീട്. വീടിന് ചുറ്റും നിരവധി പ്രശസ്തരായ നര്‍ത്തകരുണ്ട്. ഞാന്‍ കാവടിയെടുത്ത് റോഡില്‍ ഡാന്‍സ് ചെയ്തതാണ് എന്‍റെ ആദ്യത്തെ നൃത്താനുഭവം.. പിന്നെ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ പഠിക്കുന്ന കാലത്ത് ചെന്നയിലെ ഡിസ്കോ പാര്‍ടികളില്‍ പോകുമായിരുന്നു. കേരളത്തിലെ ആളുകളുടെ ശരീര ഭാഷ ഒട്ടും ഫ്ലെക്സിബിള്‍ അല്ല. രണ്ടു കാരണങ്ങളാണ് ഞാന്‍ കാണുന്നത്. അത് കോളോനിയല്‍ അരിസ്റ്റോക്രസിയുടെ ഭാഗമാണ്. പിന്നെ മറ്റൊന്നു ആര്യ സംസ്കാരത്തിന്‍റെ കടന്ന് വരവാണ്. ദ്രാവിഡന്‍ എപ്പോഴും വൈകാരികമായി പ്രവര്‍ത്തിക്കുന്നവരാണ്. സുപ്രീമസിയുള്ളവരാണ് എപ്പോഴും റിസേര്‍വ്ഡായി നില്‍ക്കുക. പിന്നെ നൃത്തത്തെ ഒരു രാഷ്ട്രീയ പ്രസ്താവമായിട്ടാണ് ഞാന്‍ കാണുന്നത്.

സാജു കൊമ്പന്‍: 80 കളിലെ സിനിമ തിരക്കുകള്‍. പിന്നീടുണ്ടായ ഇടവേള…

രവീന്ദ്രന്‍: ഒരു തലൈ രാഗമാണ് എന്‍റെ ആദ്യത്തെ സിനിമ. എന്‍റെ കൂടെ പഠിച്ച ഇന്‍സ്റ്റിറ്റ്യൂറ്റിലെ പിള്ളേരായിരുന്നു അതിന്‍റെ പിന്നില്‍. അത് നല്ല വിജയമായി. തമിഴില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അവസരങ്ങളുടെ ഒഴുക്കായിരുന്നു. ഒരു വര്ഷം 30 സിനിമയൊക്കെ ഞാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ഫിലിം ഇന്‍ഡസ്ട്രീയുടെ ഒഴിവാക്കാന്‍ പറ്റാത്ത ഭാഗമായി മാറി. ഈനാട്, പാളങ്ങള്‍, സിന്ദൂര സന്ധ്യക്ക് മൌനം, ഇടനിലങ്ങള്‍, മദ്രാസിലെ മോന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മിക്കതും വലിയ ബോക്സോഫീസ് വിജയങ്ങളായിരുന്നു. അത് ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തു. പക്ഷേ സിനിമയെ കുറച്ചുകൂടി അക്കാദമിക് ആയി കാണാനായിരുന്നു എനിക്കാഗ്രഹം. അതും ഇടവേളക്ക് കാരണമാണ്.

സാജു കൊമ്പന്‍: അന്നത്തെ സിനിമ ലോകം..?

രവീന്ദ്രന്‍: അന്ന് മലയാളത്തില്‍ ഒരു താര കേന്ദ്രീകൃത സിസ്റ്റം ഉണ്ടായിരുന്നില്ല. എല്ലാവരും ഒരുപോലെ ആയിരുന്നു. അന്ന് താരങ്ങളെല്ലാം ഒരു ഹോടല്‍ മുറിയില്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് എല്ലാവരും അവരവരുടെ മുറികളില്‍ ഒതുങ്ങുകയാണ്.

സാജു കൊമ്പന്‍: പുതിയ സിനിമകള്‍ ഏതൊക്കെയാണ്?

രവീന്ദ്രന്‍: ഇടുക്കി ഗോള്‍ഡിന് ശേഷം നിരവധി സിനിമകള്‍ തേടി വരുന്നുണ്ട്. ഇത് വരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ എന്‍റെ ഫിലിം ലിറ്ററസിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നവംബറിന് ശേഷം മാത്രമേ പുതിയ സിനിമയെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂ.

സാജു കൊമ്പന്‍: എന്താണ് ന്യൂ ജനറേഷന്‍ സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട്?

രവീന്ദ്രന്‍: ന്യൂ ജനറേഷന്‍ സിനിമ എല്ലാ രാജ്യത്തും എല്ലാ കാലത്തും ഉണ്ടായിട്ടുള്ള പ്രതിഭാസമാണ്. സിനിമയുടെ ചരിത്രമെടുത്ത് പരിശോധിച്ച് നോക്കിയാല്‍ മതി. 70 കളില്‍ മലയാളത്തില്‍ ഒരു നവതരംഗം ഉണ്ടായിരുന്നു. വളരെ ഇന്നൊവേറ്റീവായ ആശയങ്ങളും നല്ല ടാലന്‍റും ഉള്ളവയാണ് ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍. അവര്‍ സിനിമയോട് തീവ്രമായ അഭിനിവേശം ഉള്ളവരാണ്. സാമ്പ്രദായിക രീതിയില്‍ നിന്നും വേറിട്ട് സിനിമയെ കാണുന്നവരാണ്. അവരുടെ സിനിമകള്‍ എനിക്കിഷ്ടമാണ്. ഇവരുടെ സിനിമകളുടെ പ്രത്യേകത കഥപറയുന്നതിലുള്ള വ്യത്യാസമാണ്. ഇടുക്കി ഗോള്‍ടിന്റെ കഥ വേറൊരു നിര്‍മ്മാതാവും എടുക്കില്ല. എന്‍റെ തലമുറയില്‍പ്പെട്ടവരുടെ സിനിമയോടും എതിര്‍പ്പില്ല. ഇന്നത്തെ സിനിമയില്‍ വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ എന്നെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം അതാണ്.

സാജു കൊമ്പന്‍: കമല്‍ ഹാസന്‍റേയും രജനീകാന്തിന്‍റെയും കൂടെയുള്ള അഭിനയം?

 

രവീന്ദ്രന്‍: കമല്‍ ഹാസന്‍റേയും രജനീകാന്തിന്‍റെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹസന്‍ കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണ്. പക്ഷെ രജനീകാന്ത് രജനീകാന്തായിട്ടാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അയാളുടെതായ ശൈലിയും ഫോമും രജനീകാന്തിന്‍റെ അഭിനയത്തിലുണ്ട്. പിന്നെ ഇത്രയധികം ആരാധകരും സമ്പത്തും ഉണ്ടായിട്ടും ലളിതമായി ജീവിക്കുന്ന സ്പിരിട്വല്‍ മനുഷ്യനായിട്ടാണ് ഞാന്‍ രജനീകാന്തിനെ കാണുന്നത്.

സാജു കൊമ്പന്‍: താങ്കള്‍ ഫിലിം മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നല്ലോ?

രവീന്ദ്രന്‍: ഫിലിം മാര്‍ക്കറ്റിങ്ങിന് വേണ്ട സംവിധാനം കേരളത്തില്‍ ഇല്ല. അതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചലചിത്ര അക്കാദമിയൊന്നും അക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല.

സാജു കൊമ്പന്‍: കൊച്ചിന്‍ അന്താഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ ഡയറക്ടര്‍ എന്ന നിലയില്‍..

രവീന്ദ്രന്‍: കൊച്ചി ഒരു ഫിലിം ഫെസ്റ്റിവലിന് അനുയോജ്യമായ സ്ഥലമാണ്. തിരുവനന്തപുരത്ത് മാത്രമായി ഒതുങ്ങി നില്‍ക്കണ്ടതല്ല ചലച്ചിത്രോത്സവം. കൊച്ചിയിലും കോഴിക്കോടും ചലച്ചിത്രോത്സങ്ങള്‍ വേണം. കാരണം ഇത്രയധികം സിനിമ പഠിക്കുന്ന, സിനിമയെ ഇഷ്ടപ്പെടുന്ന ആളുകള്‍ മറ്റെങ്ങും ഉണ്ടാകില്ല. എല്ലാവര്‍ക്കും തിരുവനന്തപുരം ഫെസ്റ്റിവലില്‍ പോകാന്‍ പറ്റില്ല.

സാജു കൊമ്പന്‍: സിനിമ സംവിധാനം ചെയ്യുമോ?

രവീന്ദ്രന്‍: അധികം താമസിയാതെ തന്നെ സിനിമ സംവിധാനം ചെയ്യും. നേരത്തെ തമിഴില്‍ തെരുക്കൂത്ത് എന്ന സിനിമ ചെയ്തിരുന്നു. പക്ഷേ അത് പൂര്‍ത്തിയാക്കിയില്ല. അത് പോലെ ആയിരിക്കില്ല ഇനിയത്തേത്. ഞാനൊന്നും പൂര്‍ത്തീകരിക്കാതെ വിടാറില്ല.

സാജു കൊമ്പന്‍: തെരുക്കൂത്ത് പാതിയില്‍ ഉപേക്ഷിക്കാന്‍ കാരണമെന്താണ്?

രവീന്ദ്രന്‍: അതില്‍ അന്നത്തെ എല്‍ ടി ടി ഇ യുടെ പോസറ്ററുകളും മറ്റും കാണിക്കുന്നുണ്ട്. സിനിമ നിര്‍മ്മാണം തീരാറായപ്പോഴാണ് എല്‍ ടി ടി ഇ നിരോധിക്കപ്പെടുന്നത്. സിനിമ ആ രീതിയില്‍ പുറത്തിറങ്ങുകയാണെങ്കില്‍ അത് എല്ലാവരെയും നെഗറ്റീവായി ബാധിക്കും എന്ന ഒരു അഭിപ്രായം ഉയര്‍ന്നു വന്നതോടെ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ എനിക്ക് സിനിമ അതേപോലെ ഇറക്കണം എന്നു തന്നെയായിരുന്നു. പി. സി. ശ്രീറാമായിരുന്നു അതിന്‍റെ ക്യാമറമാന്‍. ബി ലെനിന്‍ എഡിറ്ററും.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍