UPDATES

ഓഫ് ബീറ്റ്

ആഗോളവത്കരണകാലത്ത് പ്രദേശികതയെ തിരിച്ചു പിടിക്കുമ്പോള്‍

പങ്കജ് മിശ്ര
(ബ്ളൂംബര്‍ഗ് ന്യൂസ്)

 

കേപ് കോഡ് നഗരത്തില്‍ ഒരു വൈകുന്നേരം നാടകം കണ്ട് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആഗോളീകരണകാലത്തെ കലാസംരക്ഷണത്തെപ്പറ്റി ചിന്തിച്ചത്. ഞാന്‍ നില്‍ക്കുന്ന തെരുവില്‍ ഇപ്പോഴും ചെറുകിട കുടുംബവ്യവസായങ്ങളാണ് ഉള്ളത്. ഇവയായിരുന്നു അമേരിക്കയുടെ ജനാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും അടിത്തറ. ഞാന്‍ കണ്ട നാടകം “ഹോളിവുഡിലെ ഷേക്സ്പിയര്‍”. സാഹിത്യത്തിലെ ക്ലാസിക്കുകള്‍ക്ക് ഹോളിവുഡില്‍ ഉണ്ടാകുന്ന പതിതാപകരമായ വിധിയാണ് ജര്‍മ്മന്‍ സംവിധായകന്‍ മാക്സ് റിയെന്‍ഹാര്‍ട്ട് 1930ല്‍ സംവിധാനം ചെയ്ത “എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം” എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ നാടകം പറയുന്നത്. അഭിനേതാക്കള്‍ യുവനാടക വിദ്യാര്‍ഥികളായിരുന്നു. അവരുടെ കഴിവും ഊര്‍ജവും കൊണ്ട് ഒരു നാടകം എങ്ങനെ സിനിമയേക്കാള്‍ തീവ്രവും ഉന്മേഷപ്രദവുമായിത്തീരാം എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

 

നിറഞ്ഞ സദസ്സ് ഷേക്സ്പിയറുടെ വികടഫലിതങ്ങള്‍ നന്നായിഅറിയുന്ന രീതിയിലാണ് ഉത്സാഹത്തോടെ പ്രതികരിച്ചുകൊണ്ടിരുന്നത്. നാടകത്തിന്റെ കഥാപരിസരവുമായി അവരുടെ അടുപ്പം എന്നെ ഉത്തരേന്ത്യയിലെ രാംലീലയുടെ ആസ്വാദകരെയാണ് ഓര്‍മ്മിപ്പിച്ചത്. ഈ രണ്ട് സന്ദര്‍ഭത്തിലും കാഴ്ചക്കാര്‍ ചില സാംസ്കാരികഅറിവുകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് ആസ്വദിക്കുന്നതും ഒരുപക്ഷെ ഒരു പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാക്കുന്നതും.

 

ലണ്ടനിലെ ഗ്ലോബ് തിയേറ്ററിലോ ഹൈഡല്‍ബര്‍ഗിലെ പള്ളികളിലോ ഒക്കെ എലിസബീത്തന്‍ ദുരന്തനാടകങ്ങള്‍ കണ്ട പണ്ടത്തെയാളുകള്‍ ഇങ്ങനെതന്നെയാവണം പ്രതികരിച്ചിരിക്കുക. നൂറ്റാണ്ടുകളായുള്ള ഇത്തരം ഒത്തുചേരലുകളാണ് ആശയങ്ങളും വികാരങ്ങളും തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യുന്നത്.

 

അമേരിക്കന്‍ നാടകത്തിന്റെ സുവര്‍ണ്ണകാലമായ 1950കള്‍ മുതല്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്ന മോണോമോയ് തിയേറ്ററിന്റെ പുറത്തുനിന്നപ്പോള്‍ അന്യംവരുന്ന ഒരു കലാരൂപത്തെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അമേരിക്കയിലെ തിയേറ്ററുകളുടെ എണ്ണം ഇരുപത്തിനായിരത്തില്‍ നിന്ന് ഇരുനൂറ്റി അമ്പതായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞവര്‍ഷം ആദ്യമായി എന്റെ ഇന്ത്യന്‍ ഗ്രാമത്തില്‍ നടന്മാര്‍ ഇല്ലാത്തതുകൊണ്ട് രാംലീല നടന്നില്ല.

 

 

ഇതിനെല്ലാം പ്രധാനകാരണമായി പലപ്പോഴും കരുതാറുള്ളത് സിനിമയെയാണ്, അത് ഹോളിവുഡായാലും ശരി ബോളിവുഡ് ആയാലും ശരി. മുന്‍കൂട്ടി പാക്ക് ചെയ്ത വിനോദങ്ങളാണ് ഇപ്പൊള്‍ ആളുകള്‍ക്കിഷ്ടം. റിമോട്ടുകള്‍ കൊണ്ട് നമുക്ക് തെരഞ്ഞെടുക്കാവുന്ന പരിപാടികള്‍ അനവധി. ഹോളിവുഡ് ചിത്രങ്ങളോ ടര്‍ക്കിഷ് സോപ്പ് ഓപ്പറകളോ ബ്രസീലിയന്‍ ഇറാനിയന്‍ സിനിമകളോ അങ്ങനെ എന്തും ഒരു ഫിലിം ക്ലബ്ബിലും പോകാതെ സ്വന്തം ഐപാഡില്‍ കാണാം.

 

എന്നാല്‍ പുസ്തകങ്ങളും സിനിമകളും ഇങ്ങനെ സുലഭമാകുന്നതുകൊണ്ട് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഗുണമുണ്ടാകുന്നതോടൊപ്പം ചില ദോഷങ്ങളുമുണ്ട്. ഗ്ലോബല്‍ എന്നത് ഇന്ന് ഒരു നിലവാരമാണ്. നാടനായുള്ളതെല്ലാം അതിന്റെ താഴെ നില്‍ക്കുന്നത് എന്നൊരു രീതിയുമുണ്ട്. നാടോടിതിയേറ്ററിലെ നടന് ബ്രോഡ്വേയിലോ ഹോളിവുഡിലോ എത്തുക എന്നതാണ് ലക്‌ഷ്യം. നോവലുകള്‍ എഴുതുന്നവര്‍ക്ക് സ്വന്തം ഭാഷയില്‍ ഏറെ ആരാധകരുണ്ടെങ്കിലും ഇംഗ്ലീഷ് വിവര്‍ത്തനങ്ങലാണ് പഥ്യം.

 

എന്നാല്‍ ആഗോള അബ്സ്ട്രാക്റ്റ് ഇടങ്ങള്‍ക്ക് വേണ്ടി വലിയ മെച്ചമൊന്നും ഇല്ലാത്ത നാട്ടുപ്രവിശ്യകളെ ഉപേക്ഷിക്കുന്നവര്‍ പലപ്പോഴും ഈ ഷേക്സ്പിയര്‍ നാടകത്തിലെയോ രാംലീലയിലെയൊ കാഴ്ചക്കാരുടെ കൂട്ടായ അനുഭവത്തെയും അറിവിനെയുമാണ് നിരാകരിക്കുന്നത്. പലപ്പോഴും നാടകം കാണുന്ന എന്നെപ്പോലുള്ളവര്‍ക്ക് നാടകപ്രവര്‍ത്തകരുടെ കനത്ത സ്കോട്ടിഷ് ഉച്ചാരണരീതി ഒരു പ്രശ്നമായി തോന്നാം. എങ്കിലും പ്രാദേശിക ആസ്വാദകരോടുള്ള വിശ്വസ്തതയാണ് കുറസോവയെയോ സത്യജിത് റെയെപ്പോലെയോ ഉള്ളവരുടെ സിനിമയുടെ മുഖമുദ്ര. ഇന്ന് ആഗോളതലത്തില്‍ പ്രദര്‍ശിക്കപ്പെടുന്ന സിനിമകള്‍ക്ക് ഈ ആര്‍ജവം ഇല്ലതാകുന്നുണ്ട്.

 

 

ആഗോളവല്‍ക്കരണത്തിനായുള്ള പാച്ചിലില്‍ പ്രാദേശികതക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ട്- പലപ്പോഴും ഇതൊരു നല്ല മാറ്റമല്ല. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി സിനിമകളുണ്ടാക്കിത്തുടങ്ങുന്നതിനുമുന്‍പ് ബോളിവുഡ് ഇത്ര മോശമായിരുന്നില്ല. ഗ്ലോബല്‍ കാണികളെപ്പറ്റിയുള്ള ബോധം നശിപ്പിച്ചുകളഞ്ഞ കലാകാരന്മാരില്‍ ഹോംഗ്കോംഗ് സിനിമാസംവിധായകനായ വോങ് കാര്‍വായിയും ഉള്‍പ്പെടും. തങ്ങളുടെ പ്രത്യേകതരം ഇംഗ്ലീഷ് പ്രദര്‍ശിപ്പിക്കുന്ന ബിബിസി ടെലിവിഷന്‍ നാടകങ്ങളും ലക്ഷ്യമിടുന്നത് അമേരിക്കന്‍ വിപണിയാണ്.

 

എന്നാല്‍ പ്രാദേശികതയെ അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ. സംസ്കാരത്തിലും രാഷ്ട്രീയത്തിലും നാം അതിലേയ്ക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്ന് പോലും വാദിക്കാന്‍ കഴിഞ്ഞേക്കും. തായ്വാന്റെ പ്രാദേശിക ഓപ്പറ കാണാന്‍ വന്ന യുവ ആസ്വാദകരെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. കഴിഞ്ഞവര്‍ഷം സിംലയിലുണ്ടായ രാംലീല എക്കാലത്തെയും വലിയ ജനക്കൂട്ടമാണ് കാണാനെത്തിയത്. ഒരുപക്ഷെ എത്തിയവര്‍ പലരും ഇപ്പോള്‍ നിലവിലില്ലാത്ത ചെറു രാംലീല കളിയിടങ്ങളില്‍ നിന്നാവും വന്നിരിക്കുക. കവാലി എന്ന സൂഫി സംഗീതം ലോകപ്രശസ്തിയാര്‍ജ്ജിച്ചതോടെ ദസ്തന്‍ഗോയി എന്ന ഉറുദു കഥാസമ്പ്രദായം ഇതേരീതിയിലുള്ള ഒരു ചെറുപുനരുദ്ധാരണം നേടിയിരിക്കുകയാണ്.

 

ബോളിവുഡില്‍ പുതിയൊരു തലമുറ ഇന്ത്യന്‍ സിനിമാനിര്‍മ്മാതാക്കള്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ജീവിതത്തിന്റെ യഥാര്‍ത്ഥപരിസരവുമായുള്ള അവരുടെ ഇടപെടലുകള്‍ ഒരുപക്ഷെ ഈ വ്യവസായത്തെ നിലവാരത്തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തിയേക്കാം. രാജ്യത്തെ പലനടനവിസ്മയങ്ങളെയും വളര്‍ത്തിയ മുംബൈ പ്രിഥ്വി തിയേറ്റര്‍ എന്നത്തെയും പോലെ ഇന്നും തിരക്കേറിയതാണ്. എന്തിനേറെ മറാത്തി പോലുള്ള ഭാഷകളിലെ നാടകങ്ങളും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

 

ഇവയ്ക്കൊക്കെ ഭാഗികമായെങ്കിലും ഉത്തരവാദിത്തം രാഷ്ട്രീയമാറ്റങ്ങളാണ്: കൊങ്കണില്‍ നിന്ന് മുംബൈയിലെത്തിയ പ്രവാസിക്ക് അവനെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഒരു കലാരൂപം വേണമെന്ന് തോന്നും. അതെ പോലെ ലണ്ടനില്‍ നിന്ന് രാഷ്ട്രീയ അകലം പാലിക്കുന്ന സ്കോട്ട്ലാണ്ടുകാരും തായിപേയിയിലെ യുവാക്കളും ഒക്കെ ഇങ്ങനെയാണ് ചില പ്രാദേശികകലകളെ നെഞ്ചേറ്റുന്നത്.

 

 

അമേരിക്കയിലെ ലിബറല്‍ കലാവിദ്യാഭ്യാസം ആളുകളെ പഴയ കലാരൂപങ്ങളില്‍ ആകൃഷ്ടരാക്കുന്നത് തുടരും, മോന്‍മോയി പോലുള്ള ചെറുപട്ടണതിയേറ്ററുകള്‍ക്ക് നടത്തിപ്പുകാരെയും അഭിനേതാക്കളെയും ലഭിക്കും. നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആഗോളീകരണത്തിനു ലേശം ശമനം വന്നിട്ടുണ്ടെന്നതുറപ്പ്. കോസ്മോപൊളിറ്റന്‍ എന്ന വാക്ക് ഇന്ത്യന്‍ വിവാഹപരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ സംഗതികള്‍ മോശമായതായി ഉറപ്പായി. ഇത്തരം ആഗോളവര്‍ത്തമാനങ്ങളില്‍ നിന്ന് ഒരു ചെറിയ പക്ഷം ആളുകള്‍ക്ക് മാത്രമേ ഗുണമുണ്ടാകൂ എന്ന് കൂടുതല്‍ ആളുകള്‍ സംശയം പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു.

 

ദേശാന്തര ഉപരിവര്‍ഗ്ഗം അതിന്റെ ആനന്ദങ്ങളെ വേരുകളില്ലാത്ത കോസ്മോപോളിറ്റനിസത്തില്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ്. സാംസ്കാരികമായും ബൌദ്ധികമായും സാമ്പത്തികമായും ആഗോളീകരണമുണ്ടാകുമെന്നാണ് അവരുടെ പെരുപ്പിച്ച വാദം. കാരമസോവ്‌ സഹോദരന്മാരിലെ ഒരു കഥാപാത്രം പറയുന്നത് ഇങ്ങനെ. “ലോകം പതിയെപ്പതിയെ ഒന്നാകുമെന്നാണ് ചിലര്‍ കരുതുന്നത്. ദൂരങ്ങള്‍ അകലുകയും ആശയങ്ങള്‍ വായുവിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു തരം സാഹോദര്യം ഉണ്ടാകുമത്രേ. കഷ്ടം. മനുഷ്യര്‍ ഇങ്ങനെ ഒരുമിക്കുമെന്നു വിശ്വസിച്ചേക്കരുത്.” ദസ്തയെവ്സ്ക്കി തന്റെ സംശയം 1880ല്‍ തന്നെ പ്രകടിപ്പിച്ചു. അത് ശരിയാണെന്ന് ഇന്ന് നമുക്കറിയാം. സമൂഹങ്ങള്‍ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടിയെങ്കിലും ആളുകളുടെ പ്രാഥമിക യാഥാര്‍ത്ഥ്യം പ്രാദേശികതയാണ്. തങ്ങള്‍ ആദ്യമായി ഒരു കൂട്ടായ്മയിലും സ്വത്വത്തിലും സംസ്കാരത്തിലും ഉള്‍ക്കൊണ്ട ഇടം അത്ര പ്രധാനമാണ്. ഈ അനുഭവത്തിലൂടെ ഉണ്ടാകുന്ന അര്‍ത്ഥമാണ് ലോകത്തിലെ ഏറ്റവും മികച്ച കലകള്‍ സൃഷ്ടിച്ചത്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കാലത്തിന്‍റെ ആവശ്യമാണ്‌. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍