UPDATES

കേരളം

അവളൊന്നുറക്കെ നിലവിളിച്ചിരുന്നെങ്കില്‍…

സഫിയ

ബലാത്സംഗത്തിന് ഒരു ദൃശ്യരൂപമുണ്ട്. അത് പഴയ ഒരു ടി ജി രവി സിനിമ പോലെയാണ്. അട്ടഹസിച്ചു സ്ത്രീയുടെ മേല്‍ ചാടിവീഴുന്ന ഒരു ചൈന സില്‍ക്ക് കുപ്പായക്കാരന്‍. കീറിപ്പറിഞ്ഞ ബ്ലൌസിട്ട് മുഖം കുനിഞ്ഞിരുന്നു തേങ്ങുന്ന നായിക. ബലാല്‍സംഗത്തിന്റെ ഭീകരച്ചിത്രം ഈ അടുത്തകാലത്ത് ഡല്‍ഹിയിലും നമ്മള്‍ കണ്ടു.

ഇവിടെ ഞാന്‍ എഴുതുന്നത് നിശബ്ദനായ ബലാല്‍സംഗിയെക്കുറിച്ചാണ്. അയാള്‍ നിങ്ങളുടെ മുന്പില്‍ ചിരിച്ചുകൊണ്ടു കടന്നുവരും. ചിലപ്പോള്‍ സഹോദരനെപ്പോലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കാന്‍ കൈപിടിച്ചു സഹായിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഏറ്റവും നിസഹായയായി ഇരിക്കുന്ന സമയത്ത് സൌഹൃദ സാന്ത്വനമാകും.  അതുമല്ലെങ്കില്‍ പിതൃ വാത്സല്യമായി ചേര്‍ത്ത് പിടിക്കും.

ഇന്നലെ ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതും ഈ നിശബ്ദനായ ബലാല്‍സംഗിയാണ്. അത് ടെലിവിഷന്‍ ദൃശ്യങ്ങളിലെ ചുവന്ന വൃത്തങ്ങളില്‍ അടയാളപ്പെടുത്തുന്നതിലൂടെയല്ല വെളിപ്പെടുക. മറിച്ചു ഇരയുടെ വാക്കുകളിലൂടെയാണ്. താനനുഭവിച്ച അപമാനത്തിന്‍റെ വേദന ശ്വേതയുടെ വാക്കുകളിലുണ്ട്. ഏത് നിയമ സംവിധാനത്തിനും തെളിവായി അത് മാത്രം മതി. ‘അനുവാദമില്ലാതെ എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആയാള്‍ക്കെന്താണ് അധികാരം.’ ഇതാണ് ശ്വേത ഉയര്‍ത്തിയ സുപ്രധാന ചോദ്യം. അതിന് ഉത്തരം പറയേണ്ടത് ആരോപണ വിധേയന്‍ മാത്രമല്ല. നമ്മളും കൂടിയാണ്. പുരുഷനായാലും സ്ത്രീയായാലും ശരീരം അയാളുടെ/അവളുടെ മാത്രം സ്വത്താണ്. അനുവാദം കൂടാതെ നടത്തുന്ന ചെറുകയ്യേറ്റം പോലും കുറ്റകരമാണ്. ഈ കയ്യേറ്റത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത്. ശരീരത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അത്രമേല്‍ തീവ്രമാണത്. സമൂഹത്തിനു മുന്പില്‍ താന്‍ വെറും ശരീരം മാത്രമാണെന്ന് അവള്‍ തിരിച്ചറിയുന്ന നിമിഷം.

പക്ഷേ ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്തത് എന്താണ്? എന്തുകൊണ്ട് ശ്വേത അപ്പോള്‍ പ്രതികരിച്ചില്ല? അവര്‍ സംഭവസ്ഥലത്ത് വളരെ ഉല്ലാസവതിയായി കാണപ്പെട്ടു. പിന്നെ എന്തിനാണ് ഇങ്ങനെയൊരു പരാതിയുമായി അവര്‍ പ്രത്യക്ഷപ്പെട്ടത്? സിദിക്-ലാല്‍ സംവിധാനം ചെയ്ത ഹിറ്റ്ലറില്‍ സോമന്‍ അവതരിപ്പിച്ച പ്രൊഫസര്‍ തന്‍റെ ശിഷ്യയെ പ്രാപിച്ചതിന് ശേഷം പറയുന്ന കുപ്രസിദ്ധമായ ഒരു ഡയലോഗുണ്ട്. ‘അവളൊന്നു ഉറക്കെ നിലവിളിച്ചിരുന്നെങ്കില്‍’ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്ന്. ഇതേ മാനസിക നിലതന്നെയല്ലേ നമ്മില്‍ പലരും പങ്ക് വയ്ക്കുന്നത്. സൂര്യനെല്ലി കേസിലും കോടതി ചോദിച്ചതും എന്തുകൊണ്ട് പെണ്കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നാണ്. ഇരയുടെ മാനസിക നില മനസിലാക്കാതെയാണ് പൊതു സമൂഹവും കോടതികളും പലപ്പോഴും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ശ്വേത പരാതി എഴുത്തിക്കൊടുത്തില്ല എന്നതാണ് അവര്‍ക്കെതിരെയുള്ള ഏറ്റവും വലിയ കുറ്റാരോപണം. ഇരയുടെ പക്ഷത്ത് നില്ക്കുന്നു എന്ന വ്യാജേന അവരെ കുറ്റവിചാരണ ചെയ്യുകയാണ് സമൂഹം. പിതൃതുല്യമായ സ്നേഹം പ്രകടിപ്പിച്ചതാണ് എന്നാണ് ചില വനിതാ നേതാക്കള്‍ പറയുന്നതു. പിതാക്കന്‍മാരുടെ സ്നേഹം പോലും ചതിക്കുഴികളാകുന്ന ഈ കാലത്ത് ഇത്തരമൊരു വാദത്തിന് എന്താണ് പ്രസക്തി.

മറ്റൊന്നു നടിയെന്ന ശ്വേതയുടെ അസ്തിത്വമാണ്. പൊതു സമൂഹം അവരെ ശരീരമായി മാത്രം കാണുന്നു. ചലച്ചിത്രത്തില്‍ കഥാപാത്രങ്ങളായി ഇഴുകി ചേരുന്ന ശരീരത്തിന്‍റെ സാന്നിധ്യം തന്നെയാണ് ഒരു നടി തങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമ്പോള്‍ (പുരുഷ) സമൂഹം അനുഭവിക്കുന്നത്. ശ്വേതയുടെ കാര്യത്തില്‍ ചിലര്‍ ഉയര്‍ത്തിയ ചോദ്യവുമിതാണ്. സിനിമയില്‍ എന്തുമാകാം. പിന്നെന്താ..? നടിക്കുക എന്നുപറഞ്ഞാല്‍ അഴിഞ്ഞാടുക എന്നു കരുതുന്ന സമൂഹം തന്നെയാണ് നമ്മളിപ്പോഴും. ഇതുകൊണ്ടു തന്നെയാണ് തന്‍റെ ഭാര്യ മറ്റൊരാളെ കെട്ടിപ്പിടിച്ചു അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല എന്നു ഒരു പ്രശസ്ത നടന്‍ പറഞ്ഞതും. എന്നാല്‍ അഭിനയം തനിക്ക് കലയും തൊഴിലുമാണെന്ന് തെളിയിച്ച നടിയാണ് ശ്വേത.

പക്ഷേ ഇവിടെ സംഭവിക്കുന്നതെന്താണ്? അണിയറയില്‍ ദൂതാളുകള്‍ തയ്യാറായിക്കഴിഞ്ഞു. കൊല്ലത്തെ ഉദ്യോഗസ്ഥ മേധാവി രാഷ്ട്രീയ പിമ്പ് പണി ചെയ്തുകഴിഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ എന്നത്തേയും പോലെ കലപില ശബ്ദമായി ജനപ്രിയമായ ഒരു ടെലിവിഷന്‍ സോപ് പോലെ അവസാനിച്ചു. തെരുവില്‍ സ്ത്രീകളും യുവജനങ്ങളും ആചാര പ്രകാരമുള്ള കോലംകത്തിക്കലും പ്രകടനങ്ങളും നടത്തി പിരിഞ്ഞു.

അവസാനം മുഖ്യമന്ത്രിക്ക് ശ്വേതയും പരാതികൊടുക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി മുഖ്യമന്ത്രിയുടെ അടുക്കല്‍ പരാതിയുമായെത്തിയവരുടെ വിധി നമ്മള്‍ കണ്ടതാണ്. ഒന്നുകില്‍ ഒത്തു തീര്‍പ്പ് അല്ലെങ്കില്‍ പരാതിക്കാരനെതിരെ കേസുകള്‍. ശ്വേതാ മേനോന്‍റെ കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. അല്ലെങ്കില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞതുപോലെ നിയമ സംവിധാനം വീണ്ടും ബലാല്‍സംഗം ചെയ്യപ്പെട്ടേക്കാം.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍