UPDATES

വിദേശം

ലിബിയയിലെ കാട്ടുനീതി

കെവിന്‍ സള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മൊഹമ്മദ് അകാരി വീട്ടില്‍ അയാളുടെ അച്ഛനുമമ്മയുക്കുമൊപ്പം ഇരിക്കുമ്പോളാണ്  സായുധരായ കൊള്ളക്കാര്‍ വീട്ടില്‍ കയറിവന്ന് തുരെതുരെ വെടിയുതിര്‍ത്തത്. പക്ഷേ, അക്രമം അഴിഞ്ഞാടുന്ന ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ അതൊരു അസാധാരണ സംഭവമല്ല.

വീട്ടില്‍ സൂക്ഷിച്ചിരുന്ന എ കെ 47 തോക്കുപയോഗിച്ചു തിരിച്ചു വെടിവെച്ച അകാരി, ഒരാളെ കൊല്ലുകയും, മറ്റൊരു ആക്രമിയെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം അറിയിക്കാന്‍ അയാള്‍ ഉടന്‍തന്നെ കാറില്‍ പാഞ്ഞുപോയി. എന്നാല്‍ പോലീസ് സ്റ്റേഷനിലേക്കല്ല; ട്രിപോളിയിലെ തെരുവുകളെ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്ന സുപ്രീം സെക്യൂരിറ്റി കമ്മറ്റി (എസ് എസ് സി) എന്നൊരു സ്വകാര്യ സായുധ സംഘത്തിന്റെ അടുക്കലേക്ക്.

“പോലീസിന് എന്നെ സംരക്ഷിക്കാന്‍ ആവില്ലെന്ന് എല്ലാവര്‍ക്കുമറിയാം,” അകാരി പറഞ്ഞു. അതയാളുടെ അനുഭവപരിചയം കൊണ്ടാണ് പറയുന്നത്. കാരണം അയാളൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. സായുധ സംഘത്തിന്റെ തടവിലാണ് അയാളിപ്പോള്‍. “ഞാനിവിടെ സുരക്ഷിതനാണ്”, അകാരി ആശ്വാസം കൊള്ളുന്നു.
 

നീണ്ടകാലം ലിബിയയെ അടക്കിവാണ ഗദ്ദാഫിയുടെ ഭരണത്തിനു അന്ത്യമായി രണ്ടു വര്‍ഷവും, ബെന്‍ഗാസിയില്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷവും തികയുമ്പോള്‍ ലിബിയന്‍ സര്‍ക്കാരിന് രാജ്യസുരക്ഷയില്‍ ഒട്ടും നിയന്ത്രണമില്ല എന്നാണവസ്ഥ.

ചെറിയ തര്‍ക്കങ്ങള്‍ പോലും തെരുവുകളില്‍ വെടിവെപ്പുകളിലേക്ക് എത്തുന്നു. തട്ടിക്കൊണ്ടുപോകലും കൊള്ളയും ഏറിവരികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നു. നിഗറും ചാടുമായുള്ള അതിര്‍ത്തികള്‍ കള്ളക്കടത്തുകാരും, സായുധസംഘങ്ങളും തടസ്സമില്ലാതെ കടക്കുന്നു.

വടക്കന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള ഈ മരുരാജ്യത്തെ സുരക്ഷാ പ്രശ്നങ്ങള്‍ അതിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണ്. അയല്‍പക്കമായ ഈജിപ്തിലും, സിറിയയിലുമുള്ള പ്രതിസന്ധികളില്‍ ശ്വാസം മുട്ടിയ ഈ മേഖലയ്ക്ക്മേല്‍ ലിബിയന്‍ പ്രശ്നം കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു.

42 വര്‍ഷത്തെ ഏകാധിപത്യവാഴ്ച്ചക്കു ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാര്‍,കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ കഴിയാതെ നട്ടംതിരിയുമ്പോള്‍ നൂറുകണക്കിനു സായുധ സംഘങ്ങള്‍ നിയന്ത്രണം ഏറ്റെടുക്കുകയാണ്. വേണ്ടത്ര ആള്‍ബലമോ, ആയുധബലമോ,പരിശീലനമോ ഇല്ലാത്ത സൈന്യത്തേക്കാളും, പോലീസിനേക്കാളും ശേഷിയുള്ളവരുമാണവര്‍.

2011-ലെ കലാപകാലത്ത് ഗദ്ദാഫിയെ പുറത്താക്കാനായി രൂപം കൊണ്ടതാണ് മിക്ക സായുധ സംഘങ്ങളും. അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമുള്ളവ തൊട്ട് ആയിരക്കണക്കിന് അംഗങ്ങളുള്ള സംഘങ്ങള്‍ വരെയുണ്ട്.കലാപകാലത്ത് നഗര ഗ്രാമ വ്യത്യാസമില്ലാതെ ഈ സായുധസംഘങ്ങള്‍ മുളച്ചുപൊന്തി. കര്‍ഷകരും കച്ചവടക്കാരുമെല്ലാം കുടുബത്തിന്റെയും, ഗോത്രത്തിന്റെയും,അയല്‍പക്കത്തിന്റെയും, മതത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ സായുധ സംഘങ്ങളുണ്ടാക്കി. ഗദ്ദാഫിയുടെ ആയുധശേഖരത്തില്‍നിന്നും ആയുധങ്ങളും ലഭിച്ചു. ഗദ്ദാഫിയെ മാറ്റുക എന്ന ലക്ഷ്യം മാത്രമേ ഇവര്‍ക്ക് പൊതുവായുണ്ടായിരുന്നുള്ളൂ.

ഒക്ടോബര്‍ 2011-നു ഗദ്ദാഫി കൊല്ലപ്പെട്ടതോടെ പെട്ടന്നു യുദ്ധവീരന്‍മാരും, വിമോചകരുമായി മാറിയ സംഘങ്ങള്‍ മിക്കവരും ആയുധമുപേക്ഷിക്കാന്‍ തയ്യാറായില്ല. മിക്കവരും ഇപ്പോളും പോരാടുകയാണ്, നീണ്ടകാലമായുള്ള മറ്റ് പല  തര്‍ക്കങ്ങളുടെയും പേരില്‍. പലരും കുറ്റവാളിസംഘങ്ങളായി,ചിലര്‍  മതതീവ്രവാദികളായി. ചിലരൊക്കെ ഇതിന്റെയെല്ലാം ഒരു മിശ്രിതമാണ്; പോലീസും, കള്ളന്മാരും, ദേശാഭിമാനികളും, ജിഹാദികളും എല്ലാം കൂടിക്കലര്‍ന്ന ഒന്ന്. ആരാണ് ലിബിയയുടെ പരിവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത്, ആരാണ് സഹായിക്കുന്നത് എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.

ഒരുപക്ഷേ, വറചട്ടിപോലെയുള്ള ഈ നഗരത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എസ് എസ് സി തലവന്‍, 42-കാരനായ ഹാഷിം ബിഷ്രാണ്. പട്ടാളവേഷത്തിലെ കുപ്പായക്കൈ ചുരുട്ടിവെച്ച് ബിഷ്ര് പറയുന്നത് ലിബിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയ താന്‍, സൌദി അറേബ്യ, ടുണീഷ്യ എന്നിവടങ്ങളില്‍ നിന്നും ഇസ്ളാമിക നിയമം, ശരിയയിലും പഠനം പൂര്‍ത്തിയാക്കി എന്നാണ്.
 

1948-1970 കാലത്ത്  ട്രിപോളിയിലെ അമേരിക്കന്‍ വ്യോമസേന താവളമായിരുന്ന വിശാലമായ ഒരു സമുച്ചയത്തിലെ റണ്‍വെയ്ക്കരികിലുള്ള ആളൊഴിഞ്ഞ കാര്യാലത്തില്‍ അയാള്‍ അതിഥികളെ സ്വീകരിക്കുന്നു. ആഭ്യന്തരയുദ്ധകാലത്ത് ഗദ്ദാഫി സേനയില്‍ നിന്നും പിടിച്ചെടുത്ത താവളം ഇപ്പോള്‍ എസ് എസ് സി-യുടെ ആസ്ഥാനമാണ്. അകാരിയടക്കം 260 തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന തടവറയും ഇവിടെത്തന്നെ.

പോലീസ് ദുര്‍ബ്ബലമായതിനാല്‍ യുദ്ധശേഷമുള്ള സുരക്ഷാ ശൂന്യതയാണ് തങ്ങള്‍ നികത്തുന്നതെന്ന് ബ്രിഷ്പറയുന്നു. കുറ്റാന്വേഷണം മുതല്‍ കുടുംബ കലഹത്തിലെ മധ്യസ്ഥത വഹിക്കാന്‍ വരെ  ആളുകള്‍ തങ്ങളെ സമീപിക്കുന്നു എന്നും അയാള്‍ അവകാശപ്പെട്ടു.സായുധ സംഘങ്ങളെ തങ്ങള്‍ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നെങ്കിലും അവരുടെ അപ്രമാദിത്തം അംഗീകരിക്കേണ്ടിവരുന്നു എന്നാണ് ട്രിപോളിക്കാര്‍ പറയുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പോലീസിനെയല്ല മറിച്ച് എസ് എസ് സി-യെയാണ് മിക്കവരും വിളിക്കുന്നതും.

“ഞങ്ങളുടെ സഹായം ആരും ആവശ്യപ്പെടരുത് എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ പോലീസ് അവരുടെ പണി ചെയ്യാത്തതുകൊണ്ടു എനിക്കത് ചെയ്യേണ്ടി വരികയാണ്,” ഫോണിലെ സന്ദേശങ്ങള്‍ വായിക്കുകയും അവക്ക് മറുപടി അയക്കുകയും ചെയ്യവേ ബിഷ്ര് പറഞ്ഞു. കടുത്ത യാഥാസ്ഥിതിക മുസ്ലീംങ്ങളായി കരുതുന്ന സലാഫി വിഭാഗക്കാരനാണ് ബിഷ്ര്. ലിബിയയില്‍ ശരിയാ നിയമം  അടിച്ചേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് പലരും ഭയപ്പെടുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് അയാളുടെ പക്ഷം. “ആളുകളെന്നെ ഒരു മതവാദിയായാണ് കാണുന്നത്, എന്നാല്‍ ഞാനൊരു കാരുണ്യപ്രവര്‍ത്തകന്‍  മാത്രമാണ്.”

സായുധ സംഘങ്ങളെ  നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ പലരീതിയിലും ശ്രമിക്കുന്നുണ്ട്. എസ് എസ് സി, ലിബിയ ഷീല്‍ഡ് എന്നീ രണ്ടു സംഘങ്ങള്‍ക്ക് കീഴിലുള്ള ആയിരക്കണക്കിന് പോരാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പ്രതിവര്‍ഷം 5700 ഡോളര്‍ സര്‍ക്കാര്‍ നല്കുന്നു.

 

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് എസ് എസ് സി, പോലീസ് ചുമതല നിര്‍വ്വഹിക്കുന്നത്. ലിബിയ ഷീല്‍ഡ് കൂടുതല്‍ കുഴപ്പം പിടിച്ച കിഴക്കന്‍ ലിബിയയിലെ ബെന്‍ഗാസിയില്‍ സൈനിക മേധാവിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കുന്ന സംഘങ്ങളും ഏതാണ്ട് സ്വതന്ത്രരീതിയിലാണ് പ്രവര്‍ത്തനം. പോലീസ് യൂണിഫോം ധരിക്കാത്ത അവര്‍ തങ്ങളുടെ നേതാക്കളുടെ ഉത്തരവുകളാണ് സ്വീകരിക്കുന്നതും.

രാജ്യത്താകമാനം എസ് എസ് സി-ക്കു 1,61,000 അംഗങ്ങളുണ്ട് എന്നാണ് ബിഷ്ര് പറഞ്ഞത്. ട്രിപോളിയില്‍ മാത്രം 29000 പേര്‍; പക്ഷേ ഇതില്‍ 12,000-13,000 പേരെ ജോലിക്കു വരുന്നുള്ളൂ. ബാക്കിയുള്ളവര്‍ പണിയെടുക്കാതെ പണം പറ്റുകയാണ്, പിടിപ്പുകെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതൊന്നും അറിയുന്നില്ല.

സായുധ സംഘങ്ങളുടെ ഉദ്ദേശ ശുദ്ധിയില്‍ ജനങ്ങള്‍ക്ക് അത്ര മതിപ്പില്ല. അധികാരം തലക്ക് പിടിച്ച, മുമ്പ് വെറും പാപ്പരായിരുന്ന കുറെ ചെറുപ്പക്കാരാണ് ഇപ്പോള്‍ എല്ലാം നിയന്ത്രിക്കുന്നതെന്ന് ട്രിപോളി സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ സാദിക് ഖാശ്ഖുഷ പറഞ്ഞു.

കലാപത്തിന് മുമ്പ് എഞ്ചിനീയറായി ജോലി നോക്കി പ്രതിവര്‍ഷം 11,000 ഡോളര്‍ സമ്പാദിച്ചിരുന്ന ഒരാള്‍ ഇപ്പോള്‍ മൂന്ന് സംഘങ്ങളില്‍ അംഗമായി പേര് ചേര്‍ത്തിരിക്കുന്നു. സര്‍ക്കാരിന്റെ കണക്കുനോട്ടത്തിലെ പിടിപ്പുകേടുകൊണ്ടു അയാള്‍ക്ക് മൂന്നിടത്തും ശമ്പളം കിട്ടുന്നുമുണ്ട്; നേരത്തെ കിട്ടിയിരുന്നതിന്റെ രണ്ടിരട്ടി.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വഴിപ്പെടാന്‍ പല സായുധ സംഘങ്ങളും തയ്യാറല്ല. ബെന്‍ഗാസിയിലെ  അമേരിക്കന്‍ ആസ്ഥാനത്ത് 2012 സെപ്റ്റംബര്‍ 11-നു നടത്തിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതുന്ന യാഥാസ്ഥിതിക ഇസ്ളാമിക സംഘം അന്‍സാര്‍ അല്‍-ശരിയായും ഇതിലുള്‍പ്പെടുന്നു.

സായുധ സംഘങ്ങളുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനം തുടരുകയാണ്. ജൂണില്‍, ബെന്‍ഗാസിയിലെ സൈനിക ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയ 30-ഓളം സാധാരണക്കാരെ ലിബിയ ഷീല്‍ഡ് വെടിവെച്ചു കൊന്നു. മുന്‍ ഗദ്ദാഫി അനുകൂലികളെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പുറത്തുനിര്‍ത്തുന്ന നിയമം അംഗീകരിപ്പിക്കാനായി സായുധ സംഘങ്ങള്‍ തലസ്ഥാനത്ത് നിരവധി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ വളഞ്ഞിരുന്നു.
 

ഈ അവസ്ഥ സമ്പദ് രംഗത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ട്രിപോളിയില്‍ മിക്കയിടത്തും കലാപം തുടങ്ങിയപ്പോള്‍ നിര്‍ത്തിവെച്ച നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ അതേപോലെ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സായുധ സംഘങ്ങള്‍ ലിബിയയുടെ നാല് പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. പ്രധാനമന്ത്രിയെ അലി സൈദാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ശേഷിയുടെ 15 ശതമാനത്തോളം മാത്രമേ എണ്ണയുത്പാദനം നടക്കുന്നുള്ളൂ എന്നാണ്. 2011-ലെ യുദ്ധത്തിനു മുമ്പ് പ്രതിദിനം 1.6 ദശലക്ഷം വീപ്പയായിരുന്നു എങ്കില്‍ ഇപ്പോളത് 2,50,000 വീപ്പ മാത്രമാണ്. എണ്ണയുത്പാദനത്തിലെ പ്രതിസന്ധി രാജ്യത്തിന് ഏതാണ്ട് 2 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ എണ്ണ ഉത്പാദനകേന്ദ്രങ്ങള്‍ പിടിച്ചെടുത്തതെന്നാണ് സായുധ സംഘങ്ങള്‍ പറയുന്നത്. എന്നാല്‍ പണമുണ്ടാക്കാനായി ആര്‍ക്കെങ്കിലും എണ്ണ വില്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് സൈദാന്‍ കുറ്റപ്പെടുത്തുന്നു. ഇവിടെനിന്നും എണ്ണ വാങ്ങാന്‍ വരുന്ന കപ്പലുകളെ ബോംബിട്ട് തകര്‍ക്കും എന്നും പ്രധാനമന്ത്രി ഭീഷണി മുഴക്കിയിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും നടക്കുന്ന കാര്യമല്ലെന്നാണ് ട്രിപോളി പോലീസ് മേധാവി ഇബ്രാഹിം ഷെരീഫ് പറയുന്നത്. കലാപകാലത്ത് നശിപ്പിച്ച നഗരത്തിലെ 15 പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. 2.2 ദശലക്ഷം ജനങ്ങളുള്ള നഗരത്തില്‍ തനിക്ക് കീഴില്‍ 1100 ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന്  ഷെരീഫ് പരിതപിച്ചു. തട്ടിക്കൊണ്ടുപോകലിനും, സായുധ കൊള്ളകള്‍ക്കുമൊന്നും ആരെയും പിടികൂടാന്‍ പോലീസ് ഒരുമ്പെടാറില്ല. “ഞങ്ങളേക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ അവരുടെ പക്കലുണ്ട്,” പോലീസ് മേധാവി നിസ്സഹായത വെളിപ്പെടുത്തി.

എസ് എസ് സി എന്ന പേര് മാറ്റി അവരെ പരിശീലനം നല്കി പോലീസിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ ബിഷ്രുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഷെരീഫ് അറിയിച്ചു. ഈ പ്രക്രിയക്ക് നിരവധി മാസങ്ങളെടുത്തേക്കും. അതൊരിക്കലും ഉണ്ടാകാനും സാധ്യതായില്ലാത്തിടത്തോളം കുഴഞ്ഞുമറിഞ്ഞതാണ് ഇവിടുത്തെ അവസ്ഥയെന്നാണ് പലരും പറയുന്നത്.

എന്നാല്‍ ഈ ജോലി അവസാനിപ്പിക്കണമെന്ന്  തന്നെപ്പോലെ ആഗ്രഹിക്കുന്ന മറ്റാരുമില്ലെന്ന് വ്യോമതാവളത്തിലെ കാര്യാലയത്തിലിരുന്നു ബിഷ്ര് പറയുന്നു. “ഇത് താത്ക്കാലികം മാത്രമായി ഉദ്ദേശിച്ചതാണ്”, അയാള്‍ പറഞ്ഞു. “എസ് എസ് സി ഇനിയും തുടരണമെന്ന് എനിക്കാഗ്രഹമില്ല”.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍