UPDATES

ക്യൂ ചാടുന്നവരുടെ ഇന്ത്യ : രഞ്ജിനി മുതല്‍ അംബാനി വരെ

 

ടീം അഴിമുഖം 
 
 
കഴിഞ്ഞ വര്‍ഷം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. മലയാളിയായ ഒരു പ്രമുഖ ചാനല്‍ പ്രവര്‍ത്തകന്‍ മുംബൈയ്ക്കുള്ള പോകാനായി വിമാനത്താവളത്തിലെത്തുന്നു. ചെക്കിന്‍ ചെയ്യേണ്ട കൗണ്ടറിനു മുന്നില്‍ സാമാന്യം നീണ്ട ക്യൂ. അര മണിക്കൂറിനു ശേഷം ചെക്കിന്‍ കൗണ്ടറിനരികിലെത്തി ബാഗുകള്‍ പരിശോധനയ്ക്ക് വയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ്, തൊട്ടു പുറകില്‍ നിന്ന, മധ്യവയസിനോടടുത്ത ഒരാള്‍ സ്വന്തം ബാഗുകള്‍ മാധ്യമ പ്രവര്‍ത്തകനു മുമ്പായി തന്നെ പരിശോധനയ്ക്കായി കയറ്റി വയ്ക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകന് അയാള്‍ കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു. ആളുകള്‍ക്കല്ലേ ക്യൂ ഉള്ളൂ, ബാഗിന് ക്യൂ ഇല്ലല്ലോ. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇത് സമ്മതിക്കാന്‍ തയാറായില്ല. തര്‍ക്കം രൂക്ഷമായതോടെ ഉദ്യോഗസ്ഥന്റെ അടുത്ത മറുപടി വന്നു. താന്‍ രാജ്യത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ജനറല്‍ മാനേജറാണെന്നും തന്റെ ജോലി തടസപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പരാതി കൊടുക്കുമെന്നുമായി അയാള്‍. പരാതി കൊടുക്കാനും എന്തു ചെയ്യണമെന്ന് തനിക്കറിയാമെന്നും മാധ്യമ പ്രവര്‍ത്തകനും വ്യക്തമാക്കി. ഇതിനിടെ ക്യൂവില്‍ നിന്ന് പലരില്‍ നിന്നും പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഉദ്യോഗസ്ഥന്‍ ഇതിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ്-കാരനെ സമീപിച്ച് തന്റെ പ്രശ്‌നവും തന്റെ പദവിയും വ്യക്തമാക്കുന്നു. സി.ആര്‍.പി.എഫുകാരന്‍ ഒരു ചിരിയോടെ ഉദ്യോഗസ്ഥനോട് പറഞ്ഞത്, നിങ്ങള്‍ ഇത്ര വലിയ ആളാണെന്നും നിങ്ങള്‍ക്ക് വേഗത്തില്‍ പോകണമെന്നും പറയുമ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ആള്‍ക്കും ഇതേ കാര്യങ്ങളൊക്കെ ഉണ്ടെന്ന് എന്തു കൊണ്ട് മനസിലാക്കുന്നില്ല എന്നായിരുന്നു. ക്യൂവില്‍ നില്‍ക്കുന്നവരുടെ വിമര്‍ശനങ്ങള്‍ കൂടിയായതോടെ ഉദ്യോഗസ്ഥന്റെ പത്തി താഴുന്നു. 
 
 
മറ്റൊരു സംഭവം, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗമായി ചുമതലയേറ്റ ശേഷം എസ്.എന്‍.എ സൈദി ആവശ്യപ്പെട്ടത് തന്നെ വിമാനത്താവളങ്ങളിലെ പരിശോധനയുടെ ക്യൂവില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു. വ്യോമയാന വകുപ്പില്‍ സെക്രട്ടറിയായിരുന്ന കാലത്ത് പരിശോധനയില്‍ നിന്ന് ഒഴിവാക്കേണ്ട വി.ഐ.പി പട്ടിക വെട്ടിക്കുറച്ച ആളായിരുന്നു ഈ ഉദ്യോഗസ്ഥന്‍. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു മാത്രമേ ഈ ഇളവ് നല്‍കാന്‍ പാടുള്ളൂ എന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ അംഗമായി വന്നതോടെ ഇളവുകള്‍ തനിക്കും ബാധകമാക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ അദ്ദേഹത്തിന് യാതൊരു മന:സാക്ഷിക്കുത്തുമുണ്ടായില്ല.
 
 
ഇനി അടുത്ത സംഭവം മലയാളികള്‍ക്ക് നന്നായി അറിയാവുന്നതും ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ചലച്ചിത്ര താരം കാവ്യാ മാധവനും അമ്മയും വോട്ടു ചെയ്യാന്‍ എത്തിയതും അന്ന് ക്യൂ തെറ്റിച്ചതുമായി ബന്ധപ്പെട്ടാണ്. വോട്ടു ചെയ്യാന്‍ ക്യൂ നിന്നതില്‍ ഒരാള്‍ മാത്രമാണ് കാവ്യയുടെ നടപടി ചോദ്യം ചെയ്തത്. തര്‍ക്കം രൂക്ഷമായതോടെ കാവ്യയുടെ മറു ചോദ്യം ഇതായിരുന്നു – മറ്റാര്‍ക്കും ഒരു പ്രശ്‌നവും ഇല്ലല്ലോ, പിന്നെ നിങ്ങള്‍ക്ക് മാത്രം എന്താണ് പ്രശ്‌നം. ഇതിനൊപ്പം ചേര്‍ത്തു പറയേണ്ട മറ്റു ചില ഉദാഹരണങ്ങള്‍ കൂടിയുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, തമിഴ് സിനിമാ താരം അജിത് തുടങ്ങിയവരൊക്കെ വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ വച്ചാണ് നമ്മുടെ സോഷ്യല്‍ മീഡിയാ ചര്‍ച്ചകള്‍ കാവ്യാ മാധവന്റെ ക്യൂ തെറ്റിക്കലിനേയും ഇപ്പോള്‍ രഞ്ജിനി ഹരിദാസ് പ്രശ്‌നത്തെയും താരതമ്യം ചെയ്യുന്നതും വിമര്‍ശനങ്ങള്‍ നടത്തുന്നതും. 
 
 
രഞ്ജിനി ഹരിദാസ് കൊച്ചി വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചുവെന്നും അമേരിക്കന്‍ പ്രവാസി അതിനെ ചോദ്യം ചെയ്തത് രഞ്ജിനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹത്തെ ചീത്ത വിളിച്ചു എന്നുമാണ് ഒരു ഭാഗം. രഞ്ജിനി ചീത്ത വിളിച്ചിട്ടില്ലെന്നും തിങ്ങിക്കൂടി പുറത്തിറങ്ങാന്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലെ നിരവധി വരികളിലൊന്നില്‍ നിന്ന രഞ്ജിനിയെ മോശം ഭാഷയില്‍ അമേരിക്കന്‍ പ്രവാസി അപമാനിച്ചെന്നും  ഷട്ട് യുവര്‍ മൗത്ത് എന്ന് രഞ്ജിനി മറുപടി പറഞ്ഞതിന്  തേവടിശിിയെന്ന് അദ്ദേഹം തിരിച്ചു പറഞ്ഞെന്നുമാണ് മറ്റൊരു ഭാഗം. രഞ്ജിനി ക്യൂ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. രഞ്ജിനിയെ മോശം ഭാഷയില്‍ അദ്ദേഹം അപമാനിച്ചിട്ടുണ്ടെങ്കില്‍ അതും അംഗീകരിക്കാന്‍ കഴിയുന്നതല്ല. 
 
 
ഇവിടെ ചില കാര്യങ്ങള്‍ പ്രസക്തമാണ്. ക്യൂ തെറ്റിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ രഞ്ജിനി മാത്രമാണോ കുറ്റക്കാരി? ക്യൂ തെറ്റിക്കല്‍ എന്നത് ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ഒന്നല്ലേ? ബിവവേജസ് കോര്‍പറേഷന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ എത്ര മലയാളികള്‍ പൊതു സ്ഥലങ്ങളില്‍ ക്യൂ പാലിക്കുന്നുണ്ട്? വാഹനങ്ങള്‍ ഓടിക്കണമെന്ന് നിര്‍ദേശിക്കുന്ന ലെയ്‌നില്‍ കൂടി എത്ര ഇന്ത്യക്കാര്‍ വാഹനമോടിക്കുന്നുണ്ട്? അനങ്ങാന്‍ സ്ഥലമില്ലെങ്കിലും തനിക്ക് പോകാന്‍ ധൃതിയുണ്ടെന്ന് കാട്ടി നിരന്തരം ഹോണ്‍ മുഴങ്ങാത്ത എത്ര ഇന്ത്യന്‍ നിരത്തുകളുണ്ട്? നിങ്ങള്‍ക്കു മാത്രമേ പ്രശ്‌നമുള്ളല്ലോ എന്ന കാവ്യാ മാധവന്റെ ചോദ്യം തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ക്യൂ എന്ന മനോഭാവം ഒരു സങ്കല്‍പ്പം മാത്രമായി നില്‍ക്കുന്നതിന്റെ പ്രകടമായ ഉദാഹരണം.
 
 
ഇന്ത്യന്‍ പൊതുബോധത്തില്‍ ക്യു എന്നത് അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു വാക്കാണ്. ഇന്ത്യന്‍ സാമൂഹിക ധാരണകളില്‍ നിന്നുണ്ടാക്കിയെടുക്കപ്പെട്ടിട്ടുള്ള ഒരു മനോഭാവം കൂടിയാണ് അത്. സ്വയം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്നാണ് ഇത്തരം  ധാരണകള്‍ ഒരു സമൂഹത്തിലുണ്ടാകുന്നത്. തന്റെ   പ്രാധാന്യംം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും താനും തന്റെ ആവശ്യങ്ങളും മറ്റുള്ളവരേക്കാള്‍ ഒരുപടി മുകളിലാണെന്ന് അറിയിക്കാനുമുള്ള ഒരുതരം മനോഭാവമാണ് ക്യൂ എന്ന വാക്ക് ഇന്ത്യന്‍ നിഘണ്ടുവില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ കാരണം. ഇത് വാഹനത്തിന്റെ ഹോണ്‍ മുഴക്കലിലോ വിമാനത്താവളത്തിലെ ക്യൂ തെറ്റിക്കലിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല.  വ്യക്തിി എന്ന ഐഡന്റിറ്റിക്ക് വിലയില്ലാതാവുകയും വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ സ്ഥാനത്ത് സാമൂഹിക ഐഡന്റിറ്റി നിലനില്‍ക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ സാഹചര്യം. അതുകൊണ്ടാണ് നൂറുകണക്കിന് ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍ കിടക്കുമ്പോഴും ഇന്ത്യന്‍ ഭരണകൂടം അനങ്ങാത്തതും ഇന്ത്യയില്‍ തടവിലാകുന്ന തങ്ങളുടെ പൗര•ാര്‍ക്കു വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ എല്ലാ സന്നാഹങ്ങളുമായും രംഗത്തിറങ്ങുന്നതും. പാശ്ചാത്യ രാജ്യങ്ങളില്‍ സേവന മേഖലയില്‍ ജോലി ചെയ്യാന്‍ ആളെ കിട്ടണമെങ്കില്‍ അതിനു വരുന്ന ചെലവ് ഇന്ത്യന്‍ സാഹചര്യവുമായി ഒത്തു നോക്കാന്‍ പോലും പറ്റില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ സൈനിക ഉദ്യോഗസ്ഥന്റെ  വീട്ടുജോലികള്‍ അടക്കമുള്ളവ ചെയ്യാനായി  ബാറ്റ്മാനെന നിയമിക്കുന്നതും ചിലര്‍ കാറില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ സ്വന്തം പെട്ടിയെടുക്കാനായി സില്‍ബന്ധികളെ നിയമിക്കുന്നതും. യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും ഇല്ലാത്തപ്പോഴും സുരക്ഷാ ജീവനക്കാരെ കൊണ്ടു നടക്കുന്നതും കാറിനു മുകളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും ഇതിന്റെ മറ്റൊരു വശമാണ്. മറ്റുളളവരെ മറികടക്കാനും ക്യൂ ചാടാനും ഈ സൗകര്യങ്ങള്‍ അവരെ സഹായിക്കുന്നു. 
 
 
മാനവിക മൂല്യങ്ങള്‍ സംബന്ധിച്ചും സ്വകാര്യത സംബന്ധിച്ചും ഒരു വികസ്വര രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഇന്ത്യയും നേരിടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വലിയൊരു ആള്‍ക്കൂട്ടമായ ഇന്ത്യന്‍ സമൂഹത്തില്‍ വ്യക്തി  എന്ന ഐഡന്റിറ്റിക്ക് പ്രാധാന്യം കിട്ടാന്‍ ചിലര്‍ പെടാപ്പാടു പെടുമ്പോഴാണ് അനാവശ്യമായ ഹോണ്‍ മുഴക്കലുകള്‍ ഉണ്ടാകുന്നതും ക്യൂകള്‍ അപ്രത്യക്ഷമാകുന്നതും. ഇത് സാധാരണക്കാരുടെ നിത്യ ജീവിതത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. 2ജി സ്‌പെക്ട്രം അഴിമതി കേസ് ക്യൂ തെറ്റിക്കലിന്റെ ഒന്നാം തരം ഉദാഹരണമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്‌പെക്ട്രം എന്ന പ്രമാണം തെറ്റിച്ചു എന്നതാണ് സ്പക്ട്രം അഴിമതി കേസിന്റെ ആധാരം. ചിലരെ ആദ്യം വരുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനായി അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതിയില്‍ കൃത്രിമം കാണിക്കുകയും അതുവഴി അനര്‍ഹരായവരെ തിരുകിക്കയറ്റുകയും ക്യൂ എന്ന ധാരണ പൊളിക്കുകയും ചെയ്തതോടെ 1.75 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇന്ത്യയില്‍ നടന്നത്. 
 
 
കല്‍ക്കരി ഖനി അനുവദിച്ചതിലെ അഴിമതി നോക്കുക. ക്യൂ തെറ്റിക്കുന്ന ഇന്ത്യന്‍ സ്വഭാവത്തിന്റെ മറ്റൊരു ഉദാഹരണം. ചില പ്രമുഖ പത്രസ്ഥാപനങ്ങളും പാര്‍ലമെന്റ് അംഗങ്ങളും തങ്ങള്‍ വ്യാപരിക്കുന്ന മേഖലയില്‍ നിന്നു മാറി സര്‍ക്കാര്‍ നയത്തിലെ ചില പാളിച്ചകള്‍ മുതലെടുത്ത് കല്‍ക്കരി ഖനികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതോടെയാണ് ഇതില്‍ ക്രമക്കേടുണ്ടാകുന്നത്. യുദ്ധത്തില്‍ കാല്ലപ്പെട്ടവരുടെ വിധവകള്‍ക്ക് ലഭിക്കേണ്ട ഭൂമി രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് തട്ടിയെടുക്കുകയും അവിടെ ഫ്‌ളാറ്റ് നിര്‍മിക്കുകയും ചെയ്തതിലൂടെയാണ് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം നടക്കുന്നത്. ഇന്ത്യന്‍ പട്ടണങ്ങളില്‍ താമസ സൗകര്യം എന്ന ആവശ്യത്തിന് ലക്ഷക്കണക്കിന് പേര്‍ ക്യൂ നില്‍ക്കുമ്പോഴാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ അടക്കമുള്ളവര്‍ അഴിമതിയിലൂടെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റിയത്. തങ്ങളൂടെ ആവശ്യങ്ങള്‍ മറ്റുളളവരുടേതിനേക്കാള്‍ മേലെയാണെന്നും അതിന് നിലവിലുള്ള ചട്ടങ്ങള്‍ വളച്ചൊടിക്കാമെന്നും അത് സ്വന്തം സൗകര്യത്തിന് പാകപ്പെടുത്തിയെടുക്കാമെന്നുമുള്ള ധാരണ തന്നെയാണ് ഈ ക്യൂ തെറ്റിക്കലിന്റെ മന:ശാസ്ത്രം. 
 
 
ഇന്ത്യന്‍ പാര്‍ലമെന്റും നിയമസഭകളും നോക്കുക. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ ഓരോ പാര്‍ട്ടിക്കു വേണ്ടിയും തല്ലു വാങ്ങിയും കൊടി പിടിച്ചും പോസ്റ്ററൊട്ടിച്ചും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും വളര്‍ന്നു വന്ന എത്ര പേര്‍ ഇന്ന് അവിടെയൊക്കെ ഇരിപ്പുണ്ട്? അവിടെ ഇരിക്കുന്നവരിലെ നല്ലൊരു പങ്കും ക്യൂ ചാടിയവരാണ്. അവരുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ രാഷ്ട്രീയ യജ•ാന•ാരോ ഉണ്ടാക്കി കൊടുത്ത സൗകര്യം ഉപയോഗിച്ച് അവിടേക്ക് എളുപ്പത്തില്‍ എത്തപ്പെട്ടവര്‍. ശബരിമലയും തിരുപ്പതിയുമടക്കമുള്ള നമ്മുടെ ആരാധനാലയങ്ങളില്‍ വി.ഐ.പി ക്യൂ എങ്ങനെയുണ്ടാകുന്നു? ദൈവത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെങ്കില്‍ അവിടെയെത്താന്‍ ചിലര്‍ക്കു മാത്രം എന്തുകൊണ്ട് പ്രത്യേക സൗകര്യമൊരുക്കണം? ഇത്തരം കാര്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും ഇന്ത്യന്‍ പൊതുസമൂഹം മൗനം പാലിക്കുകയും ഓരോരുത്തരും സ്വയം വി.ഐ.പിയായി മാറാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതാണ് മധ്യവര്‍ഗ മനോഭാവം.  വി.ഐ.പിയായി മാറുന്നവര്‍ അത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും അതുവഴി ലഭിക്കുന്ന സ്വയം പ്രാധാന്യം നിലനിര്‍ത്താനും ശ്രമിക്കുമ്പോഴാണ് സമൂഹത്തില്‍ നിന്ന് ക്യൂ അപ്രത്യക്ഷമാകുന്നത്. 
 
 
ബിവറേജ് കോര്‍പറേഷനു മുന്നില്‍ മാത്രം മലയാളി അച്ചടക്കത്തോടെ നിലക്കുന്ന ഒരു കേവല സംഭവം മാത്രമല്ല ക്യൂ. കമ്പ്യൂട്ടിംഗ്, ട്രാഫിക് എഞ്ചിനീയറിംഗ്, വാര്‍ത്താ വിതരണം തുടങ്ങി ഒരുവിധപ്പെട്ട എല്ലാ മേഖലകളിലും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നുമാണ്  വരി നില്‍ക്കല്‍ല്‍. ഒരു സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ച തെളിയിക്കുന്ന ഒന്നു കൂടിയാണ് ക്യൂ. ആധുനിക സൗകര്യങ്ങള്‍ നേടിയെടുക്കുകയും വളര്‍ച്ച പ്രാപിക്കുകയും ജനസാന്ദ്രത കുറവുമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ വികസന മാതൃകളെ ഇന്ത്യന്‍ സാഹചര്യത്തോട് ഉപമിക്കാന്‍ കഴിയില്ല. എന്നാല്‍ മനുഷ്യന്റെ അസഹിഷ്ണുത ഇല്ലാതാക്കാനും അവനവന്‍ തന്നെ എപ്പോഴും മുന്നിലായിരിക്കണമെന്നുമുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനും മാതൃകകളുടെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും തിരക്കു പിടിച്ച ട്രാഫിക് ജംഗ്ഷന്‍ എന്നറിയപ്പെടുന്ന ടോക്കിയോയിലെ ഷിബുയായില്‍ ക്യൂ എങ്ങനെ ഫലവത്താകുന്നു എന്ന് ഇന്ത്യക്കാര്‍ക്ക് മനസിലാകാന്‍ പോലും വഴിയില്ല. ക്യൂ എന്നത് ഒരു മനോഭാവമാണ്. ജീവിതത്തില്‍ തുല്യത എങ്ങനെ പാലിക്കപ്പെടണം എന്നുള്ളതിന്റെ അടിസ്ഥാന ഘടകമാണത്.  സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയേയും നിയമ പാലനത്തേയും നിര്‍ണയിക്കുന്നതിലും അതിനു വലിയ പങ്കുമുണ്ട്. അപ്പോള്‍ പ്രധാനമന്ത്രിയായാലും സാധാരണക്കാരനായാലും ക്യൂ ചാടാന്‍ പാടില്ല.
 
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍