റേച്ചല്‍ സിമ്മന്‍സ് (സ്ലേറ്റ്)
ഞാന്‍ ജോലിചെയ്തിരുന്ന എലമെന്‍ററി സ്കൂളിലെ പ്രിന്‍സിപ്പാള്‍ ഒരിക്കല്‍ പറഞ്ഞു, നിങ്ങള്‍ ഒരു കൂട്ടം ഒന്നാംക്ലാസുകാരികളുടെ അടുത്തുചെന്ന് അവരിലാരാണ് ഏറ്റവും നല്ല ഓട്ടക്കാരിയെന്നു ചോദിക്കൂ, ഓരോരുത്തരും അത് ഞാനാണ് എന്ന് പറയും. എന്നാല്‍ ആറാംക്ലാസുകാരികളുടെയടുത്ത് ചെന്ന് ഇതേ ചോദ്യം ചോദിച്ചാല്‍ അവര്‍ ശരിക്കുള്ള ഓട്ടക്കാരിയെ ചൂണ്ടിക്കാട്ടിത്തരും.
ഞാന്‍ ആലോചിച്ചു, ഒന്‍പതാം ക്ലാസുകാരികള്‍ ഏറ്റവും മികച്ച ഓട്ടക്കാരിയെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവള്‍ പറയും, “അയ്യോ! ഞാന്‍ നന്നായി ഓടുകയേയില്ല”. നമ്മുടെ സാമൂഹികനിയമങ്ങളനുസരിച്ച് പെണ്‍കുട്ടികള്‍ അഭിമാനപ്രകടനങ്ങള്‍ നടത്തുന്നത് വലിയ തെറ്റാണല്ലോ. വളരെ ചെറുപ്പത്തിലേതന്നെ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു പാഠമാണിത്. കൂടുതല്‍ ആത്മവിശ്വാസം കാണിക്കുക, ഉടനെ തന്നെ നിങ്ങള്‍ ഒറ്റപ്പെട്ടിരിക്കും. “അഹങ്കാരി’’യെന്നും “കോലേല്‍ കേറി”യെന്നും “തന്നിഷ്ടക്കാരി”യെന്നും ഒക്കെ വിളികേള്‍ക്കേണ്ടിവരും.

എളിമയുടെ ഭാഷ സ്വീകരിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ വളരുന്നത്. ക്ലാസ്മുറികളില്‍ ഒരു ക്ഷമാപണത്തോടെ ചോദ്യങ്ങള്‍ക്ക് അവര്‍ കൈയുയര്ത്തും, എന്റെ അഭിപ്രായം ശരിയാണോ എന്നുറപ്പില്ല, എങ്കിലും.. എന്നൊക്കെ മുഖവുരയിട്ട് ഉത്തരം പറയും. ശക്തമായ അഭിപ്രായപ്രകടനങ്ങളിളെല്ലാം അവര്‍ വെള്ളം ചേര്‍ക്കും. വല്ലാത്ത ആവേശത്തോടെയാണ് അവര്‍ അഭിനന്ദനങ്ങളെ നിരസിക്കുന്നത്. വല്ലാതെ ഉള്‍വലിഞ്ഞുനിന്നുകൊണ്ട് അവര്‍ പുകഴ്ത്തലുകള്‍ നേടിയെടുക്കും. (എന്നെ കണ്ടാല്‍ ആകെ വൃത്തികേടാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒരിക്കലുമല്ല, നീ സുന്ദരിയാണ് എന്ന് അവര്‍ പറയിപ്പിക്കുക.)
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സെല്‍ഫിയുടെ വരവ്. ഓക്സ്ഫോര്‍ഡ് ഡിക്ഷനറി ഈ വര്ഷത്തെ വാക്കായി തെരഞ്ഞെടുത്തത് സെല്‍ഫിയാണ്. നമ്മുടെ കൗമാരക്കാരില്‍ ഭൂരിഭാഗവും ഒരു സെല്‍ഫിയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടാവും. സെല്‍ഫികള്‍ എടുക്കാനായി പ്രത്യേക ആപ്പുകള്‍ പോലും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കൗമാരക്കാരുടെ ഒരു ഹരം മാത്രമായാണ് പലപ്പോഴും സെല്‍ഫികളെ ആളുകള്‍ വിലയിരുത്തുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി സ്വയം അവളുടെ ഒരു ഫോട്ടോ എടുത്ത് പോസ്റ്റുചെയ്യുന്നത് അവളുടെ ആത്മവിശ്വാസമായും കാണാം. മറൈന്‍ ഇന്ഫന്റ്രിയുടെ കോംബാറ്റ് പരിശീലനത്തില്‍ വിജയിച്ച മൂന്നുപെണ്‍കുട്ടികളും അവസാന ഫിസിക്കല്‍ ടെസ്റ്റിനുമുന്‍പ് പരിക്കേറ്റ നാലാമതൊരു പെണ്‍കുട്ടിയും കൂടി അവരുടെ സന്തോഷമെല്ലാം പ്രകടിപ്പിച്ചുകൊണ്ട് ഒരു സെല്‍ഫി പോസ്റ്റ് ചെയ്തു. സെല്‍ഫികള്‍ ഇടുന്നതിനെ നാര്‍സിസിസമായി എഴുതിത്തള്ളുന്നവര്‍ ഈ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം കാണാതെ പോകുന്നു. സ്വന്തം വിജയങ്ങള്‍ ആത്മവിശ്വാസത്തോടെ ആഘോഷിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഭാവിയില്‍ ശമ്പളവര്‍ധനകളും പ്രോമോഷനുകളും ലഭിക്കാന്‍ വേണ്ടിയും അവര്‍ ഇതേ കഴിവു തന്നെയാണ് ഉപയോഗിക്കുക. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ സമൂഹം വ്യത്യസ്തമായാണ് ഇടപെടുന്നത്.

കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ എന്റെ ആദ്യ സെല്‍ഫി പോസ്റ്റുചെയ്തത്. എനിക്കിഷ്ടപ്പെട്ട രീതിയില്‍ തലമുടി വെട്ടിയ ഉടന്‍ തള്ളവിരല്‍ ആഹ്ലാദത്തോടെ ഉയര്‍ത്തിപ്പിടിച്ച ഒരു ചിത്രം. അത് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വലിയ ഒരു അസ്വസ്ഥത തോന്നി. എന്തൊരു മണ്ടത്തരമാണിത്? എന്നെ കണ്ടാല്‍ നല്ല രസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത് എന്ന് മറ്റുള്ളവര്‍ കരുതണം എന്നാണോ ഇതിന്റെ അര്‍ഥം? ഈ സന്ദേഹമാണ് തലമുറകള്‍ തമ്മിലുള്ള മാറ്റം. എന്റെ തലമുറയില്‍ പെട്ട മുതിര്‍ന്ന സ്ത്രീകള്‍ക്ക് ഇതില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്.
ചിത്രരൂപത്തിലുള്ള ഒരു സന്ദേശമാണ് സെല്‍ഫി. ഞാന്‍ സുന്ദരിയാണ്, സന്തോഷവതിയാണ്, തമാശക്കാരിയാണ്, സെക്സിയാണ് എന്നൊക്കെയാണ് ഞാന്‍ കരുതുന്നത്, നിങ്ങള്‍ എന്തുപറയുന്നു? എന്നതാണ് ചോദ്യം. കാമറ എങ്ങോട്ടുനോക്കണം എന്ന് തീരുമാനിക്കുന്നത് ഫോട്ടോ എടുക്കുന്ന വ്യക്തിയാണ്. ഫോട്ടോയെ എങ്ങനെ വായിക്കണം എന്ന് തീരുമാനിക്കുന്നതും ഫോട്ടോ എടുക്കുന്നയാളാണ്. ജോസി ഹോവാര്‍ഡ് എന്ന മനശാസ്ത്രജ്ഞന്‍ പറയുന്നത് “സൌന്ദര്യത്തെപ്പറ്റിയുള്ള സ്ഥാപിതകാഴ്ചപ്പാടുകളെ കുറച്ചുകൂടി റിയലിസ്റ്റിക്കാക്കാന്‍ സെല്‍ഫികള്‍ സഹായിക്കും” എന്നാണ്. സെല്ഫികള്‍ എടുക്കുന്ന മിഡില്‍ സ്കൂള്‍ പെണ്‍കുട്ടികള്‍ നാക്കൊകെ പുറത്തേയ്ക്ക് തള്ളി ഫോട്ടോയെടുക്കുമ്പോള്‍ പറയുന്നത് ഇതാണ്, “എന്നെ കണ്ടാല്‍ ഒരു മണ്ടിയാണെന്ന് തോന്നുമെന്ന് എനിക്കറിയാം. എങ്കിലും ഇത് ഞാന്‍ തീരുമാനിച്ചതാണ്.”
സെല്ഫികള്‍ നല്ലതായിരിക്കും എന്ന് എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോള്‍ ഉടന്‍ തന്നെ കുറെ മുതിര്‍ന്നയാളുകള്‍ അതിനോട് വിയോജനക്കുറിപ്പുകളുമായി എത്തി. ആത്മവിശ്വാസം കുറവുള്ളതുകൊണ്ടാണ് സെല്ഫികള്‍ ഇടുന്നത് എന്നുവരെ ആളുകള്‍ പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഞാന്‍ ഒരു അധ്യാപികയാണ്. ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ഒരു ചിത്രം പോസ്റ്റ് ചെയ്യുന്ന ഓരോ പെണ്‍കുട്ടിക്കും എതിരായി മറ്റുള്ളവരുടെ പ്രശംസകള്‍ കേള്‍ക്കാന്‍വേണ്ടി മാത്രം ചിത്രങ്ങളിടുന്ന, സ്വയം പ്രശംസിക്കാന്‍ കഴിയാത്ത അനവധി പേരുണ്ടാകും. ചിത്രങ്ങളില്‍ തങ്ങളുടെ കുറവുകള്‍ മറച്ചുവയ്ക്കാനായി മണിക്കൂറുകള്‍ പണിപ്പെടുന്ന പെണ്‍കുട്ടികളെയോര്ത്തും എനിക്ക് ആശങ്കയുണ്ട്. പെണ്‍കുട്ടികള്‍ ഫോട്ടോകളെ തങ്ങളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി ഉപയോഗിക്കുന്നതിനുപകരം തങ്ങളുടെ ശരീരത്തെ ആഘോഷിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. തമാശയും ഉല്ലാസവും നിറഞ്ഞ ഒരു രൂപമായി ഓണ്‍ ലൈനില്‍ അറിയപ്പെടാനായി തങ്ങളുടെ ബുദ്ധിയും അനുകമ്പയും മറ്റുകഴിവുകളും മറച്ചുപിടിക്കുന്നവരുമുണ്ട്.
എന്നാല്‍ ഈ സോഷ്യല്‍ മീഡിയയെ മുഴുവന്‍ പ്രശ്നമായി കരുതുന്ന മാതാപിതാക്കളെയും അധ്യാപകരെയും ഓര്‍ത്തതാണ് ഞാന്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്. ഓരോ പെണ്‍കുട്ടിയും വ്യത്യസ്തയാണ്, ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. “ഗുഡ് ഗേള്‍” സംസ്കാരത്തിന്റെ പരിമിതികളെ കളിയാക്കുകയും സ്വന്തം വാക്കുകള്‍ ക്ഷമാപൂര്‍വമല്ലാതെ പറയാന്‍ സാധിക്കുന്ന കൗമാരക്കാരെ ആഘോഷിക്കുകയുമാണ് സെല്‍ഫി ചെയ്യുന്നത്. അങ്ങനെയുള്ള പെണ്‍കുട്ടികളാണ് വേണ്ടതും.