UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ലാക്ക് ലെറ്റേഴ്സ്‌

രൂപേഷ് കുമാര്‍

കേരളം

ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി

ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തന്നെ വിവിധ സ്ഥലങ്ങളിലും പാട്ട് പാടിയ ജിത്ത് ഒരിക്കലും “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം” എന്ന് ഒരിക്കലും പാടിയിട്ടുണ്ടാകില്ല,

അമ്മ ജനിച്ച് വളര്‍ന്ന്, ഇപ്പോഴും ജീവിക്കുന്ന ‘ചെവിടിച്ചാല്‍’ എന്ന ‘ദളിത്‌ കോളനി” തേവിടിശ്ശി ചാല്‍ എന്ന പേരില്‍ നിന്ന് രൂപമാറ്റം വന്നതാണെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്. ഓരോരുത്തര്‍ ഓരോ സ്ഥലങ്ങള്‍ക്കും ഇടുന്ന പേരുകളേ… എന്തായാലും അമ്മയുടെ മുന്‍ തലമുറക്കാരോ അല്ലെങ്കില്‍ ദളിത്‌ ജീവിതങ്ങളോ ആയിരിക്കില്ല ആ പേര് ഇട്ടത് എന്നത് നല്ല ഉറപ്പാണ്. “നിങ്ങളെ കൊത്തിയാലും ചോരയല്ലേ തേവരെ… ഞങ്ങളെ കൊത്തിയാലും ചോരയല്ലേ തേവരെ” എന്ന് ശങ്കരാചാര്യനോട് ചോദിച്ച അലങ്കാരനെ പൊട്ടന്‍ ആയും പിന്നെ പൊട്ടന്‍ ദൈവം ആയും ആക്കിയ പോലത്തെ മറ്റൊരു സവര്‍ണ തമാശ ആയിരിക്കും അതും. പിന്നെ “ചേടി” എന്ന ഒരു തരം ചളിമണ്ണ് അടിഞ്ഞു കൂടിയിരുന്നത് കൊണ്ട് അങ്ങനെയും ആ പേര്‍ വന്നതാണെന്നും മറ്റൊരു കഥയും ഉണ്ട്. ഇടക്ക് ആ നാട്ടിലെ ചിലരൊക്കെ ആ പേര് മാറ്റണം എന്ന് നിര്‍ബന്ധം പിടിച്ചുവെങ്കിലും ഈ നാട്ടിലുള്ളവര്‍ ഈ പേര് തന്നെ അവിടെ നിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

എന്റെയൊക്കെ പ്രീ-ഡിഗ്രീ കാലത്തും ഇപ്പോഴുമൊക്കെ ചെവിടിച്ചാലിലെ ചെറുപ്പക്കാരും പെണ്‍കുട്ടികളും ഒക്കെ നല്ല സ്റ്റൈലിഷ് ആയിട്ട് തന്നെയായിരുന്നു നടന്നിരുന്നത്. പ്രീ ഡിഗ്രിക്ക് ഒക്കെ പടിക്കുമ്പോ അവര്‍ ജീന്‍സും നല്ല സ്റ്റൈലന്‍ ഷര്‍ട്ടും ഷൂസും ഒക്കെ ഇട്ടിരുന്നു. കോട്ടന്‍ ഷര്‍ട്ട് ഇസ്തിരി ഇടാതെ ഇട്ടാല്‍ കൂടുതല്‍ സ്റ്റൈല്‍ ആണെന്ന് അവിടുത്തെ ചെറുപ്പക്കാര്‍ പറഞ്ഞിരുന്നു. ഇങ്ങനെ ചെവിടിച്ചാലിലെ കുട്ടികള്‍ നല്ല ജീന്‍സും ടി ഷര്‍ട്ടും ചൂരിദാറും ഷൂസും ഒക്കെ ഇട്ടു നടക്കുമ്പോള്‍ ചെവിടിച്ചാലിന്‍ ‘സിറ്റി” എന്ന പുതിയ പേരിട്ടു വിളിച്ചു. ചെവിടിച്ചാലില്‍ തന്നെ ജീവിച്ച് വളര്‍ന്നു പിന്നീട് പുറത്തു പോയവര്‍ തന്നെ ആണ് ഇങ്ങനെ പേര് വിളിച്ചത് എന്നതാണ് മറ്റൊരു കാര്യം. ഒരു കാലത്ത് ഈ എഴുതുന്ന ഞാനും അങ്ങനെ വിളിച്ചിരുന്നു. പിന്നീട് അതൊരു വംശീയമായ വിളി ആണെന്ന് മനസ്സിലാക്കി സ്വയം തിരുത്തുകയായിരുന്നു. ഒരിക്കല്‍ ഒരു ചുവന്ന ടി ഷര്‍ട്ട് ഇട്ടു പുറത്തിറങ്ങിയപ്പോള്‍ കുടുംബത്തില്‍ നിന്ന് തന്നെ “പൊലക്കളര്‍” (അതായത് പുലയന്മാരുടെ കളര്‍)  എന്ന കളിയാക്കല്‍ ആണ് കേക്കേണ്ടി വന്നത്. 

ഞങ്ങള്‍ ഒക്കെ എവിടെ പോകുമ്പോഴും ചില നിരീക്ഷകര്‍ ഉണ്ടായിരുന്നു. ഞാനൊക്കെ മിക്കവാറും പ്രീ ഡിഗ്രി പഠിക്കാന്‍ ബുദ്ധിമുട്ടായത് ക്ലാസ്സിലെ ഫിസിക്സും കെമിസ്ട്രിയും ഒന്നും മനസ്സിലാകാത്തത് കൊണ്ടായിരുന്നു. അതുകൊണ്ട് പയ്യന്നൂര്‍ ശാന്തി/ശോഭ പോലുള്ള ടാക്കീസുകളില്‍ സിനിമ കണ്ടു നടന്നു. അപ്പൊ കുടുംബത്തിലെ വല്യേട്ടന്മാരോക്കെ പറയുക, നീ ഒക്കെ ശ്വാസം വിട്ടാല്‍ പോലും ഞങ്ങള്‍ അറിയും എന്നായിരുന്നു. ചിലപ്പോ ഞാനൊക്കെ മനസ്സില്‍ പറയും “കീഴ്ശ്വാസം വിട്ടാലും അറിയുമോ?”. നല്ല ഇടതു പക്ഷ സ്വാധീനമുള്ള, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയ ഞങ്ങളുടെ കുടുംബത്തിലെ ആണുങ്ങള്‍ ആണ് ഇങ്ങനെ വല്യേട്ടന്‍ ചമയുക. വെറുത്തു പോകും. പിന്നെ ചെവിടിച്ചാലില്‍ ആണെങ്കിലും അടുത്തതില എന്ന ചെവിടിചാലിനു പുറത്തെ സ്ഥലത്തെ ചാലിയ തെരുവില്‍ ഞങ്ങള്‍ കളിക്കാന്‍ പോകുമായിരുന്നു. കളി സ്ഥലങ്ങളില്‍ ഒരിക്കല്‍ ഒരു ടി.ടി.സി കഴിഞ്ഞ മഹാന്‍ ചാലിയ വിഭാഗത്തില്‍ പെട്ട മറ്റൊരു പയ്യനോട് എന്റെ മുന്നില്‍ വെച്ച് “പൊലയനെ പോലെ പെരുമാറല്ലെട” എന്ന് പറയുന്നത് കേട്ടു. ഞാന്‍ ഒരു പുലയന്‍ ആണെന്ന് മനസ്സിലാക്കിയ ടി.ടി.സിക്കാരന്‍ “അയ്യോ, സോറി, ഒന്നും ഉദേശിച്ച്ചിട്ടല്ല” എന്ന് പറഞ്ഞു. ഒന്നും ഉദേശിച്ച്ചിട്ടില്ല എന്ന് മനസ്സിലായി എന്ന് മനസ്സില് പറഞ്ഞു നമ്മള്‍ അത് ചിരിച്ചു തള്ളി.

ചെവിടിച്ചാലിന് അവിടത്തെ കമ്മൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ഇടയില്‍ പോലും ചില ഇരട്ടപ്പേരുകള്‍ ഉണ്ടായിരുന്നു. “ദക്ഷിണാഫ്രിക്ക” എന്നതായിരുന്നു അത്തരത്തില്‍ ഉള്ള ഇരട്ടപ്പെരുകളില്‍ ഒന്ന്. ചെവിടിച്ചാലില്‍ കല്യാണമൊക്കെ ഉണ്ടായാല്‍ നല്ല രസമാണ്. ചിലപ്പോള്‍ പുറത്ത് നിന്നുള്ളവരൊക്കെ കല്യാണത്തിനു വരും. നമ്പ്യാര്‍ സമുദായങ്ങളില്‍ പെട്ടവര്‍ ഒക്കെ. അതില്‍ ഒരു മാഷ്/അദ്ധ്യാപകന്‍ ഉണ്ടായിരുന്നു. പഴയ എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍. റിട്ടയേര്‍ഡ്‌ ആയി. അദ്ദേഹം തലേ ദിവസം വന്നു ബേക്കറി സാധനങ്ങള്‍ കഴിച്ചിട്ട് പോകും. കാരണം മറ്റൊന്നുമല്ല. ഞങ്ങളുടെ ഒക്കെ വീട്ടില്‍ ഉണ്ടാക്കിയ ചോറ്  കഴിക്കാന്‍ അദേഹത്തിനു പറ്റില്ല. ഏറ്റവും രസം എന്റെ അച്ചാച്ചനും ഒരു എല്‍ പി സ്കൂള്‍ ഹെഡ് മാഷ്‌ ആയിരുന്നു എന്നതാണ്. ഒരേ ജോലി ആണെങ്കിലും രണ്ടു ജാതി തന്നെ ആയിരുന്നു മാഷമ്മാരുടെ ഇടയിലും. കമ്മ്യൂണിസം ഒക്കെ വിളഞ്ഞ, കോടി കുത്തുന്ന മണ്ണാണ്. പക്ഷെ ചില കമ്യൂണിസ്റ്കാരുടെ വീട്ടിലെ  പഴയ തലമുറകള്‍ക്കൊകെ ഇപ്പോഴും ദളിത്‌ വീടുകളില്‍ നിന്ന് ചോറുണ്ണാന്‍ പറ്റില്ല. അത് കമ്യൂണിസ്റ്കാരോട് പറഞ്ഞാല് അതൊന്നും ഒരിക്കലും മാറ്റാന്‍ പറ്റില്ല, അവരൊക്കെ പഴയ ആള്‍ക്കാരല്ലേ എന്ന് പറയുന്നതാണ് കമ്മ്യൂണിസ്റ്റ്കാരുടെ വിപ്ലവം. 

 

വേറൊരു കമ്മ്യൂണിസ്റ്റ് വിപ്ലവം എന്ന് പറഞ്ഞാല്‍ ഒരിക്കല്‍ ഞങ്ങള്‍ എന്റെ അച്ചന്റെ, ദളിത്‌ കോളനിയെ കുറിച്ച് ഒരു ഡോകുമെന്ററി ചെയ്യാന്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ “പെരിങ്ങീല്‍, അതൊരു ഹരിജന്‍ കോളനി അല്ലെ?” എന്നാണു ചോദിച്ചത്. ഗാന്ധിയും കമ്യൂണിസ്റ്റുകാരും ഒക്കെ “പ്രണയാതുരര്‍” ആകുന്നത് ഇവിടെ ഒക്കെ ആണ്. ഇത് വേറെ തരത്തിലാണ് അടുത്ത തലമുറ കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തങ്ങളില്‍ പ്രതിഫലിക്കുക. ഒരിക്കല്‍ അടുത്തില എന്നാ സ്ഥലത്ത് ബസ് കാത്തു നിക്കുമ്പോള്‍ ഒരു കമ്മൂണിസ്റ്റ് നേതാവ് വന്നു പറഞ്ഞു. “മോനെ… ന്യൂ ഇയര്‍ ആഘോഷം ആണ്. വല്ലതും സംഭാവന കൊടുത്തിട്ടു പോ…” വെറുപ്പിക്കുന്നതും ജാതീയത നിറഞ്ഞതുമാണ് ഈ മോനെ വിളി. അയാളുടെ മടിയില്‍ ഇട്ടു പേരിട്ടു വളര്‍ത്തി എനിക്ക് ജോലി വാങ്ങിച്ച് തന്നത് പോലെ ആണ് ആ ആജ്ഞ. ഒരിക്കല്‍ ഞാന്‍ ഒരു ബൈക്കില്‍ ഇങ്ങനെ പോകുമ്പോള്‍ അടുത്തില നിന്ന് നമ്പ്യാര്‍ സമുദായത്തില്‍ പെട്ട ഒരു അദ്ധ്യാപകന്‍ എന്റെ ബൈക്കില്‍ കയറി. അദ്ദേഹം ചോദിച്ചത് ഇങ്ങനെ ആയിരുന്നു. “നീ എന്താ പഠിച്ചത്? ഐ.ടി.ഐയാ? പ്ളമ്പിംഗോ? വയറിങ്ങോ” (പ്ളമ്പിംഗ്, വയറിംഗ് എന്നൊക്കെ പറയുമ്പോ വെറുതെ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയാ ആ മുഖത്ത് കാണാവുന്ന രതിനിര്‍വൃതി ഉണ്ടല്ലോ, ശ്യോ!). അച്ഛന്‍ ജീവിച്ച പെരിങ്ങീല്‍ എന്ന ‘കോളനി’യിലേക്കുള്ള പൈപ്പ് വെള്ളത്തിന്റെ പ്ലാസ്റ്റിക്‌ പൈപ്പ് അത് കടന്നു വരുന്ന പുഴയില്‍ വെച്ച് മിക്കവാറും പൊട്ടും. പ്ളാമ്പിംഗ് പണി അറിയാവുന്ന ഐ ടി ഐ പഠിച്ച, ഗണേശേട്ടന്‍ ശ്വാസം പിടിച്ചു പുഴയില്‍ മുങ്ങിയാണ് പൈപ്പ് നേരെയാക്കുക. പൈപ്പ് നേരെ ആക്കുന്ന അന്ന് ഒരു ദിവസം കോളനിയുടെ ഹീറോ ആയിരിക്കും ഗണേശേട്ടന്‍. ഈ മാഷ് മുക്കി തൂറിയാല്‍ അങ്ങനെ പറ്റില്ല.

പതിമൂന്നു വര്‍ഷം മുമ്പാണ് അമ്മയുടെ സ്ഥലത്ത് അച്ഛന്‍ ഒരു വീട് വെക്കുന്നത്. ഒരു വാടക വീട്ടില്‍ താമസിച്ച് ഒരു ചേതക് സ്കൂട്ടറില്‍ ഞാനോ എന്റെ അനിയന്‍, ഇപ്പോള്‍ കോളേജ് അദ്ധ്യാപകന്‍ ആയ പ്രവീണ്‍ കുമാറോ അമ്മയെ എന്നും ചെവിടിച്ചാലില്‍ കൊണ്ട് പോകും. അനിയനും അമ്മയും ആണ് വീടിന്റെ പണി ഒക്കെ നോക്കി നടത്തിയത്. ഞാന്‍ അക്കാര്യത്തില്‍ ഒരു മടിയനായിരുന്നു. ഒരിക്കല്‍ വീടിന്റെ കോണ്‍ക്രീറ്റ് നടക്കുമ്പോള്‍ പണിക്ക് വന്ന ഒരു തീയ്യ സ്ത്രീ ഒരു നിബന്ധന മുന്നോട്ടു വെച്ചു. ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കിയ ദോശ അവര്‍ക്ക് കഴിക്കാന്‍ പറ്റില്ല. പകരം അവര്‍ക്ക് കടയില്‍ നിന്ന് അവിലും പഴവും വാങ്ങിച്ചു കൊണ്ട് കൊടുക്കണം. അനിയന്‍ ‘പറ്റില്ല” എന്ന് തന്നെ പറഞ്ഞു. നിങ്ങള്‍ക്ക് വേണ്ടി ആണ് ഇവിടെ ഭക്ഷണം ഉണ്ടാക്കിയത്. അത് കഴിച്ചിട്ട് പണി എടുക്കാമെങ്കില്‍ എടുത്താ മതി. പിന്നെ അവര്‍ക്ക് ഒരു രക്ഷയുമില്ല. വീടിന്റെ വാര്‍പ്പ് പണിയുടെ അധ്വാനം അറിയാമല്ലോ. പണി കഴിഞ്ഞു പത്ത് മണിക്ക് ചായ കുടിയുടെ സമയം ആയി. ആ സ്ത്രീ മാത്രം ഒരു മൂലക്ക് പോയിരുന്നു. അവസാനം ഒട്ടും വിശപ്പ് സഹിക്കാതെ ആ പാവം ഒരു ദോശയുടെ കഷ്ണം എടുത്തു കടിച്ചു. വിശപ്പ്‌ സഹിക്കാതെ വന്നാല്‍ എന്ത് ജാതി? എന്റെ അനിയന്‍ ആ കാഴ്ച കണ്ടു. അവരുടെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കി അനിയന്‍ ചിരിക്കുക പോലും ചെയ്തില്ല. കണ്ണൂര്‍ നിഷ്കളങ്കരുടെ നാടാണെന്ന് പറഞ്ഞാല്‍ ചിരിക്കാതെന്താ ചെയ്യുക? നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നും കൂടെ പറഞ്ഞാല്‍ പൂര്‍ത്തിയായി.

ഗ്രാമത്തിന്റെ മുഖ്യ ഇടങ്ങളില്‍ നിന്നും ചെവിടിച്ചാല്‍ എന്നും വേറിട്ട് നിന്നിരുന്നു. അല്ലെങ്കില്‍ ഗ്രാമത്തിന്റെ മുഖ്യ ഇടങ്ങളില്‍ നിന്നും ഉള്ളില്‍ ആയിരുന്നു ചെവിടിച്ചാല്‍. ഞാന്‍ തലശ്ശേരിയില്‍ ആയിരുന്നു എം എ പഠിച്ചത്. ചെവിടിച്ചാലില്‍ നിന്ന് ബസ് സ്റ്റോപ്പിലെക്ക് ഒരു പതിനഞ്ചു മിനിറ്റ് നടക്കണം. പിന്നെ ഒരു പതിനഞ്ചു മിനിറ്റ് ബസ് യാത്ര. പിന്നെ ഒരു മണിക്കൂര്‍ ട്രെയിന്‍. പിന്നെ വീണ്ടും ഒരു പതിനഞ്ചു മിനിറ്റ് ബസ്. ക്ലാസ്സില്‍ എത്തുമ്പോള്‍ മിക്കവാറും പതിനൊന്നും മണി ആകും. മാഷമ്മാരുടെ ചീത്തയും കിട്ടും. അഞ്ചു മണിക്ക് ക്ലാസ് കഴിഞ്ഞാല്‍ തിരിച്ച വീട്ടില്‍ എത്താന്‍ എട്ടു മണിയും. ചെവിടിച്ചാല്‍ എന്ന കോളനിയില്‍ നിന്നും ബസ് സ്റൊപ്പിലെക്കുള്ള നടത്തത്തിന് ഇടയില്‍ പല ചോദ്യങ്ങളും ഉണ്ടാകും. പീടിക തിണ്ണകളില്‍ ഇരുന്നു കൊണ്ടുള്ള നോട്ടങ്ങള്‍ ഉണ്ടാകും. ചോദ്യങ്ങള്‍, ഉപദേശങ്ങള്‍ മിക്കവാറും ഇങ്ങനെ ഒക്കെ ആയിരിക്കും. “നീ എന്ത്ന്നാടോ ഇപ്പൊ ചെയ്യുന്നത്?” “എം എ കഴിഞ്ഞിട്ടെന്താ പരിപാടി?” “ജേര്‍ണലിസം കളിക്കാണ്ട് വല്ല ബി.എഡും എടുത്തു ഏതെങ്കിലും സ്കൂളില്‍ പോയിക്കൂടെ?”  ഉപദേശികളും “തന്തമാരും” വെറുപ്പിക്കും.

കൂടുതല്‍ സ്നേഹം കൂടിയ ഒരു മനുഷ്യന്‍ ഉണ്ട് നാട്ടില്‍. ചിലപ്പോ ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അയാള്‍ ഇങ്ങനെ ഉപദേശിക്കും. നിന്നെ ഞാന്‍ കുറെയായി ശ്രദ്ധിച്ചോണ്ടിരിക്കുന്നു. നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, പിന്നെ ഉപദേശം… (അയാള്‍ ഉടുത്തിരിക്കുന്ന മുണ്ട് പൊക്കി പൃഷ്ഠം കാണിക്കുകയാണെന്ന് തോന്നും ഉപദേശം കേട്ടാല്‍, പിന്നീട് ചിരിച്ചു മണ്ണ് കപ്പും). ഈ ഉപദേശങ്ങളുടെയും വേരുപ്പിക്കലുകളുടെയും ഇടങ്ങളിലൂടെ ആണ് ചെവിടിച്ചാലുകാര്‍ ഒരു റോഡിലൂടെ മുഖ്യധാരയില്‍ എത്തുക. അയ്യങ്കാളി ദളിതര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നേടിത്തന്നിട്ടുണ്ടെങ്കിലും വഴിയരികിലെ നോട്ടം / കമന്റ്സ് / വിലയിരുത്തല്‍ / ഉപദേശം എന്നിവയിലെ ജാതി വംശീയത ഇല്ലാതാക്കാന്‍ ഇനിയും വിപ്ലവങ്ങള്‍ വേണ്ടി വരും. ഒരു നല്ല ചൂരിദാര്‍ ചെവിടിച്ചാലിലെ ഒരു പെണ്‍കുട്ടി ധരിച്ചാല്‍ അവള്‍ “ഗായിക” എന്ന അപര നാമത്തില്‍ അറിയപ്പെടും. ഒരു ജീന്‍സ് ഇട്ടാല്‍ അവന്‍ “തനി പൊലയന്‍” ആയി.

ജിത്ത് ജോസ് ഞങ്ങളുടെ നാട്ടിലെ പാട്ടുകാരന്‍ ആണ്. സംഗീതം പഠിക്കണം എന്ന മോഹവുമായി ഒരു ഗുരുവിന്റെ അടുത്തും പോയില്ല. മുടിയൊക്കെ നീട്ടി ഒരു സ്റ്റൈലിഷ് ചെറുപ്പക്കാരന്‍. വെങ്ങരയില്‍ ഉള്ള പുരുഷു എന്ന ഗാനമേള നടത്തുന്ന ആളുടെ കൂടെ പോയി പാടി തുടങ്ങിയതാണ്‌. മുടിയൊക്കെ നീട്ടി നല്ല അടിച്ചുപൊളി പാട്ടുകള്‍ ആണ് പാടുക. പാടുമ്പോള്‍ മുടിയൊക്കെ പറപ്പിക്കും. നാട്ടിലെ ചില മേലാളന്മാരുടെ ചില കമന്റ് ഒക്കെ വരും. “പൊലയന്‍ ക്രിസ്ത്യാനി അല്ലെ, മുടി ഒക്കെ നീട്ടട്ട്”. ജിത്ത് ജോസ് അങ്ങനെ നീട്ടിയ മുടിയും കൊണ്ട് പാടി അമൃത ടി.വിയുടെ “സൂപ്പര്‍ ട്രൂപ്പേഴ്സ്” എന്ന പരിപാടിയുടെ ഫൈനല്‍ വരെ എത്തി. പയ്യന്നൂരിലെ ഒരു ഗാനമേള ട്രൂപിന്റെ കൂടെ ആയിരുന്നു പാടിയത്. ചെവിടിച്ചാലിനു പുറത്തുള്ള ഗ്രാമത്തിന്റെ മുഖ്യധാരയില്‍ എസ്.എസ്.എല്‍.സിക്ക് ഫാസ്റ്റ് ക്ലാസ്സ്‌ കിട്ടിയാല്‍ ആദരിക്കുന്ന, ഏതെങ്കിലും കുട്ടികള്‍ ശാസ്ത്രീയ സംഗീതം പഠിച്ചാല്‍ അരങ്ങേറ്റം നടത്തിക്കുന്ന, ചെവിടിച്ചാലിനു പുറത്തുള്ള ജനങ്ങള്‍ ഒരിക്കല്‍ പോലും ജിത്തിനെ ഒരു സ്റ്റേജില്‍ വിളിച്ചു ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല. ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തന്നെ വിവിധ സ്ഥലങ്ങളിലും പാട്ട് പാടിയ ജിത്ത് ഒരിക്കലും “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം” എന്ന് ഒരിക്കലും പാടിയിട്ടുണ്ടാകില്ല, പാടുകയുമുണ്ടാകില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം.  

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍