UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

മതമൌലികതയ്ക്കെതിരെയുള്ള ഉറച്ച ശബ്ദം

പ്രമോദ് പുഴങ്കര

 

അവിശ്വാസിയുടെയും അന്ധവിശ്വാസിയുടെയും ദര്‍ശനലോകങ്ങള്‍ താരതമ്യേന തെളിഞ്ഞതാണ്. ഒരാള്‍ക്ക് മുന്നില്‍ അവിശ്വാസത്തിന്റെ യുക്തിഭദ്രത, മറ്റേയാള്‍ക്ക്  വിശ്വാസത്തിന്റെ അത്താഴം. എന്നാല്‍, മതവിശ്വാസത്തിന്റെ ഉള്ളില്‍നിന്നുകൊണ്ട് അതിന്റെ അയുക്തികളേയും, ശ്രേണീഘടനയേയും ചോദ്യം ചെയ്യുന്ന ഒരാള്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍ അസാമാന്യമാണ്. അസ്ഗര്‍ അലി എഞ്ചിനീയര്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തനലോകം ഈ സംഘര്‍ഷങ്ങളുടെ നൈരന്തര്യം കൊണ്ട് പ്രകമ്പിതമായിരുന്നു.

 

യാഥാസ്ഥിതിക ബോഹ്റ സമുദായത്തിലെ ഒരു പൌരോഹിത്യ കുടുംബത്തില്‍ വളര്‍ന്ന എഞ്ചിനീയര്‍, ആ സമുദായത്തിന്റെ ആത്മീയാചാര്യന്‍ മുതല്ക്കിങ്ങോട്ടുള്ളവരുമായി കലഹിച്ചാണ് സാമൂഹ്യപരിഷ്ക്കരണത്തിന്റെ വെയിലു നിറഞ്ഞ ഇടങ്ങളിലേക്ക് ഇറങ്ങിനടന്നത്. ആ കലഹം എഞ്ചിനീയര്‍ക്കു നേരെ വധശ്രമങ്ങളടക്കമുള്ള ആക്രമണങ്ങള്‍ക്കിടയാക്കി പിന്നീട്.

 

ഇസ്ളാമിക പൌരോഹിത്യത്തിന്റെ നടപ്പു ദീനങ്ങളെക്കുറിച്ചു മാത്രമല്ല, അതിന്റെ മൂലകാരണത്തെക്കുറിച്ചാണ് എഞ്ചിനീയര്‍ സംവാദം നടത്തിയത്. ഖുറാന്‍ എങ്ങനെയാണ് വ്യാഖാനിക്കേണ്ടത്, ഇസ്ളാമിനെ എങ്ങനെയാണ് കാലവുമായി കൂട്ടിയിണക്കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ ഇസ്ളാമിനകത്ത് നിന്നു നോക്കിയാല്‍ തികച്ചും വിപ്ളവകരമായ വാദങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അതാത് കാലഘട്ടവുമായി സംവദിക്കുമ്പോളാണ് ഏത് മതവും പ്രത്യയശാസ്ത്രവും കാലാതിവര്‍ത്തിയാകുന്നത്. ഏത് വ്യാഖാനവും, വ്യാഖാതാക്കളുടെയും ആ കാലഘട്ടത്തിന്റെയും അധികാരഘടനയും, വര്‍ഗതാല്‍പ്പര്യങ്ങളുമായി അവിഭാജ്യമാംവിധം കൂടിപ്പിണഞ്ഞു കിടക്കുന്നു. ഇത് ഇസ്ളാമിനും, ഖുറാനുമെല്ലാം ബാധകമാണെന്ന് എഞ്ചിനീയര്‍ ആവര്‍ത്തിച്ചു പറഞ്ഞു. സ്ത്രീ സ്വ്വതന്ത്ര്യത്തിന്റെയും, മറ്റ് മതങ്ങളോടുള്ള സമീപനത്തിന്റെയും ഒക്കെ കാര്യത്തില്‍ ഇസ്ളാമിക ചരിത്രത്തെയും, ഖുറാനെയും ഇങ്ങനെയാണ് സമീപിക്കേണ്ടത്. വിശുദ്ധഗ്രന്ഥങ്ങള്‍ നിലവിലുണ്ടായിരുന്ന സാമൂഹിക തിന്‍മകളെ എതിര്‍ക്കുകയും, പുതിയൊരു ദര്‍ശനം നല്കുകയും ചെയ്തു. ഈ പുതിയ ദര്‍ശനത്തിന്റെ ഗുണഭോക്താക്കള്‍ പുതിയ വിശ്വാസം തെരെഞ്ഞെടുത്തു. ഇതുമൂലം നഷ്ടം നേരിട്ടവര്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. പക്ഷേ, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും, പഴയ വ്യവസ്ഥ തുടരണമെന്നഗ്രഹിക്കുന്നവര്‍ക്കും  അവരുടേതായ തന്ത്രങ്ങളുണ്ടായിരുന്നു. പുതിയ മതത്തെ തങ്ങള്‍ക്കായി മാറ്റിയെടുക്കാന്‍ അവര്‍ വഴികള്‍ കണ്ടെത്തി. ഇത് പല രീതിയിലാണ് ചെയ്തത്. 1. അവര്‍ രാഷ്ട്രീയാധികാരം കൈക്കലാക്കുകയും, മതം ആ അധികാരവ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തു. മതത്തിന് അതിന്റെ വിപ്ളവകരമായ സ്വഭാവം നഷ്ടപ്പെട്ട് അത് അധികാരി വര്‍ഗത്തിന്റെ ഒരുപകരണമായി മാറി. 2. മതത്തെ തന്നെ സ്ഥാപനവത്കരിക്കുകയും അതിനുചുറ്റും ഒരു അധികാരഘടന രൂപപ്പെടുകയും ചെയ്യുന്നു. 3. ബൌദ്ധിക സ്രോതസ്സുകളെ നിലവിലെ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്നു. അങ്ങനെ നിലവിലെ വ്യവസ്ഥയെ നിലനിര്‍ത്തുന്ന ഒരു പൌരോഹിത്യ മതം രൂപപ്പെടും….അതുകൊണ്ടു വിശുദ്ധഗ്രന്ഥങ്ങളുപയോഗിച്ച് ഈ പൌരോഹിത്യ ചട്ടക്കൂടിനെതിരെ നിരന്തരം പോരാടേണ്ടതുണ്ട്.”

 

ഇസ്ലാമിന്നു മുമ്പുള്ള അറബി സമൂഹത്തിന്റെ അവസ്ഥയുമായി താരതമ്യം ചെയ്താണ് ഇസ്ളാമിന്റെയും വിശുദ്ധ ഗ്രന്ഥത്തിന്‍റെയുമൊക്കെ പ്രാമാണികതയെയും പുരോഗമന  സ്വഭാവത്തെയും അളക്കേണ്ടത്. മാറിവന്ന കാലങ്ങളില്‍ പുരാതന മാനദണ്ഡങ്ങളെ അതേപടി പകര്‍ത്തുന്നത് ചില നിക്ഷിപ്ത താല്‍പ്പര്യക്കാരെ മാത്രമേ സഹായിക്കാന്‍ ഉതകൂ. അതുകൊണ്ട് ഖുറാന്‍ പ്രസരിപ്പിക്കുന്ന മൂല്യബോധത്തെയാണ്, അതിന്റെ ആകെത്തുകയെയാണ് ഇസ്ളാമിക മൂല്യങ്ങളായി കണക്കാക്കേണ്ടത്. ശാന്തിയും, നീതിയും, സമത്വവുമാണ് ഖുറാന്‍റെ അടിസ്ഥാന മൂല്യങ്ങളെന്ന് എഞ്ചിനീയര്‍ പറയുന്നു. ഇതിന് ചുവടുപിടിച്ച് അതാത് കാലത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസൃതമായ് മൂല്യബോധമുള്ള സമൂഹത്തിന്റെയും, മതബോധത്തിന്റെയും നിര്‍മ്മിതിയാണ് ഇസ്ളാമിക വിശ്വാസമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

 

സ്ത്രീ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, മതേതരസമൂഹം, തുടങ്ങിയ വിഷയങ്ങളിലെല്ലാം തന്നെ പൌരോഹിത്യ ഇസ്ളാമിന്റെ ശാസനങ്ങളെ എഞ്ചിനീയര്‍ എതിരിട്ടത് ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. പര്‍ദക്കും, മുഖാവരണത്തിനും വേണ്ടി വാദിക്കുന്ന പുത്തന്‍ നവോത്ഥാനനായകര്‍ കളം പിടിച്ചെടുക്കുന്ന കാലത്ത് അത്തരം കള്ളനാണയങ്ങള്‍ക്കെതിരെ എഞ്ചിനീയര്‍ മുന്നറിയിപ്പും നല്കി. മുസ്ളീമുകള്‍ ഈ പരിവര്‍ത്തന സമരത്തില്‍ സജീവമായി ഉള്‍ച്ചേര്‍ന്നില്ലെങ്കില്‍ യാഥാസ്ഥിതികരും തീവ്ര മതമൌലികവാദികളും ഈ സാഹചര്യത്തെ മുതലെടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 

ഇത്തരമൊരു ആഭ്യന്തര സമരത്തിന്നു മാത്രമേ മതയാഥാസ്ഥിതികതയുടെ കെട്ടുകള്‍ പൊട്ടിക്കാനാവൂ. ഇസ്ളാമിക രാഷ്ട്രങ്ങള്‍ക്കാവശ്യം സമഗ്രമായൊരു ജനാധിപത്യ വിപ്ളവവമാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അതിനുള്ള സാധ്യതകള്‍ വിദൂരമാണ്. ഇറാനിലെതുപോലെ, മുകളില്‍നിന്നും അടിച്ചേല്‍പ്പിക്കുന്ന ആധുനികത വിജയിക്കില്ല. ഇതിന് ജനാധിപത്യ വിപ്ളവവും, വ്യവസായ വിപ്ളവവും ഒപ്പം വേണം….ജനാധിപത്യവത്കരണത്തിലൂടെ വിധേയത്വത്തിന്റെ സംസ്കാരത്തെയാണ് നിഷ്കാസിതമാക്കേണ്ടത്. സ്വേച്ഛാധിപത്യ രാഷ്ട്രീയഘടനയില്‍ ഭിന്നാഭിപ്രായത്തിന്റെ സംസ്കാരം വളരില്ല.”

 

പരസ്പരഭീതി കൂടാതെ മൈത്രിയിലൂന്നിയ ഒരു  മതസൌഹാര്‍ദ സമൂഹത്തിനു വേണ്ടിയായിരുന്നു ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ എഞ്ചിനീയരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മുഴുവനും. മുംബൈയില്‍ എഞ്ചിനീയര്‍ സ്ഥാപിച്ച Centre for Study of Secularism and society ഈ ലക്ഷ്യത്തിനുവേണ്ടിയാണ് അഹോരാത്രം പ്രവര്‍ത്തിച്ചത്. രാം പുന്യാനിയും, എഞ്ചിനീയറും ചേര്‍ന്ന് രാജ്യമാകെ നിരവധി ശില്‍പ്പശാലകള്‍ ഇതിനായി നടത്തി. ബഹുമുഖമായ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഒരു പരിച്ഛേദം തന്നെയാകണം ഇന്ത്യന്‍ ഇസ്ലാമെന്ന് എഞ്ചിനീയര്‍ കരുതി. സൂഫിസവും, ഭക്തി പ്രസ്ഥാനവും ഈ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

 

എന്നാല്‍ ഈ ബഹുസ്വരതയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇന്ത്യന്‍ സമൂഹം എത്രമാത്രം ജാഗരൂകമാണ് എന്ന കാര്യത്തില്‍ എഞ്ചിനീയര്‍ ആകുലനായിരുന്നു. ചിലര്‍ പറയുന്നത്  ഊര്‍ജസ്വലമായ ഒരു പൌരസമൂഹത്തിന് മാത്രമേ വര്‍ഗീയ സംഘര്‍ഷങ്ങളെ തടയാനാകൂ എന്നാണ്. എന്നാല്‍ പൌരസമൂഹം തന്നെയും അതിയായി വര്‍ഗീയവത്കരിക്കപ്പെട്ടിരിക്കുമ്പോള്‍, എങ്ങനെയാണത് വര്‍ഗീയ സംഘര്‍ഷത്തെ തടയുക. ഇത്രമാത്രം നിരക്ഷരതയും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും ഉള്ളപ്പോള്‍ എങ്ങനെയാണ് നമുക്ക് ഊര്‍ജസ്വലമായ ഒരു പൌരസമൂഹം ഉണ്ടാവുക.”

 

പര്‍ദ മുസ്ലീം സ്ത്രീയുടെ സ്വാതന്ത്യപ്രഖ്യാപനമാണെന്നും, ഏഴാം നൂറ്റാണ്ടിലെ ജീവിത രീതികള്‍ ഇന്നും തുടണമെന്നും ഒക്കെ പറയുന്നവര്‍ മുസ്ളീമുകളിലെ പുരോഗമനവാദികളായി രംഗപ്രവേശം ചെയ്യുന്ന ഇക്കാലത്ത് എഞ്ചിനീയര്‍ നടത്തിയ ആഭ്യന്തര കലാപത്തിന് പ്രസക്തിയേറുന്നു. മുസ്ലീം വംശഹത്യയുടെ സേനാനായകന്‍ നരേന്ദ്ര മോഡി രാജ്യത്തിന്റെ രക്ഷിതാവായി മാറാന്‍ തയ്യാറെടുക്കുമ്പോള്‍ എഞ്ചിനീയറുടെ ശബ്ദത്തിന്റെ അഭാവം നമ്മളറിയും.

 

കഴിഞ്ഞ 4 വര്‍ഷത്തോളം എഞ്ചിനീയറുടെ പ്രവര്‍ത്തനങ്ങളില്‍ സഹചാരിയായിരുന്ന മലയാളിയായ റിയാസ് അദ്ദേഹത്തെ ഇങ്ങിനെ ഓര്‍മിക്കുന്നു,“മതവിശ്വാസത്തെ നിരാകരിച്ചല്ല എഞ്ചിനീയര്‍ അതിലെ അസംബന്ധങ്ങള്‍ക്കെതിരെ പോരാടിയത് എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിപുലമാക്കി. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം നിലപാടുകളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ അസാമാന്യമായ പാടവവും അറിവും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിപരമായി എതിരഭിപ്രായങ്ങളോടും വിമര്‍ശനങ്ങളോടും തികഞ്ഞ ജനാധിപത്യബോധത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്. നിരീശ്വരവാദിയായ മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോള്‍ ആ വിവാഹത്തിന് മുന്‍കൈയ്യെടുത്തത് എഞ്ചിനീയറായിരുന്നു. ഗുജറാത്തടക്കം മതേതര സമൂഹത്തിന്റെ ജീവധാരക്ക്  നിരവധി തിരിച്ചടികള്‍ നേരിട്ടപ്പോളും ഭാവി മതേതര സമൂഹത്തിന്റേതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.”

 

എഞ്ചിനീയറുടെ സംവാദസമൃദ്ധമായ ജീവിതത്തിന്റെ ശേഷിപ്പ് ഈ നൈതികമൂല്യങ്ങളിലുള്ള വിശ്വാസവും അതിന്റെ സമരപാതയും തന്നെയാണ്. 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍