UPDATES

സയന്‍സ്/ടെക്നോളജി

വഴി കാട്ടാന്‍ മഗല്ലന്‍

റിച്ച് ജറോസ്ലോവ്സ്കി

 

താസില്‍ദാരുടെ വീട്ടിലേക്കുള്ള ‘വഴി ചോയിച്ചു ചോയിച്ചു’ കറങ്ങിത്തിരിഞ്ഞകാലം  ജി പി എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം – സാറ്റലൈറ്റ് ഉപയോഗിച്ച് വഴി കാട്ടുന്ന സംവിധാനം) വന്നതോടെ വിടപറഞ്ഞു. പിന്നെ ജി പി എസ്  സേവനദാതാക്കളുടെ കിടമത്സരത്തിന്റെ കാലമായിരുന്നു. അറിയാത്ത വഴികളെ ഓര്‍മ്മയാക്കി വാഹനങ്ങള്‍ പാട്ടുംപാടി ഓടി. ജി.പി.എസ് ഒരു പൊങ്ങച്ചമായിരുന്ന കാലവും കഴിഞ്ഞു. ഇപ്പോള്‍ ഓട്ടോറിക്ഷയില്‍വരെ നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ തുറന്നുവെച്ചാല്‍ വളവും തിരിവും നല്ല ശബ്ദത്തില്‍ പറഞ്ഞു തന്ന് നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും; വണ്ടി ഓടിക്കാന്‍ അറിയണമെന്ന് മാത്രം! ഗൂഗിള്‍ മാപ്പും, ആപ്പിള്‍ മാപ്പും, വഴികാട്ടി സംവിധാനങ്ങള്‍ നിരന്തരം പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇതോടെ, സ്മാര്‍ട് ഫോണുകള്‍ തങ്ങളുടെ കഞ്ഞികുടിമുട്ടിക്കും എന്ന് ജി.പി.എസ് സേവനദാതാക്കള്‍ തിരിച്ചറിഞ്ഞു. എന്നാല്‍പ്പിന്നെ സ്മാര്‍ട് ഫോണിന്റെ തോളില്‍ കയ്യിട്ട് ‘ഞങ്ങളെ തോല്‍പ്പിക്കാന്‍ ആരുണ്ട്’എന്ന പുതിയ കച്ചവട തന്ത്രമാണ് മഗല്ലന്‍ ശ്രേണി ജി.പി.എസ് സംവിധാനത്തിന്റെ നിര്‍മ്മാതാക്കളായ മിറ്റാക്ക് ഇന്‍റര്‍നാഷണല്‍ സ്വീകരിച്ചിരിക്കുന്നത്. സ്മാര്‍ട് ജി.പി.എസ് 5 ഇഞ്ച് വലുപ്പത്തിലുള്ള സ്ക്രീനുള്ള ഒരു വലിയ ഐ ഫോണ്‍ പോലിരിക്കും. കാറിലെ സിഗരറ്റ് ലൈറ്ററില്‍ കുത്തിവെക്കാം, ചില്ലില്‍ ഒരു പല്ലിയെപ്പോലെ പറ്റിപ്പിടിപ്പിക്കാം.  

സ്ക്രീനിന്റെ പകുതി ഭാഗത്ത് 2-ഡി, 3-ഡി ഭൂപടവും കാണാം, ‘യന്തിരന്റെ’ ശബ്ദത്തില്‍ വേണമെങ്കിലും വഴി പറഞ്ഞുതരും. ബ്ളൂടൂത്ത് വഴി നിങ്ങളുടെ ഫോണുമായി ബന്ധിപ്പിച്ചാല്‍ മൊബൈല്‍ സ്പീക്കര്‍ ഫോണായും ഉപയോഗിക്കാം. സ്ക്രീനിന്റെ മറുപകുതിയില്‍ ഗതാഗത ജാഗ്രത നിര്‍ദ്ദേശങ്ങളും , ഇന്ധനവിലയും, പോകും വഴിക്കുള്ള കടകളുടെയും, ഭക്ഷണശാലകളുടെയും ഒക്കെ വിവരങ്ങളുള്ള കൊച്ചു ബോക്സുകളാണ്. ഗൂഗിള്‍ ആന്‍ഡ്രോയിഡിന്‍റെ ഒരു പഴയ പതിപ്പിനെ ആശ്രയിച്ച് നിര്‍മ്മിച്ചതിനാല്‍ വൈ-ഫൈ ബന്ധമുണ്ടെങ്കില്‍ വെബ്ബും പരതാം. അല്ല, ഭൂപടം മാത്രം മതിയെങ്കില്‍ അതുമാത്രം വലുതാക്കി കാണാനുള്ള സംവിധാനവുമുണ്ട്. ചുവപ്പ് ലൈറ്റ് ചാടണ്ട, പോലീസ് പിടിക്കും, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പറയുന്ന പരിപാടിയും രസമുള്ളത് തന്നെ! എന്നാല്‍ മറ്റെല്ലാ വഴികാട്ടി സംവിധാനങ്ങളിലും ഉള്ളതുപോലെ ചില കല്ലുകടികള്‍ ഇതിലുമുണ്ട്. ഇതിലില്ലാത്ത ഒരു സ്ഥലത്തിന്റെ പേരടിച്ചുകൊടുത്തപ്പോള്‍ 30 മൈല്‍ അകലെയുള്ള രണ്ടു സ്ഥലങ്ങളാണ് കാണിച്ചുതന്നത്.

മറ്റൊരു സൌകര്യം, മഗല്ലന്‍ വഴികാട്ടി സംവിധാനങ്ങള്‍ സൌജന്യമായി ലഭിക്കുമെന്നാണ്. ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ഭാവിയില്‍ ആപ്പിള്‍ സ്റ്റോറിലും ഇത് ലഭിക്കും. ഇതുപയോഗിച്ചു ഫോണും വഴികാട്ടി സംവിധാനവും തമ്മില്‍ ബ്ളൂടൂത്ത് വഴി ദിശകളും മറ്റും കൈമാറാം. ഇതൊക്കെ ഓട്ടം തുടങ്ങുന്നതിന് മുമ്പായാല്‍ സമയത്തിന് സ്ഥലത്തെത്താം. ജി.പി.എസിന് മാത്രമായി ഒരു ഉപകരണത്തിന്റെ കാലം കഴിഞ്ഞു എന്നുതന്നെവേണം കരുതാന്‍. സ്മാര്‍ട് ഫോണുകള്‍ ആ പണികൂടെ ഏറ്റെടുത്തിരിക്കുന്നു.  അതിനിടയിലെ കലാശക്കളിയാണ് ഈ പുതിയ കൂട്ടുകൂടല്‍.

 

(ബ്ളൂംബര്‍ഗ് ന്യൂസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍