ടീം അഴിമുഖം
മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ കാലഘട്ടം ഇരുപതാം നൂറ്റാണ്ടാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. രണ്ടു ലോക മഹായുദ്ധങ്ങള്‍, ആറ്റം ബോംബുകള്‍, ജൂത വംശഹത്യ, നിഷ്ടൂരമായ മാവോ വാഴ്ച, സ്റാലിന്റെയും മറ്റും നയങ്ങള്‍, വിയറ്റ്നാം യുദ്ധം, ഇറാന് – ഇറാഖ് യുദ്ധം, കോളനി വാഴ്ചയില്‍ നിന്ന് ആഫ്രിക്കയുടെ മോചനം, തുടങ്ങിയവയാണ് ഈ നൂറ്റാണ്ടിനെ രേഖപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍.
എന്നാല്‍ രക്തരൂഷിതമായ ഈ നൂറ്റാണ്ടിലെ നേതാക്കളുടെ കണക്കെടുക്കുകയാണെങ്കില്‍ മനുഷ്യ ചരിത്രത്തില്‍ തന്നെ വളരെക്കാലം നീണ്ടു നില്ക്കുന്ന സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് മൂന്നു ശ്രേഷ്ഠ വ്യക്തിത്വങ്ങള്ക്കാണെന്ന് മനസ്സിലാക്കാം. ഗാന്ധിജിയും നെല്‍സണ്‍ മണ്ടെലയും മാര്ട്ടിന് ലുഥര്‍ കിംഗ് ജൂനിയറും ആയിരുന്നു സമാധാന ദൂതന്മാരായ ആ നേതാക്കള്‍.
ഇത്രയും ഹിംസാത്മകമായ ഒരു കാലഘട്ടത്തിലാണ് മനുഷ്യരാശി അന്നുവരെ കണ്ടിട്ടില്ലാത്ത വിധം, മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഈ മൂന്നു നേതാക്കള്‍ അഹിംസയുടെയും ക്ഷമയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എന്നതൊരു വൈരുധ്യം തന്നെയാണ്. ഒരുപക്ഷെ, ഇവര്‍ക്ക് മുന്‍പ് അഹിംസയെ ശക്തമായ ഒരായുധമാക്കി ഉപയോഗിച്ചത് ബുദ്ധനോ യേശു ക്രിസ്തുവോ ആയിരുന്നിരിക്കണം.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഊഴം ഗാന്ധിജിയുടേതായിരുന്നു. ബനിയ സമുദായത്തില്‍പ്പെട്ട അദ്ദേഹം പരമ്പരാഗത ഗുജറാത്തി പശ്ചാത്തലത്തില്‍ നിന്ന് വന്നയാളാണ്. ഒരു അഭിഭാഷകനാകാന്‍ പ്രയ്തനിച്ചെങ്കിലും നല്ല ജോലി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അത്രക്ക് സൗമ്യനായി സംസാരിക്കുകയോ പ്രീതിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുകയോ ചെയ്യുന്ന ഒരാളായിരുന്നില്ല ഗാന്ധിജി. എന്നാല്‍ ലോകമെമ്പാടും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച് അവിടങ്ങളിലെ സമ്പത്ത് നിര്‍ബാധം അനുഭവിച്ച ഏറ്റവും ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഹൃദയത്തിലേക്ക് അഹിംസയുടെ കൂര്‍ത്തമുന കുത്തിയിറക്കാന്‍ അദ്ദേഹത്തിനായി.
ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച് സാമ്രാജ്യത്വത്തിന് വിരാമമിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്. കൈകൊണ്ട് നെയ്ത അല്പവസ്ത്രവും അചഞ്ചലമായ നിശ്ചയദാര്‍ഡ്യവും കൈമുതലാക്കിയ അദ്ദേഹം അപരിഷ്കൃതരെയും പരീഷ്തകൃരെയും, പ്രമാണിമാരെയും അധ:സ്ഥിതരെയും ഒരേ കുടക്കീഴില് കൊണ്ടുവന്നു. എന്നാല്‍ ഗാന്ധിജി സൃഷ്ടിച്ചെടുത്ത ആ ഇന്ത്യ ഇന്ന് വര്‍ധിച്ച അക്രമത്തിനും വിദ്വേഷത്തിനുമുളള ഇടമായി തീര്‍ന്നിരിക്കുന്നുവെന്നതാണ് വാസ്തവം.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
“അശക്തരായവര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയുകയില്ല. ക്ഷമ ശക്തരുടെ ഗുണമാണ്”- ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകളാണിവ. എന്നാല്‍ ആധുനിക ഇന്ത്യ അശക്തരായ നിരവധിയളുകളുടെ നാടായി മാറിയിരിക്കുന്നുവെന്നാണ് കാണാന്‍ കഴിയുന്നത്.
അതിശക്തമായ സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി തന്റെ ലളിതവും നിഷ്കളങ്കമായ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകത്തിന്റെ രണ്ടു വ്യത്യസ്തയിടങ്ങളില്‍ കറുത്തവര്‍ഗക്കാരായ രണ്ടു കുട്ടികള്‍ പിറന്നു. 1918 ജൂലൈ 18നു നെല്‍സണ്‍ മണ്ടേല ആഫ്രിക്കയിലും 11 വര്‍ഷത്തിനു ശേഷം 1929 ജനുവരി 15ന് മാര്ട്ടിന് ലുഥര്‍ കിംഗ് അമേരിക്കയിലും ജനിച്ചു.
ലുഥര്‍ കിംഗ് പൌരാവകാശങ്ങള്ക്ക് വേണ്ടി ഒരു അഹിംസാ പ്രസ്ഥാനത്തെ നയിച്ച് ആഗോള ശ്രദ്ധ നേടി. കറുത്തവരും വെളുത്തവരും തമ്മിലുള്ള വംശീയ ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ അദ്ദേഹത്തിനായി. 1950കളില്‍ ലുഥര്‍ കിംഗ് ആരംഭം കുറിച്ചതിന്റെ ഒരു ഉപോല്‍പ്പന്നം മാത്രമാണ് കറുത്ത വര്‍ഗക്കാരനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. 1963ലെ ലോകപ്രശസ്തമായ “എനിക്കൊരു സ്വപ്നമുണ്ട്” (I Have A Dream) എന്ന പ്രസംഗത്തിലൂടെ അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഉദ്ദീപിക്കുകയായിരുന്നു അദ്ദേഹം.
സമത്വത്തിനു വേണ്ടിയുള്ള നെല്‍സണ്‍ മണ്ടേലയുടെ ആദ്യകാല പോരാട്ടങ്ങള്‍ അക്രമത്തില്‍ ഊന്നിയുള്ളതായിരുന്നിരിക്കാം. എന്നാല്‍, കൂടുതല്‍ പക്വത കൈവരിച്ചപ്പോള്‍, പ്രത്യേകിച്ചു വര്‍ണവിവേചനം ശക്തമായിരുന്ന ദക്ഷിണാഫ്രിക്കയിലെ ജയിലുകളില്‍ വച്ച് ഗാന്ധിജിയില്‍ നിന്നും ലുഥര്‍ കിങ്ങില്‍ നിന്നും ആഴത്തിലുള്ള വലിയ ആത്മീയ പ്രചോദനമാണദ്ദേഹം നേടിയത്.

മാര്ട്ടിന് ലൂഥര്‍ കിങ് ജൂണിയര്‍
1990 ഫെബ്രുവരി 11നു നെല്‍സണ്‍ മണ്ടേല തന്റെ പത്നി വിന്നിയുടെ കൈ പിടിച്ച് വിക്ടോര്‍ വെസ്ടോര് ജയിലിന്റെ പടിയിറങ്ങുമ്പോള്‍ ലോകം ഗാന്ധിജി ബാക്കി വച്ചുപോയ അവസ്ഥയില്‍ നിന്നും ഏറെ വ്യത്യസ്തമായിക്കഴിഞ്ഞിരുന്നു. കമ്മ്യൂണിസം എല്ലായിടത്തും തകര്‍ന്നടിഞ്ഞു, ബെര്‍ലിന്‍ മതില് തകര്‍ക്കപ്പെട്ടു, ആഫ്രിക്കയിലും മറ്റും അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കെതിരെ പുതു തലമുറയുടെ ശബ്ദം ഉയര്‍ന്നുവന്നു തുടങ്ങുകയായിരുന്നു.
“ഞാന്‍ നിങ്ങളെയെല്ലാവരെയും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സര്‍വ സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അഭിവാദ്യം ചെയ്യുന്നു. ഞാനിവിടെ, നിങ്ങളുടെ മുന്നില്‍ ഒരു പ്രവാചകനായല്ല നില്‍ക്കുന്നത്, നിങ്ങളുടെ, ജനങ്ങളുടെ വിനീത സേവകനായിട്ടാണ്”,1990ലെ ചരിത്ര പ്രധാനമായ ആ ദിനത്തില്‍ മണ്ടേല ജനക്കൂട്ടത്തോട് പറഞ്ഞു.
വളരെയധികം വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നെങ്കിലും പരുക്കനായ ഒരാളായിരുന്നില്ല മണ്ടേല. കുറച്ചു ദശബ്ദങ്ങള്‍ക്ക് മുന്‍പ് ഗാന്ധിജി പറഞ്ഞതിനെ ശരിയായി സംഗ്രഹിക്കുകയാണദ്ദേഹം ചെയ്തത്: “എന്റെ സ്വന്തം സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യത്തെ വിലക്കുന്ന യാതൊന്നും ഞാന്‍ ചെയ്യുകയില്ല”.
ഒടുവില്‍, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ടരായ നേതാക്കളില്‍ അവസാനത്തെയാളും വിടപറയുമ്പോള്‍ ശ്രദ്ധേയമാകുന്ന ഒന്നുണ്ട്. ഗാന്ധിജിയും ലുഥര്‍ കിങ്ങും വിദ്വേഷത്തിന്റെ വെടിയുണ്ടാകള്ക്കിരകളായി കൊല ചെയ്യപ്പ്പെട്ടപ്പോള്‍ മണ്ടെലയ്ക്ക് സ്വാഭാവിക മരണമാണ് സംഭവിച്ചത്. നമ്മള് കൂടുതല്‍ സമാധാനപരമായ ഒരു കാലഘട്ടത്തിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാനെന്നാണോ ഇതര്‍ഥമാക്കുന്നത്? വേറിട്ട ശബ്ദങ്ങളെ കൂടുതല്‍ സഹിഷ്ണുതയോടെ സമീപിക്കുവാന്‍ നാം പ്രാപ്തരായി എന്നതിന്റെ സൂചനയാണോ ഇത്? അതോ പരസ്പരം കൊല്ലാനുള്ള നമ്മുടെ കഴിവുകള്‍ വളരെയധികം വര്ധിചിരിക്കുന്ന ഈ സമയത്ത്, ഇത്രയും കാലം മണ്ടേലയെ നിലനിര്‍ത്തിയത് വെറും ഭാഗ്യമാണേന്നാണോ കരുതേണ്ടത്?