UPDATES

കേരളം

ഭൂരിപക്ഷ ശരിയെ ചോദ്യം ചെയ്യുന്ന \’അര പിബി\’ കമ്മീഷന്‍

ടീം അഴിമുഖം

 
സി.പി.എം സംഘടനാ സംവിധാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് കമ്മറ്റി ഭൂരിപക്ഷം പരിശോധിച്ചാണ്. ഒരാളിന്റെ ഭൂരിപക്ഷമായാലും തീരുമാനം എടുത്താല്‍ അത് കമ്മറ്റിയുടെ പൊതുതീരുമാനമാണ്. കേന്ദ്രീകൃത ജനാധിപത്യം പിന്തുടരുന്ന പാര്‍ട്ടിയില്‍ മേല്‍കമ്മറ്റിയുടെ തീരുമാനം അനുസരിക്കാന്‍ കീഴ് കമ്മറ്റികള്‍ ബാദ്ധ്യസ്ഥരാണ്. കമ്മറ്റി തീരുമാനം തെറ്റായാലും ശരിയായാലും അത് ശരിയാണെന്ന് സമര്‍ത്ഥിക്കാനും നടപ്പാക്കാനും എല്ലാ അംഗങ്ങള്‍ക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട്.  തീരുമാനം തെറ്റാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ പിന്നീടു കമ്മറ്റിയില്‍ ചൂണ്ടിക്കാട്ടാം. വിണ്ടും ചര്‍ച്ച ആവശ്യമെങ്കില്‍ നടത്താം. അപ്പോഴും ഭൂരിപക്ഷം അഭിപ്രായം തളളിയാല്‍ അംഗീകരിക്കുകയേ വഴിയുളളു. തെറ്റ് വീണ്ടും ചൂണ്ടിക്കാട്ടാന്‍ അവസരം നല്‍കുമെങ്കിലും തെറ്റായാലും ശരിയായാലും ഭൂരിപക്ഷ തീരുമാനമാണ് പാര്‍ട്ടിയുടെ ശരി. എക്കാലത്തും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ച് അത് അങ്ങനെയായിരുന്നുതാനും. 
 
ഈ ശരിയെയാണ്  സി.പി.എം കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കേരളത്തില്‍ വി. എസ്. അച്യുതാനന്ദനും പിണറായി വിജയനും ഇരു പക്ഷത്തുമായി നിന്നു നടത്തുന്ന വിഭാഗീയ പോര് ആറംഗ പി.ബി കമ്മീഷന്‍ അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം (2013 മേയ് 10 മുതല്‍ 12 വരെ ) അവസാനിച്ച സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. കേരള വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര കമ്മറ്റി പി.ബിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പി.ബി കമ്മീഷനെ നിയോഗിച്ചത്. ഇതാദ്യമായിട്ടാണ് ‘അര പി.ബി’യെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ആറു പി.ബി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്മീഷനെ ഏതെങ്കിലും സംഘടനാ തര്‍ക്കങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിക്കുന്നത്. 
 
 
 
കീഴ്കമ്മറ്റികളുടെ ഭൂരിപക്ഷ തീരുമാനം തിരുത്താന്‍ മേല്‍ക്കമ്മറ്റികള്‍ക്ക് അവകാശമുണ്ട്. പലപ്പോഴും മേല്‍ക്കമ്മറ്റികള്‍ ഈ അവകാശം ഉപയോഗിക്കാറുണ്ട്. അനിവാര്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഈ അധികാരം പ്രയോഗിച്ച് കീഴ്കമ്മറ്റികളിലെ ഭൂരിപക്ഷാഭിപ്രായം തളളി മേല്‍കമ്മറ്റിയുടെ ശരി നടപ്പാക്കുന്നത് കേരളത്തില്‍ പതിവു രീതിയായി മാറിക്കഴിഞ്ഞു. വി. സ്. അച്യുതാനന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കേണ്ടെന്നും അദ്ദേഹം മല്‍സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരള നേതാക്കള്‍ തീരുമാനിച്ചപ്പോഴും കേന്ദ്ര കമ്മറ്റി ഇടപെട്ടാണ് തീരുമാനം തിരുത്തിയത്. കീഴ് കമ്മറ്റികളിലെ ഭൂരിപക്ഷ തീരുമാനം പലപ്പോഴും തെറ്റാണെന്ന് ബോദ്ധ്യപ്പെട്ട് കമ്മീഷനുകളെയും പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമ്പോഴാണ് സാധാരണ കമ്മീഷനെ നിയോഗിക്കുന്നത്. രണ്ടോ മൂന്നന്നോ അംഗങ്ങളാവും സാധാരണ കമ്മീഷനില്‍ ഉണ്ടാവുക. എന്നാല്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയിലെ പകുതിയോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്മീഷന്‍ ഇതാദ്യമാണ്. 15 അംഗ പി.ബിയില്‍ കല്‍കൊത്തയില്‍ നടക്കുന്ന യോഗങ്ങളില്‍ ഒഴികെയുളള യോഗങ്ങളിലൊ എന്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും പങ്കെടുക്കാത്ത ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഒഴികെയുളള 14 അംഗങ്ങളില്‍ ആറു പേരും കമ്മീഷന്‍ അംഗങ്ങളാണ്. ഏതെങ്കിലും ഒരു വിഷയം മാത്രമല്ല കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ എല്ലാ വിഷയങ്ങളും ഈ കമ്മീഷന്‍ പരിശോധിക്കുമെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്.
 
കേരള സംസ്ഥാന കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മറ്റി അംഗങ്ങളിലെ ഭൂരിപക്ഷവും പറയുന്നത് വിശ്വസിക്കാന്‍ ആവില്ലെന്നാണ് കമ്മീഷന്‍ രൂപീകരണത്തിലൂടെ പി.ബി പറയുന്നത്. സംസ്ഥാന കമ്മറ്റിയില്‍ ഏഴു പേരൊഴികെയുളളവരുടെ അനുകൂല  വോട്ടോടെ പാസാക്കിയ പ്രമേയത്തിലാണ് വി. എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നും വി. എസിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നത്. കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മറ്റി അംഗങ്ങളില്‍ രണ്ടു പേര്‍ മാത്രമാണ് ഈ പ്രമേയത്തെ എതിര്‍ത്തത്. 
 
വി. എസ്. അച്യതാനന്ദന്‍ എന്ന കേരളത്തിലെയും ഇന്ത്യയിലെയും ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സി.പി.എം കേരള സംസ്ഥാന ഘടകത്തിന്റെ ഭൂരിപക്ഷ ശരിയെ കമ്മറ്റിയിലും പുറത്തും ചോദ്യം ചെയ്യുക പതിവാണ്.  വി. എസിന്റെ ശരികള്‍ തെറ്റാണെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം ഭൂരിപക്ഷാടിസ്ഥാനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് തീരുമാനിക്കുകയും ഭൂരിപക്ഷത്തിന്റെ ശരി തെറ്റാണെന്ന് വി.എസ് ആവര്‍ത്തിക്കുകയും ചെയ്യുന്ന കലാപരിപാടി മടുപ്പിന്റെ അവസ്ഥയിലും എത്തി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ സി.പി.എം കേരള സംസ്ഥാന കമ്മറ്റി ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ചത് ഈ ശരിതെറ്റു ചര്‍ച്ചകളായിരിക്കും.ഒടുവില്‍ വളരെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പാര്‍ട്ടിയുടെ ശോഭനഭാവിക്കു വേണ്ടിയുളള ഈ സുചിന്തിത തീരുമാനം വോട്ടിനിട്ട് സംസ്ഥാന കമ്മറ്റി പാസാക്കിയത്. ഈ ഭൂരിപക്ഷ ശരിയെയാണ് പി.ബി തളളിക്കളഞ്ഞത്. 
 
സംസ്ഥാന കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം വിശ്വസിക്കാന്‍ കൊളളില്ലെന്നും ഇവരുടെ വാക്കു കേട്ടാല്‍ പാര്‍ട്ടിയുടെ ഭാവി അധോഗതിയാവുമെന്നും പറയാതെ പറയുകയാണ് പി.ബി. നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല, നിങ്ങള്‍ പറയുന്നത് നേരാണോയെന്ന് ഞങ്ങള്‍ നോക്കട്ടെ എന്നിട്ടു തീരുമാനിക്കാമെന്നാണ് പി.ബി ഫലത്തില്‍ കേരള ഘടകത്തോടു പറഞ്ഞത്. കേരള ഘടത്തിന്റെ ഭൂരിപക്ഷ ശരി അംഗീകരിക്കാന്‍ പി.ബി തയ്യാറല്ല. ഞങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കും അതു നിങ്ങള്‍ അനുസരിച്ചാല്‍ മതി അതുവരെ വിവാദ വിഷയങ്ങളില്‍ പരസ്യ ചര്‍ച്ച മാത്രമല്ല കമ്മറ്റി ചര്‍ച്ചകളും വേണ്ടെന്നാണ് പി.ബി നിര്‍ദ്ദേശം. ഇത്രയും നാള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനായി മാത്രം സംസ്ഥാന കമ്മറ്റി ചിലവഴിച്ച സമയം പാഴായി. ഇത്രയ്ക്കു വിശ്വസിക്കാന്‍ കൊളളാത്തവരും കഴിവുകെട്ടവരുമാണ് സംസ്ഥാന കമ്മറ്റി അംഗങ്ങളെങ്കില്‍ അവരെ പിരിച്ചു വിട്ട് കൊളളാവുന്ന പുതിയ ആളുകളെ കമ്മറ്റിയില്‍ ഉള്‍പ്പെടത്തുകയല്ലേ വേണ്ടതെന്നോന്നും ചോദിക്കരുത്. 
 
          
 
പാഠം പഠിക്കാത്ത പി.ബി
                
കേരള വിഷയത്തില്‍ തീരുമാനം എടുക്കാനായി പി.ബിയെ ചുമതലപ്പെടുത്തുന്ന പ്രമേയം കേന്ദ്ര കമ്മറ്റി പാസാക്കിയ ശേഷം പി.ബി അംഗങ്ങള്‍ കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മറ്റി അംഗങ്ങളെ വിളിച്ച് പ്രത്യേക യോഗങ്ങള്‍ നടത്തി. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചര വരെ ഉച്ചയൂണു സമയം ഒഴിച്ചുളള അഞ്ചു മണിക്കൂര്‍ സമയം രണ്ടു ഘട്ടങ്യി യോഗം നടത്തി. 2006ല്‍ വി. എസ്. അച്യുതാനന്ദനെ നിയമസഭയിലേക്ക് മല്‍സരിപ്പിക്കണോ എന്ന് തീരുമാനിക്കാനും ഇതുപോലെ ഒരു യോഗം നടത്തിയിരുന്നു. അന്ന് യോഗത്തില്‍ പങ്കെടുത്ത പി.കെ. ശ്രീമതി മുതല്‍ എ. വിജയരാഘവന്‍ വരെയുളള നേതാക്കള്‍ ഉദാഹരണ സഹിതം ആവര്‍ത്തിച്ചുറപ്പിച്ചു പറഞ്ഞത് വി. എസ് മല്‍സരിച്ചാല്‍ പാര്‍ട്ടിയും മുന്നണിയും നിലം തൊടില്ലെന്നാണ്. യുവാക്കള്‍ വോട്ടു ചെയ്യില്ല, പാര്‍ട്ടി കൂറുളള വനിതകള്‍ പോലും മറിച്ചു കുത്തും മുസ്ലീം വോട്ട് നോക്കുകയേവേണ്ട മലബാര്‍ മേഖല കൈവിടും തുടങ്ങി എമണ്ടന്‍ കണ്ടുപിടുത്തങ്ങള്‍ ഒക്കെ ഇവര്‍ അവതരിപ്പിച്ചു. സത്യവുമായി പുലബന്ധമില്ലാത്ത ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തി കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ച ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചതായി എവിടെയും കേട്ടിട്ടില്ല. എന്നു മാത്രമല്ല ഇവരുടെ അഭിപ്രായം കേള്‍ക്കാനാണ് പി.ബി ഇപ്പോഴും അഞ്ചര മണിക്കൂര്‍ ചിലവഴിച്ചത്.  
 
കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഇങ്ങനെയാണ് അവര്‍ ഏതു വിഷയത്തിലും എന്തു പറയുമെന്ന് അറിയാന്‍ കമ്മറ്റി കൂടുകയൊന്നും വേണ്ട. വി. എസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യത്തെ പി.കെ. ഗുരുദാസനും എം.സി. ജോസഫൈനും ഒഴികെയുളള കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പിന്തുണയ്ക്കുമെന്ന് കേരളത്തിലെ സാധാരണ പാര്‍ട്ടി അനുഭാവികള്‍ക്കു പോലും അറിയാം. ഇവരുടെ അഭിപ്രായം അറിയാന്‍ കമ്മറ്റി ചര്‍ച്ചകള്‍ ചോര്‍ത്തുകയൊന്നും വേണ്ട. സമാന്യ ബുദ്ധിയുളള ആര്‍ക്കും ഊഹിക്കാവുന്നതേയുളളു. പക്ഷെ ഈ അത്രയെങ്കിലും സാമാന്യ ബുദ്ധി പ്രകടിപ്പിക്കാന്‍ പി.ബി തയ്യാറാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.  
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍